കള്ളപ്പണത്തിന്റെ വഴികള്‍ – രണ്ടാം ഭാഗം

0
436

BlackMoney

സുനില്‍ എം എസ്. മൂത്തകുന്നം

പ്രതിവര്‍ഷവ്യാപാരം കാല്‍ക്കോടി രൂപ. ആദായനികുതി അടച്ചിരിയ്ക്കുന്നതാകട്ടെ നാലക്കം മാത്രമുള്ളൊരു തുക. വ്യാപാരിയുടെ വീടാണെങ്കിലോ, സുന്ദരമായൊരു ബംഗ്ലാവ്. പീടികയില്‍ തിങ്ങിനിറഞ്ഞ വില്പനച്ചരക്കും. വ്യാപാരി ധനികന്‍ തന്നെ, സംശയമില്ല. എന്നിട്ടും, കാല്‍ക്കോടി രൂപയുടെ വിറ്റുവരവിന്മേല്‍ അദ്ദേഹം അടച്ചിരുന്ന ആദായനികുതി താരതമ്യേന തുച്ഛശമ്പളം മാത്രം പറ്റിക്കൊണ്ടിരുന്ന ഞാനടച്ചിരുന്നതിനേക്കാള്‍ കുറവ്!

അഞ്ചു ലക്ഷം രൂപയുടെ ബാങ്കുവായ്പയ്ക്കായി ഒരു മാര്‍വാടി വ്യാപാരി സമര്‍പ്പിച്ച രേഖകളില്‍ കണ്ട കാര്യങ്ങളായിരുന്നു അവ. രണ്ടു തരം രേഖകളായിരുന്നു, വ്യാപാരി സമര്‍പ്പിച്ചിരുന്നത്. ഒന്ന്, ഏതാനും വര്‍ഷത്തെ ബാലന്‍സ് ഷീറ്റുകള്‍. മറ്റേത്, ഏതാനും വര്‍ഷത്തെ ആദായനികുതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും. ബാലന്‍സ് ഷീറ്റില്‍ മുന്‍ വര്‍ഷത്തെ വില്പന കാല്‍ക്കോടിയായി കാണിച്ചിരുന്നു. ഏതാനും ലക്ഷം രൂപയുടെ അറ്റാദായവും. ബാലന്‍സ് ഷീറ്റിലെ പ്രവര്‍ത്തനഫലക്കണക്കുകള്‍ വളരെ പ്രസന്നമായിരുന്നെങ്കില്‍ നേര്‍വിപരീതമായിരുന്നു ആദായനികുതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിലെ സ്ഥിതി. അതില്‍ കാണിച്ചിരുന്ന ആകെ വിറ്റുവരവു രണ്ടു ലക്ഷം രൂപ മാത്രം. അറ്റാദായവും വളരെച്ചെറുത്. ആദായനികുതി നാലക്കത്തുക മാത്രമായതില്‍ അതിശയമില്ല.

ഈ വ്യത്യാസത്തിനു കാരണമെന്ത്? ഇവയിലേതാണു ശരി? വാര്‍ഷികവ്യാപാരം വാസ്തവത്തിലെത്രയായിരുന്നു: ഇരുപത്തഞ്ചു ലക്ഷമോ രണ്ടു ലക്ഷമോ?

ഞാനുന്നയിച്ച ചോദ്യങ്ങള്‍ കേട്ടു വ്യാപാരി മന്ദഹസിച്ചു. അയാള്‍ ചുറ്റുമൊന്നു നോക്കി, മറ്റാരും അടുത്തെങ്ങുമില്ലെന്നുറപ്പു വരുത്തിയ ശേഷം പറഞ്ഞു, ‘ഇവയിലെ കണക്കുകളൊന്നും ശരിയല്ല, സര്‍.’ ശബ്ദം താഴ്ത്തി, ‘ശരിയായ കണക്കുകള്‍ പണപ്പെട്ടിയുടെ അടിയിലൊരു ബുക്കില്‍ എഴുതി വച്ചിട്ടുണ്ട്. മാര്‍വാടി ഭാഷയില്‍. അതു ഞങ്ങള്‍ക്കു മാത്രമുള്ളതാണ്,’ മാര്‍വാടി വിശദീകരിച്ചു. ഇവിടത്തെ ഇടത്തരം മാര്‍വാടി കച്ചവടക്കാരുടെയെല്ലാം ‘അക്കൗണ്ടിംഗ് സിസ്റ്റം’ ഈ രീതിയിലുള്ളതാണ്. സര്‍ക്കാരിനു നികുതി കൊടുത്തു വിലപ്പെട്ട പണം വെറുതേ പാഴാക്കിക്കളയുന്നതെന്തിന്?

