തിയറ്ററുകളിൽ ശബ്ദവിപ്ലവം ആയ ഡോൾബി അറ്റ്മോസ് എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി

പ്രേക്ഷകനു ചുറ്റും സഞ്ചരിക്കുന്ന, അതിസൂക്ഷ്മമായ ചെറുചലനങ്ങളുടെ പോലും ശബ്ദം കൃത്യമായും വ്യക്തമായും കേൾക്കാനും, സ്ക്രീനിലെ ദൃശ്യങ്ങളിലേക്കു കൂടുതൽ അലിഞ്ഞു ചേരാനും അവസരം നൽകുന്ന ശബ്ദ സാങ്കേതികതയാണ് അറ്റ്മോസ് എന്നു ലളിതമായി പറയാം. ഡോൾബി ലാബാണ് ഈ പുതിയ സറൗണ്ട് സാങ്കേതികത ലോകത്തിനു പരിചയപ്പെടുത്തിയത്. നമുക്കു ചുറ്റുമുള്ള നമുക്ക് കേൾക്കാനാവുന്നതും, ഇല്ലാത്തതും , നാം അവഗണിക്കുന്നതുമായ ശബ്ദങ്ങളെ പുനസൃഷ്ടിക്കുകയാണു ഈ സാങ്കേതികതയിൽ ചെയ്യുന്നത്.

ദൃശ്യത്തിൽ ശബ്ദം എങ്ങനെ, ഏതു ദിശയിൽ നിന്നു വരണം എന്നു നിർണയിക്കാൻ ശബ്ദസംവിധായകനു സ്വാതന്ത്ര്യം ലഭിച്ചു എന്നതാണിതിന്റെ മേൻമ. മുൻപ് ഡോൾബി സറൗണ്ട് ശബ്ദവും , ഡിടിഎസുമൊക്കെ ചിത്രങ്ങളിൽ ഉപയോഗിച്ചിരുന്നപ്പോൾ ശബ്ദം ചില ചാനലുകളിലേക്കു മാത്രം ഒതുക്കി നിർത്തേണ്ടി വന്നിരുന്നെങ്കിൽ അറ്റ്മോസിൽ ഈ സ്വാതന്ത്ര്യക്കുറവില്ല. അതായത് ഓരോ ശബ്ദവും തിയറ്ററിലെ ഏതു സ്പീക്കറിൽ നിന്നു കേൾക്കണം എന്നായിരുന്നു മുൻ സാങ്കേതിക വിദ്യകളിൽ നിർണയിച്ചിരുന്നതെങ്കിൽ അറ്റ്മോസിൽ അത് എവിടെ നിന്നു കേൾക്കണം എന്നു തീരുമാനിക്കാൻ കഴിയുന്നു. ചെറുശബ്ദങ്ങൾ പോലും ഒരു പ്രത്യേക ദിശയിൽ നിന്നു കേൾക്കും വിധം സൃഷ്ടിക്കാനും , ശബ്ദത്തെ ചലിപ്പിക്കാനും പ്രേക്ഷകനു ചുറ്റും സഞ്ചരിപ്പിക്കാനും അറ്റ്മോസിൽ കഴിയും.

തിയറ്ററിലുള്ള പ്രേക്ഷകൻ യഥാർഥമെന്നു സംശയിച്ചു പോകുന്ന തരത്തിലാണു ശബ്ദത്തിന്റെ സഞ്ചാരം ഒരുക്കുക. ചിത്രശലഭത്തിന്റെ ചിറകടിയൊച്ച മുതൽ ഹെലിക്കോപ്റ്ററിന്റെ പ്രകമ്പനം സൃഷ്ടിക്കുന്ന ശബ്ദം വരെയും , അരുവികളുടെ കളകളാരവം മുതൽ തിരകളുടെ ഹുങ്കാരം വരെയും വ്യക്തത ചോരാതെ സമന്വയിപ്പിക്കാനുമാകും. അറ്റ്മോസിന്റെ ഏറ്റവും വലിയ പ്രത്യേകതക ളിലൊന്നാണ് തലയ്ക്കു മുകളിൽ സ്ഥാപിക്കുന്ന സ്പീക്കറുകൾ. ഡോൾബി സറൗണ്ട്, ഡിടിഎസ് സാങ്കേതിക വിദ്യകളിൽ വശങ്ങളിൽ സ്പീക്കറുകൾ സ്ഥാപിക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാൽ, അറ്റ്മോസിൽ തലയ്ക്കു മുകളിലും സ്പീക്കറുകളുണ്ടാകും. മഴ, കാറ്റ് തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളുടെ ശബ്ദം കൂടുതൽ റിയലിസ്റ്റിക്കായി പ്രേക്ഷകരിലെത്താൻ ഇതു സഹായിക്കും.

