Connect with us

Business

കള്ളപ്പണത്തിന്റെ വഴികള്‍ – മൂന്നാം ഭാഗം

ചുരുക്കിപ്പറഞ്ഞാല്‍, വിദേശനിക്ഷേപകര്‍ പണം മൊറീഷ്യസ്സിനെ ഏല്പിയ്ക്കുന്നു, മൊറീഷ്യസ് ആ പണം ചൈനയിലും ഇന്ത്യയിലും നിക്ഷേപിയ്ക്കുന്നു, ആ നിക്ഷേപങ്ങളില്‍ നിന്നു കിട്ടുന്ന ലാഭം മൊറീഷ്യസ് ചെറിയൊരു നികുതി മാത്രം ചുമത്തിയ ശേഷം, വിദേശനിക്ഷേപകര്‍ക്കു നല്‍കുന്നു.

 85 total views

Published

on

01
രചന: സുനില്‍ എം എസ്, മൂത്തകുന്നം

(മുന്‍ ഭാഗത്തില്‍ നിന്ന്) ഹവാലക്കാര്‍ കമ്മീഷന്‍ ചുമത്തുന്നുണ്ടെങ്കിലും, അവരുടെ കമ്മീഷന്‍ രാജ്യങ്ങള്‍ക്കിടയിലുള്ള പണക്കൈമാറ്റത്തിനു അന്താരാഷ്ട്രബാങ്കുകള്‍ ചുമത്തുന്ന കമ്മീഷനുകളേക്കാള്‍ കുറവാണെന്നും വാര്‍ത്തകളില്‍ കണ്ടിരുന്നു. താരതമ്യേന താഴ്ന്ന ഹവാലക്കമ്മീഷന്‍, ഹവാല ഇടപാടുകളിലേയ്ക്കു ജനത്തെ ആകര്‍ഷിയ്ക്കുന്ന ഘടകങ്ങളിലൊന്നായിരിയ്ക്കണം. ബാങ്കിംഗ് സൗകര്യങ്ങളില്ലാത്ത വിദൂരസ്ഥലങ്ങളില്‍പ്പോലും ഹവാലക്കാര്‍ ചെന്നെത്താറുണ്ടെന്നും വായിയ്ക്കാനിടയായി. ബാങ്കിംഗ് ശൃംഖല രാജ്യമൊട്ടാകെ വ്യാപിപ്പിയ്ക്കുകയാണു ഹവാല ഇടപാടുകളില്‍ നിന്നു ജനത്തെ അകറ്റാനെടുക്കേണ്ട പല നടപടികളിലൊന്ന്. ബാങ്കുകളുടെ ചാര്‍ജുകളില്‍ കുറവു വരുത്തുകയും വേണം. ഇത്തരം നടപടികള്‍ കള്ളപ്പണത്തിന്റെ വ്യാപനം തടയാനുപകരിയ്ക്കും. (ഇനി തുടര്‍ന്നു വായിയ്ക്കുക.)

കൈക്കൂലിയാണു കള്ളപ്പണത്തിന്റെ മുഖ്യസ്രോതസ്സുകളിലൊന്ന്. വന്‍ തോതിലുള്ള കൈക്കൂലികളുണ്ടാകാം. ഇരുമ്പയിരും മറ്റും ഖനനം ചെയ്‌തെടുക്കുന്നതിനുള്ള അനുവാദം സംഘടിപ്പിച്ചുകൊടുക്കുന്നതിനുള്ള പ്രതിഫലമായി കോടിക്കണക്കിനു രൂപ കൈക്കൂലിയായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വാങ്ങിയെന്ന ആരോപണങ്ങള്‍ പത്രങ്ങളില്‍ കണ്ടിട്ടുണ്ട്. കര്‍ണാടകയിലെ ബെല്ലാരി സഹോദരന്മാര്‍ അറസ്റ്റിലായത് ഇവിടെ പ്രസക്തമാണ്. കൈക്കൂലിത്തുക 5000 കോടി രൂപയോളം വന്നിരിയ്ക്കാമെന്നാണു അതു സംബന്ധിച്ച വാര്‍ത്തകളില്‍ കണ്ടിരുന്നത്.

സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളെപ്പറ്റി ഉയര്‍ന്നുവന്ന കൈക്കൂലി ആരോപണങ്ങളില്‍ പലതിലും കഴമ്പുണ്ടായിരുന്നെന്നു തെളിഞ്ഞിട്ടുണ്ട്. 2014ല്‍ ഇന്ത്യയില്‍ വച്ചു നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വന്‍ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നു വാര്‍ത്തയുണ്ടായിരുന്നു. സൈന്യത്തിന് ആയുധോപകരണങ്ങള്‍ വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്ന വാര്‍ത്തയും പൊന്തിവരാറുണ്ട്. ആദായനികുതി, വില്പനനികുതി, എക്‌സൈസ്, ഗതാഗതം, റെവന്യൂ എന്നിങ്ങനെ വിവിധ വകുപ്പുകളിലെ പല ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയതിനും, കണക്കില്‍പ്പെടാത്ത സമ്പാദ്യമുണ്ടാക്കിയതിനും മറ്റും അറസ്റ്റിലായ വാര്‍ത്തകളും വിരളമല്ല. ജഡ്ജിമാര്‍ പോലും അഴിമതിയില്‍ നിന്നു മുക്തരല്ല; ആരോപണങ്ങളെത്തുടര്‍ന്ന് ഒന്നു രണ്ടു ജഡ്ജിമാര്‍ക്കെതിരേ പാര്‍ലമെന്റ് ഇംപീച്ച്‌മെന്റു നടപടികള്‍ തുടങ്ങിവയ്ക്കുക പോലും ചെയ്തിരുന്നു.