ഇനി, നാലാമതൊരു പറ്റം തുകകള്‍ കൂടി കാണാന്‍ സാധിച്ചേയ്ക്കും, വില്പനനികുതിറിട്ടേണുകള്‍ വരുത്തിച്ചാല്‍! വില്പനനികുതിയുടെ കാര്യത്തിലും ഈ വ്യാപാരി വെട്ടിപ്പു നടത്തിയിട്ടുണ്ടാകണം. യഥാര്‍ത്ഥവിറ്റുവരവിലും വളരെക്കുറഞ്ഞ തുക മാത്രമേ വില്പനനികുതിറിട്ടേണില്‍ കാണിച്ചിട്ടുണ്ടാകൂ. എന്നാല്‍, വായ്പയ്ക്കായി ഇത്തരക്കാര്‍ ബാങ്കുകളെ സമീപിയ്ക്കുമ്പോള്‍ യഥാര്‍ത്ഥ തുകകളെ ‘ഊതിവീര്‍പ്പിയ്ക്കുന്നു’. വായ്പയ്ക്കായി സമര്‍പ്പിയ്ക്കുന്ന ബാലന്‍സ് ഷീറ്റുകള്‍ അതിപ്രസന്നമായിരിയ്ക്കും: ഉയര്‍ന്ന വിറ്റുവരവും ഉയര്‍ന്ന ലാഭവും. ഉയര്‍ന്ന വായ്പ സംഘടിപ്പിയ്ക്കുകയാണ് ഇത്തരത്തില്‍ ‘ഊതിവീര്‍പ്പിച്ച’ ബാലന്‍സ് ഷീറ്റുകളുടെ ലക്ഷ്യം.

സര്‍ക്കാരിനു സമര്‍പ്പിച്ചിരിയ്ക്കുന്ന രേഖകളില്‍ കാണിച്ചിരിയ്ക്കുന്ന തുകകള്‍ക്കനുസൃതമായ, വളരെച്ചെറിയ വായ്പ മാത്രമേ തരാനാകൂ എന്നു ഞാന്‍ മാര്‍വാടിയോടു പറഞ്ഞു. ആകെ നേടിയ വിറ്റുവരവിന്റെ പത്തിലൊന്നു മാത്രം സര്‍ക്കാരിനോടു വെളിപ്പെടുത്തിയിരിയ്ക്കുന്നു; അതുകൊണ്ട്, വായ്പയായി ആവശ്യപ്പെട്ടിരിയ്ക്കുന്ന അഞ്ചുലക്ഷം രൂപയ്ക്കു പകരം, അതേ അനുപാതത്തില്‍, പത്തിലൊന്നു മാത്രം തരാം: അമ്പതിനായിരം രൂപ. മാര്‍വാടി ക്രുദ്ധനായി ഇറങ്ങിപ്പോയി. മാര്‍വാടികളോ മറ്റു വ്യാപാരികളോ ഒന്നടങ്കം നികുതിതട്ടിപ്പു നടത്തുന്നവരാണെന്നു ഞാനര്‍ത്ഥമാക്കുന്നില്ല. നിയമാനുസൃതമായ നികുതിയടച്ചുപോരുന്ന മാര്‍വാടിവ്യാപാരികളും മാര്‍വാടികളല്ലാത്ത വ്യാപാരികളും നിരവധിയുണ്ടെന്നു നന്നായി ബോദ്ധ്യപ്പെട്ടിരുന്നതുകൊണ്ടാണു നികുതിതട്ടിപ്പു നടത്തിയ ആളെ പ്രീതിപ്പെടുത്താന്‍ ഞാന്‍ മിനക്കെടാഞ്ഞത്.

