സ്ത്രീ പീഡനം നടക്കുമ്പോള്‍ പ്രതികരിക്കുവാന്‍ ആളുണ്ടാവും; എന്നാല്‍ പീഡിപ്പിക്കപ്പെടുന്നത് പുരുഷന്‍ ആണെങ്കിലോ ?

1159

01

സ്ത്രീ പീഡനത്തോടും പുരുഷ പീഡനത്തോടും പൊതുജനം പ്രതികരിക്കുന്നത് വ്യത്യസ്തമായ രീതിയിലോ? സമൂഹത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പരിചരണം പുരുഷന്മാരേക്കാള്‍ പൊതുജനത്തില്‍ നിന്നും ലഭിക്കുന്നുവോ ? ഒരു ടീം പൊതുജനത്തിന്റെ ഈ മനോഭാവം ഒരു രഹസ്യ ക്യാമറ വെച്ച് കൊണ്ട് പരിശോധിക്കുകയാണ്. സ്ത്രീയും പുരുഷനുമാണ് ഇതിലെ കഥാപാത്രങ്ങള്‍. ആദ്യം നമ്മള്‍ കാണുക ലണ്ടന്‍ പാര്‍ക്കില്‍ വെച്ച് പുരുഷന്‍ സ്ത്രീയോട് ക്ഷുഭിതനായി പെരുമാറുന്നതും അവളെ ചീത്ത വിളിക്കുന്നതുമാണ്. സ്ത്രീയുടെ കാമുകന്‍ എന്ന് കാണുന്നവരെ തോന്നിപ്പിക്കുന്ന പുരുഷ കഥാപാത്രം ഒടുവില്‍ സ്ത്രീയെ മുഖം കൈകൊണ്ടു പിടിച്ചു ചീത്ത വിളിക്കുന്നതോടെ പൊതുജനം രംഗത്തെത്തുകയാണ്. അവര്‍ ഈ പുരുഷനെ മുന്നറിയിപ്പ് നല്‍കുകയാണ്. തങ്ങള്‍ പോലിസിനെ വിളിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

ഈ കഥ നേരെ തിരിഞ്ഞ് തീര്‍ത്തും വിപരീത രീതിയിലാണ് പിന്നെ നമ്മള്‍ കാണുക. ഇവിടെ കഥാപാത്രങ്ങളായി അതെ യുവതിയും യുവാവും. പക്ഷെ ഇവിടെ ക്ഷുഭിതയവുന്നത് സ്ത്രീയാണ്. പുരുഷന് നേരെ അവര്‍ കടുത്ത വാക്കുകള്‍ പ്രയോഗിക്കുകയാണ്. ഒടുവില്‍ പുരുഷനെ മുഖം കൈകൊണ്ടു പിടിച്ചു ചീത്ത വിളിക്കുകയും ചെയ്യുന്നു. രസകരവും അത് പോലെ ചിന്തിക്കേണ്ട കാര്യവും എന്തെന്നാല്‍ ഈ രംഗം കണ്ട പൊതുജനം ചിരിക്കുകയാണ്. അവര്‍ പുരുഷന്റെ രക്ഷക്കെത്തുകയോ പോലിസിനെ വിളിക്കുമെന്ന് പറയുകയോ ചെയ്യുന്നില്ല.

പൊതുജനത്തിന്റെ മനോഭാവമാണ് ഇവിടെ നമ്മള്‍ കാണുന്നത്. സ്ത്രീകളാണ് എപ്പോഴും പീഡിപ്പിക്കപ്പെടുന്നത് എന്നവര്‍ കരുതുന്നു. ഇതേ പൊതുജനത്തിന്റെ അംഗങ്ങള്‍ തന്നെയാണ് കോടതിയും പോലീസും എന്ന കാര്യം നമ്മള്‍ മറക്കാതിരിക്കുക. ഇതേ കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ആദ്യം പരസ്പര സഹകരണത്തോടെ ലൈംഗിക ബന്ധം നടന്നിട്ടും പിന്നീട് ബലാല്‍സംഗക്കേസില്‍ പുരുഷന്‍ കുടുങ്ങുന്നത്. സ്ത്രീകള്‍ എന്നും പീഡിപ്പിക്കപ്പെടുന്നവള്‍ ആണെന്ന ധാരണയാണ് പലര്‍ക്കും. സമൂഹത്തില്‍ ഏറ്റവുമധികം അക്രമം നടക്കുന്നത് സ്ത്രീകള്‍ക്ക് നേരെ തന്നെയാണ് എന്ന കാര്യം വിസ്മരിച്ചു കൊണ്ടല്ല ഈ ലേഖനം എഴുതുന്നത്. എന്നിരുന്നാലും ഒരൊറ്റ നിരപരാധിയും ശിക്ഷിക്കപ്പെടരുതല്ലോ എന്ന് കരുതിയാണ്.