എന്താണ് മസിൽ ? പ്രോട്ടീൻ പൗഡർ കഴിച്ചാൽ മസിൽ കൂടുമോ? വേ പ്രോട്ടീൻ എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി

മസിൽ അഥവാ പേശി മനുഷ്യരുൾപ്പെടെയുള്ള മിക്കവാറും ജീവികളിൽ ചലനത്തിന് സഹായിക്കുന്ന ഒരു കലയാണ് (tissue) . നാഡികളിൽ നിന്നുള്ള വൈദ്യുതസന്ദേശം എത്തുമ്പോൾ ചുരുങ്ങാനുള്ള കഴിവാണ് മസിലുകളുടെ പ്രത്യേകത . മസിലുകളുടെ ഈ ചുരുങ്ങലിന്റെ ശക്തി എല്ലുകളിലേക്ക് പകർന്നുകൊടുക്കാൻ ഒരു കൂട്ടം വള്ളികളുണ്ട് . ടെണ്ടനുകൾ എന്നാണ് ഇവയുടെ പേര് . മസിലുകൾ ചുരുങ്ങുമ്പോൾ എല്ലുകളിലേക്ക് കൈമാറുന്ന ശക്തി ഉപയോഗിച്ച് സന്ധികളിൽ അനക്കം സാധ്യമാക്കുന്നു . ഇങ്ങനെയാണ് നാം നടക്കുന്നതും , ഓടുന്നതും , ഭാരം പൊന്തിക്കുന്നതും ഒക്കെ .

ചെറുതും വലുതുമായി നമ്മുടെ ശരീരത്തിൽ 600ലേറെ മസിലുകൾ ഉണ്ട് എന്നാണ് കണക്ക് . നാം ജനിക്കുമ്പോഴേ നമ്മുടെ മസിലുകളിൽ ഒരു നിശ്ചിത എണ്ണം കോശങ്ങളുണ്ട് . ഈ കോശങ്ങളുടെ എണ്ണം ഭാവിയിൽ കൂടുകയില്ല . ഇനി എങ്ങാനും എന്തെങ്കിലും പരിക്കുപറ്റിയോ രക്തയോട്ടം നിലച്ചോ നശിച്ചുപോയാൽ പുനരുജ്ജീവിക്കാനും ഈ കോശങ്ങൾക്കു കഴിവില്ല . ഈ കോശങ്ങൾക്ക് ആകെ സാധിക്കുന്നത് കൂടുതൽ പ്രോട്ടീൻ ആഗിരണം ചെയ്ത് കൂടുതൽ ശക്തിയിൽ സങ്കോചിക്കുന്ന കോശങ്ങളായി മാറാനാണ് . ഇത്തരത്തിൽ പ്രോട്ടീൻ ആഗിരണം ചെയ്യുമ്പോൾ ഓരോ കോശങ്ങളുടെയും വലിപ്പം വർദ്ധിക്കുന്നു.

ഹൈപ്പർട്രോഫി എന്നാണ് ഈ പരിപാടിയ്ക്ക് പറയുന്നത് . പുരുഷന്മാരിൽ ശരീരത്തിലെ ടെസ്റ്റോസ്റ്റീറോൺ എന്ന ഹോർമോണിന്റെ അളവ് വർധിക്കുമ്പോൾ പേശികളുടെ വണ്ണവും , ഭാരവും കൂടുന്നു. മേലെ പറഞ്ഞ പോലെ പേശികളിലുള്ള കോശങ്ങൾ കൂടുതൽ പ്രോട്ടീൻ ആഗിരണം ചെയ്തത് തടിക്കുന്ന താണ് ഇതിനു കാരണം‌ . കൗമാരപ്രായത്തിൽ തുടങ്ങി പുരുഷന്മാർക്ക് കൂടുതൽ ശാരീരിക ശക്തി ഉണ്ടാകാനുള്ള കാരണവും അവരുടെ പേശികൾ കൂടുതൽ കൃത്യമായി തെളിഞ്ഞു കാണാനുള്ള കാരണവും ടെസ്റ്റോസ്റ്റീറോൺ എന്ന ഹോർമോണിന്റെ സാന്നിധ്യം തന്നെ .

