അവർ എന്തായിരുന്നു ടൈറ്റാനിക്കിൽ കണ്ട കാഴ്ച ?

എഴുതിയത് : Afthab Rahman
കടപ്പാട് : ചരിത്രാന്വേഷികൾ

ആദ്യഭാഗം > ടൈറ്റാനിക് കണ്ടെത്തിയ കഥ

ന്യൂഫൗണ്ട്ലാൻ്റിൽ നിന്നും 370 നൊട്ടിക്കൽ മൈൽ (690 km) തെക്കുകിഴക്കായി അറ്റ്ലാൻ്റിക് സമുദ്രത്തിൻ്റെ മുകൾ. കൃത്യമായി Latitude 41°43’32″N, Longitude -49°56’49” W. അവിടെവെച്ചാണ് 111 വർഷങ്ങൾക്കുമുമ്പ് ഒരു ഏപ്രിൽ മാസം 15 ൻ്റെ രാത്രിയിൽ ടൈറ്റാനിക് അനശ്വരമായത്. തുടർന്ന് ഏഴു പതിറ്റാണ്ടോളം നടന്ന അന്വേഷണങ്ങൾക്കൊടുവിൽ അതിനെ കണ്ടെത്തിയതാവട്ടെ മനുഷ്യചരിത്രത്തിലെ വലിയൊരു അധ്യായവും. ഭൂമിയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമുദ്രമാണ് മുങ്ങിത്തപ്പിയത്, അതിൻ്റെ ആഴങ്ങളിൽ ചെന്ന് കണ്ടെത്തിയത്. പിന്നാലെ ഓഷ്യനോഗ്രഫിയിൽ നടന്ന എണ്ണമറ്റ പഠനങ്ങൾക്കും പര്യവേക്ഷണങ്ങൾക്കും സാഹസിക യാത്രകൾക്കും വഴിയൊരുക്കിയത് ആ കണ്ടെത്തൽ നൽകിയ പ്രചോദനമായിരുനു.

ചിന്തിച്ചുനോക്കിയിട്ടുണ്ടോ മൂന്നേമുക്കാൽ കിലോമീറ്റർ താഴേക്ക് ഇറങ്ങിച്ചെന്നാൽ കാണുന്നതെന്താണെന്ന്? റോബർട്ട് ബാലാഡ് അവിടെ കണ്ടതെന്തായിരുന്നു? ആ ചുവടുപിടിച്ച് നൂറുകണക്കിന് പര്യവേക്ഷകരെത്തിയത് എന്തിനുവേണ്ടിയായിരുന്നു? ‘ടൈറ്റാനിക്കിന്’ കഥയെഴുതാൻ 33 തവണയാണ് ജെയിംസ് കാമറൂൺ അവിടേക്കിറങ്ങിയത്. റോബർട്ട് ബാലാഡ് മുതൽ ചെൽസി കെലോഗ് വരെ നീളുന്ന ഇരുന്നൂറ്റമ്പതോളം പേർ അവടെ ചെന്നു, ഇന്നതിൻ്റെ ചുവട്ടിൽ വെച്ച് അഞ്ചുപേരുടെ ജീവനും പൊലിഞ്ഞിരിക്കുന്നു. പക്ഷേ ഇതവസാനമല്ല, ഇനിയും പര്യവേക്ഷകരെത്തും. അനേകം സാഹസിക യാത്രകൾ നടക്കും. പക്ഷേ അവർക്കൊക്കെയും അവിടെ കാണാനുള്ളതെന്താണ്? പോയവരുടെ വിവരണങ്ങളിൽ നിന്നും എന്താണവിടെ ഉള്ളതെന്ന് അറിയാനാവുമായിരിക്കും, പക്ഷേ അതനുഭവിച്ചറിയണമെങ്കിൽ പോവുക തന്നെ വേണം..