വന്‍കിട കമ്പനികളും കള്ളപ്പണത്തിന്റെ സൃഷ്ടിയില്‍ പലപ്പോഴും ഭാഗഭാക്കായിരുന്നിട്ടുണ്ട്. വാള്‍മാര്‍ട്ട് എന്ന അമേരിക്കന്‍ കമ്പനിയ്ക്കു പലചരക്കുകടകളുടെ ശൃംഖലയുണ്ട്. പലചരക്കുകടയെന്നു കേള്‍ക്കുമ്പോള്‍ അവജ്ഞ തോന്നേണ്ട കാര്യമില്ല. കാരണം, ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നാണു വാള്‍മാര്‍ട്ട്. 27 രാജ്യങ്ങളില്‍ വാള്‍മാര്‍ട്ടിന്റെ സാന്നിദ്ധ്യമുണ്ട്. വാള്‍മാര്‍ട്ടിന്റെ സ്റ്റോറുകളിലെ അഞ്ചിലൊന്നു മെക്‌സിക്കോയിലാണ്. മെക്‌സിക്കോയില്‍ വാള്‍മാര്‍ട്ടു വന്‍വിജയം നേടിയിട്ടുമുണ്ട്. മെക്‌സിക്കോയില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കാന്‍ വാള്‍മാര്‍ട്ട് ആഗ്രഹിച്ചു. പക്ഷേ, കാലതാമസമുണ്ടാക്കുന്ന ചില നിയമങ്ങള്‍ അവിടെയുണ്ട്. ആ നിയമങ്ങളെ മറികടന്നു പുതിയ സ്റ്റോറുകള്‍ തുറക്കുന്നതു ത്വരിതപ്പെടുത്താന്‍ വേണ്ടി വാള്‍മാര്‍ട്ട് മെക്‌സിക്കോയിലെ ചില ഉന്നതര്‍ക്കു കൈക്കൂലി നല്‍കി: 144 കോടി രൂപ. ഇതത്രയും കള്ളപ്പണമായിത്തീര്‍ന്നിരിയ്ക്കണം.

കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ വാള്‍മാര്‍ട്ടിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ രാജി വച്ചു. തനിയ്ക്കു കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്ന ഉദ്യോഗക്കയറ്റം തനിയ്ക്കു തരാതെ ഒരു കീഴുദ്യോഗസ്ഥനു കമ്പനി കൊടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു, രാജി. മെക്‌സിക്കോയില്‍ വാള്‍മാര്‍ട്ടു കൊടുത്തിരുന്ന കൈക്കൂലിയെപ്പറ്റി അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. ഉദ്യോഗക്കയറ്റം കിട്ടാഞ്ഞതില്‍ പരിഭവിച്ചു വാള്‍മാര്‍ട്ടില്‍ നിന്നു രാജി വച്ചയുടന്‍ അദ്ദേഹം കൈക്കൂലിയെപ്പറ്റിയുള്ള വിവരങ്ങള്‍ അമേരിക്കയിലെ പ്രസിദ്ധപത്രമായ ന്യൂയോര്‍ക്ക് ടൈംസിനു കൈമാറി. ന്യൂയോര്‍ക്ക് ടൈംസതു ലോകം മുഴുവനും പരത്തി. ആ വെളിപ്പെടുത്തല്‍ വാള്‍മാര്‍ട്ടിനു മെക്‌സിക്കോയിലും അമേരിക്കയിലും മാത്രമല്ല, ആഗോളവ്യാപകമായിത്തന്നെ പല ബുദ്ധിമുട്ടുകളുമുണ്ടാക്കി.