മസിലുകളുടെ വലിപ്പം കൂട്ടാൻ കഴിവുള്ള ചില പ്രത്യേക രാസവസ്തുക്കൾ ശരീരത്തിൽ തന്നെ നിർമ്മിക്കുന്നുണ്ട് അത്തരത്തിലൊന്നാണ് ടെസ്റ്റോസ്റ്റിറോൺ . അത്തരത്തിലുള്ള മറ്റ് രാസവസ്തുക്കൾക്ക് അനബോളിക് സ്റ്റിറോയിഡുകൾ എന്നാണു പറയുന്നത് . ഇവ പുറത്തുനിന്ന് ശരീരത്തിൽ കുത്തിവയ്ക്കു കയോ , മറ്റേതെങ്കിലും രീതിയിൽ എത്തിക്കു കയോ ചെയ്താൽ പേശികളുടെ വളർച്ച വർദ്ധിക്കുന്നു . പല പ്രശസ്തരായ ബോഡി ബിൽഡർമാരും ഇത്തരത്തിലുള്ള കുറുക്കു വഴികൾ ഉപയോഗിച്ചാണ് അവരുടെ സുന്ദര മായ ശരീരം രൂപപ്പെടുത്തിയിരിക്കുന്നത് .

എന്നാൽ ഇതുകൊണ്ട് ധാരാളം പാർശ്വ ഫലങ്ങളുണ്ട് . പുരുഷന്മാരിൽ വൃഷ്ണത്തി ലാണ് ടെസ്റ്റോസ്റ്റിറോൺ പ്രധാനമായും നിർമിക്കപ്പെടുന്നത് . തലച്ചോറിലെ പിറ്റ്യൂറ്ററി ഗ്രന്ഥിയിൽ നിന്ന് ലൂട്ടിനൈസിങ് ഹോർമോൺ എന്ന ഒരു രാസവസ്തു രക്തത്തിൽ കലർന്ന് വൃഷ്ണ ത്തിൽ എത്തുമ്പോഴാണ് ടെസ്റ്റോസ്റ്റി റോൺ ഉൽപ്പാദനം ആരംഭിക്കുന്നത് .

വൃഷ്ണത്തിൽ ആവശ്യത്തിനു ടെസ്റ്റോസ്റ്റി റോൺ ഉത്പാദിപ്പിച്ചാലേ കുട്ടികൾ ഉണ്ടാകാൻ സഹായിക്കുന്ന ബീജ കോശങ്ങളുടെ നിർമ്മാണം നടക്കൂ . പുറത്തുനിന്ന് കുത്തി വെച്ചും മറ്റും നൽകുന്ന ടെസ്റ്റോസ്റ്റി റോണ് വൃഷ്ണത്തിന്റെ അകത്ത് കടക്കാൻ സാധിക്കാത്തതുകൊണ്ട് അത്തരത്തിൽ ബീജകോശങ്ങളുടെ നിർമ്മാണം ത്വരിതപ്പെടുത്താനാകില്ല . കൂടുതൽ മസിലുണ്ടാകാൻ ടെസ്റ്റോസ്റ്റിറോൺ കുത്തിവയ്ക്കുകയാണെന്നിരിക്കട്ടെ . രക്തത്തിൽ ആവശ്യത്തിന് ടെസ്റ്റോസ്റ്റിറോൺ ഉള്ളതിനാൽ പിറ്റ്യൂറ്ററി ഗ്രന്ഥിയിൽ നിന്നുള്ള ലൂട്ടിനൈസിങ് ഹോർമോണിന്റെ നിർമ്മാണം നിലയ്ക്കും . ശരീരത്തിൽ അധികം ഹോർമോൺ നിർമ്മിക്കപ്പെട്ടു തകരാറു സംഭവിക്കാതിരിക്കാനുള്ള ശരീരത്തിന്റെ തന്നെ മുൻകരുതലാണ് ഇത് . നെഗറ്റീവ് ഫീഡ് ബാക്ക് എന്നാണ് ഈ പ്രതിഭാസത്തെ പറയുന്നത് . ഇങ്ങനെ സംഭവിക്കുമ്പോൾ വൃഷണങ്ങളിൽ നിന്നുള്ള ടെസ്റ്റോസ്റ്റിറോണിന്റെ നിർമ്മാണം കുറയുകയും അവയിൽ ബീജങ്ങൾ ഉത്പാദിപ്പിക്കാൻ സാധിക്കാതിരിക്കുകയും ചെയ്യും . ഇത്തരക്കാർക്ക് , അവർ എത്ര മസിൽ ഉള്ളവരായി മാറിയാലും , കുട്ടികൾ ഉണ്ടാകില്ല .