നികുതി കഴിവതും കൊടുക്കാതിരിയ്ക്കാനും, നികുതി കൊടുക്കാന്‍ നിര്‍ബദ്ധനായാല്‍ വളരെക്കുറവു മാത്രം കൊടുക്കാനുമുള്ള പ്രവണത ജനത്തിനുണ്ടായത് ഇന്നും ഇന്നലേയുമല്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പു നികുതി പിരിയ്ക്കുന്ന സമ്പ്രദായം നിലവില്‍ വന്ന കാലം മുതല്‍ തന്നെ നികുതിവെട്ടിപ്പും തുടങ്ങിയിരുന്നിരിയ്ക്കണം. മുകളില്‍ കൊടുത്തിരിയ്ക്കുന്ന ഉദാഹരണത്തില്‍ നാം കണ്ടത്, കൊടുക്കേണ്ടിയിരുന്ന ആദായനികുതിയുടെ പത്തിലൊന്നു മാത്രം കൊടുത്തിരിയ്ക്കുന്നതാണ്. വില്പനനികുതിയുടെ സ്ഥിതിയും സമാനമായിരുന്നിരിയ്ക്കണം. ആദായനികുതിയില്‍ കുറവു വരുത്താന്‍ വേണ്ടി ലാഭം കുറച്ചുകാണിയ്ക്കുന്നതും, വില്പനനികുതിയില്‍ കുറവു വരുത്താന്‍ വേണ്ടി വിറ്റുവരവു കുറച്ചുകാണിയ്ക്കുന്നതും ഇന്ത്യയില്‍ വിരളമല്ലെന്നാണു വാര്‍ത്തകളില്‍ നിന്നു മനസ്സിലാകുന്നത്. ഇങ്ങനെ നികുതി വെട്ടിച്ചുണ്ടാക്കിയിരിയ്ക്കുന്ന പണം കള്ളപ്പണമാണെന്നു പറയേണ്ടതില്ലല്ലോ.

ആദായനികുതിയ്ക്കും വില്പനനികുതിയ്ക്കും പുറമേ മറ്റു പല നികുതികളുമുണ്ട്. ചിലതു തീരുവകളെന്ന പേരിലാണറിയപ്പെടുന്നത്. ഒരു ഫാക്റ്ററിയുണ്ടെങ്കില്‍ അതിന്റെ ഉല്പന്നങ്ങളിന്മേല്‍ കേന്ദ്രഎക്‌സൈസ് തീരുവ നല്‍കേണ്ടി വരും. എക്‌സൈസ് തീരുവ ഒഴിവാക്കാന്‍ വേണ്ടി ഉല്പാദനം കുറച്ചുകാണിയ്ക്കുന്നത് നികുതി വെട്ടിയ്ക്കാന്‍ പല വ്യവസായികളും സ്വീകരിയ്ക്കാറുള്ള കുറുക്കുവഴികളിലൊന്നാണ്. ഒരു ഫാക്റ്ററിയില്‍ ആയിരം സൈക്കിളുല്പാദിപ്പിച്ചിട്ടുണ്ടാകാം, പക്ഷേ, നൂറു സൈക്കിള്‍ മാത്രമേ ഉല്പാദിപ്പിച്ചുള്ളെന്നു രേഖകളില്‍ കാണിച്ച് എക്‌സൈസ് തീരുവയില്‍ വെട്ടിപ്പു നടത്തുന്നു. അപ്പോള്‍, വെളിപ്പെടുത്താത്ത 900 സൈക്കിളുകള്‍ വിറ്റു കിട്ടുന്ന പണം കള്ളപ്പണമായിത്തീരുന്നു.