വാള്‍മാര്‍ട്ടു മാത്രമല്ല, മറ്റു വന്‍കിട കമ്പനികളില്‍പ്പലതും ഉന്നതസ്ഥാനങ്ങളിലിരിയ്ക്കുന്നവര്‍ക്കു കൈക്കൂലി നല്‍കിയിട്ടുണ്ട്. അത്തരമൊരു കഥ കൂടി: ലോക്ക്ഹീഡ് എന്നൊരു വിമാനനിര്‍മ്മാണക്കമ്പനി അമേരിക്കയിലുണ്ട്. കടുത്ത മത്സരമുള്ളൊരു വ്യവസായരംഗമാണു വിമാനനിര്‍മ്മാണം. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ലോക്ക്ഹീഡ് ചില രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കു ദശലക്ഷക്കണക്കിനു ഡോളര്‍ കൈക്കൂലിയായി നല്‍കി. അവരുടെ രാജ്യങ്ങളെക്കൊണ്ടു ലോക്ക്ഹീഡിന്റെ വിമാനങ്ങള്‍ വാങ്ങിപ്പിയ്ക്കാന്‍ വേണ്ടിയായിരുന്നു, അത്. നെതര്‍ലന്റ്‌സ്, ജപ്പാന്‍, ജര്‍മനി, ഇറ്റലി, ഹോങ്‌കോംഗ്, സൗദി അറേബ്യ എന്നിങ്ങനെയുള്ള രാഷ്ട്രങ്ങളിലായിരുന്നു, ലോക്ക്ഹീഡു കൈക്കൂലി നല്‍കിയത്. ഒടുവില്‍ കൈക്കൂലിക്കാര്യം പുറത്തായി. ലോക്ക്ഹീഡ് കുഴപ്പത്തിലാകുകയും ചെയ്തു.

പ്രസിദ്ധരായ ആയുധനിര്‍മ്മാണക്കമ്പനികളും അന്യരാജ്യങ്ങളിലെ പല ഉന്നതവ്യക്തികള്‍ക്കും കൈക്കൂലി നല്‍കിയ ചരിത്രമുണ്ട്. സ്വീഡനിലെ ബോഫോഴ്‌സ് എന്ന കമ്പനിയുടെ തോക്കുകള്‍ ഇന്ത്യ വാങ്ങാന്‍ വേണ്ടി കമ്പനി ഇന്ത്യയിലെ ചിലര്‍ക്കു കൈക്കൂലി നല്‍കിയതായി ആരോപണമുയര്‍ന്നിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയരംഗത്ത് ഏറെക്കാലം ആ ആരോപണത്തിന്റെ അലകളുയര്‍ന്നിരുന്നു. അവയിപ്പോഴും, ഇടയ്ക്കിടെ ഉയര്‍ന്നുകൊണ്ടിരിയ്ക്കുന്നു.

Advertisement

നിയമവിരുദ്ധമായ വിവിധമാര്‍ഗങ്ങളിലൂടെ ആര്‍ജിച്ചുണ്ടായ കള്ളപ്പണത്തിന്റെ വലിയൊരു ഭാഗം ഇവിടെ, ഇന്ത്യയില്‍ത്തന്നെ വിന്യസിയ്ക്കപ്പെട്ടിട്ടുണ്ടാകും. മറ്റൊരു ഭാഗം അതിര്‍ത്തി കടന്നു വിദേശങ്ങളിലേയ്ക്കും പോയിട്ടുണ്ടാകും. സുരക്ഷിതമായ ചില രാജ്യങ്ങളിലെ ബാങ്കുകളിലുള്ള രഹസ്യഅക്കൗണ്ടുകളിലായിരിയ്ക്കും, അതിര്‍ത്തികള്‍ കടന്നുള്ള കൈക്കൂലിത്തുകകള്‍ ചെല്ലുന്നത്. ചില രാജ്യങ്ങളിലെ ബാങ്കിതരസ്ഥാപനങ്ങളും കറുത്ത പണത്തിന്റെ സുരക്ഷാകേന്ദ്രങ്ങളാണ്. ഈ രാജ്യങ്ങളില്‍ ഭൂരിഭാഗവും ചെറുരാഷ്ട്രങ്ങളായിരിയ്ക്കും. മൊറീഷ്യസ്, കേയ്മാന്‍ ഐലന്റ്‌സ്, സിംഗപ്പൂര്‍ എന്നിവ ഉദാഹരണങ്ങളാണ്.

ഇന്ത്യയില്‍ത്തന്നെ സ്ഥിരവാസം നടത്തുന്ന ഒരിന്ത്യന്‍ പൗരന് ഉയര്‍ന്ന ശമ്പളം കിട്ടുന്നുണ്ടെന്നു കരുതുക. അയാള്‍ക്കു ശമ്പളത്തിന്മേല്‍ മുപ്പതു ശതമാനം വരെ ആദായനികുതി കൊടുക്കേണ്ടി വന്നേയ്ക്കാം. അതിനു പുറമേ സര്‍ച്ചാര്‍ജും കൊടുക്കേണ്ടി വരാം.

വിദേശരാജ്യത്തു സേവനമനുഷ്ഠിയ്ക്കുന്ന ഒരിന്ത്യന്‍ പ്രവാസിയ്ക്കു വിദേശരാജ്യത്തു കിട്ടുന്ന ശമ്പളത്തിന്മേല്‍ വിദേശരാജ്യസര്‍ക്കാരിന് ആദായനികുതികൊടുക്കേണ്ടി വരും. ഈ വരുമാനത്തിന്മേല്‍ അയാള്‍ ഇന്ത്യന്‍ സര്‍ക്കാരിന് ആദായനികുതി കൊടുക്കേണ്ടതില്ല. പ്രവാസികള്‍ക്കുള്ള ചില ആനുകൂല്യങ്ങളിലൊന്ന് അതാണ്.

