ടി.എൻ.ശേഷൻ, താങ്കളുടെ കുറവ് ഞങ്ങൾ മനസിലാക്കുന്നു 

726

Rejeesh Palavila എഴുതുന്നു

ടി.എൻ.ശേഷൻ, താങ്കളുടെ കുറവ് ഞങ്ങൾ മനസിലാക്കുന്നു

Rejeesh Palavila
Rejeesh Palavila

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.രാജ്യമെങ്ങും അരങ്ങു തകർക്കുന്ന തിരഞ്ഞെടുപ്പ് റാലികളിലും സമ്മേളനങ്ങളിലും ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി തരംതാണ വർഗ്ഗീയ പ്രസംഗങ്ങളും വിദ്വേഷപരാമർശങ്ങളും പ്രധാനമന്ത്രിയുൾപ്പടെ നിരവധി രാഷ്ട്രീയ നേതാക്കൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്.തലയില്ലാത്ത കോഴിയെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുതളരുന്ന കരുത്തില്ലാത്ത ഒരു തിരഞ്ഞെടുപ്പ് കമ്മീഷനാണ് രാജ്യത്തെ സുപ്രധാനമായ ഈ ജനാധിപത്യ പ്രക്രിയയെ നിയന്ത്രിക്കുന്നത് എന്നത് ദു:ഖകരമാണ്.ബഹുമാനപ്പെട്ട സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിഷ്ക്രിയത്വത്തെ ചോദ്യം ചെയ്തതും വിമർശിച്ചതും.പെരുമാറ്റചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ എന്ത് നടപടിയെടുക്കണം എന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചത്.കമ്മീഷന്റെ ഉദ്യോഗസ്ഥരോട് ഹാജരാകുവാൻ കോടതി ഉത്തരവിട്ടിരിക്കുകയാണ്.

നരേന്ദ്ര മോദിയുടെ വിവിധ വികസന പ്രഖ്യാപനങ്ങനും ഉദ്‌ഘാടന മഹാമങ്ങളും നടത്തുന്നവരെ തിരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കാതെ നീട്ടിക്കൊണ്ടുപോയ നടപടി മുതൽ ഓരോ ഘട്ടത്തിലും ഈ തിരഞ്ഞെടുപ്പ് കമ്മീഷൻ സംശയമുളവാക്കി.ഭാരതി പുസ്തകാലയം പ്രസിദ്ധീകരിച്ച എസ്.വിജയൻ എഴുതിയ Rafale: laundering of the nation (“Nattai Ulukkum Rafale; Bera Oozhal”) എന്ന തമിഴ് പുസ്തകത്തിന്റെ പ്രകാശനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മിന്നൽ പരിശോധകർ തടഞ്ഞതും പുസ്തകങ്ങൾ പിടിച്ചെടുത്തതും വിവാദമായിരുന്നു.സൈനിക നടപടികളും അതിർത്തിപ്രശ്നങ്ങളും ഉപഗ്രഹവേധ മിസൈൽ പരീക്ഷണങ്ങളുമുൾപ്പടെ പലതും രാഷ്ട്രീയമായി ഉപയോഗിച്ച ബിജെപിക്കെതിരെ നാളിതേവരെ മാതൃകാപരമായ ഒരു നടപടിയും തിരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ടിട്ടില്ല. അതിലെല്ലാമുപരി മതസ്പർദ്ധയും വിദ്വേഷവും പടർത്തുന്ന നിരവധി പരാമർശങ്ങൾ രാജ്യത്തുടനീളം രാഷ്ട്രീയ നേതൃത്വങ്ങൾ നിർബാധം തുടരുമ്പോഴും പകച്ചു നിൽക്കുകയാണ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ.നിക്ഷ്പക്ഷമായി ക്രിയാത്മകമായി തിരഞ്ഞെടുപ്പ് പ്രക്രിയയെ സാധ്യമാക്കേണ്ട ഉത്തരവാദിത്വം നിറവേറ്റേണ്ടുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ നിരാശപ്പെടുത്തുന്നത് നിർഭാഗ്യം തന്നെയാണ്!

തിരഞ്ഞെടുപ്പ് കമ്മീഷൻ എന്താണ് എന്ന് ഇന്ത്യയ്ക്ക് മനസ്സിലാക്കി തന്ന ടി.എൻ.ശേഷനെ ഈ അവസരത്തിൽ ഓർക്കാതെ വയ്യ.തിരഞ്ഞെടുപ്പിലെ പെരുമാറ്റചട്ടങ്ങൾ നിരുപാധികം നടപ്പിലാക്കാൻ അദ്ദേഹം കാണിച്ചുതന്ന മാതൃക രാജ്യം വിസ്മരിക്കില്ല.അദ്ദേഹത്തിന്റെ സ്തുത്യർഹമായ ക്രിയാത്മകതയ്ക്കും കർക്കശത്തിനുംമുന്നിൽ രാഷ്ട്രീയപാർട്ടികൾ മുട്ടുമടക്കി.അൽ-ശേഷൻ/അൽസേഷൻ എന്നൊക്കെ അദ്ദേഹത്തെ പലരും പരിഹസിച്ചു..പലരീതിയിൽ താറടിക്കാൻ ശ്രമിച്ചു.അതിനെയൊന്നും കൂസാക്കാതെ രാജ്യത്തിൻറെ നിർണ്ണായകമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ എത്രമാത്രം സുതാര്യവും സുശക്തവും ആക്കാൻ കഴിയുമെന്നാണ് അദ്ദേഹം ചിന്തിച്ചതും പ്രവർത്തിച്ചതും.ടി.എൻ.ശേഷന് മുൻപും പിൻപും നമ്മുടെ ഓർമ്മകളിൽ നിൽക്കുന്ന ഏതെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേരുണ്ടോ?അതാണ് ടി.എൻ.ശേഷൻ എന്ന ഐ.എ.എസ്സുകാരന്റെ മിടുക്ക്.ഇന്ന് രാജ്യം ആവശ്യപ്പെടുന്നതും അങ്ങനെ മിടുക്കുള്ള ആരെയെങ്കിലുമാണ്.ആനയ്ക്ക് അതിന്റെ വലിപ്പമറിയില്ല എന്ന് പറയുന്നതുപോലെ പല പല രാഷ്ട്രീയ ബാന്ധവങ്ങളാൽ നെറ്റിപ്പട്ടവും കെട്ടിനിൽക്കുന്ന ഒരു കേവല സർക്കാർ സംവിധാനം എന്ന നിലയിലേക്ക് തരംതാഴുകയാണ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ.

കമ്മീഷന്റെ അവസ്ഥ ഇങ്ങനെയൊക്കെ ആവുമ്പോൾ ജനാധിപത്യത്തിന്റെ ഭാവി മറ്റൊന്നാവുമോ എന്ന് വർണ്ണ്യത്തിൽ ആശങ്ക മാത്രം ബാക്കി. സുപ്രീംകോടതിയാണ് ആകെയുള്ള ഒരു പ്രതീക്ഷ
……എന്താവുമെന്ന് നോക്കാം!

Rejeesh Palavila
15/04/2019