ചില വസ്തുക്കള്‍ക്ക് ഇറക്കുമതിത്തീരുവ നല്‍കണം. സ്വര്‍ണം തന്നെ ഉദാഹരണം. ഇയ്യിടെ, ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാഷ്ട്രമായിത്തീര്‍ന്നിരുന്നു, ഇന്ത്യ. സ്വര്‍ണത്തിന്റെ ഇറക്കുമതിയ്ക്കായി വിലപ്പെട്ട വിദേശനാണ്യം പുറത്തേയ്‌ക്കൊഴുകുന്നതു നിയന്ത്രിയ്ക്കാന്‍ വേണ്ടി സര്‍ക്കാര്‍ സ്വര്‍ണത്തിന്മേല്‍ ഇറക്കുമതിച്ചുങ്കം ചുമത്തി. ഇറക്കുമതിച്ചുങ്കം മൂലം സ്വര്‍ണത്തിന്റെ ഇന്ത്യയിലെ കമ്പോളവില അന്താരാഷ്ട്രവിലയേക്കാള്‍ ഉയരത്തിലായിരിയ്ക്കും. ഇത് ഇന്ത്യയിലേയ്ക്കു സ്വര്‍ണം കടത്തിക്കൊണ്ടുവരാനുള്ള പ്രേരകമായിത്തീരുന്നു. നെടുമ്പാശ്ശേരിയുള്‍പ്പെടെയുള്ള നമ്മുടെ അന്താരാഷ്ട്രവിമാനത്താവളങ്ങളില്‍ വച്ചു സ്വര്‍ണക്കള്ളക്കടത്തു പിടികൂടിയെന്ന, ചിത്രങ്ങള്‍ സഹിതമുള്ള വാര്‍ത്തകള്‍ പത്രത്തിലുണ്ടാകാറുണ്ട്. ഇറക്കുമതിച്ചുങ്കം കൊടുക്കാതെ കടത്തിക്കൊണ്ടു വന്ന സ്വര്‍ണം ഇവിടെ വില്‍ക്കുമ്പോള്‍ വലുതായ ലാഭം കിട്ടുന്നു. അങ്ങനെ കിട്ടുന്ന പണവും കള്ളപ്പണം തന്നെ.

കുറ്റകൃത്യങ്ങളിലൂടെ നേടുന്ന പണം മുഴുവനും കള്ളപ്പണമാണ്. കൊള്ള, മോഷണം, വഞ്ചന എന്നിവയിലൂടെ നേടുന്ന പണം മുഴുവനും കള്ളപ്പണം തന്നെ. മയക്കുമരുന്ന്, വ്യാജമദ്യം, വില്പന നിരോധിയ്ക്കപ്പെട്ട മറ്റു വസ്തുക്കള്‍  ഇവയുടെയെല്ലാം വില്പനയില്‍ നിന്നുണ്ടാക്കുന്ന പണവും കള്ളപ്പണം തന്നെ. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കുക എളുപ്പമാണ്. എന്നാല്‍, തികച്ചും നിയമാനുസൃതമെന്നു തോന്നിപ്പിച്ചേയ്ക്കാവുന്ന കയറ്റുമതിയില്‍ക്കൂടിയും ഇറക്കുമതിയില്‍ക്കൂടിയും കള്ളപ്പണമുണ്ടാക്കുന്നുണ്ടെന്ന വസ്തുത മനസ്സിലാക്കിയെടുക്കുന്നത് എളുപ്പമല്ല. എങ്കിലും, ഒന്നുരണ്ടുദാഹരണങ്ങളിവിടെ ലളിതമായിപ്പറയാന്‍ ശ്രമിയ്ക്കാം.

ഇന്ത്യ കയറ്റുമതിയും ഇറക്കുമതിയും നടത്തുന്നുണ്ട്. 2014-15ല്‍ ഇന്ത്യയുടെ കയറ്റുമതി 20 ലക്ഷം കോടി രൂപയും, ഇറക്കുമതി 29 ലക്ഷം കോടി രൂപയുമായിരുന്നു. ഈ തുകകളില്‍ അല്പസ്വല്പം വ്യത്യാസമുണ്ടായേയ്ക്കാം. ചില ഉല്പന്നങ്ങളുടെ കയറ്റുമതിയ്ക്കു സര്‍ക്കാര്‍ ചില ആനുകൂല്യങ്ങള്‍ ഇടയ്ക്കിടെ നല്‍കാറുണ്ട്. അര്‍ഹിയ്ക്കുന്നതിലേറെ ആനുകൂല്യങ്ങള്‍ മുതലാക്കാന്‍ വേണ്ടി ചില കയറ്റുമതിക്കാര്‍ തങ്ങളുടെ കയറ്റുമതിത്തുക ഊതിവീര്‍പ്പിച്ചുകാണിയ്ക്കുന്നു. 1000 രൂപയുടെ ഉല്പന്നത്തിന്റെ കയറ്റുമതിവില 1500 ആയി ഉയര്‍ത്തിക്കാണിച്ചാല്‍ 1500 രൂപയ്ക്കുള്ള കയറ്റുമതിയാനുകൂല്യം നേടാനാകുന്നു; അനര്‍ഹമായ ആനുകൂല്യം തട്ടിയെടുക്കുന്നെന്നു ചുരുക്കം.