പ്രവാസിയ്ക്കുള്ള ആനുകൂല്യം ഇന്ത്യയില്‍ സ്ഥിരതാമസമുള്ള ഇന്ത്യന്‍ പൗരര്‍ക്കു ലഭ്യമല്ല. ഇവിടെ സ്ഥിരതാമസമുള്ള ഒരിന്ത്യന്‍ പൗരന് ഒരു വിദേശരാജ്യത്തു നിക്ഷേപമുണ്ടെന്നും അതിന്മേലയാള്‍ക്കു വരുമാനം കിട്ടുന്നുണ്ടെന്നും കരുതുക. ആ വരുമാനത്തിന്മേല്‍ വിദേശരാജ്യസര്‍ക്കാരിനു മാത്രമല്ല, ഇന്ത്യന്‍ സര്‍ക്കാരിനും അയാള്‍ ആദായനികുതി കൊടുക്കേണ്ടതുണ്ട്. ഒരേ വരുമാനത്തിന്മേല്‍ രണ്ടു രാജ്യങ്ങളില്‍ ആദായനികുതി കൊടുക്കണം എന്നര്‍ത്ഥം.

ഉദാഹരണസഹിതം വിശദീകരിയ്ക്കാം. പ്രവാസിയല്ലാത്ത ഒരിന്ത്യന്‍ പൗരന് ഇന്ത്യയിലും സിംഗപ്പൂരിലും നിക്ഷേപങ്ങളുണ്ടെന്നു കരുതുക. ഇന്ത്യയിലെ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തിന്മേല്‍ അയാള്‍ ഇന്ത്യന്‍ സര്‍ക്കാരിന് ആദായനികുതി കൊടുക്കണം. സിംഗപ്പൂരിലെ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തിന്മേലയാള്‍ സിംഗപ്പൂരില്‍ നിലവിലുള്ള ആദായനികുതിനിരക്കുകളനുസരിച്ച്, സിംഗപ്പൂര്‍ സര്‍ക്കാരിന് ആദായനികുതി കൊടുക്കണം. കാര്യമവിടെ അവസാനിയ്ക്കുന്നില്ല. സിംഗപ്പൂരിലെ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തിന്മേലയാള്‍ ഇന്ത്യയില്‍ നിലവിലുള്ള ആദായനികുതിനിരക്കുകളനുസരിച്ച് ഇന്ത്യന്‍ സര്‍ക്കാരിനും ആദായനികുതി കൊടുക്കണം.

ഒരേ വരുമാനത്തിന്മേല്‍ രണ്ടു രാജ്യങ്ങളില്‍ ആദായനികുതി കൊടുക്കേണ്ടിവരുന്നത് ഇരട്ടനികുതിചുമത്തല്‍ അഥവാ ഡബിള്‍ ടാക്‌സേഷന്‍ എന്നറിയപ്പെടുന്നു. ഇരട്ടനികുതിചുമത്തല്‍ ഒഴിവാക്കാന്‍ വേണ്ടി പല രാജ്യങ്ങളും തമ്മില്‍ കരാറുകള്‍ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയും എണ്‍പതിലേറെ രാജ്യങ്ങളുമായി ഇത്തരം കരാറുകള്‍ ഒപ്പിട്ടിട്ടുണ്ട്. സിംഗപ്പൂര്‍ അവയിലൊന്നാണ്. മൊറീഷ്യസ് മറ്റൊന്നും.

ഇന്ത്യയും മൊറീഷ്യസ്സും തമ്മില്‍ നിലവിലുള്ള ഇരട്ടനികുതിചുമത്തലൊഴിവാക്കല്‍ കരാറനുസരിച്ച്, ഒരിന്ത്യക്കാരന്‍ മൊറീഷ്യസ്സിലെ വരുമാനത്തിന്മേല്‍ മൊറീഷ്യസ് സര്‍ക്കാരിന് ആദായനികുതി കൊടുത്തിട്ടുണ്ടെങ്കില്‍, അതേ വരുമാനത്തിന്മേല്‍ അയാള്‍ ഇന്ത്യന്‍ സര്‍ക്കാരിന് ആദായനികുതി കൊടുക്കേണ്ടതില്ല. മൊറീഷ്യസ്സിലെ നികുതിനിരക്ക് താരതമ്യേന താഴ്ന്നതാണ്: 15%. ഇന്ത്യയിലേതു 30 ശതമാനത്തോളം വന്നെന്നു വരാം; പുറമേ, സര്‍ച്ചാര്‍ജും. മൊറീഷ്യസ്സില്‍ നിന്നു കിട്ടുന്ന വരുമാനത്തിന്മേല്‍ 15 ശതമാനം നിരക്കില്‍ മൊറീഷ്യസ് സര്‍ക്കാരിനു ആദായനികുതി കൊടുത്താല്‍, ഇന്ത്യയിലെ 30 ശതമാനവും സര്‍ച്ചാര്‍ജും ഒഴിവായിക്കിട്ടും.

