നമ്മൾ തല വേണ്ടാത്ത ജനത !

273

ഡോ: എസ്.എസ്. ലാൽ

നമ്മൾ തല വേണ്ടാത്ത ജനത !

ശരിക്കും ദേഷ്യം വരുന്നു.
തിരുവനന്തപുരത്തു നിന്നും അടൂരിലേക്കുള്ള യാത്രയിലായിരുന്നു. രാവിലെ നേരത്തേ തിരിച്ചിട്ടും റോഡിൽ നല്ല തിരക്കായിരുന്നു. വീതി കുറഞ്ഞ റോഡിൽ എല്ലാവരും അതിവേഗത്തിലാണ് വണ്ടിയോടിക്കുന്നത്. എല്ലാവർക്കും വലിയ അത്യാവശ്യമാണ്. മുന്നിൽ പോകുന്നവനെ ഹോണടിച്ച് തെറിപ്പിക്കാൻ നോക്കുകയാണ് എല്ലാവരും. എതിരേ വരുന്നവർ റോഡിന്റെ നടുവിലെ വരയൊക്കെ തെറ്റിച്ച് മുന്നിലുള്ള വണ്ടിയെ മറികടന്ന് നമുക്ക് നേരേ പാഞ്ഞു വരുന്നു. എല്ലാവർക്കും ആദ്യം പോകണം. മറ്റുള്ളവർ മാറി നിന്നു കൊടുക്കണം. എന്റെ ഡ്രൈവറെയും എനിക്ക് വഴക്കുപറയേണ്ടി വന്നു. മറ്റു വണ്ടികൾക്ക് റോഡിൽ എന്ത് കാര്യം എന്നാണ് ഓരോരുത്തരുടെയും മനോഭാവം. റോഡിൽ തീരെ മര്യാദയില്ലാത്ത ജനതയായി നമ്മൾ മാറിയതുപോലെ.

തൊട്ടു മുന്നിൽ പോയ ബൈക്ക് യാത്രികർ രണ്ട് ബസുകൾക്കിടയിൽപെട്ട് മറിയാൻ തുടങ്ങി. രണ്ടു പേരും ബസിനടിയിൽപ്പെട്ടു എന്നു തന്നെ തോന്നി. ഞങ്ങൾ നിലവിളിച്ചു പോയി. തലനാരിഴയ്ക്ക് അവർ രക്ഷപെട്ടു. വലിയ ധൈര്യശാലികളാ, രണ്ടു പേർക്കും തലയിൽ ഹെൽമെറ്റ് ഇല്ല.

റോഡിൽക്കണ്ട ബൈക്ക് യാത്രികരിൽ അൻപത് ശതമാനം പേർക്കും ഹെൽമറ്റ് ഇല്ല. വിദ്യാർത്ഥികൾ ഓടിക്കുന്ന ബൈക്കുകളിൽ പലതിലും മൂന്നുപേർ. ഒരാൾക്കും ഹെൽമെറ്റ് ഇല്ല. മുതിർന്നവരുടെ പിന്നിലിരിക്കുന്ന കുട്ടികൾക്ക് ഹെൽമറ്റേ ഇല്ല. കാലത്തായതു കൊണ്ട് പൊലീസൊന്നും റോഡിൽ എത്തിയിട്ടില്ല.

ഇതിനൊപ്പമുള്ള ചിത്രത്തിൽ ഒരു കാര്യം കാണാം. ബൈക്കിന്റെ പിന്നിലിരിക്കുന്നയാൾ ഹെൽമെറ്റ് തലയിൽ വയ്ക്കാതെ കൈയിൽ പിടിച്ചിരിക്കുന്നു. പൊലീസിനെ കണ്ടാൽ അന്നേരം വയ്ക്കാൻ. പൊലീസിന് വേണ്ടിയാണല്ലോ നമ്മൾ ഹെൽമെറ്റ് വയ്ക്കുന്നത്. അല്ലാതെ മനുഷ്യജീവന്റെ വില കാരണമല്ലല്ലോ.