12,500 അടി താഴ്ചയിൽ 3800 മീറ്റർ ആഴത്തിലാണ് ടൈറ്റാനിക് കിടക്കുന്നത്. സബ്മെഴ്സിബിളുകളിൽ മാത്രമേ അത്രയും താഴ്ചയിൽ പോകാൻ കഴിയൂ. ഇവിടെ നമ്മൾക്ക് അനുഭവപ്പെടുന്നതിൻ്റെ 400 ഇരട്ടി ശക്തിയിലെങ്കിലുമുള്ള മർദ്ദമാണ് അവിടുണ്ടാവുക, അതിനെ അതിജീവിക്കാൻ ടൈറ്റാനിയം പോലുള്ള തീവ്രതയേറിയ ലോഹങ്ങളാൽ നിർമ്മിക്കുന്ന ഡീപ് സബ്മെഴ്സിബിളുകൾക്കേ സാധിക്കൂ. മദർ ഷിപ്പിൽ നിന്നും ലോഞ്ചുചെയ്യുന്ന സബ്മെഴ്സിബിൾ പര്യവേക്ഷകരെയും വഹിച്ചുകൊണ്ട് ആഴക്കടലിലേക്ക് ഡൈവ് ചെയ്യും. നാലോ അഞ്ചോ പേർക്ക് മാത്രം ഇരിക്കാവുന്ന ചെറിയ ക്യാപ്സൂളിൽ മൂന്ന് മണിക്കൂറോളമാണ് യാത്ര ചെയ്യേണ്ടത്. ഓരോ അടി താഴുമ്പോഴും കടലിൻ്റെ മർദ്ദം കൂടുന്നു, ഒപ്പം ഇരുട്ടും.. കൈയ്യൊന്ന് നീട്ടിയാൽ പോലും കാണാൻ പറ്റാത്തത്ര കൂരിരുട്ട്. സബ്മെഴ്സിബിളിൻ്റെ ശക്തിലേറിയ ലൈറ്റുകൾക്ക് പോലും അവിടെ ഏതാനും മീറ്ററുകളേ മുന്നോട്ട് കാണാനാവൂ, അത്ര ശക്തം…

ഗ്രാൻഡ് സ്റ്റെയർകേസ്, അന്നും ഇന്നും.
ഗ്രാൻഡ് സ്റ്റെയർകേസ്, അന്നും ഇന്നും.

കാര്യം മൂന്നേമുക്കാൽ കിലോമീറ്ററിൻ്റെ താഴ്ചയാണെങ്കിലും സാവധാനമാണ് ഡിസൻ്റ് ചെയ്യുക. ഒരു തരത്തിലും കടലിൻ്റെ പ്രഷറിനോട് ഘർഷണമുണ്ടാക്കാൻ പാടില്ല, കുപ്പി ചുളുക്കുന്ന പോലെ ചുളുക്കിക്കളയും. അതിനാൽ മെല്ലെ, ഒരെണ്ണപ്പാത്രത്തിൽ നിന്നും നൂൽ വലിച്ചെടുക്കുന്ന പോലെ വേണം ഡിസൻ്റ് ചെയ്യാൻ. താഴേക്കിറങ്ങുന്തോറും തണുപ്പ് കൂടിവരും. ശരിക്കും ഭൂമിയിലെ ഏറ്റവും ഭയാനകമായ അനുഭവങ്ങളിലൊന്നാണ് ആ ഇറക്കം. ഒരോ അടി താഴ്ചയിലും അപകടം പതിയിരിക്കുന്നുണ്ടാവാം. അതിനെ താണ്ടി, ഒടുവിൽ 12,500 അടിയോളം താഴ്ചയിലെത്താനായാൽ സൂക്ഷ്മമായൊരു ഘടന തെളിഞ്ഞുവരുന്നത് കാണാം. സാവധാനം അടുത്തേക്ക് ചെല്ലണം.

മനുഷ്യൻ നേടിയ സാങ്കേതികവിദ്യയാൽ തീർത്തെടുത്ത എഞ്ചിനീയറിങ് വിസ്മയമാണത്, പ്രകൃതിയുടെ പ്രതിഭാസങ്ങളെ പോലും വെല്ലുവിളിക്കാൻ അവനു ധൈര്യം നൽകിയ, അവനുള്ള കാലത്തോളം ദുസ്വപ്നം പോലവനെ വേട്ടയാടുന്ന പേര്, അതാ കൺമുന്നിൽ…
കണ്ണുകളുയർത്തി, തെല്ലൊരു അവിശ്വസനീയതയോടെ, ശ്വാസമടക്കിപ്പിടിച്ച് നോക്കിനിൽക്കും,
ടൈറ്റാനിക്….!!

തുർകിഷ് ബാത്ത്, അന്നും ഇന്നും.
തുർകിഷ് ബാത്ത്, അന്നും ഇന്നും.