Advertisement

ഉയര്‍ന്ന വരുമാനം ലാക്കാക്കി വന്‍ നിക്ഷേപങ്ങള്‍ വിദേശത്തു നിന്നു മൊറീഷ്യസ്സിലേയ്ക്കു വരുന്നുണ്ട്. മൊറീഷ്യസ് എന്ന രാജ്യം വളരെ, വളരെച്ചെറുതാണ്. വന്‍ തോതില്‍ വിദേശനിക്ഷേപങ്ങള്‍ സ്വീകരിയ്ക്കുന്നതിനു മൊറീഷ്യസ്സിനു ബുദ്ധിമുട്ടില്ലെങ്കിലും, അവയ്ക്ക് ആകര്‍ഷകമായ പലിശയോ ലാഭമോ നല്‍കാനുള്ള കെല്പു മൊറീഷ്യസ്സിനില്ല.

മൊറീഷ്യസ്സിനില്ലാത്ത കഴിവു മറ്റു ചില രാജ്യങ്ങള്‍ക്കുണ്ട്; നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ പലിശ നല്‍കാനും ലാഭമുണ്ടാക്കിക്കൊടുക്കാനുമുള്ള കഴിവ് ചൈന, ഇന്ത്യ എന്നിങ്ങനെയുള്ള ചില രാജ്യങ്ങള്‍ക്കുണ്ട്. അവരുടെ ആ കഴിവ് ആ കഴിവില്ലാത്ത മൊറീഷ്യസ് വിനിയോഗിയ്ക്കുന്നു. മൊറീഷ്യസ് വിദേശികളില്‍ നിന്നു തങ്ങള്‍ക്കു കിട്ടിയിരിയ്ക്കുന്ന പണം ചൈനയിലും ഇന്ത്യയിലും, അവയെപ്പോലെ ഉയര്‍ന്ന വരുമാനമുണ്ടാക്കിക്കൊടുക്കുന്ന മറ്റു രാജ്യങ്ങളിലും നിക്ഷേപിയ്ക്കുന്നു. ഈ നിക്ഷേപങ്ങളിന്മേല്‍ കിട്ടുന്ന വരുമാനത്തിന്മേല്‍ താഴ്ന്ന നിരക്കിലുള്ള ആദായനികുതി മാത്രം ചുമത്തി, വരുമാനത്തിന്റെ സിംഹഭാഗവും മൊറീഷ്യസ് വിദേശനിക്ഷേപകര്‍ക്കു കൈമാറുന്നു. വിദേശനിക്ഷേപകര്‍ തൃപ്തരാകുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, വിദേശനിക്ഷേപകര്‍ പണം മൊറീഷ്യസ്സിനെ ഏല്പിയ്ക്കുന്നു, മൊറീഷ്യസ് ആ പണം ചൈനയിലും ഇന്ത്യയിലും നിക്ഷേപിയ്ക്കുന്നു, ആ നിക്ഷേപങ്ങളില്‍ നിന്നു കിട്ടുന്ന ലാഭം മൊറീഷ്യസ് ചെറിയൊരു നികുതി മാത്രം ചുമത്തിയ ശേഷം, വിദേശനിക്ഷേപകര്‍ക്കു നല്‍കുന്നു.

രണ്ടു നിക്ഷേപമാര്‍ഗങ്ങളെ പരസ്പരം താരതമ്യം ചെയ്തുനോക്കാം:

(1) ഇന്ത്യന്‍ പൗരന്‍ പണം നേരിട്ട് ഇന്ത്യയില്‍ത്തന്നെ നിക്ഷേപിയ്ക്കുന്നു – വരുമാനത്തിന്മേല്‍ 30% ആദായനികുതിയും സര്‍ച്ചാര്‍ജും നല്‍കേണ്ടി വരുന്നു.

(2) ഇന്ത്യന്‍ പൗരന്‍ പണം മൊറീഷ്യസ്സില്‍ നിക്ഷേപിയ്ക്കുന്നു – മൊറീഷ്യസ് ആ പണം ഇന്ത്യയില്‍ നിക്ഷേപിയ്ക്കുന്നു മൊറീഷ്യസ് വരുമാനം നേടുന്നു – വരുമാനത്തിന്മേല്‍ മൊറീഷ്യസ് 15% ആദായനികുതി ഈടാക്കുന്നു – ശേഷിച്ച വരുമാനം ഇന്ത്യന്‍ നിക്ഷേപകനു നല്‍കുന്നു.

മൊറീഷ്യസ്സിലൂടെ ഇന്ത്യയില്‍ നിക്ഷേപിയ്ക്കുമ്പോള്‍ നികുതിഭാരം പകുതിയാക്കിക്കുറയ്ക്കാമെന്നര്‍ത്ഥം. അതുകൊണ്ട്, ഇന്ത്യന്‍ നിക്ഷേപകര്‍ മൊറീഷ്യസ്സു വഴി ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതില്‍ അതിശയമില്ലല്ലോ.

