പാരന്റിംഗ് അഥവാ രക്ഷാകർതൃത്വത്തെ കുറിച്ച് നിങ്ങൾ നിർബന്ധമായി അറിയേണ്ടത്

1352

ഡോ : ശബ്ന. എസ് എഴുതുന്നു  Sabna S Champad

മനുഷ്യ മസ്തിഷ്കത്തിനു ഒരു പ്രത്യേകതയുണ്ട് . മറ്റു ജീവികളെ അപേക്ഷിച്ചു മനുഷ്യ മസ്തിഷ്‌കം വളർന്നു വികസിക്കുന്നതിനു കൂടുതൽ സമയമെടുക്കുന്നു . അത് കൊണ്ട് തന്നെ ഈ സമയത്തിനുള്ളിൽ നമ്മൾ
ഏത് രീതിയിൽ ഷെയ്പ് ചെയ്ത് എടുക്കുന്നു എന്നുള്ളത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ മനുഷ്യനും ആയിത്തീരുന്നത് . ഓരോ മനുഷ്യനും വ്യത്യസ്തനാവുന്നതും അത് കൊണ്ട് തന്നെയാണ് . വളർച്ചയുടെ ഓരോ ഘട്ടത്തിലും മനുഷ്യൻ ആര്ജിച്ചെടുക്കുന്നത് അപാര സാധ്യതകളാണ് . വളർത്ത് ദോഷം എന്നും , വളർത്തു ഗുണം എന്നുമൊക്കെ നമ്മൾ പറഞ്ഞു തുടങ്ങിയത് ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം . ഗൈഡിങ്ങിലൂടെ , കൃത്യമായ വളർത്ത് രീതികളിലൂടെ ഒരു മനുഷ്യനെ ഒരു പരിധി വരെ നല്ലവനാക്കി മാറ്റാനും , കെട്ടവനാക്കി മാറ്റാനും സാധിക്കും .

കൃത്യമായ നിര്ദേശങ്ങളിലൂടെ , കരുതലിലൂടെ കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളെയും സ്വാധീനിക്കുന്നതിനെയാണ് പാരന്റിംഗ് എന്നു പറയുന്നത് . പാരന്റിംഗ് അഥവാ രക്ഷാകർതൃത്വം എന്നതിന് ഭൗതികവും , വൈകാരികവുമായ തലങ്ങളുണ്ട് . പാരന്റിംഗ് എവിടെ തുടങ്ങണം എന്നുള്ളതിലേക്ക് വരാം .

ഡോ : ശബ്ന . എസ്
ഡോ : ശബ്ന. എസ്

പാരന്റിംഗ് എന്നു തുടങ്ങണം , എന്നു നിങ്ങൾക്കൊരു രക്ഷിതാവ് ആവണം എന്നുള്ളത് , അത് സ്ത്രീ ആയാലും പുരുഷൻ ആയാലും നിങ്ങളുടെ മാത്രം ചോയിസും തീരുമാനവും ആണെന്നുള്ള കാര്യം ആദ്യം മനസ്സിലാക്കുക . പാരന്റിംഗ് എന്നുള്ളത് വലിയൊരു ഉത്തരവാദിത്തവും , കടമയുമാണ് . അതിൽ നാട്ടുനടപ്പിനോ , ബന്ധുക്കളുടെ ചോദ്യങ്ങൾക്കോ അല്ല പ്രാധാന്യം കൊടുക്കേണ്ടത് . മറിച്ച് , മാനസികവും , ശാരീരികവുമായ നിങ്ങളുടെ തയ്യാറെടുപ്പിനാണ് സ്ഥാനമുള്ളത് .

കുഞ്ഞു ഗര്ഭപാത്രത്തിനു ഉള്ളിരിക്കുമ്പോൾ തന്നെ പാരന്റിംഗ് ആരംഭിക്കാം . അത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ല . നല്ല മാനസികാന്തരീക്ഷം , പോഷകാഹാരം , ആവശ്യമുള്ള വൈദ്യ സഹായം എന്നിവ പങ്കാളിക്ക് ഒരുക്കിക്കൊടുക്കുക എന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് . കുഞ്ഞിന്റെ വളർച്ചയിൽ ഇവയ്ക്ക് വലിയ പങ്കുണ്ട് .