അവർണ്ണനീയമായ കാഴ്ച.. അറ്റ്ലാൻ്റിക്കിൻ്റെ മടിത്തട്ടിലെ പ്രശാന്തതയിൽ ഒരു നിദ്രയിലെന്നോണം കിടക്കുകയാണത്. ആ പാവനഭൂമിയിൽ ആണ്ടിറങ്ങിയൊരു തളിക പോലെ..!!
മറ്റേതോ ലോകത്തെത്തിയ ഒരു പ്രതീതിയായിരിക്കും അപ്പോൾ. ഇലുമിനേറ്റിങ് ലൈറ്റുകളുടെ പ്രഭാവത്താൽ ഭീമാകാരമായ bow മിന്നിത്തിളങ്ങുന്നു. കുറച്ചുനേരത്തേക്ക് മാത്രമേ അതാസ്വദിച്ച് നിൽക്കാൻ കഴിയൂ, ഉള്ളിലുള്ളതാണല്ലോ പ്രാധാനം. ആദ്യം കണ്ണിൽപ്പെടുന്നത് Forecastle Deck ൻ്റെ വേലികളാണ്, അതാണ് ടൈറ്റാനിക്കിൻ്റെ മുൻവശം. വേലി മുഴുവൻ തുരുമ്പെടുത്തിരിക്കുന്നു. അതിൻ്റെ തൊട്ടുപിന്നിലായിട്ടാണ് നങ്കൂരത്തിൻ്റെ സ്ഥാനം. ഡെക്കിനുമുകളിലൂടെ നങ്കൂരത്തിൻ്റെ ഭീമൻ ചങ്ങലകൾ ബന്ധിച്ചിരിക്കുന്നത് കാണാം. ചങ്ങലകൾക്കിടയിൽ വലിയൊരു ക്രെയിൻ, നങ്കൂരത്തിൻ്റെ ഭാരം കാരണം അത് ലിഫ്റ്റ് ചെയ്യാനായിരുന്നു ഇതുപയോഗിച്ചിരുന്നത്. ലിഫ്റ്റിൻ്റെ പിന്നിലുള്ള water-tight hatch ഒക്കെ മുങ്ങുന്ന നേരത്ത് മർദ്ദം കാരണം പൊട്ടിത്തെറിച്ചതാണ്. അതുപിന്നിട്ടാൽ ലഗേജുകൾ കയറ്റിവെക്കാനുള്ള ഇലക്ട്രിക് ക്രെയ്നുകൾ കാണാം. ക്രെയ്നുകളുടെ പിന്നിലാണ് കപ്പലിൻ്റെ നിലകൾ…

പ്രൊമനേഡ് ഡെക്ക്, അന്നും ഇന്നും.
പ്രൊമനേഡ് ഡെക്ക്, അന്നും ഇന്നും.

മനുഷ്യരെ വഹിച്ച സബ്മെഴ്സിബിളുകൾക്ക് അകത്തുകയറാനാവില്ല, പുറത്തുകൂടെ ചുറ്റിത്തിരിയാനേ കഴിയൂ. അതിനാൽ ചെറിയ റോബോട്ടിക് ക്യാമറകളാണ് ടൈറ്റാനിക്കിൻ്റെ അകത്തേക്ക് കയറുന്നത്. Mast തൂണുകൾ ഒടിഞ്ഞുവീണ് മുകൾ നിലയിലേക്ക് ചാഞ്ഞിരിക്കുന്നു. ഏറ്റവും മുകളിലത്തെ നിലയെ Boat Deck എന്നാണ് വിളിച്ചത്. അതിൻ്റെ മുൻവശത്ത് ‘Bridge’.. 882 അടി നീളവും 52000 ടൺ ഭാരവും 43 കിലോമീറ്റർ വേഗതയുമുള്ള ആ ഭീമാകാരൻ കപ്പലിനെ നിയന്ത്രിച്ചത് അവിടെ നിന്നാണ്…!! ക്യാപ്റ്റൻ എഡ്വേഡ് സ്മിത്ത് ടൈറ്റാനിക്കിനെ ചലിപ്പിച്ച സ്റ്റിയറിങ് വീലും എഞ്ചിൻ ഓഡർ ടെലഗ്രാഫുമൊക്കെ ഉണ്ടായിരുന്നത് ബ്രിഡ്ജിനകത്തായിരുന്നു. ഇന്നവിടെ വെങ്കലം കൊണ്ട് നിർമ്മിച്ചൊരു ടെലിമോട്ടർ മാത്രമേ കാണുന്നുള്ളൂ. ചുവരുകളെല്ലാം ക്ലാവുപിടിച്ചുകിടക്കുകയാണ്. നിലത്ത് മുഴുവൻ പൊടിപടലങ്ങൾ.. ബ്രിഡ്ജിനു പിന്നിലായിട്ടായിരുന്നു ടൈറ്റാനിക്കിൻ്റെ ചിഹ്നം തന്നെയായിരുന്ന നാല് ചിമ്മിനിക്കുഴലുകളുണ്ടായിരുന്നത്. കപ്പൽ പിളർന്ന ശേഷം മുൻഭാഗത്ത് രണ്ട് ചിമ്മിനികൾ നിന്നയിടത്തും ആഴത്തിലുള്ള ഗർത്തമുണ്ട്. കുഴലുകൾ മുങ്ങിയപ്പോൾ തന്നെ പൊട്ടിവീണിരുന്നു.