ചില വസ്തുക്കളുടെ ഇറക്കുമതിയ്ക്കു സര്‍ക്കാര്‍ ഉയര്‍ന്ന ഇറക്കുമതിച്ചുങ്കം ചുമത്തുന്നുണ്ടാകാം. ഇറക്കുമതിത്തുക വെട്ടിച്ചുരുക്കിക്കാണിച്ച് ഇറക്കുമതിച്ചുങ്കത്തില്‍ തട്ടിപ്പു നടത്തിയെന്നും വരാം. 2000 രൂപ യഥാര്‍ത്ഥവിലയുള്ള ഉല്പന്നത്തിന്റെ ഇറക്കുമതിവില 1500 ആയിക്കാണിച്ച്, ഇറക്കുമതിച്ചുങ്കം ലാഭിയ്ക്കുന്ന ഇറക്കുമതിക്കാരുണ്ടാകാം. സാങ്കല്പികമായ ഒരുദാഹരണത്തിലൂടെ ഇതല്പം കൂടി വിശദീകരിയ്ക്കാന്‍ ശ്രമിയ്ക്കാം. ഇന്ത്യയിലെ ഒരിറക്കുമതിക്കാരന്‍ ചൈനയിലെ ഒരു കയറ്റുമതിക്കാരനില്‍ നിന്ന് അഞ്ഞൂറു രൂപാനിരക്കില്‍ കുറേ കണ്ണടകള്‍ ഇറക്കുമതി ചെയ്യുന്നെന്നും, ഇറക്കുമതിബില്ലില്‍ ഒരു കണ്ണടയുടെ വില അഞ്ഞൂറു രൂപയ്ക്കു പകരം നൂറു രൂപ മാത്രമായി കാണിയ്ക്കാന്‍ ചൈനീസ് കയറ്റുമതിക്കാരന്‍ സമ്മതിച്ചിട്ടുണ്ടെന്നും സങ്കല്പിയ്ക്കുക. ചരക്ക് ഇന്ത്യയിലെ ഏതെങ്കിലുമൊരു വിമാനത്താവളത്തിലും, അതിന്റെ ബില്ല് ഇന്ത്യയിലെ ഏതെങ്കിലുമൊരു ബാങ്കിലും എത്തുന്നു. ഓരോ കണ്ണടയ്ക്കും നൂറു രൂപ വിലയും, നൂറു രൂപയിന്മേലുള്ള ഇറക്കുമതിച്ചുങ്കവും ബാങ്കിലടച്ച് ഇന്ത്യന്‍ ഇറക്കുമതിക്കാരന്‍ ചരക്കു കൈപ്പറ്റുന്നു. നാനൂറു രൂപയിന്മേലുള്ള ചുങ്കം അയാള്‍ ലാഭിയ്ക്കുന്നു.