പ്രസവത്തിനു ശേഷം , കുഞ്ഞു പുറത്ത് വന്നാൽ ആദ്യം ഉറപ്പു വരുത്തേണ്ട കാര്യം മുലപ്പാൽ ആണ് .
മുലപ്പാൽ കുഞ്ഞിന് ലഭ്യമാക്കുന്നതിനോടൊപ്പം തന്നെ , മുലപ്പാൽ ഒഴികെയുള്ള അനാവശ്യ വസ്തുക്കൾ ആചാരങ്ങളുടെയും വിശ്വാസങ്ങളിടെയും പേരു പറഞ്ഞു കുഞ്ഞിലേക്ക് എത്തുന്നില്ല എന്ന കാര്യം ഉറപ്പു വരുത്തുകയും വേണം . നവജാത ശിശുവിനെ പൊന്നരച്ചു കുടിപ്പിക്കുന്നവനെയും , തേനും പഞ്ചസാര വെള്ളവും കുഞ്ഞിന്റെ വായിൽ ഒഴിക്കുന്നവനെയും , കണ്ടം വഴി ഓടിക്കണം എന്നു സാരം . ആറു മാസം വരെ മുലപ്പാൽ , അതിനു ശേഷം പോഷക സമ്പുഷ്ടമായ കുറുക്കുകൾ പോലുള്ള ഭക്ഷ്യ വസ്തുക്കൾ , ഒരു വയസ്സിനു ശേഷം കുടുബാംഗങ്ങൾ കഴിക്കുന്ന അതേ ആഹാരം എന്നിങ്ങനെയാണ് കുഞ്ഞിന് നൽകേണ്ടത് . പ്രതിരോധ കുത്തിവയ്പുകൾ കുഞ്ഞിന്റെ അവകാശമാണ് . അത് കൃത്യ സമയത്ത് നിർവഹിക്കുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്തമാണ് . വളർച്ചയുടെ ഓരോ പടവുകളും കൃത്യമല്ലേ എന്നു growth chart പോലുള്ളവയുടെയോ ആരോഗ്യപ്രവർത്തകരുടെയോ സഹായത്തോടെ നിരീക്ഷിക്കണം .

ഖലീൽ ജിബ്രാൻറെ വാക്കുകൾ കടമെടുത്താൽ , ‘ നിങ്ങളുടെ കുഞ്ഞുങ്ങൾ നിങ്ങളുടേതല്ല , അവർ നിങ്ങളിലൂടെ വരുന്നു എന്ന് മാത്രമേ ഉള്ളൂ ‘ . കുഞ്ഞുങ്ങളെ സ്വതന്ത്ര വ്യക്തികളായി കാണുക എന്നുള്ളത് നമുക്കിന്നും ശീലമായി മാറാത്ത കാര്യമാണ് . അഭിപ്രായങ്ങൾക്കും , ഇഷ്ടങ്ങൾക്കും പ്രായം ഒരു മാനദണ്ഡമല്ല . പ്രായമുള്ളത് കൊണ്ട് മാത്രം നിലപാടുകൾ ശരിയാവണം എന്നുമില്ല . കരുതലും , ഗൈഡിങ്ങുമാണ് നല്ല പാരന്റിങിന്റെ വശങ്ങൾ . ഗൈഡിങ് എന്നത് അടിച്ചമർത്തലോ ഭരണമോ അല്ല .

ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ പാരന്റിംഗ് കൂടുതൽ ജനാധിപത്യപരമായി മാറ്റാവുന്നതാണ് . വീടും , കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ചർച്ചകളിൽ കുട്ടികളെ കൂടി ഉൾക്കൊള്ളിക്കുക . പറയുന്ന അഭിപ്രായങ്ങളും , ഇഷ്ടങ്ങളും അതെത്ര ചെറുതാണെങ്കിലും കൂടെയും പ്രാധാന്യം നൽകുക . കുഞ്ഞുങ്ങളെ തെറ്റായ കാര്യങ്ങളിൽ നിന്നും വിലക്കുമ്പോഴും മറ്റും , അതിനുള്ള കാരണങ്ങൾ വിശദീകരിക്കുവാനുള്ള മനസ്സുണ്ടാവുക . ഓരോ ദിവസവും , നിങ്ങളുടെ ജോലി സ്ഥലത്തെ അനുഭവങ്ങളും , നിങ്ങളുടെ വികാര വിചാരങ്ങളും , നിസാരമാണെങ്കിൽ പോലും കുട്ടികളുമായി
പങ്കു വയ്ക്കുക . അത് വഴി അവരുടെ ഓരോ ദിവസത്തെ വിശേഷങ്ങളും വീട്ടിൽ വന്നു പറയുന്ന ഒരു ശീലം ഉണ്ടാക്കി എടുക്കുക . പരസ്പര ബഹുമാനമുള്ള , കരുതലുള്ള ഒരു സുഹൃത്താണ് നിങ്ങൾ എന്നുള്ള തോന്നൽ കുട്ടികളിൽ ദൃഢമാക്കുക .