ചലച്ചിത്രങ്ങളിൽ ശബ്ദത്തിന്റെ സാധ്യതകൾ കൂടുതലായി ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെയാണു സിനിമ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കമായത്. ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്കുള്ള തിയറ്ററുകളുടെ ചുവടുമാറ്റം ഇതിനു കൂടുതൽ ഊർജം പകർന്നു.ഈ ദശാബ്ദത്തിന്റെ ശബ്ദവിപ്ലവം എന്നു വിശേഷിപ്പിക്കപ്പെടുന്ന സാങ്കേതികത ആണ് ഡോൾബി അറ്റ്മോസ് . സംസ്ഥാനത്തു പുതുതായി സ്ഥാപിക്കപ്പെട്ട തിയറ്റർ സമുച്ചയങ്ങളിലെല്ലാം ഒരു സ്ക്രീനെങ്കിലും ഡോൾബി അറ്റ്മോസ് നിലവാരത്തിലേക്കുയർത്താൻ ഉടമകൾ ശ്രദ്ധ വച്ചതിനാൽ മലയാളം ചിത്രങ്ങളുടെ അണിയറ പ്രവർത്തകരും ഈ സാങ്കേതിക വിദ്യയുടെ ആരാധകരായി മാറി.

സംസ്ഥാനത്തു നൂറിലേറെ തിയറ്ററുകളിൽ ഇന്നു ഡോൾബി അറ്റ്മോസ് സ്ക്രീനുകളുണ്ട്. കോവിഡിനു ശേഷം തിയറ്ററുകളിലെത്തിയ മലയാള ചിത്രങ്ങളിലേറെയും അറ്റ്മോസ് ശബ്ദമിശ്രണം നടത്തിയവയാണ്. ഓപ്പറേഷൻ ജാവ, ദ് പ്രീസ്റ്റ്, പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ പൂർത്തിയാകുന്ന ആറാട്ട്, മാലിക് തുടങ്ങി പുതിയ ചിത്രങ്ങളുടെയെല്ലാം ശബ്ദമിശ്രണം അറ്റ്മോസിലാണ്. ശബ്ദത്തിന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്താൻ മലയാള സിനിമാ ലോകവും ഒടുവിൽ തയാറായിത്തുട ങ്ങിയിരിക്കുന്നു.

രാജ്യത്താകെയുള്ള 17 ഡോൾബി അറ്റ്മോസ് മിക്സിങ് റൂമുകളിൽ 2 എണ്ണം കേരളത്തിൽ ആണ്.ഏരീസ് വിസ്മയാ മാക്സ്, കൊച്ചിയിലെ സപ്ത റെക്കോഡ്സ് എന്നീ സ്റ്റുഡിയോക ളിലാണു സംസ്ഥാനത്ത് ഈ സൗകര്യമുള്ളത്. അറ്റ്മോസ് മ്യൂസിക് മിക്സിങ് സൗകര്യവും , ഡോൾബി അറ്റ്‌മോസ് എച്ച്ടി സംവിധാനവും , എംടിആർഎക്സ് മിക്‌സിംഗ് സംവിധാനവും ഇവിടെയുണ്ട്. ഒടിടി റീലീസുകൾക്കായി സിനിമകളെ ഒരുക്കിയെടുക്കുന്നത് എച്ച്ടി സംവിധാനത്തിലാണ്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസ് ആയി പ്രേക്ഷകരിലെത്തിയ മോഹൻലാൽ ചിത്രം ‘ദൃശ്യ’ത്തിന്റേതുൾപ്പെടെയുള്ള ജോലികൾ സപ്തയിലാണു പൂർത്തിയാക്കിയത്.