Advertisement

ഇന്ത്യന്‍ പൗരന്മാര്‍ക്കു മൊറീഷ്യസ്സുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നേരിട്ടു നിക്ഷേപം നടത്തുന്നത് അനുവദനീയമാണ്. പക്ഷേ, അത്തരം നിക്ഷേപങ്ങള്‍ക്കു പരിധിയുണ്ട്. ഇപ്പോഴത്തെ വാര്‍ഷികപരിധി രണ്ടര ലക്ഷം യു എസ് ഡോളറാണ്. ഒരിയ്ക്കലിതു രണ്ടു ലക്ഷമായിരുന്നു. പിന്നീടത് എഴുപത്തയ്യായിരമായി കുറച്ചു. അവിടന്നത് ഒന്നേകാല്‍ ലക്ഷമായി, ഇപ്പോഴത്തെ രണ്ടര ലക്ഷവുമായി. രാഷ്ട്രത്തിന്റെ ഭണ്ഡാരത്തിലുള്ള വിദേശനാണ്യശേഖരത്തിന് അനുസൃതമായാണ് റിസര്‍വ് ബാങ്ക് ഈ നിക്ഷേപപരിധി നിശ്ചയിയ്ക്കുന്നത്. വിദേശനാണ്യശേഖരം ഉയരുമ്പോള്‍ ഉയര്‍ന്ന വിദേശനിക്ഷേപപരിധി അനുവദിയ്ക്കും. ശേഖരം താഴുമ്പോള്‍, പരിധിയും താഴ്ത്തുന്നു.

നിലവിലുള്ള പരിധിയ്ക്കപ്പുറമുള്ള തുകകള്‍ വിദേശങ്ങളില്‍ നിക്ഷേപിയ്ക്കുക അസാദ്ധ്യം. പരിധികളും വ്യവസ്ഥകളും ‘വെളുത്ത പണ’ത്തിനാണു ബാധകം; കള്ളപ്പണത്തിന് അവയൊന്നും ബാധകമല്ലല്ലോ. അതുകൊണ്ടു തരം കിട്ടുമ്പോഴൊക്കെ, കള്ളപ്പണം വന്‍ തോതില്‍ ഇന്ത്യയില്‍ നിന്നു മൊറീഷ്യസ്സിലേയ്‌ക്കൊഴുകുന്നു.

മൊറീഷ്യസിന്റെ പേര് എടുത്തുപറയാന്‍ കാരണമുണ്ട്. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയില്‍ ഇന്ത്യയിലേയ്ക്ക് ഏറ്റവുമധികം വിദേശനിക്ഷേപം (34 ശതമാനം) വന്നിരിയ്ക്കുന്നതു മൊറീഷ്യസില്‍ നിന്നാണ്. നമ്മുടെ വയനാടു ജില്ലയേക്കാള്‍ ചെറുതാണു മൊറീഷ്യസ്. ജനസംഖ്യ കാസര്‍ഗോഡു ജില്ലയിലേതിനേക്കാള്‍ കുറവ്. അവരുടെ മൊത്ത ആഭ്യന്തരോല്പന്നമാണെങ്കില്‍ തുച്ഛവും. എന്നിട്ടും, മറ്റേതൊരു രാജ്യത്തു നിന്നുള്ളതിനേക്കാളേറെ വിസ്തൃതമായ നിക്ഷേപം ഇന്ത്യയില്‍ നടത്താന്‍ എങ്ങനെ മൊറീഷ്യസ്സിനായി? ഒരു സംശയവും വേണ്ടാ, അവിടന്നിങ്ങോട്ടു വന്നിരിയ്ക്കുന്ന നിക്ഷേപത്തിന്റെ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നങ്ങോട്ടു ചെന്നിരുന്ന കള്ളപ്പണം തന്നെ.

ഇന്ത്യന്‍ സമ്പന്നരുടെ കള്ളപ്പണം പാത്തും പതുങ്ങിയും മൊറീഷ്യസ്സിലെത്തി, വേഷപ്രച്ഛന്നനായി തിരികെ ഇന്ത്യയിലെത്തി, ആദരവും വരുമാനവും പിടിച്ചുപറ്റി, ഇന്ത്യന്‍ സമ്പന്നരെ അതിസമ്പന്നരാക്കുന്നു. ഇത്തരം വരുമാനങ്ങളില്‍ നിന്ന് ഇന്ത്യാഗവണ്മെന്റിന് ഒരു രൂപ പോലും ലഭിയ്ക്കുന്നില്ല; ഇന്ത്യന്‍ ജനതയ്ക്കും.

2004 മുതല്‍ 2014 വരെയുള്ള പത്തുവര്‍ഷക്കാലത്ത് 33 ലക്ഷം കോടി രൂപയിലേറെ കള്ളപ്പണം ഇന്ത്യയില്‍ നിന്നു പുറത്തേയ്‌ക്കൊഴുകിയെന്നു പത്രവാര്‍ത്ത. ഈ തുക സത്യസന്ധതയോടെ ഇന്ത്യയില്‍ത്തന്നെ നിക്ഷേപിയ്ക്കപ്പെട്ടിരുന്നെങ്കില്‍ ഇന്ത്യന്‍ ജനതയുടെ സാമ്പത്തികനില വളരെയധികം മെച്ചപ്പെടുമായിരുന്നെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

