ഗൾഫ് നാടുകളിൽ കാണാൻ കഴിയുന്ന അറബികൾ ഇന്നും കൈവിടാതെ കൂടെ പൊറുപ്പിക്കുന്ന ശീലങ്ങളിൽ ഒന്നായ മജ്‌ലിസുകൾ എന്നാൽ എന്താണ് ?

ഒരു സാധാരണ അറബി ജീവിതത്തിന്റെ ചര്യയാണ് മജ്ലിസുകൾ. പതിറ്റാണ്ടുകളായി തുടർന്ന് പോരുന്ന തനിയാവർത്തനങ്ങൾ. വൈകുന്നേരം വെടിപറയാനും, സമയം കൊല്ലാനുമൊരിടം എന്നതിലപ്പുറം കുടുംബ സംഗമത്തിന്റെയും, സൗഹൃദം പുതുക്കലിന്റെയും കൂടി വേദിയാണ് മജ്ലിസുകൾ. ഒത്തുകൂടാനും, ദൈനംദിന കാര്യങ്ങൾ ചർച്ച ചെയ്യാനും, അന്താരാഷ്ട്ര രാഷ്ട്രീയ വിശകലനങ്ങൾക്കും ഒരിടം.

    ലോകത്ത് എവിടെ ഫുട്‌ബോൾ മൽസരം നടന്നാലും പക്ഷം ചേർന്ന് ആർപ്പുവിളികൾ ഉയരുന്നിടം. അറബി ജീവിതത്തിൽ ഇങ്ങനെ വിവിധ കാര്യങ്ങളുടെ സംഗമവേദിയാണ് മജ്‌ലിസുകൾ. ഓരോ അറബി വീടിനൊപ്പവും ,കമനീയമായി അലങ്കരിച്ച ഒരു മജ്‌ലിസുണ്ടാവും.

വീട്ടുടമയുടെ പ്രതാപവും, സമ്പന്നതയും വിളിച്ചു പറയുന്നതാണ് ഈ മജ്‌ലിസുകൾ. വലിയ പട്ടണങ്ങളിൽനിന്ന് ജീവിതം ഫ്ളാറ്റു സമുച്ചയങ്ങളിലേക്ക് മാറ്റപ്പെട്ടപ്പോഴും ഓരോ അറബി വീട്ടിലും അനിവാര്യതയായി മജ്‌ലിസുകളുണ്ടാവും. അറബി പാരമ്പര്യമനുസരിച്ച് കുടുംബാംഗങ്ങൾ ഇവിടെ ഒത്ത് ചേരണം. മുതിർന്നവരുടെ നെറുകയിൽ ചുംബിക്കണം. യുവാക്കൾ ഖഹ്‌വ എന്ന അറബിക് പാനീയം പകർന്ന് അതിഥികൾക്കും, മജ്‌ലിസിലുള്ളവർക്കും നൽകണം.

അങ്ങനെ ഓരോ ദിവസത്തിന്റെയും സായാഹ്നങ്ങളിൽ ഈ മജ്‌ലിസുകളിൽ സൗഹൃദത്തിന്റെ സുഗന്ധം നിറഞ്ഞിരിക്കും.ഇവിടെ ദൃശ്യങ്ങളും, ശബ്ദവും, ഗന്ധവും ,സൗഹൃദം വളർത്തുന്നതാണ്. ചർച്ചകൾ വർത്തമാനകാലത്തിന്റെ പ്രതിധ്വനികളാണ്. കുടുംബങ്ങൾക്കിടയിലെ വഴക്കുകൾ, വിവാഹാലോചനകൾ, രാജ്യത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, പുതുതായുള്ള നിയമങ്ങൾ തുടങ്ങി എല്ലാം ഇവിടെ ചർച്ച ചെയ്യാം. ഈ മജ്‌ലിസുകൾ പാലിച്ചു പോരുന്ന ചില മര്യാദകളുണ്ട്.

✨സന്ധ്യകളിൽ കുടുംബാംഗങ്ങൾ ഒരു ചടങ്ങ് പോലെ ഇവിടെ എത്തിയിരിക്കണം.

✨എല്ലാവരും വന്ന് പിരിഞ്ഞ് പോവുന്നത് മിക്കവാറും രാത്രി ഭക്ഷണം കഴിച്ചായിരിക്കും. എന്തെങ്കിലും വിശേഷങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ അത് ആവി പറക്കുന്ന ആട്ടിറച്ചിയുടെ തളികകൾ തന്നെയാവും.

✨കുടുംബത്തിലെ അംഗങ്ങൾ ആശുപത്രികളിൽ നിന്നും രോഗമുക്തി നേടി വീട്ടിൽ തിരിച്ചെത്തുമ്പേൾ ദൈവത്തോടുള്ള നന്ദി സൂചകമായി ഇങ്ങനെ സദ്യ ഒരുക്കാറുണ്ട്. കൂടാതെ പുതുതായി വണ്ടി വാങ്ങുക, ജോലി ലഭിക്കുക എന്ന സന്ദർഭങ്ങളിലും ഈ മജ്‌ലിസുകളിൽ ആവി പറക്കുന്ന ആട്ടിറച്ചി നിറച്ച തളികകളെത്തും.

✨ ഭക്ഷണം കഴിക്കുന്നതിനു ചില മര്യാദകളൊക്കെയുണ്ട്.അതിഥികളുണ്ടെങ്കിൽ അവർക്കാണ് ആദ്യ പരിഗണന. കൂടെ മുതിർന്നവർക്കും.

✨കുട്ടികൾ അവസാന അവസരക്കാരാണ്. ഒരാൾ കഴിച്ച് കഴിയുമ്പോൾ മറ്റൊരാൾ അവിടെ വന്നിരിക്കും. അങ്ങനെ രണ്ട് റൗണ്ട് കഴിയുമ്പോൾ കുട്ടികളടക്കം കഴിച്ചു കഴിഞ്ഞിരിക്കും.

✨അറബികളുടെ ഉപചാരമര്യാദകൾ പ്രശസ്തമാണ്. മജ്‌ലിസിലേക്ക് സലാം ചൊല്ലി കയറി വരുന്നവർ വലത്ത് നിന്നും ഹസ്തദാനം നടത്തി കൂട്ടത്തിലെ അവസാന ത്തെ ആൾക്കും കൈ കൊടുക്കും.

✨എല്ലാവരും അതിഥിയെ എഴുന്നേറ്റ് നിന്ന് സ്വീകരിക്കണം എന്നാണ് ആതിഥ്യമര്യാദ. സൗകര്യപ്രദമായ ഇരിപ്പിടത്തിൽ അതിഥി ഇരിക്കും വരെ ആതിഥേയർ ഇരിക്കില്ല.

✨മുതിർന്ന കുട്ടികളോ, ജോലിക്കാരോ അറബി ഖഹ്‌വയുമായെത്തും. വലത് കൈയിൽ ചെറിയ കപ്പ് പിടിച്ച് ഇടത് കൈയിലെ ഫ്ളാസ്‌കിൽ നിന്നും ഖഹ്‌വ പകർന്ന് തുടങ്ങും.

✨കൈകൾ താഴോട്ടും, മേലോട്ടും ഉയർന്ന് ഒരു തരം താളത്തിലാണ് ഖഹ്‌വ ഒഴിച്ച് നൽകൽ. ഖഹ്‌വ നിറച്ച കൂജയുടെ നീണ്ട നാളം കപ്പിൽ ചെന്ന് തട്ടി ഒരു പ്രത്യേക ശബ്ദമുണ്ടാക്കി വീണ്ടും ഉയർന്ന് പോകും.

✨കപ്പിന്റെ കാൽ ഭാഗത്തെ ഖഹ്‌വ രണ്ട് മൂന്ന് തവണയായി മൊത്തി രുചിക്കും. അതിഥി മതിയാക്കി കപ്പിന്റെ മുകൾഭാഗം പൊത്തി പിടിച്ച് ഇരുവശത്തേക്കും കുലുക്കി മതിയെന്ന സൂചന നൽകും വരെ വിളമ്പുകാരൻ സമീപത്ത് തന്നെ കാത്തിരിക്കും.

✨ഖഹ്വക്ക് പിന്നാലെ കട്ടൻ ചായ വരും. ചായയുടെ യഥാർത്ഥ രുചി ഇവിടെ ലഭിക്കും. ചായപ്പൊടിവരുന്നത് ഇന്ത്യയിൽ നിന്നും , ശ്രീലങ്കയിൽ നിന്നും മറ്റുമാണ് .എങ്കിലും അവിടങ്ങളിൽ കിട്ടാത്ത മേത്തരം ചായപ്പൊടിയാണ് അറബികളുടെ അടുപ്പുകളിൽ തിളക്കുന്നത്.

✨മജ്‌ലിസുകളുടെ ഒരു ഭാഗത്ത് ചായ കൂട്ടുന്നതിനും, ഖഹ്‌വ പാകം ചെയ്യുന്നതിനും പ്രത്യേകം തയ്യാറാക്കിയ ഒരു ഇടം കാണും. അവിടെ സദാ ചൂട് നിലനിർത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കും.

✨ഹുക്ക അറേബ്യൻ സന്ധ്യകൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. ഹുക്കയുടെ ശബ്ദവും, ഉയരുന്ന പുകച്ചുരുളുകളും മജ്‌ലിസുകളുടെ താളത്തോട് ചേർന്ന് ഉയരുന്നതാണ്.

✨ഖഹ്‌വ യും, കാരക്കയും ഇഷ്ട വിഷയങ്ങളിലെ സംഭാഷണവുമായി അർദ്ധരാത്രിയോളം സജീവമായിരിക്കും മജ്‌ലിസിന്റെ അകത്തളങ്ങൾ.
ആധുനികത അറേബ്യയുടെ ഭൗതിക പ്രതലത്തിൽ പല മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും അറബികൾ ഇന്നും കൈവിടാതെ കൂടെ പൊറുപ്പിക്കുന്ന ശീലങ്ങളാണിതെല്ലാം. ഒരു സാധാരണ അറബി ജീവിതത്തിന്റെ പരിഛേദം കൂടിയാണീ മജ്‌ലിസുകൾ.

📌കടപ്പാട്: സൗദി ടൂറിസം വെബ്ബ്സൈറ്റ്
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

You May Also Like

ആരാണ് കതിവനൂർ വീരൻ ? കതിവനൂർ വീരന്റെ ചരിത്രം എന്താണ് ?

കണ്ണൂർ ജില്ലയിലെ മാങ്ങാട്ട് നിവാസി മന്ദപ്പൻ എന്ന തിയ്യർ സമുദായത്തിൽ പെട്ട ആളാണ് പിൽകാലത്ത് ദൈവ പരിവേഷം കിട്ടുകയും തെയ്യ മൂർത്തിയായി കെട്ടിയാടപ്പെടുകയും ചെയ്യപ്പെടുന്ന കതിവനൂർ വീരൻ.

ജാസ്മിന്‍ സമീറിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ യംഗ് ഓഥര്‍ അവാര്‍ഡ്

ജാസ്മിന്‍ സമീറിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ യംഗ് ഓഥര്‍ അവാര്‍ഡ് ഷാനവാസ്‌ കണ്ണഞ്ചേരി ദുബൈ. ഷാര്‍ജ…

ചുംബനത്തിന്റെ ജന്മ സ്ഥലം ഇന്ത്യ- “ചുംബനത്തിന്റെ ഇന്ത്യന്‍ ചരിത്രം” (ചുംബന സമര വിരുദ്ധര്‍ അറിയേണ്ടത് )

ഈ ചുംബനം എങ്ങനെ ഇന്ത്യയിലെത്തി ? ഇന്ത്യന്‍ ചുംബനത്തിന്റെ ചരിത്രം പരിശോധിക്കുകയാണ് ഇവിടെ

‘ഒളിമ്പ്യൻ ചക്രപാണി’ – റിവ്യൂ

ഏറെ ചർച്ച ചെയ്യപ്പെട്ട, വിവാദങ്ങളിൽ വലിച്ചിഴയ്ക്കപ്പെട്ട നാടകം ‘ഒളിമ്പ്യൻ ചക്രപാണി’ ഇന്നലെ കണ്ടു.