ഹെൽമറ്റ് കാര്യത്തിലൊക്കെ എല്ലാ ജനങ്ങളും നിയമം പാലിക്കുന്ന നാടുകളുണ്ട്. ഇരുപത് കൊല്ലം മുമ്പ് ഡൽഹിയിൽ പോയപ്പോൾ ഒരു സുഹൃത്തിന്റെ ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്തു. എന്റെ തലയിൽ വയ്ക്കാനും ഒരു ഹെൽമെറ്റ് അദ്ദേഹം തന്നു. പൊലീസിനെ പേടിച്ചാണെങ്കിലും പിൻ സീറ്റിലിരിക്കുന്നവർക്ക് അന്നേ ഡൽഹിയിൽ ഹെൽമറ്റ് വയ്ക്കണം. ആദ്യമായി വിയറ്റ്നാമിൽ പോയപ്പോൾ കണ്ടൊരുകാര്യം ഒരിക്കൽ ഞാൻ എഴുതിയിട്ടുണ്ട്. ഫോട്ടോ സഹിതം. ബൈക്കിൽ കയറ്റുന്നതിനു മുമ്പ് അമ്മ ഒരു കൊച്ചു കൂട്ടിയുടെ തലയിൽ ഹെൽമെറ്റ് അണിയിക്കുന്നത്. ഹെൽമെറ്റിന്റെ വിലയുടെ കാര്യം പറയാതിരിക്കാനാണ് വിയറ്റ്നാമിന്റെ കാര്യം പറഞ്ഞത്. വ്യക്തികൾക്ക് താരതമ്യേന വരുമാനം കുറഞ്ഞ നാടാണത്. അവിടെ ഹെൽമെറ്റ് വാങ്ങാമെങ്കിൽ നമ്മുടെ നാട്ടിൽ ബൈക്ക് വാങ്ങാൻ പണമുള്ളവർ ഹെൽമെറ്റും വാങ്ങണം.

ഹെൽമെറ്റ് വയ്ക്കുമ്പോഴുള്ള മുടിയുടെ പ്രശ്നങ്ങൾ പറയുന്നവർ ഓർക്കേണ്ടത് തലയുണ്ടെങ്കിലേ അതിൽ മുടി കാണൂ എന്ന കാര്യമാണ്.

ഒരാൾക്ക് തലയോട്ടിയിൽ പൊട്ടലുണ്ടായി തലച്ചോറിന് ക്ഷതമുണ്ടായാൽ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ സങ്കീർണമാകാം. മരണം സംഭവിക്കാതെ രക്ഷപെട്ടാലും ശിഷ്ടജീവിതം മുഴുവൻ ദുരിതത്തിലായി എന്ന് വരാം. ഓർമ്മയില്ലാതെ, ആർക്കും ഉപയോഗമില്ലാതെ, കിടന്നു പോകാം. ഓർമ്മയുണ്ടെങ്കിൽ തന്നെ മറ്റു ശാരീരിക- മാനസിക വൈകല്യങ്ങൾ ഉണ്ടാകാം.

ഒരാൾ ഹെൽമെറ്റ് വയ്ക്കാതെ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സമൂഹം മുഴുവനും ബാധ്യസ്ഥമാകും. സർക്കാർ നൽകുന്ന സൗജന്യ ചികിത്സകളുടെയും ഇൻഷുറൻസിന്റെയുമൊക്കെ ബാദ്ധ്യത എല്ലാ മനുഷ്യർക്കും കൂടിയാണ്. സമൂഹത്തിൽ തീരെ നിർധനരായവർക്കും കുട്ടികൾക്കും ഒക്കെ കിട്ടേണ്ട ചികിത്സ മുടങ്ങാനും ഇത് കാരണമാകും. ഉടമസ്ഥന് വിലയില്ലെങ്കിലും ഒരാളുടെ തല സമൂഹത്തിന് വിലയുള്ളതാകുന്നത് ഇങ്ങനെയാണ്. അതുകൊണ്ടാണ് ഇക്കാര്യത്തിൽ സർക്കാരും പൊലീസും ഒക്കെ കർശനമാകേണ്ടതും.

പിന്നിലിരിക്കുന്ന ആൾക്ക് ഹെൽമെറ്റ് വേണ്ടേയെന്ന് ചോദിച്ചപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ മറുപടി തമാശയായിത്തോന്നി. ഇക്കാര്യത്തിൽ നിയമം കർശനമാക്കേണ്ട എന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു എന്ന്. നമുക്ക് തല വേണോ വേണ്ടയോ എന്ന കാര്യം നമ്മൾ കേന്ദ്ര സർക്കാരിന് വിട്ടുകൊടുത്തിരിക്കയാണ് 

ഡോ: എസ്.എസ്. ലാൽ