ടെസ്റ്റോസ്റ്റിറോൺ കുത്തിവയ്ക്കുന്നതു നിർത്തി ദീർഘകാലം കാത്തിരുന്നാൽ മാത്രമേ പിന്നീട് അവർക്ക് പ്രത്യുല്പാദന ശേഷി വീണ്ടെടുക്കാനാകൂ . സമാനമായ പാർശ്വ ഫലങ്ങൾ മറ്റ് അനബോളിക് സ്റ്റിറോയ്ഡ് മരുന്നുകൾക്കും ഉണ്ട് . സിൽവസ്റ്റർ സ്റ്റാലനെ പോലെയുള്ള അഭിനേതാക്കളുടെ ആദ്യകാല സിനിമകളിലെ രൂപവും പത്തോ ഇരുപതോ വർഷങ്ങൾക്കു ശേഷമുള്ള രൂപവും താരതമ്യ പ്പെടുത്തി നോക്കിയാൽ ഇത്തരത്തി ലുള്ള അനബോളിക് സ്റ്റിറോയിഡുകൾ ശരീരത്തി ലുണ്ടാകുന്ന മോശം മാറ്റങ്ങളെ ക്കുറിച്ച് ഒരു ധാരണ പ്രഥമദൃഷ്ട്യാ തന്നെ ലഭിക്കും . ചില രോഗങ്ങളുടെ ചികിത്സയിൽ ഈ മരുന്നുകൾ ഉപയോഗിക്കാമെങ്കിലും പേശികളുടെ വണ്ണം കൂട്ടാൻ ഈ മരുന്നുകളുടെ ഉപയോഗം ഒരിക്കലും ആശാസ്യമല്ല .
പ്രോട്ടീൻ പൗഡറുകൾ ഒരു മരുന്നല്ല . അവ ഡയറ്ററി സപ്ലിമെന്റുകൾ അഥവാ പൂരക ഭക്ഷണങ്ങൾ എന്ന വിഭാഗത്തിൽ പെടുത്താ വുന്ന ഭക്ഷ്യവസ്തുക്കളാണ് . വളർച്ചയുടെ ഘട്ടത്തിലും വ്യായാമം ചെയ്ത് മസിലുകൾക്ക് ആയാസം ഉണ്ടാകുന്ന സാഹചര്യങ്ങളിലും മസിലുകൾ സ്വയമേവ ബലംവയ്ക്കുകയും തടിക്കുകയും നല്ല ആകർഷകമായ രൂപം ആർജ്ജിക്കുകയും ചെയ്യും . ഇതു സ്വാഭാവികമായി സംഭവിക്കുന്നതാണ് .

ഇത്തരത്തിൽ മസിലുകൾക്ക് വളരാൻ ആവശ്യമുള്ള പ്രോട്ടീൻ നമ്മുടെ ഭക്ഷണത്തിൽ നിന്നുതന്നെ ലഭിക്കാമെങ്കിലും ചിലപ്പോഴൊക്കെ സാധാരണ കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലാതെ വരും . പ്രത്യേകിച്ചും മലയാളിയുടെ ഭക്ഷണ ശീലത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ കുറവാണ് . ആവശ്യത്തിന് പ്രോട്ടീൻ ഭക്ഷണത്തിലില്ലെങ്കിൽ എത്ര വ്യായാമം ചെയ്താലും മസിലുകളുടെ രൂപഭംഗിയോ , വലിപ്പമോ വർദ്ധിക്കാത്ത സാഹചര്യമുണ്ടാകും .ആരോഗ്യമുള്ള ഒരു സാധാരണ മനുഷ്യന് ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും 0.8 ഗ്രാം പ്രോട്ടീൻ ഓരോ ദിവസത്തെ ഭക്ഷണ ത്തിലും വേണം എന്നാണ് കണക്ക് . അതായത് 60 കിലോഗ്രാം ഭാരമുള്ള ഒരാൾ 48 മുതൽ 50 ഗ്രാം പ്രോട്ടീൻ വരെ ഒരു ദിവസം കഴിക്കേണ്ടത് ശരീരത്തിന്റെ സാധാരണ ഉപാപചയ പ്രവർത്തനങ്ങൾക്ക് ആവശ്യമാണ് . ഇത് 100 ഗ്രാം വരെ ആകുന്നത് നല്ലതാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതായത് ഭക്ഷണത്തിലെ ആകെയുള്ള കാലറികളിൽ 10 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിലുള്ള ഒരു ഭാഗം പ്രോട്ടീനിൽ നിന്നുമാണ് ലഭിക്കേണ്ടത് .