ബില്ലില്‍ കണ്ണടയുടെ യഥാര്‍ത്ഥവിലയായ 500 രൂപയ്ക്കു പകരം 100 രൂപയായി കാണിയ്ക്കാമെന്നേ ചൈനീസ് കയറ്റുമതിക്കാരന്‍ സമ്മതിച്ചിട്ടുള്ളൂ; 400 രൂപ വേണ്ടാ എന്നു വച്ചിട്ടില്ല. എന്നുവച്ചാല്‍, ഒടുവില്‍ ഓരോ കണ്ണടയ്ക്കും ആകെ 500 രൂപ തന്നെ ചൈനീസ് കയറ്റുമതിക്കാരനു കിട്ടിയിരിയ്ക്കണം. ഓരോ കണ്ണടയിന്മേലും നൂറു രൂപ ബാങ്കിംഗ് മാര്‍ഗത്തിലൂടെ കൊടുത്തുകഴിഞ്ഞിട്ടുണ്ടെങ്കിലും, നാനൂറു രൂപ കൂടി ഇന്ത്യന്‍ ഇറക്കുമതിക്കാരന്‍ ചൈനീസ് കയറ്റുമതിക്കാരനു നല്‍കേണ്ടതുണ്ട്. ഈ നാനൂറു രൂപയുടെ വഴി വേറിട്ട ഒന്നാണ്; വഴിവിട്ട ഒന്ന്. ഹവാലക്കാര്‍ രംഗത്തു വരുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ഓരോ കണ്ണടയിന്മേലും 400 രൂപ വീതം ചൈനീസ് കയറ്റുമതിക്കാരനു കൊടുക്കാന്‍ ബാക്കിയുള്ള പണം മുഴുവനും ഇന്ത്യന്‍ ഇറക്കുമതിക്കാരന്‍ തന്റെ പരിസരത്തുള്ളൊരു ഹവാല ഏജന്റിനെയേല്പിയ്ക്കുന്നു. ദുബായിലെ ഒരു ബാങ്കില്‍ തനിയ്ക്കുള്ളൊരു രഹസ്യഅക്കൗണ്ടില്‍ ഈ പണം അടയ്ക്കണം: ഇതാണ് ഇന്ത്യന്‍ ഇറക്കുമതിക്കാരന്‍ ലോക്കല്‍ ഹവാല ഏജന്റിനു നല്‍കുന്ന നിര്‍ദ്ദേശം. ഹവാല ഏജന്റുമാര്‍ ഇന്ത്യയിലുള്ളതുപോലെ, ദുബായിലുമുണ്ടായിരിയ്ക്കും. ഇന്ത്യന്‍ ഇറക്കുമതിക്കാരന്റെ നിര്‍ദ്ദേശം ഇന്ത്യയിലെ ഹവാല ഏജന്റ് ദുബായിലുള്ള ഹവാല ഏജന്റിനു കൈമാറുന്നു. ദുബായിലെ ഹവാല ഏജന്റു നിര്‍ദ്ദേശമനുസരിച്ചുള്ള തുക മുഴുവന്‍ ഇന്ത്യന്‍ ഇറക്കുമതിക്കാരനു ദുബായിലുള്ള രഹസ്യഅക്കൗണ്ടിലടയ്ക്കുന്നു. ഇതു ചൈനീസ് കയറ്റുമതിക്കാരനു കൂടി ഉപയുക്തമായ ഏതെങ്കിലും കറന്‍സിയിലായിരിയ്ക്കും. ഇതോടെ ഹവാലക്കാരുടെ ചുമതല തീരുന്നു.

ഇന്ത്യന്‍ ഇറക്കുമതിക്കാരനു ദുബായിലെ ബാങ്കില്‍ രഹസ്യഅക്കൗണ്ടുള്ളതുപോലെ, ചൈനീസ് കയറ്റുമതിക്കാരനും ഏതെങ്കിലുമൊരു ചൈനീസിതരരാജ്യത്ത് ഒരു രഹസ്യബാങ്ക് അക്കൗണ്ടുണ്ടായിരിയ്ക്കും. ഇന്ത്യന്‍ ഇറക്കുമതിക്കാരന്‍ ദുബായിലെ തന്റെ രഹസ്യഅക്കൗണ്ടില്‍ നിന്ന് ഓരോ കണ്ണടമേലും നാനൂറു രൂപ വീതമുള്ള തുക ചൈനീസ് കയറ്റുമതിക്കാരന്റെ രഹസ്യഅക്കൗണ്ടിലേയ്ക്കയച്ചുകൊടുക്കുന്നു. ഇടപാടങ്ങനെ പൂര്‍ത്തിയാകുന്നു.