ബ്രിഡ്ജിലെ ശേഷിക്കുന്ന ടെലിമോട്ടർ.
ബ്രിഡ്ജിലെ ശേഷിക്കുന്ന ടെലിമോട്ടർ.

Boat Deck ൻ്റെ താഴത്തെ നിലയെ A-Deck എന്നും പ്രൊമനേഡ് ഡെക്ക് എന്നും വിളിക്കും. അതിസമ്പന്നരായിരുന്ന ഫസ്റ്റ് ക്ലാസ് പാസഞ്ചേഴ്സിൻ്റെ ഏരിയകളായിരുന്നു അത്. സെക്കൻ്റ് ക്ലാസ് യാത്രികർക്ക് കപ്പലിൻ്റെ നടുക്കും, തേർഡ് ക്ലാസ് യാത്രികർക്ക് താഴെ ഭാഗത്തുമായിരുന്നു താമസസൗകര്യം. ഇന്ന് പ്രൊമനേഡ് ഡെക്കിൻ്റെ വാതിലുകളൊക്കെ തകർന്നിട്ടുണ്ട്, അതുകൊണ്ടുതന്നെ ലോബിയിലേക്ക് കയറാൻ അധികം പ്രയാസമുണ്ടാവില്ല. ഡെക്കിൻ്റെ ഇടനാഴി മുഴുവൻ പായലും തുരുമ്പുമാണ്. അവിടവിടെയായി ചെറിയ ജീവസാന്നിധ്യവും കാണാം. തടികൊണ്ടുള്ള ചുവരുകൾ ബാക്ടീരിയ തിന്നുതീർത്തിരിക്കുന്നു. ടൈറ്റാനിക്കിൻ്റെ ഫസ്റ്റ് ക്ലാസ് ലോബി, വെഴ്‌സായ് കൊട്ടാരത്തിലെ ചില്ലുമേടകളുടെ മാതൃകയിലാണ് പണിതീർത്തിരുന്നത്. നിയോ-ക്ലാസിക്കൽ ശൈലിയിൽ ഓക്കുമരത്തിൻ്റെ തടികൊണ്ട് പാനലിങ് ചെയ്ത ഭിത്തികൾ, അതിൽ നിറയെ ചിത്രപ്പണികളുണ്ടായിരുന്നു. അത്രയും ആഡംബരപൂർണ്ണമായൊരു ലോബി അക്കാലത്ത് മറ്റൊരു കപ്പലിലും ഉണ്ടായിരുന്നില്ല.

ഗ്രാൻഡ് സ്റ്റെയർകേസ് - ഒരു ചിത്രീകരണം.
ഗ്രാൻഡ് സ്റ്റെയർകേസ് – ഒരു ചിത്രീകരണം.