ഒരു ശരാശരി കോഴിമുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ ആണ് അടങ്ങിയിരിക്കുന്നത് എന്ന് ഓർക്കുക . ഏറ്റവും അധികം പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യ വസ്തുക്കളിൽ ഒന്നായ സോയാബീനിൽ ആകട്ടെ 100 ഗ്രാമിന് 40 ഗ്രാമോളം പ്രോട്ടീൻ ഉണ്ടായേക്കാം . അതുകൊണ്ടുതന്നെ മലയാളികളുടെ ഭക്ഷണത്തിൽ നിന്ന് ഓരോ ദിവസവും ആവശ്യത്തിനുള്ള പ്രോട്ടീൻ ലഭിക്കണമെങ്കിൽ അത് കൃത്യമായി പ്ലാൻ ചെയ്യുക തന്നെ വേണം .
സ്ഥിരമായി വ്യായാമം ചെയ്യുകയും , മസിലു കളുടെ വളർച്ച പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരാൾക്ക് ഈ പറഞ്ഞതിലും അധികം പ്രോട്ടീൻ ആവശ്യമുണ്ടാവും . പ്രതി കിലോഗ്രാം ശരീരഭാരത്തിന് ചുരുങ്ങിയത് ഒന്നര മുതൽ രണ്ടു ഗ്രാം വരെ പ്രോട്ടീൻ കഴിച്ചാലേ ഏറ്റവും ഫലപ്രദമായി പേശികൾ വികസിപ്പിക്കാൻ സാധിക്കൂ . അതായത് 60 കിലോഗ്രാം ഭാരമുള്ള ഒരാൾ 90 നും 120 നും ഇടയിൽ ഗ്രാം പ്രോട്ടീൻ ഓരോ ദിവസവും കഴിക്കണം . പ്രോട്ടീൻ കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചോ പ്രോട്ടീൻ സപ്ലിമെന്റുകൾ ഉപയോഗിച്ചോ ഇതു സാധിക്കാം.

സസ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളിലും , ജന്തുജന്യമായ ഭക്ഷ്യവസ്തുക്കളിലും പ്രോട്ടീനുണ്ട് . അരി , ഗോതമ്പ് പോലെയുള്ള ധാന്യങ്ങളിൽ പോലും അമിനോ ആസിഡുകൾ ഒരു ഘടകമാണ്. എന്നാൽ മസിൽ വളർത്താൻ വ്യായാമം ചെയ്യുന്ന ഒരാൾക്ക് ആവശ്യമായ പ്രോട്ടീൻ ഇവയിൽ നിന്നും ലഭിക്കാൻ സാധ്യത കുറവാണ് . സസ്യങ്ങളിൽ ഏറ്റവും സമ്പന്നമായ പ്രോട്ടീൻ സ്രോതസ്സ് സോയ ബീൻ ആണ് . എന്നാൽ സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീനും , ശരീരത്തിന് ആഗിരണം ചെയ്യാൻ ബുദ്ധിമുട്ടായ തിനാൽ ജന്തുജന്യമായ പ്രോട്ടീനാണ് സാധാരണഗതിയിൽ ബോഡി ബിൽഡേഴ്സ് ഉപയോഗിച്ചു വരാറ് .

