Felix Joseph
Wednesday
(2022 | English ° | Neflix)
Wednesday Addams.
ഗോമസ് – മോർട്ടീഷ്യ ആദമ്സ് ദമ്പതികളുടെ സീമന്ത സന്താനം. തക്കുടു മുത്തിനെ പൊന്നാരിക്കൽ കൂടി പോയതാണോ, അപ്പനമ്മമാരുടെ ചോരേടെ ഗുണം കൊണ്ടാണോ, എന്ത് പണിക്കിറങ്ങിയാലും ചോര തൊട്ടേ നിർത്തൂ എന്നൊരു പ്രത്യേക സ്വഭാവം. പ്രത്യേകിച്ച്, അനിയൻ പഗ്സ്‌ളീയുടെ കാര്യത്തിൽ, ആരെ കൊന്നാലും അനിയനെ തൊട്ടവരെ വിട മാട്ടെൻ ☺️ രാജ്യത്തെ കൊള്ളാവുന്ന ഒരു മാതിരി സ്കൂളുകളിൽ ഒക്കെ കുഞ്ഞു വെഡ്നെസ്‌ഡേ പഠിച്ചു, കയ്യിലിരിപ്പ് കനപ്പെട്ടത് ആയതിനാൽ അവിടുന്നൊക്കെ പുറത്താക്കിയും കഴിഞ്ഞു. ഒടുക്കം ടിസി കൊടുത്തത്, അനിയനെ റാഗ് ചെയ്ത സീനിയർ ചെക്കന്മാരുടെ സ്വിമിംഗ് പൂളിൽ പിരാന മീനുകളെ അഴിച്ചു വിട്ടു കൊല്ലാൻ ശ്രമിച്ച ചെറിയൊരു കുസൃതിക്കാണ്. ശുക്രൻ ചോതിയുടെ മോളിൽ കേറിയ യോഗമുണ്ടാരുന്നത് കൊണ്ടു പാവം ചെക്കൻ ചത്തില്ല, പക്ഷെ ലവന്റെ കിടുങ്ങാമണി മീനങ്ങു കൊണ്ടു പോയി. 🤗
കൊട്ടയിലും കൊള്ളൂല, കൊടത്തിലും കൊള്ളൂല എന്നായപ്പോ ഇനി മോൾ പഠിക്കേണ്ട സ്‌കൂളേതാണെന്ന് മോർട്ടീഷ്യക്ക് സംശയം ഉണ്ടായില്ല. അവർ ഇരുവരും പണ്ട് കണ്ടു മുട്ടി പ്രണയിച്ച പുരാതന നെവർമോർ അക്കാദമി – സുപ്പർ നാച്ചുറൽ പോലെ ഉള്ള കഴിവുകൾ (വെഡ്നെസ്‌ഡേയ്ക്കു സൈക്കിക് ദർശനങ്ങൾ ഉണ്ടാകാറുണ്ട് അവളുടെ ഹിസ്റ്ററിയോട് ബന്ധപ്പെട്ട എന്തിലെങ്കിലും തൊട്ടാൽ ), അല്ലെങ്കിൽ ജനട്ടിക്കൽ ഡിഫറൻസ് (warewolf, Bloody Squirrels etc ) ഉള്ള gifted കുട്ടികൾക്ക് വേണ്ടിയുള്ള സ്‌കൂളാണത്. ഇപ്പൊ അവിടുത്തെ പ്രിൻസിപ്പാൾ ആവട്ടെ, പണ്ടത്തെ ക്ലാസ് മേറ്റ് ലറിസ വീമ്സും. അമ്മയോട് കട്ട കലിപ്പിൽ നിൽക്കുന്ന വെഡ്നെസ്‌ഡേ “ഞാൻ ഇവിടുന്നും ചാടി പോകും മദ….റേ ” എന്ന് പറഞ്ഞു കയറി പോകുന്നത് കണ്ടു നെഞ്ചു തേങ്ങിയ അപ്പൻ, The Thing എന്ന ഒരു കൈപ്പത്തി പീസിനെ കൂടി അവളെ വാച്ച് ചെയ്യാൻ വിട്ടിട്ട് പോകുന്നു.