ഇന്നവിടെ ഏതാനും ചില്ലുഭലകങ്ങളേ ശേഷിക്കുന്നുള്ളൂ, ഏറിയഭാഗവും ഇല്ലാതായി. ലോബിയുടെ മധ്യത്തിലാണ് ടൈറ്റാനിക്കിലെ ലക്ഷ്വറിയുടെ മുഖമുദ്രയായിരുന്ന ഗ്രാൻഡ് സ്റ്റെയർകേസ്. എത്രയോ പോസ്റ്റ് കാർഡുകളിലും ബ്രോഷറുകളിലുമായി പ്രചരിക്കപ്പെട്ട ആ iconic curved stairs… അതിൻ്റെ മുകളിലെ ചില്ലുകൊണ്ടുള്ള താഴികക്കുടത്തിൽ വലിയൊരു ക്രിസ്റ്റൽ ഷാൻഡെലിയർ തൂക്കിയിരുന്നു, താഴെ വിളക്കേന്തി നിൽക്കുന്ന കെരൂബിൻ്റെ വെങ്കലപ്രതിമയും. ആരും ശ്വാസമടക്കി നോക്കിപ്പോകും ആ സ്ഫടികഭംഗി…!! (ടൈറ്റാനിക് സിനിമയുടെ ടെയിൽ എൻഡിൽ റോസിനുവേണ്ടി ജാക് കാത്തുനിൽക്കുന്നത് അതിൻ്റെ പടവുകളിലാണ്) ആ വിഖ്യാതമായ ഗ്രാൻഡ് സ്റ്റെയർകേസ് ഇന്ന് പൂർണ്ണമായും നശിച്ചിട്ടുണ്ട്. അതുണ്ടായിരുന്ന ഇടത്ത് വലിയൊരു കുഴിയാണ് കാണുന്നത്. ബാക്ടീരിയ തിന്നതാണോ, അതോ വെള്ളം അടിച്ചുകയറിയ ശക്തിയിൽ തകർന്നുപോയതാണോ എന്നതൊന്നും നിശ്ചയമില്ല. പക്ഷേ അതുണ്ടാക്കിയ ഗർത്തത്തിലൂടെ റോബോട്ടിക് ക്യാമറകൾക്ക് ഉള്ളിലേക്ക് കയറാൻ കഴിയും.

ഗ്രാൻഡ് സ്റ്റെയർകേസ് നിന്നയിടം.
ഗ്രാൻഡ് സ്റ്റെയർകേസ് നിന്നയിടം.

താഴെ കാണുന്ന നില മുഴുവൻ ഫസ്റ്റ് ക്ലാസ് റൂമുകളാണ്. അവിടം മുഴുവൻ ഇരുമ്പ്ഭലകങ്ങൾ തുരുമ്പെടുത്ത് ഇളകി കുന്തമുന പോലെ കൂർത്ത് നിൽക്കുന്നു. തുടർന്നങ്ങോട്ടുള്ള സഞ്ചാരം റോബോട്ടിക് ക്യാമറകൾക്ക് പോലും നിലവിൽ അസാധ്യമാണ്. തകർന്നുവീണ ഭിത്തികളും ഇരുമ്പിൽ നിന്നും തുരുമ്പെടുത്ത റസ്റ്റിക്കിളുകളും കാരണമാണത്. റൂമുകളിലേക്കുള്ള പ്രയാണം അവിടെവെച്ച് അവസാനിപ്പിക്കണം.. തൊട്ടുതാഴത്തെ നിലയിൽ (d-deck) റിസപ്ഷൻ റൂമും ഫസ്റ്റ് ക്ലാസ് ഡൈനിങ് റൂമുമൊക്കെയാണ്. ചില ടേബിളുകളുടെയും കസേരകളുടെയുമൊക്കെ ശേഷിപ്പുകൾ ഇപ്പോഴും അവിടെയുണ്ട്.

ഗ്രാൻഡ് സ്റ്റെയർകേസ് - സിനിമയിൽ.
ഗ്രാൻഡ് സ്റ്റെയർകേസ് – സിനിമയിൽ.

കൗതുകമുള്ളൊരു കാര്യം അവിടുത്തെ അലമാരകളിൽ സൂക്ഷിച്ച പാത്രങ്ങളാണ്, പലതും അതേപടി തന്നെയുണ്ട്. സ്റ്റെയർകേസിൻ്റെ കുഴിയിലൂടെ middle deck എന്നറിയപ്പെടുന്ന f-deck വരെ (മുകളിൽ നിന്നും താഴോട്ടുള്ള ആറാം നില) ഇറങ്ങിച്ചെല്ലാം. അതിനു താഴോട്ട് പ്രതിബന്ധങ്ങൾ ഉള്ളതുകൊണ്ട് പോവാൻ കഴിയില്ല. വശങ്ങളിലൊക്കെ ഫസ്റ്റ് ക്ലാസിലും സെക്കൻ്റ് ക്ലാസിലും പെടുന്ന റൂമുകളാണ്, ചിലതിലൊക്കെ കയറാനും പറ്റും. ആ ഡെക്കിൽ നിൽക്കുമ്പോൾ കുറച്ചൊന്ന് റിസ്കെടുത്താൽ പാസേജുകൾ വഴി ആദ്യത്തെ എഞ്ചിൻ റൂമിൻ്റെ മുകളിലെത്താം, അവിടെവരെ ചെന്ന ക്യാമറകളുണ്ട്. പക്ഷേ പ്രതിബന്ധങ്ങൾ ഏറെ അഭിമുഖീകരിക്കേണ്ടിവരും.