വാസ്തവത്തില്‍, ഒരു രാജ്യത്തെ ജനതയുടെ സാംസ്‌കാരികതയുടെ വിപരീതസൂചകമാണ് അവിടത്തെ കള്ളപ്പണം. കള്ളപ്പണസമ്പത്ത് എത്രത്തോളമുയര്‍ന്നിരിയ്ക്കുന്നുവോ, സാംസ്‌കാരികത അത്രത്തോളം താഴ്ന്നിരിയ്ക്കുന്നു, അല്ലെങ്കില്‍ ജനത സാംസ്‌കാരികമായി അത്രത്തോളം അധപ്പതിച്ചിരിയ്ക്കുന്നു, എന്നര്‍ത്ഥം. കള്ളപ്പണക്കാര്‍ അനര്‍ഹമായ സമ്പത്തുണ്ടാക്കുന്നതിലേറെ സങ്കടം, അവരുടെ നികുതിവെട്ടിപ്പു മൂലം താഴേക്കിടയിലുള്ളവരുടെ ക്ഷേമത്തിനുള്ള പണം സര്‍ക്കാരിനു കിട്ടാതെ പോകുന്നതിലാണ്. കള്ളപ്പണം പെരുകുമ്പോള്‍ സാമാന്യജനജീവിതം കൂടുതല്‍ ദുഷ്‌കരമാകുന്നു.

മൊറീഷ്യസ്സിലും മറ്റും ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണശേഖരമുണ്ടാകുന്നതു തടയണമെങ്കില്‍ ഒന്നുകില്‍ മൊറീഷ്യസ് തങ്ങളുടെ നികുതിനിരക്കുകളുയര്‍ത്തി, ഇന്ത്യയിലേതിനു തുല്യമാക്കണം; അല്ലെങ്കില്‍ ഇന്ത്യ തങ്ങളുടെ നിരക്കുകള്‍ താഴ്ത്തി മൊറീഷ്യസിലേതിനു തുല്യമാക്കണം. ഇതു രണ്ടും സാദ്ധ്യമല്ലെങ്കില്‍ മൊറീഷ്യസ്സുമായുള്ള ഇരട്ടനികുതിചുമത്തല്‍ ഒഴിവാക്കാനുള്ള കരാര്‍ റദ്ദാക്കണം.

Advertisement

ഇതിനൊക്കെപ്പുറമേ, മറ്റൊരു കാര്യം കൂടി രാഷ്ട്രങ്ങള്‍ ചെയ്യേണ്ടതുണ്ട്: വിദേശീയരുടെ നിക്ഷേപങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ അതാതു രാഷ്ട്രങ്ങള്‍ക്ക് ആനുകാലികമായി കൈമാറിക്കൊള്ളാം എന്ന ഒരുടമ്പടിയില്‍ ഒപ്പു വയ്ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിയ്ക്കുകയും വേണം.

ഇന്നത്തെ വ്യവസ്ഥിതിയില്‍ കാതലായ മാറ്റങ്ങളൊന്നുമുണ്ടാകാതിരുന്നാല്‍, ഉയര്‍ന്ന നികുതിനിരക്കുള്ളയിടങ്ങളില്‍ നിന്നു താഴ്ന്ന നികുതിനിരക്കുള്ളയിടങ്ങളിലേയ്ക്കു പണം ഒഴുകിക്കൊണ്ടിരിയ്ക്കും. ആഗോളവല്‍ക്കരണത്തിന്റെ അനിവാര്യമായ പാര്‍ശ്വഫലങ്ങളിലൊന്നാണു മൂലധനത്തിന്റെ പാത്തും പതുങ്ങിയുമുള്ള ഈയൊഴുക്ക്. ഏറ്റവുമധികം കള്ളപ്പണം പുറത്തേയ്‌ക്കൊഴുകുന്നതു വികസ്വരരാജ്യങ്ങളില്‍ നിന്നാണ്. ചൈന ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. നാമൊരല്പം ഭേദമാണ്: നാലാം സ്ഥാനം.

അഴിമതിയുള്ള രാജ്യങ്ങളിലാണ് കള്ളപ്പണമുണ്ടാകുന്നതെന്നത് ഒരു വസ്തുതയാണ്. ഉയര്‍ന്ന ജനസംഖ്യയും ലോകനിലവാരത്തേക്കാള്‍ വളരെത്താഴ്ന്ന പ്രതിശീര്‍ഷവരുമാനവുമുള്ള ചൈനയേയും ഇന്ത്യയേയും പോലുള്ള രാജ്യങ്ങളില്‍ കള്ളപ്പണമുണ്ടായില്ലെങ്കിലേ അതിശയമുള്ളൂ. ജനസംഖ്യ കുറയുകയും പ്രതിശീര്‍ഷവരുമാനം സമ്പന്നരാഷ്ട്രങ്ങളുടെ നിലവാരത്തിലേയ്ക്കുയരുകയും ചെയ്താല്‍ കള്ളപ്പണത്തിനു കുറവുണ്ടാകും. ഇവ രണ്ടും തത്കാലം അസാദ്ധ്യം തന്നെ: ഇന്ത്യയിലെ ജനസംഖ്യയുടെ വര്‍ദ്ധനാനിരക്കു കുറഞ്ഞിട്ടുണ്ടെങ്കിലും അടുത്ത നൂറ്റാണ്ടിനിടയില്‍ ഇവിടത്തെ ജനസംഖ്യ കുറയുന്ന പ്രശ്‌നമില്ല.