പോയി രണ്ട് ദിവസം കഴിയും മുൻപ് തിങ്ങിനെ ലവൾ പൊക്കി : കുടുംബത്തിലെ അംഗം ആണെന് പറഞ്ഞിട്ട് കാര്യമില്ല, വെളിവില്ലാ കൊച്ചാ – കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും. അവളുടെ ഭീഷണിക്ക് വഴങ്ങി തിങ് അവളുടെ കൂടേ കൂടാം എന്ന് സമ്മതിക്കുന്നു. പുറത്ത് ഞാത്തിയിട്ട കുട്ടി ബാഗിൽ തിങ് എന്ന കൈപ്പത്തികുട്ടനും, ആരെയും കൂസാത്ത പെരുമാറ്റവും, ഐസു പാറ തോറ്റു പോകുന്ന നിർവികാരത തിളങ്ങിയ സുന്ദരി മുഖവും ആയി വെഡ്നെസ്‌ഡേകൊച്ചു പുതിയ കളികൾ തുടങ്ങുന്നു. ലക്ഷ്യം – എങ്ങനെ സ്കൂൾ ചാടി പോകാം ☺️. ലവളുടെ സ്വഭാവം കുറച്ചു നാൾ കൊണ്ടു അറിഞ്ഞ പ്രിൻസി ഇവളെ മാത്രം watch ചെയ്തു എപ്പോഴും കൂടെയുണ്ട് താനും. എന്നാലിനി റൂമിൽ ഇരുന്ന് ഇപ്പൊ ചെയ്തു കൊണ്ടിരിക്കുന്ന കുറ്റന്വേഷണ നോവൽ ഒന്നെഴുതി തീർക്കാമെന്നു വെച്ചാൽ, അവിടെ ഒരു പൊന്നാര റൂം മേറ്റ് അങ്ങ് സ്നേഹിച് കൊല്ലാൻ നടക്കുന്നു – കളറിൽ കൈ വിഷം കിട്ടിയ എനിഡ് പെണ്ണ്. ഇങ്ങനെ പോണ ബോറിങ് ലൈഫിൽ, അവൾക്ക് വീണു കിട്ടുന്ന ഒരു സ്പാർക്കിൽ, ഈ സ്കൂൾ സ്ഥിതി ചെയുന്ന ജെറിഹോ എന്ന ടൗൺഷിപ്പിൽ ഉണ്ടായി കൊണ്ടിരിക്കുന്ന അസ്വഭാവിക മരണങ്ങളുടെ കാരണം ഒരു ഭീകര ജിവിയാണെന്ന് മനസിലാകുന്നു.
അതിനെ തേടി പിടിക്കാൻ ഉള്ള ശ്രമം അവളെ അവിടെ തന്നെ തുടരാൻ പ്രേരിപ്പിക്കുന്നു. ഗ്രാമത്തിലെ പോലീസ് ഇൻചാർജ് /ഷെരീഫിന്റെ മകനുമായി പതുക്കെ കൂട്ടാകുന്ന വെഡ്നെസ്‌ഡേ, വളരെ പതുക്കെ നെവർമോർ അക്കാദമിയുടെയും സ്വന്തം അപനമ്മമാരുടെയും ചീഞ്ഞ് നാറിയ പാസ്റ്റിലേക്ക് ഊളിയിടുന്നു. കൊലപാതകി എന്ന അപ്പന്റെ ചീത്ത പേര് മാറ്റണം, നാട്ടുകാർ ആരും വിശ്വസിക്കാത്ത ഈ കൊലയാളി ക്രൂരമൃഗം എന്താണ്, ആരാണ് എന്ന് കണ്ടെത്തി തെളിയിക്കണം. അതവൾ സ്വയം ഒരു ദൗത്യമായി ഏറ്റെടുക്കുന്നു.
വരയ്ക്കുന്ന പടങ്ങളെ ജിവനുള്ളതാക്കി മാറ്റാൻ കഴിവുള്ള സേവ്യർ ഈ മൃഗത്തിന്റെ ചിത്രം വരച്ചു ഒളിച് വെക്കുന്നത് അവളിൽ സംശയം ഉണ്ടാക്കുന്നു. ദുരൂഹത നിറഞ്ഞൊരു ചരിത്രമുള്ള തെറാപ്പിസ്റ്? പ്രതികാരമോഹിയായ ഹോസ്റ്റൽ വാർഡൻ? തേനീച്ചകൾക്ക് നടുക്ക് ജീവിക്കുന്ന പാവം പയ്യൻ? എല്ലാ കൊലപാതകങ്ങളും അക്കാദമിയുമായി ബന്ധമില്ലായെന്നു സ്ഥാപിക്കാൻ പാട് പെടുന്ന വട്ട് പ്രിൻസി? അതോ, പണ്ടൊരു സഹപാഠിയേ ക്രൂരമായി കൊന്നു തള്ളിയ അപ്പനെ ഇന്നും വേട്ടയാടുന്ന സ്ഥലം പോലീസ് ഷെരീഫ്? ഇതിനിടക്ക് അവളുടെ ദർശനങ്ങൾ അവളെ കൂടുതൽ കൺഫ്യൂസ് ആക്കുന്നു. കുഞ്ഞു വെഡ്നെസ്‌ഡേ അവളുടെ ലക്ഷ്യം പൂർത്തിയാക്കുമോ?
ഓരോ എപ്പിസോടും ത്രില്ലിംഗ് ആയി മുന്നേറുമ്പോൾ, എത്ര എപിസോഡാണ് കണ്ടു തീർത്തത് എന്ന് പോലും മറന്ന് നമ്മൾ ലയിച്ചിരുന്നു പോകുന്ന ദൃശ്യാവിഷ്കരണം. അതി മനോഹരമായ കഥാപാത്ര സന്നിവേശം. ടിം ബട്ടൺ പോലെ ഒരു പുലിയുടെ സംവിധാന മികവ് 👍🏻. പഴയ AdAms സിനിമകൾ / കാർട്ടൂൺ കണ്ടിട്ടുണ്ടെകിൽ, ആ വീട്ടിലെ പ്രേത പെണ്ണിനെ അറിയുമല്ലോ, അതിലും ഒരു പടി മുകളിൽ നിൽക്കുന്ന പെർഫോമൻസ് ആണ് Jenna Ortega കാഴ്ച വെയ്ക്കുന്നത്. ശരിക്കും അത്ഭുതം തോന്നിപ്പിക്കുന്ന കയ്യടക്കം, പക്വത മുറ്റി നിൽക്കുന്ന ഡയലോഗ് മൂഡ് ഡെലിവറി. എഡിറ്റിംഗ് & കളർ ❤️. Bgm ആൻഡ് പാട്ടുകൾ ഇപ്പൊ റീൽസ് & tiktok hits👍🏻ആണ്. വെറുതെയല്ല,വെഡ്നെസ്‌ഡേ netflix ന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വാച് ചെയ്യപ്പെട്ട രണ്ടാം സീരീസ് ആയി മാറിയത്.
എന്തായാലും 1938 ഇൽ അമേരിക്കൻ കാർട്ടൂണിസ്റ്റ് ചാൾസ് ആഡംസ് സൃഷ്‌ടിച്ച ആഡംസ് ഫാമിലി എന്ന കാർട്ടൂൺ പരമ്പര, ഇന്ന് ഏതാണ്ട് 100 വർഷം ആകാറാകുമ്പോൾ ലോകം മുഴുവൻ തന്നെ ആരാധകരെ നേടിയെടുത്തത് വെഡ്നെസ്‌ഡേ എന്ന പേര് മൂലമായത് എത്ര മനോഹരം. കാരണം 1938-64 വരെ ഈ കുടുംബത്തിലെ ഒരാൾക്കും പേരില്ലായിരുന്നു. 64 ഇൽ ആദ്യ ടെലിവിഷൻ സീരീസ് ഇറങ്ങിയപ്പോൾ, അപ്പനമ്മ – മക്കൾക്ക് പേര് വീഴുന്നു. പിന്നെ ഇങ്ങോട്ട് നാളിതുവരെ, എത്ര എത്ര free adaptations, എത്ര വൈവിധ്യമാർന്ന മാറ്റങ്ങൾ. അതിലെ ഏറ്റവും ഹിറ്റായ രണ്ട് ചിത്രങ്ങൾ ആയിരുന്നു The Addams Family (1991), Addams Family Values (1993). അതിൽ രണ്ടിലും Wednesday Addams എന്ന വട്ടുകൊച്ചായി തകർത്താടിയ Christina Ricci എന്ന 9 വയസുകാരി, ഈ സീരീസിലും ഉണ്ട് : അതാണ് Mrs. Thornhill എന്ന ഹോസ്റ്റൽ വാർഡൻ 🤗. പക്ഷെ ജെന്നയുടെ പെർഫോമൻസ് മറ്റാരെയും കാൾ റിക്കിയെ കീഴടക്കി. ഇത് ഷൂട്ട് ചെയ്ത റൊമാനിയൻ സെറ്റിൽ ജെന്നയെ ഏറ്റവും സപ്പോർട് ചെയ്തു പ്രമോഷൻ കൊടുത്തിരുന്നത് റിക്കിയായിരുന്നു. അങ്ങനെ പഴയതും പുതിയതുമായ രണ്ട് വെഡ്നെസ്‌ഡേ പെണ്ണുങ്ങളും മനോഹരമായി perfom ചെയ്ത സീരീസ് ആബാലവൃദ്ധം ജനങ്ങളെയും ആകർഷിച്ചു ഹിറ്റ് ചാർട്ടിൽ ഇന്നും നില നിൽക്കുന്നു. എല്ലാവർക്കും റെക്കമെന്റ് ചെയ്യുന്നു.
പേഴ്സ്നലി, അവസാന രണ്ട് എപ്പിസോഡ് ഇത്രയും നീട്ടേണ്ടിയിരുന്നില്ല എന്ന് തോന്നി, അതൊന്നു ആറ്റി കുറുക്കി ഒരു എപ്പിസോഡ് ആയിരുന്നുവെങ്കിൽ 🤔.. ചിലപ്പോ എന്റെ തോന്നൽ മാത്രമാവാം. എന്തായാലും ബോറടിക്കില്ല എന്നുറപ്പ് തരുന്നു ☺️