മറ്റുള്ളവർക്ക് വേണ്ടി മാറ്റിവെയ്ക്കുന്നതിൻ്റെ പകുതി സമയമെങ്കിലും നമുക്കായി നാം മാറ്റിവെയ്ക്കണം

56

നമ്മളോളം നമ്മുടെ മക്കളെ നോക്കുന്ന മനുഷ്യർ ഏതെങ്കിലും ലോകത്ത് ഉണ്ടാകുമോ !!! എത്ര വയസ്സുവരെയാണ് ഒരു കുട്ടി സംരക്ഷിക്കപ്പെടേണ്ട പ്രായം, ഇപ്പോൾ 20, 25 ഉം വയസ്സ് കടന്ന് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് !!! അത്രയും വളർന്ന നമ്മുടെ മക്കളെ നാം പിന്നെയും പിന്നെയും പോറ്റിക്കൊണ്ടിരിക്കുകയാണ്…!!! അതും നമ്മൾ ഒട്ടും നല്ല നിലയിൽ ജീവിക്കാതെ….. പ്ലാവില പെറുക്കാൻ പ്രായമായാൽ അതു ചൈയ്യാൻ നമ്മൾ ബാധ്യസ്തരാണെന്നു നിഷ്കർഷിച്ചിരുന്ന ഒരു കാലഘട്ടത്തിലെ ബാല്യം ജീവിച്ചിരുന്നവരാണ് നമ്മൾ !!! 10 വയസ്സാകുമ്പോഴേക്കും അവരവരുടെ കുടുംബ ജീവിതത്തിൽ അവരവരുടെ ജോലികൾ ചെയ്യാൻ പ്രാപ്തരായവരാണ് നമ്മൾ !!! ആ തലമുറയിൽപ്പെട്ട അമ്മമാരായ നമ്മളാണ് 20 വയസ്സു കഴിഞ്ഞ നമ്മുടെ മക്കളുടെ പുറകെ നമ്മുടെ ഇഷ്ടങ്ങളും, സന്തോഷങ്ങളും ത്യജിച്ചു നടക്കുന്നവർ !!! കൂട്ടുകാരികൾ പ്ലാൻ ചൈയ്ത വിനോദയാത്ര വരെ 20 വയസ്സായ തൻ്റെ മകൻ വീട്ടിൽ ഒറ്റയ്ക്കാണെന്ന കാരണത്താൽ ഒഴിവാക്കി വീട്ടിലിരിക്കുന്ന നമ്മൾ !!! മക്കളിലൊരാൾ 10-ാം ക്ലാസിലായാൽ വീട്ടിലെ TV യും ഇൻ്റർനെറ്റ് ഒഴികെ കട്ടാക്കി വീട് മരണവീടുപോലെ ശോകമൂകമാക്കുന്ന അമ്മമാർ ജീവിക്കുന്ന സ്ഥലമാണിത്!!! മകന് MBBS ന് അഡ്മിഷൻ കിട്ടിയതിനാൽ അഞ്ചര വർഷത്തേയ്ക്ക് ജോലിയിൽ നിന്നു നീണ്ട അവധിയെടുത്ത് മകൻ്റെ കൂടെ നിന്ന അമ്മയെ എനിക്കറിയാം …. അവിടെയെങ്ങും ഹോസ്റ്റൽ സൗകര്യം ഇല്ലാഞ്ഞിട്ടല്ല, ഞാൻ കൂടെ ഇല്ലെങ്കിൽ മകന് ശരിയാകില്ലെന്നും, അവൻ്റെ ഭക്ഷണ കാര്യങ്ങൾ തകരാറിലാകുമെന്നു പറഞ്ഞും കൂടെ പോകുന്ന അമ്മ .

കുട്ടികളുടെ ജീവിതത്തിൽ തണലാകേണ്ടതിലെന്നതല്ല ഞാൻ പറഞ്ഞു വരുന്നത്, ഞാനും, നിങ്ങളും കരിഞ്ഞുണങ്ങി പൊടിഞ്ഞു തീരും വരെ അവർക്കായി കൊടിയ വെയിലേറ്റ് പൊടിഞ്ഞു വീഴണമോ എന്നതാണ് വിഷയം: … സ്വയം തണൽ തേടാൻ അവർ പ്രാപ്തരായ ശേഷവും അവനവൻ്റെ ജീവിതം ഒന്നും ആസ്വദിക്കാതെ, ത്യജിക്കേണ്ടതുണ്ടോ എന്നതാണ് എൻ്റെ ചോദ്യം ……!!! ഒരു പൊൻമാന് അല്പസമയം കൂടെ മെനക്കെട്ടാൽ അതിൻ്റെ കുഞ്ഞുങ്ങൾക്കുമുള്ള മീൻ പിടിക്കാവുന്നതേയുള്ളൂ… പക്ഷേ കണ്ടിട്ടില്ലേ, അത് അതിൻ്റെ കുഞ്ഞുങ്ങളെ മീൻ പിടിക്കാൻ പരിശീലിപ്പിക്കാറേ ചൈയ്യാറുള്ളൂ. മീൻ പിടിക്കാൻ പ്രായമായാൽ അത് സ്വയം മീൻ പിടിക്കട്ടേ എന്നേ ആ പൊൻമാൻ കൂടെ കരുതുന്നുള്ളൂ….. പറക്കാറായാൽ പക്ഷികൾ അവയുടെ കുഞ്ഞുങ്ങൾക്ക് ഇര തേടൽ നിറുത്തുന്നു!!! നമ്മൾ മാത്രം പിന്നെയും പിന്നെയും മക്കളെ പോറ്റുകയാണ് !!!!