രാജ്യങ്ങളിലുള്ള അഴിമതിയെ അടിസ്ഥാനപ്പെടുത്തി ട്രാന്‍സ്‌പേരന്‍സി ഇന്റര്‍നാഷണല്‍ ഒരു റാങ്ക് ലിസ്റ്റു പ്രസിദ്ധീകരിയ്ക്കാറുണ്ട്. അതില്‍ ഇന്ത്യയുടെ റാങ്ക് 76 ആണ്. ഇക്കാര്യത്തിലെങ്കിലും നാം ചൈനയേക്കാളല്പം ഭേദമാണ്; ഏഴു പുറകില്‍, 83 ആണ് അവരുടെ റാങ്ക്. ഡെന്മാര്‍ക്കിനാണ് ഒന്നാം റാങ്ക്. അതില്‍ തീരെ അതിശയമില്ല. കാരണം അവരുടെ പ്രതിശീര്‍ഷവരുമാനം 34 ലക്ഷമാണ്. ഒരു പൗരന് ഓരോ വര്‍ഷവും 34 ലക്ഷം രൂപ കിട്ടുന്നു. നമ്മുടേതാകട്ടെ, കേവലം 1.11 ലക്ഷവും. നമ്മുടേതിനേക്കാള്‍ 33 ഇരട്ടി പ്രതിശീര്‍ഷവരുമാനമുണ്ടു ഡെന്മാര്‍ക്കിന്. ഓരോ പൗരനും പ്രതിവര്‍ഷം 34 ലക്ഷം രൂപ വരുമാനം ലഭിയ്ക്കുമ്പോള്‍ ആര്‍ക്കു വേണം കൈക്കൂലി!

ഡെന്മാര്‍ക്കിന്റെ ജനസംഖ്യ എത്രയെന്നറിയണ്ടേ? വെറും 57 ലക്ഷം. അവരുടേതിന്റെ 223 ഇരട്ടിയുണ്ടു നമ്മുടെ ജനസംഖ്യ. ഈ വസ്തുതകളൊന്നും കണക്കിലെടുക്കാത്ത ട്രാന്‍സ്‌പേരന്‍സി ഇന്റര്‍നാഷണലിന്റെ റാങ്ക് ലിസ്റ്റ് നീതിപൂര്‍വകമായ ഒന്നല്ല എന്നു പറഞ്ഞേ തീരൂ. 120 കോടി ജനമുള്ള രാഷ്ട്രത്തെ അരക്കോടി മാത്രം ജനമുള്ള രാഷ്ട്രത്തോടു താരതമ്യം ചെയ്യുന്നതു തന്നെ അര്‍ത്ഥശൂന്യമാണ്. നൂറു കോടിയിലേറെ ജനസംഖ്യയുള്ള രാജ്യങ്ങള്‍ക്കു മാത്രമായി ഒരു ലിസ്റ്റു വേണം. അങ്ങനെ ലിസ്റ്റുകള്‍ പലതുണ്ടാകണം. സമാനരാജ്യങ്ങള്‍ തമ്മില്‍ മാത്രമേ താരതമ്യമാകാവൂ.

ഇന്ത്യയുടെ പ്രതിശീര്‍ഷവരുമാനം അടുത്ത കാലത്തൊന്നും ലോകനിലവാരത്തിലേയ്‌ക്കെത്തുമെന്നു തോന്നുന്നില്ല. അതുകൊണ്ടു കള്ളപ്പണത്തെ പൂര്‍ണമായി തടയാനാവില്ല. എങ്കിലും, അതിനെ നിയന്ത്രിച്ചുനിറുത്താനെങ്കിലുമാകണം. ഇവിടത്തെ ഭരണകര്‍ത്താക്കള്‍ക്കു ദൃഢനിശ്ചയമുണ്ടായാല്‍ ഇതു സാദ്ധ്യമാകും. എന്നാല്‍, ഏതു മുന്നണി രൂപം കൊടുത്ത സര്‍ക്കാരായിരുന്നാലും, കള്ളപ്പണത്തെ നിയന്ത്രിയ്ക്കുന്ന വിഷയത്തിലെ ദൃഢനിശ്ചയക്കുറവ് എന്നും പ്രകടമായിരുന്നിട്ടുണ്ട്. കള്ളപ്പണത്തിന്റെ സൃഷ്ടിയും ഒഴുക്കും ഇനിയുമേറെക്കാലം തുടരാനാണിട.

ഈ ഹ്രസ്വലേഖനപരമ്പര ഇവിടെ അവസാനിയ്ക്കുന്നു.

Advertisement

sunilmssunilms@rediffmail.com

 86 total views,  1 views today

Advertisement
cinema24 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment1 day ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Advertisement