ഏറ്റവും പുതിയ സാങ്കേതിക വിദ്യ, മികച്ച ടെക്നീഷൻമാർ, കുറഞ്ഞ ചെലവ് എന്നിവയാണു സംസ്ഥാനം മുന്നോട്ടു വയ്ക്കുന്ന സൗകര്യങ്ങൾ. ചിത്രീകരണം പൂർത്തിയായ സിനിമയുമായി ഇതര സംസ്ഥാനങ്ങളിലേക്കു പോകേണ്ട സ്ഥിതി മാറിയതോടെത്തന്നെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികളുടെ ചെലവിൽ വൻ കുറവുണ്ടായിട്ടുണ്ട്. 5.1, ഡിടിഎസ് ശബ്ദമിശ്രണത്തെ അപേക്ഷിച്ച് അൽപം ചെലവു കൂടുതലാണെങ്കിലും പ്രേക്ഷകനു സിനിമയ്ക്കുള്ളിലേക്ക് ഇഴുകിച്ചേരാനും , മികച്ച സിനിമാനുഭവം നൽകാനും അറ്റ്മോസ് ഉതകുമെന്നതിനാൽ ചെറിയ ബജറ്റ് ചിത്രങ്ങൾ പോലും ഈ സാങ്കേതികത ഉപയോഗിക്കാൻ തയാറാകുന്നു. മുൻപു ഡിടിഎസ്, 5.1 പോലെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു ശബ്ദമിശ്രണം നടത്താൻ മലയാളം സിനിമാ പ്രവർത്തകർ പ്രധാനമായും ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളെ ആണ് ആശ്രയിച്ചിരുന്നതെങ്കിൽ ഇന്നു തെന്നിന്ത്യൻ ഭാഷകളിലെ ഒട്ടേറെ സിനിമാപ്രവർത്തകർ ഉയർന്ന സാങ്കേതികവിദ്യ തേടി കേരളത്തിലേ ക്കെത്തുന്നു.

തമിഴ്, കന്നഡ ഭാഷകളിലെ ചിത്രങ്ങളുടെ പോസ്റ്റ് പ്രോഡക്‌ഷൻ ജോലികൾ നിലവിൽ കൊച്ചിയിൽ നടക്കുന്നുണ്ട്. മറാത്തി ഉൾപ്പെടെ ഉത്തരേന്ത്യൻ ഭാഷകളിലെ ചിത്രങ്ങളും ഉടനെത്തും. രാജ്യത്തു ചലച്ചിത്ര ശബ്ദമിശ്രണ, ശബ്ദ സംവിധാന മേഖലയിലുള്ള സാങ്കേതിക പ്രവർത്തകരിൽ 80% മലയാളികളാണെന്നും അവരുടെ കഴിവുകൾ സ്വന്തം സംസ്ഥാനത്തു തന്നെ ഉപയോഗിക്കപ്പെടാനും അവരെ തേടി മറ്റു ഭാഷാ സിനിമകൾ ഇവിടേക്കെത്താനും ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള സ്റ്റുഡിയോകൾ ഉപകരിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.

You May Also Like

പ്രണയോപഹാരം

അയ്യാള്‍ , അതെ അങ്ങനെ മാത്രമേ ഞാന്‍ അയ്യാളെ സംബോധന ചെയ്യുന്നുള്ളൂ. പേരറിയാഞ്ഞിട്ടല്ല. പക്ഷെ ഒരു പേര് , ഒരൊറ്റ പേര് അതയ്യാള്‍ക്ക് വേണ്ട . ലോകത്തിലെ സകല മനുഷ്യരുടേയും പേരുകളുണ്ട് അയ്യാള്‍ക്കെന്നു കൂട്ടിക്കൊള്ളൂ . ഇത് വായിക്കുന്നവര്‍ക്ക് ഒരു അവകാശം കൂടി ഞാന്‍ നല്‍കുന്നുണ്ട് . അവരവരുടെ സ്വന്തം പേര് , അതുമല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പേര് അതയ്യാള്‍ക്ക് നല്‍കാം .