ചൈനക്കാരനും ഈ ഇടപാടില്‍ നിന്നു ചില ഗുണങ്ങളുണ്ടാകും. ബില്‍ത്തുക കുറച്ചുകാണിയ്ക്കാന്‍ അയാള്‍ തയ്യാറായതുകൊണ്ട്, അയാള്‍ക്ക് ഇന്ത്യക്കാരന്റെ ഓര്‍ഡര്‍ കിട്ടി. കയറ്റുമതിയ്ക്കുള്ള ഓര്‍ഡര്‍ എത്രത്തോളം കിട്ടുന്നുവോ, അത്രത്തോളം നല്ലതാണല്ലോ. മറ്റൊരു ഗുണം കൂടിയുണ്ട്. കയറ്റുമതിയിലൂടെ ലഭിയ്ക്കുന്ന വിദേശനാണ്യം മുഴുവനും ചൈനയിലെ റിസര്‍വ് ബാങ്കായ പീപ്പിള്‍സ് ബാങ്കിലെത്തിയിരിയ്ക്കണമെന്നാണു ചൈനയിലെ നിയമം. ഈ നിയമത്തെ ഭാഗികമായി മറികടക്കാന്‍ ചൈനക്കാരനു മുന്‍ പറഞ്ഞ ഇടപാടിലൂടെ സാദ്ധ്യമാകുന്നു. ഇങ്ങനെ, വിദേശത്തു സ്വന്തമായൊരു കള്ളപ്പണശേഖരം സൃഷ്ടിയ്ക്കാന്‍ അയാള്‍ക്കാകുന്നു. ഇപ്പറഞ്ഞ ഉദാഹരണത്തില്‍ കള്ളപ്പണമുണ്ടാക്കാനാകുന്നതു ചൈനക്കാരനാണ്. നേര്‍വിപരീതമായ ഇടപാടുകളുമുണ്ടാകാം. ഇന്ത്യയില്‍ നിന്നു ചൈനയിലേയ്ക്കുള്ള കയറ്റുമതിയില്‍ വില കുറച്ചുകാണിച്ച് വിദേശത്തു കള്ളപ്പണം സൃഷ്ടിയ്ക്കാന്‍ ഇന്ത്യക്കാരനുമാകും.

മുകളില്‍ക്കൊടുത്തിരിയ്ക്കുന്ന ഉദാഹരണത്തില്‍, ഇന്ത്യയിലെ ഹവാല ഏജന്റ് ആവശ്യപ്പെട്ടതനുസരിച്ച്, ദുബായിലെ ഹവാല ഏജന്റ് ഇന്ത്യന്‍ ഇറക്കുമതിക്കാരന്റെ ദുബായ് ബാങ്ക് അക്കൗണ്ടില്‍ പണമടയ്ക്കുന്നെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇന്ത്യയിലെ ഹവാല ഏജന്റിന്റെ പക്കല്‍ കിട്ടിയിരുന്ന പണം ദുബായിലേയ്ക്കു പോകുന്നില്ലെന്നതാണു വാസ്തവം. ഹവാലഇടപാടില്‍ ഒരു രാജ്യത്തെ പണം അതേ രൂപത്തില്‍ മറ്റൊരു രാജ്യത്തേയ്ക്കു പോകുന്നില്ല. ദിര്‍ഹം നിലവിലിരിയ്ക്കുന്ന ദുബായിലേയ്ക്ക് ഇന്ത്യന്‍ രൂപ പോകുന്നില്ല. ഇന്ത്യയിലെ ഹവാല ഏജന്റിന്റെ പക്കല്‍ നിന്നു പണം കിട്ടാതെ തന്നെ ദുബായിലെ ഹവാല ഏജന്റു ഇന്ത്യന്‍ ഇറക്കുമതിക്കാരന്റെ ദുബായ് അക്കൗണ്ടില്‍ പണമടയ്ക്കുന്നു. ദുബായിലെ ഹവാല ഏജന്റിന് എന്ന്, എങ്ങനെ പണം കിട്ടുന്നു എന്ന ചോദ്യം ഇവിടെ ഉയരുന്നു.

