വെസ്റ്റ് നൈല്‍ : ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

654


Arogya Jagratha എന്ന പേജിൽ ഷെയർ ചെയ്ത പോസ്റ്റ്

വെസ്റ്റ് നൈല്‍ ബാധിച്ച് മലപ്പുറം സ്വദേശിയായ 6 വയസുകാരന്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് ഇനിയൊരാള്‍ക്കും രോഗം ബാധിക്കാതിരിക്കാനുള്ള അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് എടുത്തിരിക്കുന്നത്. വെസ്റ്റ് നൈല്‍ വൈറസ് ഇല്ലെന്ന് ഉറപ്പു വരുത്താന്‍ മലപ്പുറത്ത് പ്രത്യേക വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഈ സംഘത്തിന്റെ നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ആരും തന്നെ സമാന രോഗ ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തിയിട്ടില്ല. എങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഒരുപോലെ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 7 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന പനി, പരസ്പര ബന്ധമില്ലാതെയുള്ള പെരുമാറ്റം, കഠിനമായ തലവേദന, ഓര്‍ക്കാനം, ഛര്‍ദില്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അവരെ കര്‍ശനമായി നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ അവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയയ്ക്കാനും സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോട്ടയം വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്റര്‍, സ്റ്റേറ്റ് സര്‍വയന്‍സ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം മരിച്ച കുട്ടിയുടെ വീടും പരിസരവും സന്ദര്‍ശിച്ച് പഠനം നടത്തി വരുന്നു. പക്ഷികളുടേയും കൊതുകുകളുടേയും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ച് പരിസരത്ത് വെസ്റ്റ് നൈല്‍ വൈറസില്ലെന്ന് ഉറപ്പു വരുത്തും. കൂടാതെ പകര്‍ച്ച വ്യാധികള്‍ തടയാനായി പ്രത്യേക സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്.

കൊതുക് വഴിയാണ് വെസ്റ്റ് നൈല്‍ പകരുന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണം, ഫോഗിംഗ്, സ്‌പ്രേയിംഗ് എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. വെസ്റ്റ് നൈല്‍ പരത്തുന്ന ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകള്‍ മലിന ജലത്തിലാണ് വളരുന്നതിനാല്‍ മലിനജലം കെട്ടി നില്‍ക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നനും പ്രാധാന്യം നല്‍കുന്നു. ഇതോടൊപ്പം ഓടകള്‍, സെപ്റ്റിക് ടാങ്ക്, ബെന്റ് പൈപ്പ് എന്നിവയുടെ ചോര്‍ച്ചകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതാണ്.

വെസ്റ്റ് നൈലിനേക്കാളും പേടിക്കേണ്ട ജപ്പാന്‍ ജ്വരത്തെ ചെറുക്കുന്നതിനും പ്രാധാന്യം നല്‍കുന്നു. കൊതുക് പരത്തുന്ന ഈ രോഗം തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ മരണ സംഖ്യ 30 ശതമാനത്തോളമാണ്. ജപ്പാന്‍ ജ്വരത്തെ പ്രതിരോധിക്കാന്‍ തിരുവനന്തപുരത്തം ആലപ്പുഴയിലും ഒന്നര വയസുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ മലപ്പുറത്തും കോഴിക്കോടും വാക്‌സിന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പക്ഷെ ഡല്‍ഹിയിലെ ജെ.ഇ. ഡിവിഷന്റെ അനുമതിയോടെ മാത്രമേ ഇത് നല്‍കാനാകൂ. അതിനാല്‍ അവരുടെ അനുമതി നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം 6 വയസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ തന്നെ വലിയ മുന്‍കരുതലുകളാണ് ആരോഗ്യ വകുപ്പ് എടുത്തിരുന്നത്. സംശയത്തെ തുടര്‍ന്ന് സാമ്പിളുകള്‍ മണിപ്പാല്‍ ലാബിലും ആലപ്പുഴ എന്‍.ഐ.വി. ലാബിലും അയച്ച് വെസ്റ്റ് നൈല്‍ ആണെന്ന് ഉറപ്പുവരുത്തി. കൂടാതെ ഇത് മറ്റാര്‍ക്കും പകരാതിരിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ മലപ്പുറത്ത് അയച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ്, ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ജില്ലാ വെറ്റിനറി യൂണിറ്റ് എന്നിവരുടെ സംഘം സ്ഥലം സന്ദര്‍ശിക്കുകയും രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുകയും ചെയ്തിരുന്നു.

Advertisements
Previous articleപേരില്ലാത്ത കൊലയാളി
Next articleവിശുദ്ധപാപങ്ങളുടെ ഇന്ത്യ (വായന ശ്രീജവാര്യർ)
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.