ഇതിലേറ്റവും സാമാന്യമായി ഉപയോഗിക്കുന്നത് മുട്ടയിൽ നിന്നുള്ള പ്രോട്ടീനാണ് . ഒരു ശരാശരി മുട്ടയ്ക്ക് 60 ഗ്രാം ഭാരമുണ്ടാകും ഇതിൽ ആറു ഗ്രാം പ്രോട്ടീൻ ഉണ്ട് . ഇത്തരത്തിൽ 5 മുട്ട കഴിച്ചാൽ 30 ഗ്രാം പ്രോട്ടീൻ ലഭിക്കും . മുട്ടയിലെ പ്രോട്ടീനിൽ ഉള്ള അമിനോ ആസിഡുകൾ ഏതാണ്ട് മുഴുവനായി ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നു . ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും മുട്ടയിൽ നിന്നുള്ള പ്രോട്ടീനിലുണ്ട് . മുട്ടയുടെ വെള്ളക്കരുവിലാണ് അമിനോ ആസിഡുക ളുടെ സ്രോതസ്സായ ആൽബുമിനുള്ളത് . മുട്ടയിൽ ആകെയുള്ള പ്രോട്ടീനിന്റെ മൂന്നിൽ രണ്ടും വെള്ളക്കരുവിലാണ് ഉള്ളത് . മുട്ടയുടെ മഞ്ഞയിൽ ശരീരത്തിന് ഹാനികരമായ കൊളസ്ട്രോൾ ഉള്ളതിനാൽ ഒരു പരിധിയി ലധികം ഇതു കഴിക്കുന്നത് നല്ലതല്ല .
പ്രോട്ടീന്റെ മറ്റൊരു സ്രോതസ്സാണ് പാൽ . മിക്കവാറും പ്രോട്ടീൻ പൗഡറുകളും പാലിൽ നിന്നു വേർതിരിച്ചെടുക്കുന്ന വേ പ്രോട്ടീൻ ( whey protein )ഉപയോഗിച്ചാണ് നിർമിക്കപ്പെടുന്നത് . എന്നാൽ പാലിൽ ഭൂരിഭാഗവും വെള്ളം ആയതി നാൽ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാൻ വേണ്ടത്ര പാൽ കുടിക്കുക എന്നത് ബുദ്ധിമു ട്ടുള്ള കാര്യമാണ് . കൂടാതെ ശരീരത്തിന് ഹാനികരമായ കൊഴുപ്പും , ധാരാളം ഊർജ്ജ വും പാലിൽ അടങ്ങിയതിനാൽ പ്രോട്ടീൻ ലഭിക്കുന്നതിന് ഒരു പരിധിയിലധികം പാൽ കുടിക്കുന്നത് ആശാസ്യമല്ല .
പ്രോട്ടീന്റെ മറ്റൊരു സുലഭമായ സ്രോതസ്സാണ് ഇറച്ചി. നൂറു ഗ്രാം ഇറച്ചിയിൽ ഇരുപതിലധികം ഗ്രാം പ്രോട്ടീനും ഉണ്ടാകും . എന്നാൽ മുട്ടയിലെ പ്രോട്ടീൻ പോലെ പൂർണമായും ഉപയോഗപ്പെ ടുന്നതല്ല ഇറച്ചിയിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീൻ . മുട്ടയേക്കാൾ ദഹിപ്പിക്കാൻ ബുദ്ധിമുട്ടുമാണ് ഇറച്ചി .കൊഴുപ്പും മറ്റും അടങ്ങിയതിനാൽ ഒരു പരിധിയിലധികം ഇറച്ചി കഴിക്കുന്നത് ആരോഗ്യ കരമല്ല .

ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ കണക്കാ ക്കിയതിനുശേഷം ഭക്ഷ്യ വസ്തു ക്കളിൽ നിന്ന് അത് ലഭിക്കുന്നുണ്ടെ ങ്കിൽ അധിക പ്രോട്ടീൻ കഴിച്ചതു കൊണ്ട് ശരീരത്തിന് കൂടുതൽ ഗുണം ഒന്നും ഉണ്ടാകുന്നില്ല . ശരീരത്തിന്റെ ആവശ്യം കഴിഞ്ഞ് അധികമുള്ള അമിനോ ആസിഡുകൾ കരളിൽ വെച്ച് വിഘടിച്ച് മൂത്രത്തിൽ പുറന്തള്ളപ്പെടുകയാണ് ചെയ്യുക .ഭക്ഷണത്തിലൂടെ പ്രോട്ടീൻ ശരീരത്തിലെത്തി ക്കാൻ ഒരുപക്ഷേ ഇഷ്ടമില്ലാത്ത ഭക്ഷണ സാധനങ്ങൾ ഒരു പരിധിയിലധികം കഴിക്കേണ്ടി വന്നേക്കാം ‌. ഈ ബുദ്ധിമുട്ടുകൾ പരിഹരിച്ച് കുറഞ്ഞ അളവ് കഴിക്കുമ്പോൾ തന്നെ കൂടുതൽ അളവിൽ പ്രോട്ടീൻ ശരീരത്തിൽ എത്തിക്കാൻ വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഒരു പൂരക ഭക്ഷ്യവസ്തുവാണ് പ്രോട്ടീൻ പൗഡർ . സാധാരണഗതിയിൽ വേ പ്രോട്ടീൻ (Whey protein) എന്ന പേരിലാണ് ഇവ വിപണിയിൽ ലഭ്യമാകുന്നത് . പാൽക്കട്ടി നിർമിക്കുന്നതിനുവേണ്ടി പാൽ പ്രോസസ് ചെയ്തതിനു ശേഷം ബാക്കിവരുന്ന ഉൽപ്പന്നം ഉപയോഗിച്ചു നിർമ്മിക്കുന്ന പൊടിയാണ് വേ പ്രോട്ടീൻ പൗഡർ . ഒരു മൂല്യവർദ്ധിത ഉൽപന്നം എന്ന നിലയിൽ ഉയർന്ന വിലയാണ് ഈ പൗഡറിന് നൽകേണ്ടി വരുന്നത് .