നിലവിൽ സ്റ്റെയർകേസിലെ കുഴിയിലൂടെ റോബോട്ടിക് ക്യാമറകൾക്ക് ഇറങ്ങിപ്പോകാൻ കഴിയുന്ന ഏറ്റവും താഴത്തെ ഉൾഭാഗം Turkish bath വരെയാണ്. സ്വിമ്മിങ് റൂമിനും തേഡ് ക്ലാസ് ഡൈനിങ് റൂമിനും ഇടയിലാണത്. ഇളം ചൂടുള്ള വെള്ളം എപ്പോഴും ലഭ്യമായിരുന്ന, അറേബ്യൻ ശൈലിയിലെ ആ ആഡംബര കുളിപ്പുരകളും ഇൻ്റീരിയർ സ്വിമ്മിങ് പൂളും അന്ന് ലോകത്താകെ രണ്ടേരണ്ട് കപ്പലുകളിൽ മാത്രേ ഉണ്ടായിരുന്നുള്ളൂ, ടൈറ്റാനിക്കിലും മറ്റൊന്ന് ഒളിമ്പിക്കിലും. ഇന്ന് ആ ചുവരുകളത്രയും പായലിൽ മൂടിയെങ്കിലും കാര്യമായ തകരാറില്ല. തറ മുഴുവൻ പൊടിപടലങ്ങളാണ്.

ടൈറ്റാനിക്കിലെ പാത്രങ്ങൾ.
ടൈറ്റാനിക്കിലെ പാത്രങ്ങൾ.

റോബോട്ടിക് ക്യാമറകൾ സ്റ്റെയർകേസിൻ്റെ കുഴിയിൽ നിന്നും ഉയർന്നുപൊങ്ങിയാൽ ലോബിയിലേക്കും തുടർന്ന് പ്രൊമനേഡ് ഡെക്കിലേക്കും തിരിച്ചെത്തും. അതിൻ്റെ വരാന്തയിലൂടെ പുറത്തേക്കിറങ്ങാം. ടൈറ്റാനിക് രണ്ടായി പിളർന്നതുകൊണ്ട് Bow വിൻ്റെ പിൻവശം തുറന്നു കിടക്കുവാണ്. ആ ഭാഗത്തുള്ള മുറികളിലേക്കും galley യിലേക്കുമൊക്കെ പ്രയാസമില്ലാതെ access ലഭിക്കുന്നുണ്ട്. ചിലയിടത്ത് വസ്ത്രങ്ങളും ഷൂസുമൊക്കെ പുതഞ്ഞുകിടക്കുന്നത് കാണുമ്പോൾ നെഞ്ചൊന്ന് പിടയും.

മനുഷ്യരുടെ ശേഷിപ്പുകൾ.
മനുഷ്യരുടെ ശേഷിപ്പുകൾ.

അതൊക്കെ മനുഷ്യരായിരുന്നു…!! ശരീരം ദ്രവിച്ചുപോയതുകൊണ്ട് ഷൂസും തുണികളുമൊക്കെയേ ശേഷിക്കുന്നുള്ളൂ. ജാക്കറ്റും ട്രൗസറും ബൂട്ടുകളും കിടക്കുന്ന പൊസിഷൻ കാണുമ്പോൾ അതുധരിച്ചിരുന്ന മനുഷ്യൻ്റെ ഏതുനിലയിലാണ് കിടന്നിരുന്നതെന്ന് സങ്കൽപ്പിക്കാം. പലയിടത്തായി ചിതറിയ വസ്തുക്കൾ ഇനിയും ഒരുപാടുണ്ട്. ക്യാമറ കയറിച്ചെന്നിട്ടില്ലാത്ത അറകളിൽ അതിലേറെ ഉണ്ടാവും. ഗാലെയിൽ നിന്നും വേണമെങ്കിൽ Scotland Road എന്ന് വിളിച്ചിരുന്നൊരു ഇടനാഴിയിലൂടെ കപ്പലിൻ്റെ മുൻവശം വരെ എത്താം.