ഇന്നാണ് കാവിലെ മത്സരം

ഇന്നാണ് ആറ്റിന്‍കര കാവില്‍ കൊടിയേറുന്നത്. ആറ്റിന്‍കര ദേശത്തെ കക്കുന്ന, വിളിച്ചാല്‍ വേലിപ്പുറത്തുള്ള മൂദേവിയാണ് കാവിലെ പ്രതിഷ്ട. ഇക്കണ്ട ജനങ്ങളുടെ മുഴുവന്‍ സംരക്ഷണവും, മൂദേവിയെ ഒറ്റക്ക് ഏല്‍പ്പിക്കുന്നത് മനുഷ്യത്വമല്ലല്ലോ. അത് കൊണ്ട് മൂദേവിക്കൊരു കൈ-താങ്ങായി ദേവസ്വം രൂപികരിച്ചു. മൂദേവി അരുളും ദേവസ്വം അനുസരിക്കും, അതാണ്‌ സങ്കല്‍പം.

വിടുതലൈ കണ്ണദാസ് ഫ്രം തൃങ്കോമാലി

വിടുതലൈ പുലികളുടെ ഏറ്റവും ശക്തമായ കടുനായിക് വിമാനത്താവള ആക്രമണത്തിന് ശേഷം ശ്രിലങ്കന്‍ സേന നടത്തിയ പ്രത്യാക്രമണങ്ങള്‍ ശക്തമായപ്പോള്‍ കുടുംബത്തിലെ ഒറ്റ മക്കള്‍ ഉള്ളവരെ ഒക്കെ വിദേശത്ത് അയച്ചു വരുമാനത്തില്‍ പകുതി പുലികള്‍ക്ക് എന്നാ ധാരണ അനുസരിച്ചാണ് മുരുകേശന്‍ മകന്‍ കണ്ണദാസനെ ഗള്‍ഫിലേയ്ക്കു അയക്കുന്നത്. പിറന്ന നാടിന്റെ മോചനത്തിനായി ജീവന്‍ ബലികൊടുത്ത മൂന്ന് സഹോദരന്‍മാരുടെ ബാലിദാനതിനുള്ള കൃതഞ്ഞത എന്നോണം ആയിരുന്നു ആ പ്രവാസം. അടിച്ചമര്‍ത്തപെട്ട ബാല്യ കൌമാരങ്ങളില്‍ മുഴങ്ങിയ വെടിയൊച്ചകളും കണ്ടുമടുത്ത ചോരപാടുകളും വിട്ടു സമാധാനത്തിന്റെ പുതിയൊരു ലോകമായിരുന്നു കണ്ണന്‍ എന്ന് വിളിപെരുള്ള കണ്ണദാസന് ഗള്‍ഫ്. പറയത്തക്ക വിദ്യാഭ്യാസമോ ലോകപരിച്ചയമോ ഇല്ലാതെ ഗ്രമാന്തരങ്ങളില്‍ ജനിച്ചു ജീവിച്ച തമിഴ് പയ്യന് ആദ്യമൊക്കെ ഞങ്ങളുടെ ലോകം തികച്ചും ഒരു അന്യ ഗ്രഹം തന്നെ ആയിരുന്നു. ഒരു പാട് ഭാഷ സംസാരിക്കുന്നവരുടെ ഇടയില്‍ കടിച്ചാല്‍ പൊട്ടാത്ത ശ്രിലങ്കന്‍ തമിഴുമായി കണ്ണന്‍ പുതിയ ജീവിതം തുടങ്ങുകയായി.

ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റായ LVM-3 വിക്ഷേപണത്തിന് റെഡി

ബൈജു രാജ് – ശാസ്ത്രലോകം ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റായ LVM-3 വിക്ഷേപണത്തിന് റെഡി ????…