ഇതു കൂടാതെ മറ്റ് അവശ്യ വൈറ്റമിനുകളും , മിനറലുകളും ചേർത്ത രീതിയിലും പ്രത്യേക തരത്തിലുള്ള രുചി നൽകാനുള്ള വസ്തുക്കൾ ചേർത്ത രീതിയിലും പ്രോട്ടീൻ പൗഡറുകൾ വിപണിയിൽ ലഭ്യമാണ് . ശരാശരി കിലോയ്ക്ക് 1000 രൂപയെങ്കിലും ഇവയ്ക്ക് വിലയുണ്ട് പലപ്പോഴും അതിന്റെ ഇരട്ടി വരെ വില ഈടാക്കാറുണ്ട് .
ചില രോഗങ്ങളിൽ നിന്ന് മുക്തി നേടുന്ന സമയത്ത് ശരീരത്തിന് സാമാന്യത്തിലധികം പ്രോട്ടീൻ പോലെയുള്ള നിർമ്മാണവസ്തു ക്കളുടെ ആവശ്യം വരാം . രോഗികളുടെ ആരോഗ്യം പൊതുവേതന്നെ മോശമാണെങ്കിൽ ഇത്തരത്തിലുള്ള നിർമ്മാണ പ്രവർത്തനത്തിന് ആവശ്യമായ പ്രോട്ടീൻ ഭക്ഷണത്തിൽനിന്ന് കണ്ടെത്താൻ ശരീരത്തിന് സാധിച്ചു എന്നു വരില്ല . ഈ അവസരത്തിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്കും, പൊള്ളലേറ്റ രോഗികൾക്കും മറ്റും കൂടിയ അളവിൽ ഭക്ഷണത്തിലൂടെ പ്രോട്ടീൻ ശരീരത്തിൽ എത്തിച്ചേർന്നാൽ രോഗത്തിൽ നിന്ന് പെട്ടെന്ന് മുക്തി നേടുന്നതിന് അതവരെ സഹായിക്കും .
ഈ ആവശ്യത്തിന് ആശുപത്രികളിൽ നിന്ന് രോഗികൾക്ക് പ്രോട്ടീൻ പൗഡറുകൾ നിർദ്ദേശി ക്കാറുണ്ട് . ഇവ ബോഡി ബിൽഡേഴ്സ് ഉപയോഗിക്കുന്ന രീതിയിലുള്ള ഉയർന്ന അളവിൽ പ്രോട്ടീനുള്ള പൗഡറുകളല്ല . പ്രോട്ടീന് പുറമേ മറ്റ് അവശ്യ മൂലകങ്ങളും കൂടി ചേർത്ത് പെട്ടെന്ന് ദഹിക്കുന്ന രീതിയിൽ ലഭ്യമായ ഇവ ഭക്ഷണത്തിന് പകരമായോ പൂരകമായോ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കാവുന്നതാണ് .