പ്രൊപ്പെല്ലർ.
പ്രൊപ്പെല്ലർ.

നെടുനീളനൊരു കൊറിഡോർ ആണത്, ഏറ്റവും മുൻപിൽ നിന്നും പിറകിലേക്ക് വരെ നീണ്ടുകിടന്ന straight passage. ടൈറ്റാനിക് പിളർന്നതോടെ ഒരുവശം പിൻഭാഗത്തിൻ്റെ കൂടെപ്പോയി.Bow വിൻ്റെ മുൻവശത്തിലാണ് കാർഗോ സൂക്ഷിച്ച അറകൾ. തകർന്ന ഭിത്തികൾ പ്രതിബന്ധമുണ്ടാക്കുന്നതുകൊണ്ട് അവിടേക്ക് പോവാൻ കഴിയില്ല. ഒരുപക്ഷേ ധാരാളം വിലപിടിപ്പുള്ളതും അമൂല്യവുമായ വസ്തുക്കൾ അവിടുണ്ടായിരുന്നിരിക്കാം. അതിനുള്ളിൽ വിശേഷപ്പെട്ട ഒരു കാർ വരെ ഉണ്ടെന്നാണ് രേഖകളിൽ കാണുന്നത്. അമേരിക്കൻ മില്യണെയറായിരുന്ന വില്യം കാർട്ടറുടെ Renault Type CB – Coupe de Ville എന്നൊരു ഫ്രഞ്ച് ആഡംബര വാഹനം. ലോകത്താകമാനം വളരെ കുറച്ചേ നിർമ്മിക്കപ്പെട്ടിട്ടുള്ളൂ (സിനിമയിൽ ജയിംസ് കാമറൂൺ അതിനുള്ളിൽ ഒരു പ്രണയരംഗം ചിത്രീകരിച്ചിട്ടുണ്ട്). ചങ്ങലകളിൽ ബന്ധിച്ചിരുന്നതുകൊണ്ട് അതിന് വലിയ തകരാറൊന്നും സംഭവിച്ചിട്ടുണ്ടാവില്ലെന്നാണ് അനുമാനം. ടൈറ്റാനിക്കിലിറങ്ങിയ പലരും ആ കാറിനുവേണ്ടി അന്വേഷിച്ചിട്ടും ഇതുവരെ ആർക്കും കാർഗോ അറകളിലേക്ക് കയറാൻ കഴിയാത്തതുകൊണ്ട് കിട്ടിയിട്ടില്ല. എങ്ങാനും കണ്ടെത്തി പുറത്തുകൊണ്ടുവന്നാൽ അനേകം കോടികളുടെ മൂല്യമുണ്ടാവും ആ ഒരു കാറിനും അതിൻ്റെ ശേഷിപ്പുകൾക്കും.

പിൻവശവും (stern) പ്രൊപ്പെല്ലറും, അന്നും ഇന്നും.
പിൻവശവും (stern) പ്രൊപ്പെല്ലറും, അന്നും ഇന്നും.

കപ്പലിൻ്റെ ഒടിഞ്ഞുപോയ പിൻഭാഗം (stern) മുക്കാൽ കിലോമീറ്റർ ദൂരെയാണ് കിടക്കുന്നത്. അതേറെക്കുറേ തകർന്നുപോയിട്ടുമുണ്ട്. അതിൻ്റെ അടുത്തേക്ക് സബ്മേഴ്സിബിളുകളിൽ നമുക്ക്ചെല്ലാമെങ്കിലും നാശോന്മുഖമായതുകൊണ്ട് ക്യാമറകൾക്ക് പോലും ഉള്ളിലേക്ക് കയറൽ ബുദ്ധിമുട്ടാണ്. Stern ന് ചുറ്റും നാശാവശിഷ്ടങ്ങളുടെ ഒരു കൂമ്പാരം തന്നെ കാണാം. അക്കൂട്ടത്തിൽ നിന്നും ചില ചെറിയ കഷ്ണളൊക്കെ ചങ്ങല കെട്ടി ഉയർത്തിക്കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ട്, അതൊക്കെ പല മ്യൂസിയങ്ങളിലായി പ്രദർശിപ്പിരിക്കുന്നു. ഇത്രയൊക്കെയാണ് എട്ടുമണിക്കൂറോളം നീളുന്ന ടൈറ്റാനിക് എക്സ്പ്ലൊറേഷനിലൂടെ കാണാനാവുന്നത്. അറിവല്ലാതെ അവിടെ നിന്നും ഒന്നും കൊണ്ടുവരരുത്. ആയിരത്തി ഇരുന്നൂറ് മനുഷ്യരുറങ്ങുന്ന ശ്മശാനമാണ്, ആ ആദരവ് എന്നും അതിനോട് കാണിക്കണം..