കോടി ക്കണക്കിനാൾക്കാൾ ജീവിച്ചു മരിച്ച ഇടമാണ് ഭൂമി …… ജീവിച്ചിരിക്കുന്നവരെക്കാൾ മരിച്ചു പോയവർ കൂടുതലുള്ള ഇടം …… നമ്മൾ നമ്മുടെ ജീവിതം ജീവിക്കുക എന്നതാണ് പ്രധാനം…. മരങ്ങൾക്ക് വള്ളികൾ എന്ന പോലെയാണ് മറ്റുള്ളവർക്ക് നമ്മുടെ ജീവിതത്തിൽ സ്ഥാനം നല്കേണ്ടത്. അത് ഇത്തിൾക്കണ്ണികളെ പോലെ ആകുമ്പോഴാണ് അതിൽ ആദ്യം നമ്മളും, പിന്നെ അവരും ഉണങ്ങിക്കരിഞ്ഞു നശിച്ചു പോകുന്നത് !!! മരിക്കുമ്പോൾ, തിന്മകളിലെന്നപോൽ നന്മകളിൽ നിന്നും മനുഷ്യൻ സ്വതന്ത്രനാകാറുണ്ട്. നിങ്ങളുടെ അപ്പൂപ്പൻ്റെ അച്ഛനെ, അല്ലെങ്കിൽ അമ്മയെ നിങ്ങൾക്ക് അറിയാമോ !!! അതുപോലെ തന്നെ നിങ്ങളും രണ്ടു തലമുറ കഴിയുമ്പോൾ ഇങ്ങനെയാകും ….. പേരക്കിടാങ്ങൾ പോലും ഓർക്കാത്തവരായി !!! അഥവാ ഓർത്തിരുന്നാൽ തന്നെ, അതു കൊണ്ട് നമുക്ക് എന്തു ലാഭമാണ് ഉണ്ടാകുന്നത് !!! അതു കൊണ്ട് അവനവൻ്റെ ജീവിതത്തിനെ പൂർണ്ണമായും ഉരുക്കി ഒഴിച്ചു കൊണ്ട് അപരൻ്റെ ജീവിതത്തിന് വെളിച്ചം പകരാതിരിക്കുക…. അവനവനെ തന്നെ ഇടയ്ക്ക് പരിഗണിക്കണം .അവനവൻ്റെ ഇഷ്ടങ്ങൾക്ക് അപരൻ്റ ഇഷ്ടങ്ങൾക്ക് ഒപ്പമെങ്കിലും പരിഗണന കൊടുക്കണം. 45 വയസ്സ് കഴിഞ്ഞ ഒരു മദാമ്മ ഈയിടെ വയനാട്ടിൽ വന്നു. 50 വയസ്സിനു മുൻപ് ചൈയ്യേണ്ട 50 കാര്യങ്ങൾ എന്ന ഒരു ലിസ്റ്റ് ഉണ്ടായിരുന്നു അവരുടെ കൈയ്യിൽ, അതിൽ ആനപ്പുറത്ത് കയറണം എന്ന ഒറ്റ ആഗ്രഹമാണ് ബാക്കി ഉണ്ടായിരുന്നത് !!! അത് ചൈയ്യാനാണ് അവർ ഇവിടെ എത്തിയതും !!!

മറ്റുള്ളവർക്ക് വിചിത്രം എന്നു തോന്നാം നമ്മുടെ ചില ആഗ്രഹങ്ങൾ, അതിനു കാരണം നമ്മളും അവരും വ്യത്യസ്തരാണ് എന്നുള്ളത് മാത്രം….. അത് നമ്മൾ കാര്യമാക്കേണ്ടതും ഇല്ലാ എന്നുള്ളതാണ്. രോഗികൾ പ്രായമായി മരിക്കുന്ന ജെറിയാൻ്റിക്ക് വാർഡിൽ ജോലി ചെയ്യുന്ന ഒരു നേഴ്സിനോട് ഒരിക്കൽ ചോദിച്ചു, അവിടെ മരണം കാത്തു കിടക്കുന്ന പലരുടേയും ജീവിതത്തെ കുറച്ചുള്ള അഭിപ്രായം എന്തായിരുന്നു എന്ന്, അന്ന് അതിനു അവർ പറഞ്ഞ ഉത്തരം പലരുടേയും അവസാന വിഷമം, ജീവിതം നല്ലപോലെ ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് !!! തനിക്ക് ഇനിയൊമൊരു അവസരം കിട്ടുമെങ്കിൽ ,നഷ്ടപ്പെടുത്തിയ ജീവിതം ആസ്വദിച്ചു ജീവിച്ചു മരിക്കണമെന്നായിരുന്നു!!! പിൻമടക്കം അസാധ്യമായ ഒരു പോയിൻ്റിൽ ആ ചിന്ത എത്ര വേദനാജനകം ആണെന്നുള്ളത് ഒന്നു ഓർത്തു നോക്കൂ!!!ധാരാളം ആഗ്രഹങ്ങളുമായി മരണത്തിലേയ്ക്ക് പോകുന്നവർ ജീവിതത്തിൽ പരാജയപ്പെട്ടവരാണ് …… ഒരു ജീവിതം കൊണ്ടു തീരാതെ അനന്തമായി നീളുന്ന ആക്രാന്തം പിടിച്ച ജീവിതത്തെ കുറിച്ചല്ല ഞാൻ പറയുന്നത്, നിസ്സാരമെങ്കിലും പലവിധ കാരണങ്ങളാൽ നടക്കപ്പെടാതെ പോകുന്ന ഒരു മനുഷ്യൻ്റെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളെ കുറിച്ചാണ് …..!!!മറ്റുള്ളവരുടെ കാര്യങ്ങളൊന്നും ഗൗനിക്കാതെ തന്നിഷ്ടപ്രകാരം ജീവിക്കണമെന്നല്ല ഈ പറയുന്നതിൻ്റെ അർത്ഥം, മറ്റുള്ളവർക്ക് വേണ്ടി എന്നു നാം നിർദോഷമായി ത്യജിച്ചു കളയുന്ന നമ്മുടെ ചില സന്തോഷങ്ങളെ കുറിച്ചാണ് ഞാൻ പറയാൻ ശ്രമിക്കുന്നത് …… നാളേയ്ക്ക് നാളേയ്ക്ക് എന്നു പറഞ്ഞു നാം മാറ്റിവെയ്ക്കുകയും, ജീവിതത്തിൽ പിന്നൊരിക്കലും നടക്കാതെ പോകുന്ന ചില സംഗതികളെ കുറിച്ചാണ്.. ഈ ഇഷ്ടങ്ങൾ പലർക്കും പലതാകാം, ഒരു മലമുകളിൽ ഒറ്റയ്ക്ക് കേറി പോകുന്നതോ, ഇഷ്ടമുള്ള ഒരാളൊപ്പം രാത്രി മഴ കൊണ്ടാസ്വദിക്കുന്നതോ, ആഗ്രഹം തീരും വരെ നൃത്തം ചൈയ്യുന്നതോ, വെറുതെ ഒന്നു ചുറ്റിക്കറങ്ങി സന്തോഷിക്കുന്നതോ, കൂട്ടുകാർക്കൊപ്പം പഴയ ഓർമ്മകൾ നുണഞ്ഞിരിക്കുക, നല്ല വസ്ത്രം ധരിക്കുക, നല്ല ഹോട്ടലുകളിൽ കയറി ഇഷ്ട ഭക്ഷണങ്ങൾ കഴിക്കുക, ഇഷ്ടപ്പെട്ട സിനിമകൾ കൂടെ കൂടെ കാണുക, പുഴയോരത്തെ ഒരു പുൽത്തകിടിൽ ആകാശം നോക്കി സ്വപ്നങ്ങൾ കണ്ടു മലർന്നു കിടക്കുക തുടങ്ങി അന്യന് ഉപദ്രവം ചൈയ്യാത്ത എന്തു തരം ആഗ്രഹങ്ങളും ആകാം എന്നു സാരം.. നിങ്ങൾ അതിയായി ഒരു കാര്യം ആഗ്രഹിക്കുകയാണെങ്കിൽ ലോകം മുഴുവൻ അതിനായി ഗൂഡാലോചന ചെയ്തില്ലെങ്കിലും, ആരെങ്കിലും ഒക്കെ നിങ്ങളോടൊപ്പം ഉണ്ടാകും എന്നതു ഉറപ്പാണ്….!!!

പ്രിയമുള്ളവരെ ….. നമ്മൾ 40 കഴിഞ്ഞവരാണ്: മക്കൾക്ക് ഇനിയും സമയം ഉണ്ടെന്നും, ധാരാളം ബെസ്സുകൾ വരാനുണ്ടെന്നും നമ്മൾ അറിയണം. 40 കഴിഞ്ഞ വർ നിശ്ചയമായും ഓടിയേ പറ്റൂ, സ്റ്റാൻഡ് വിട്ടു പൊയ്ക്കോണ്ടിരിക്കുന്നത് അവർക്കായുള്ള ലാസ്റ്റ് ബെസ്സുകളാണ് ….. അമാന്തിച്ചു നിന്നാൽ മനസ്സമാധാനം ഇല്ലാതെ മരിക്കാം !!! ഈ മനോഹര തീരത്ത് ആവശ്യമില്ലാതെ പാഴാക്കി കളയാൻ ഒരു ജന്മം കൂടെ തരുമോ എന്ന ശോകഗാനം മൂളാം…. പല വിധ ഉത്തരവാദിത്വങ്ങളുടെ സമ്മർദ്ധങ്ങൾ എൻ്റെ പ്രിയപ്പെട്ട പരിപാടികളെ തടസ്സപ്പെടുത്താൻ തുടങ്ങുമ്പോൾ, അതിനെ അതിജീവിക്കാൻ ഞാൻ പ്രയോഗിക്കുന്ന ഒരു തന്ത്രം ഉണ്ട്, പരോപകാരാർത്ഥം അതും കൂടെ പങ്കുവെച്ചു കൊണ്ട് ഈ എഴുത്ത് നിറുത്തുന്നു,

ഈ നിമിഷത്തിൽ ഞാൻ മരിച്ചു പോകുമായിരുന്നെങ്കിൽ എന്തു ചൈയ്യുമായിരുന്നു എന്നു ചിന്ത ചൈയ്യലായിരുന്നു ആ കൗശലം. ഒരാൾ ഇല്ലാതായാൽ ഈ ലോകത്തിന് എന്തു സംഭവിക്കാനാണ് !!! ഭാര്യ, ഭർത്താവ് മരിച്ചാൽ മറ്റേ ഇണ ജോലി ചൈയ്യുകയോ, ഭക്ഷണം കഴിക്കുകയോ, യാത്ര ചൈയ്യുകയോ, മക്കൾ വളരുകയോ, പഠിക്കുകയോ, ജോലി സംബാദിക്കുകയോ, വിവാഹം കഴിക്കുകയോ ചയ്യില്ലേ !!! നാട്ടിൽ ഓരോരോ കാര്യങ്ങൾ നടക്കുകയും ,ലോകം അതിൻ്റെ രീതിക്ക് പോകുകയോ ചൈയ്യില്ലേ !! അത്രേയുള്ളൂ കാര്യം!!! നമ്മൾ ഈ പറയുന്ന തിരക്കുകൾക്ക് ഒക്കെ അത്രേയുള്ളൂ പ്രസക്തി!!! ജീവിതം എന്നും മറ്റുള്ളവർക്ക് വേണ്ടി മാത്രമുള്ളതാകരുത്….. ഭർത്താവിന് വേണ്ടി, ഭാര്യയ്ക്ക് വേണ്ടി, മക്കൾക്ക് വേണ്ടി അല്ലെങ്കിൽ സഹോദരങ്ങൾക്ക് വേണ്ടി ,മറ്റുള്ളവർക്ക് വേണ്ടി മാറ്റിവെയ്ക്കുന്നതിൻ്റെ പകുതി സമയമെങ്കിലും നമുക്കായി നാം മാറ്റിവെയ്ക്കണം ….. നമുക്കു വേണ്ടി കൂടിയാകണം ഈ ജീവിതം::. നാളെ മരിച്ചു പോകുമ്പോൾ ഈ ലോകത്തെ അനുവദിക്കപ്പെട്ട പല കാഴ്ചകളും കാണാതെ, ആസ്വദിക്കാതെ ജീവിച്ചതിന് നമുക്ക് മറ്റാരെയാണ് കുറ്റപ്പെടുത്താൻ കഴിയുക !!! ജീവിക്കുക എന്നത് ജീവനുള്ളപ്പോൾ മാത്രം സാധ്യമാകുക എന്നുള്ള ഒന്നാണെന്നു വീണ്ടും ഓർമ്മപ്പെടുത്തിക്കൊണ്ട് ഈ എഴുത്ത് നിറുത്തട്ടേ