ശരീരത്തിൽ അധികമുള്ള അമിനോ ആസിഡുകൾ വിഘടിപ്പിച്ച് ശേഷം വൃക്കകൾ വഴിയാണ് വിസർജിക്കുന്നത് എന്നു പറഞ്ഞ ല്ലോ . അതിനാൽ വൃക്കരോഗം ബാധിച്ച ആളുകളിൽ ഇത് വൃക്കയ്ക്ക് അധിക ആയാസം നൽകുകയും വൃക്കയുടെ പ്രവർത്തനം തകരാറിലാക്കുകയും ചെയ്യും . എന്നാൽ പൂർണ ആരോഗ്യവാൻമാരും പൂർണതോതിൽ വൃക്കയുടെ പ്രവർത്തനം ഉള്ളവരുമായ ആളുകളിൽ പ്രോട്ടീൻ പൗഡർ കഴിക്കുന്നത് പൂർണമായും സുരക്ഷിതമാണ് എന്നാണു പഠനങ്ങൾ കാണിച്ചിരിക്കുന്നത് . കൃത്യമായ അളവു കണക്കാക്കി ഇടവിട്ട നേരങ്ങളിൽ പ്രോട്ടീൻ പൗഡർ കഴിക്കുന്നതിൽ കുഴപ്പമില്ല . എന്നാൽ പരിധിയിലധികം പ്രോട്ടീൻ പൗഡർ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ബുദ്ധി .

ചുരുക്കിപ്പറഞ്ഞാൽ പേശികളുടെ വളർച്ചയ്ക്ക് അവശ്യം വേണ്ട അമിനോ ആസിഡുകൾ ഭക്ഷണത്തിൽനിന്ന് ലഭിക്കുന്നില്ലെങ്കിൽ അത് ശരീരത്തിൽ എത്തിക്കുകയാണ് പ്രോട്ടീൻ പൗഡറുകൾ ചെയ്യുന്നത് . അതുകൊണ്ടു തന്നെ വേണ്ടത്ര വ്യായാമം ചെയ്യാത്ത ആളുകൾ പ്രോട്ടീൻ പൗഡർ കഴിച്ചതുകൊണ്ട് യാതൊരു ഗുണവുമുണ്ടാകില്ല . കൃത്യമായ വ്യായാമവും , അതിനനുസരിച്ചുള്ള പ്രോട്ടീൻ ഉപയോഗ വുമാണ് വേണ്ടത് . പൂർണ ആരോഗ്യവാ ൻമാരിൽ പ്രോട്ടീൻ പൗഡർ സുരക്ഷിത മാണെങ്കിലും വൃക്ക രോഗമുള്ളവരോ , വൃക്കകളുടെ പ്രവർത്തനം പൂർണ്ണ തൃപ്തി കരമല്ലാത്ത ആളുകളോ ഇതുപയോ ഗിക്കുന്നത് സുരക്ഷിതമാകണം എന്നില്ല . വ്യായാമം ചെയ്യുന്ന സമയത്തും അല്ലാത്തപ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കാനും പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നവർ ഓർമിക്കണം .

You May Also Like

എന്താണ് കുതിര സന്നി ?

അറിവ് തേടുന്ന പാവം പ്രവാസി ഒരു പ്രത്യേകതരം സൂക്ഷ്മാണു അഥവാ ബാക്ടീരിയ മൂലം മനുഷ്യർക്കും മൃഗങ്ങൾക്കും…

തിടുക്കത്തിൽ ഭക്ഷണം കഴിച്ചാൽ സമയം ലാഭിക്കാം, പക്ഷെ ഭാവിയിൽ ധനനഷ്ടം, എന്തുകൊണ്ട് ?

നാം കഴിക്കുന്ന ഭക്ഷണം നമുക്ക് ദൈവത്തിൻ്റെ അനുഗ്രഹമാണ്. അതുകൊണ്ട് തിടുക്കമില്ലാതെ ശാന്തമായി കഴിക്കണം. കൂടാതെ ഇത്തരത്തിൽ…

പിറന്നാള്‍ കേക്കിന്റെ മുകളിലേ മെഴുകുതിരി ഊതി കെടുത്തുന്നത് വഴി അസുഖങ്ങൾ ഉണ്ടാവും എന്ന് പറയുന്നത് ശരിയാണോ ?

പിറന്നാള്‍ കേക്കിന്റെ മുകളിലേ മെഴുകുതിരി ഊതി കെടുത്തുന്നത് വഴി അസുഖങ്ങൾ ഉണ്ടാവും എന്ന് പറയുന്നത് ശരിയാണോ…

മഴ പെയ്യുമ്പോൾ കൊതുകുകൾ അവയ്ക്കിടയിലൂടെ എങ്ങനെയാണ് പറക്കുന്നത് ?

മഴ പെയ്യുമ്പോൾ കൊതുകുകൾ അവയ്ക്കിടയിലൂടെ എങ്ങനെയാണ് പറക്കുന്നത് ? അറിവ് തേടുന്ന പാവം പ്രവാസി കൊതുകുകളുടെ…