തുർക്കിഷ് ബാത്ത് - ഒരു reconstruction.
തുർക്കിഷ് ബാത്ത് – ഒരു reconstruction.

‘Captain Smith went down there with his ship and its passengers, so we need to let the ship and people Rest In Peace…’
ഇറക്കം പോലെ തന്നെ മൂന്ന് മണിക്കൂറോളം എടുക്കും സബ്മെഴ്സിബിളുകൾക്ക് പൊങ്ങിവരാനും. ത്രസ്റ്ററുകൾക്ക് പവർ നൽകിയാണ് ലിഫ്റ്റ് ചെയ്യുന്നത്. സാവധാനം പൊങ്ങി ജലോപരിതലത്തിലേക്ക് നീങ്ങും. 3800 മീറ്റർ പൊങ്ങി കടൽപരപ്പിന് മുകളിലെത്തിയാൽ അതിനെ മദർ ഷിപ്പുമായി ഡോക്ക് ചെയ്യുകയും സഞ്ചാരികളെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്യും. OceanGate ഉം RMS Titanic,Inc ഉമാണ് നിലവിൽ അവിടേക്ക് ഇങ്ങനെ പര്യവേക്ഷണം നടത്തുന്ന കമ്പനികൾ. ടൈറ്റാനിക്കിലേക്ക് പര്യവേക്ഷണം നടക്കുന്നതെങ്ങനെയെന്ന് കൂടുതലറിയാൻ ജയിംസ് കാമറൂൺ തന്നെ സംവിധാനം ചെയ്ത Ghosts of the Abyss എന്നൊരു ഡോക്കുമെൻ്ററിയുണ്ട്, യൂടൂബിൽ ലഭ്യമാണ്, അതൊന്ന് കാണുക. ലിങ്ക് ചുവടെ കൊടുക്കാം – https://youtu.be/ZfEsb0rZX-c

ആദ്യഭാഗം വായിക്കാം > ടൈറ്റാനിക് കണ്ടെത്തിയ കഥ

Leave a Reply
You May Also Like

ഐഎസ്ആർഒയുടെ കാർഗോ വിവാദം അറിഞ്ഞുകാണുമല്ലോ, എന്താണ് ഈ വിൻഡ് ടണൽ ?

കുറച്ചു ദിവസമായി കേൾക്കുന്ന കാര്യം ആണല്ലോ ഐഎസ്ആർഒയുടെ വിൻഡ് ടണൽ പദ്ധതിക്കായി മൂംബൈയിൽ നിന്നു എത്തിച്ച

ഇന്ത്യയിൽ രാജാവായ ഒരു ആഫ്രിക്കൻ അടിമയെകുറിച്ച് കേട്ടിട്ടുണ്ടോ ?

അഹ്മദ്‌നഗറിലെ സുൽത്താനേറ്റിന്റെ പേഷ്വ അല്ലെങ്കിൽ റീജന്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്ന മുൻ ഹബ്ഷി ചെംഗിസ്ഖാന്റെ കീഴിൽ നയതന്ത്ര പരിശീലനം,

പട്ടണം മുസിരിസ്സായ കഥ

ആർക്കിയോളജിക്ക് വഞ്ചിക്കാൻ കഴിയില്ല. എന്നാൽ, ആർക്കിയോളജിസ്റ്റുകളല്ലാതെ വേഷം കെട്ടുന്ന ആർക്കിയോളജി ഡയറക്റ്റർമാർക്ക് ഏത് കാപട്യവും സാദ്ധ്യമാണ്

മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ഹ്യുമൻ വാർ മെഷീൻ – ദി റോമൻ ലീജിയനറി

Roman legionary HUMAN WAR MACHINE എഴുതിയത് : Julius Manuel മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും…