നിങ്ങൾ ഭാരമില്ലായ്മ അനുഭവിക്കുന്നുണ്ടോ ? ശരീരഭാരം കൂട്ടാൻ ഡയറ്റിങ്ങും വ്യായാമവും

904

ശരീരഭാരം കൂട്ടാൻ ഡയറ്റിങ്ങ്

ഡയറ്റിങ്ങും വ്യായാമവുംചെയ്ത് ശരീര സൗന്ദര്യം കൂട്ടാൻ ശ്രമിക്കുന്നവർക്കിടയിൽ വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്ന ഒരു ചെറിയ ശതമാനം പേരെങ്കിലും ഇല്ലാതിരിക്കില്ല. ശരീരഭാരം കൂട്ടാനുള്ള വ്യായാമമുറകളന്വേഷിച്ച് ജിമ്മുകൾ കയറിയിറങ്ങുന്ന യുവാക്കളും ഇന്ന് ഇല്ലാതില്ല.

വണ്ണം കുറക്കാനാവുന്ന പോലെ കൂട്ടാനും ചില ഡയറ്റിങ്ങിനാവാറുണ്ട് എന്നതാണ് ഏറെ രസകരം. ഇത്തരത്തിൽ ചില ഡയറ്റിങ്ങുകളെ പരിചയപ്പെടാം.

വിശപ്പ് കൂട്ടാം

പല ഡയറ്റിങ്ങുകളും വിശപ്പില്ലായ്മ കാരണമാണ് പരാജയപ്പെടുന്നത്. വിശപ്പുണ്ടാക്കാൻ അരിഷ്ടങ്ങളും ടോണിക്കുകളും തേടി പോകുന്നതിനു പകരം ഈ വിദ്യകൾ പരീക്ഷിക്കാം. ഭക്ഷണത്തിനു മുമ്പ് അല്പനേരം നടക്കുക. ഇത് ശരീരത്തിന് ഉന്മേഷം തരും. വിശപ്പു കുറവാണെങ്കിൽ ലഘുഭക്ഷണങ്ങളായി ആറു തവണകളിലായി കഴിക്കാം. ഭക്ഷണത്തിനു മുൻപും ഭക്ഷണത്തോടൊപ്പവും വെള്ളം കുടിക്കരുത്. പെട്ടെന്നു് വയറു നിറഞ്ഞ പ്രതീതിയുണ്ടാകുന്നതിനാൽ തുടർന്നു കഴിക്കാനാവാതെ വരും. മിതമായി പഴങ്ങൾ കഴിക്കുന്നത് ഇവയുടെ ചെറുമധുരം വിശപ്പുണർത്താൻ കാരണമാകും.

ആവശ്യത്തിന് പോഷകങ്ങൾ ശരീരത്തിന് ആവശ്യമായ അന്നജം, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയടങ്ങുന്ന ആഹാരം കൃത്യമായി ഡയറ്റിങ്ങിൽ ഉൾപ്പെടുത്തണം. ഏത്തപ്പഴം പോലുള്ള ഊർജം കൂടിയ പഴങ്ങൾ പാൽ ചേർത്ത് ഷേക്ക് ആയോ ഏത്തപ്പഴം നെയ്യിൽ വഴറ്റിയോ കഴിക്കാം. പച്ചക്കറി സാലഡുകൾക്കൊപ്പം അല്ലം ഒലീവ് എണ്ണ ചേർക്കുന്നത് നല്ലതാണ്. ചോറിനൊപ്പം ചെമ്പല്ലി (സാൽമൺ), ബീൻസ്, പയറു വർഗങ്ങൾ, തൈര് തുടങ്ങിയവ സ്ഥിരമായി ഉൾപ്പെടുത്തണം. വെണ്ണ, കശുവണ്ടി, ബദാം, നിലക്കടല, മുട്ട എന്നിവ ഒഴിവാക്കാൻ പാടില്ല. മത്സ്യം, മാംസം എന്നിവ ആഴ്ചയിൽ മൂന്നു തവണ ശീലമാക്കേണ്ടതാണ്. മീൻ കറി വച്ച് കഴിക്കുന്നതാണ് ഉത്തമം. ഡ്രൈ ഫ്രൂട്ട് സിൽ നിന്നും ലഭിക്കുന്ന കൊഴുപ്പ് തികച്ചും ആരോഗ്യപ്രദമാണ്. ഓട്സ്, തവിടുള്ള അരി എന്നിവയും ഡയറ്റ് ചാർട്ടിൽ ഉൾപ്പെടുത്താം. അയേൺ അടങ്ങിയ ഈന്തപ്പഴം, മാതള നാരങ്ങ, തണ്ണി മത്തൻ, ചീര എന്നിവയും പഴച്ചാറുകളും നല്ലതാണ്. ഒരോ രണ്ടര മണിക്കൂർ ഇടവേളകളിലും ഭക്ഷണത്തിന് സമയം കണ്ടെത്തണം. ചെയ്യണ്ട വ്യായാമങ്ങൾ ഡയറ്റിങ്ങിനൊപ്പം വ്യായാമവും തുടരേണ്ടതാണ്.

ആഴ്ചയിൽ നാല് ദിവസമെങ്കിലും വ്യായാമത്തിനായി നീക്കിവയ്ക്കണം. നീന്തൽ, ജോഗിങ് , സ്കിപ്പിങ് തുടങ്ങിയ കാർഡിയോ വ്യായാമങ്ങൾ വിശപ്പുണ്ടാക്കാൻ സഹായകമാകും. പുഷ് അപ്പുകൾ പോലുള്ള റെസിസ്റ്റൻസ് ട്രെയിനിംഗ് വ്യായാമങ്ങൾ പേശീഭാരം കൂട്ടുന്നതാണ്. ഭക്ഷണത്തിനൊപ്പം വ്യായാമവും ശീലിച്ചാൽ ചെറിയ കാലയളവിനുള്ളിൽ തന്നെ പ്രകടമായ മാറ്റം കണ്ടുതുടങ്ങും.