ഇന്ത്യയിലെ ഹവാല ഏജന്റ് ദുബായിലെ ഹവാല ഏജന്റിനു കൊടുത്തുതീര്‍ക്കാനുള്ള കടം പല തരത്തില്‍ കൊടുത്തു തീര്‍ക്കും. ദുബായില്‍ നിന്ന് തിരികെ, ഇന്ത്യയിലേയ്ക്കു പണം കൈമാറേണ്ടതായ ഇടപാടുകള്‍ നടക്കുമ്പോള്‍ അവയ്ക്കനുസൃതമായി കടം കുറയുകയോ തീരുകയോ ചെയ്യും. പണത്തിന്റെ കൈമാറ്റത്തിലൂടെയല്ലാതെ മറ്റു വഴികളില്‍ക്കൂടിയും വ്യത്യസ്തരാജ്യങ്ങളിലെ ഹവാല ഏജന്റുമാര്‍ തമ്മിലുള്ള കടങ്ങള്‍ തീര്‍ക്കുന്നുണ്ടെന്നു വാര്‍ത്തകളില്‍ കാണുന്നു. ഒരു തരം ബാര്‍ട്ടര്‍ സിസ്റ്റം. പണത്തിനു പകരം, തത്തുല്യമായ, മിക്കപ്പോഴും നിരോധിതമായ, വസ്തുക്കളും സേവനങ്ങളുമെല്ലാം പരസ്പരഇടപാടുകള്‍ തീര്‍ക്കാന്‍ ഹവാലക്കാര്‍ ഉപയോഗിയ്ക്കുന്നുണ്ടെന്നു വാര്‍ത്തകളില്‍ കണ്ടു. മനുഷ്യക്കടത്തും ഇടപാടുകളുടേയും ഇടപാടുതീര്‍ക്കലിന്റേയും ഭാഗമാകാറുണ്ടത്രേ; ഹവാലയിടപാടുകളില്‍ മനുഷ്യര്‍ കേവലം നാണയങ്ങളായിത്തീരുന്നു, നിരോധിതവസ്തുക്കള്‍ക്കു സമാനവും!

ഹവാലക്കാര്‍ കമ്മീഷന്‍ ചുമത്തുന്നുണ്ടെങ്കിലും, അവരുടെ കമ്മീഷന്‍ രാജ്യങ്ങള്‍ക്കിടയിലുള്ള പണക്കൈമാറ്റത്തിനു അന്താരാഷ്ട്രബാങ്കുകള്‍ ചുമത്തുന്ന കമ്മീഷനുകളേക്കാള്‍ കുറവാണെന്നും വാര്‍ത്തകളില്‍ കണ്ടിരുന്നു. താരതമ്യേന താഴ്ന്ന ഹവാലക്കമ്മീഷന്‍, ഹവാല ഇടപാടുകളിലേയ്ക്കു ജനത്തെ ആകര്‍ഷിയ്ക്കുന്ന ഘടകങ്ങളിലൊന്നായിരിയ്ക്കണം. ബാങ്കിംഗ് സൗകര്യങ്ങളില്ലാത്ത വിദൂരസ്ഥലങ്ങളില്‍പ്പോലും ഹവാലക്കാര്‍ ചെന്നെത്താറുണ്ടെന്നും വായിയ്ക്കാനിടയായി. ബാങ്കിംഗ് ശൃംഖല രാജ്യമൊട്ടാകെ വ്യാപിപ്പിയ്ക്കുകയാണു ഹവാല ഇടപാടുകളില്‍ നിന്നു ജനത്തെ അകറ്റാനെടുക്കേണ്ട പല നടപടികളിലൊന്ന്. ബാങ്കുകളുടെ ചാര്‍ജുകളില്‍ കുറവു വരുത്തുകയും വേണം. ഇത്തരം നടപടികള്‍ കള്ളപ്പണത്തിന്റെ വ്യാപനം തടയാനുപകരിയ്ക്കും.

-കള്ളപ്പണത്തിന്റെ മുഖ്യശ്രോതസ്സുകളെക്കുറിച്ച്‌ അടുത്ത ഭാഗത്തില്‍.

[email protected]