ഇതോടൊപ്പം തന്നെ , കുട്ടിയുടെ വളർച്ചയ്ക്കാവശ്യമായ നല്ലൊരു സൗഹൃദാന്തരീക്ഷം വീട്ടിൽ ഉറപ്പു വരുത്തേണ്ടത് പങ്കാളികളുടെ കടമയാണ് . കുട്ടികളുടെ ആദ്യത്തെ ലോകം വീടാണ് . അവിടെയുള്ള അംഗങ്ങൾ പരസ്പരം ബഹുമാനി
ക്കുന്നതും സ്നേഹിക്കുന്നതും കണ്ടു കൊണ്ടാണ് ലോകത്തോട് എങ്ങനെ
പെരുമാറണം എന്നു കുട്ടികൾ മനസ്സിലാക്കുന്നത് . നിങ്ങൾ പറയുന്നത് പോലെയല്ല , നിങ്ങൾ പ്രവർത്തിക്കുന്നത് പോലെയാണ് നിങ്ങളുടെ കുട്ടികൾ പ്രവർത്തിക്കുന്നത് എന്നതാണല്ലോ പഴമൊഴി .

ശിക്ഷകളും സ്വഭാവ രൂപീകരണത്തിൽ പങ്കു വഹിക്കുന്നില്ലേ എന്നുള്ള സംശയം ചിലപ്പോ നിങ്ങൾക്ക് തോന്നിയേക്കാം . ഓർക്കുക , ശിക്ഷ എന്നത് ഒരിക്കലും ദേഹോപദ്രവം ആവരുത് . നിങ്ങളുടെ നോട്ടം , ശരീര ചലങ്ങൾ , പെരുമാറ്റം തുടങ്ങിയവയിൽ നിന്നും കുട്ടിക്ക് തെറ്റ് ബോധ്യപ്പെടണം . അവിടെയാണ് പാരന്റിങിന്റെ വിജയം . ഉദാഹരണത്തിന് ഗൃഹപാഠം ചെയ്യാത്ത കുട്ടിയോട് നാളെ വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ
എന്നും കൊണ്ടു വരാറുള്ള
നിലക്കടല വറുത്തത്
കൊണ്ട് വന്നു തരില്ല എന്നു പറയുക , ഭക്ഷണം കഴിച്ച
സ്ഥലം വൃത്തികേടാക്കുകയും , ക്ളീൻ ചെയ്യാതിരിക്കുകയും ചെയ്യുന്ന കുട്ടിയോട് ഇന്ന്
ടിവി കാണേണ്ട എന്നു പറയുക എന്നതൊക്കെ കുറച്ചു കൂടെ നല്ല ഓപ്‌ഷനുകൾ ആണ് . കൈ ചേര്ത്തു പിടിച്ചു വടി വച്ചു അടിക്കുക , ചെവിയിൽ പിച്ചുക തുടങ്ങിയ പ്രാകൃത ശിക്ഷാരീതികളൊക്കെ കുഞ്ഞുങ്ങളിൽ മാനസിക സമ്മർദ
ത്തിനും , ട്രോമായ്ക്കും കാരണമാകുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് .

അച്ഛനമ്മമാർ ജോലിക്ക് പോകുന്ന അണുകുടുംബ വ്യവസ്ഥിതിയിൽ , കുഞ്ഞുങ്ങൾക്ക് ഒപ്പം ചെലവിടാനുള്ള സമയം കുറയുന്ന എന്ന പ്രശ്നം പല രക്ഷിതാക്കളും പ്രകടിപ്പിക്കാറുണ്ട് .
രക്ഷിതാക്കൾ ആണെങ്കിൽ പോലും , ജോലിയും പഠനവും വ്യക്തിപരമായ കാര്യങ്ങളും തിരക്കുകളും ഒക്കെ കാലഘട്ടത്തിന്റെ ആവശ്യങ്ങളാണ് . അതിൽ തെറ്റു പറയാനില്ല .
എത്ര സമയം കുട്ടികൾക്ക് ഒപ്പം ചെലവിടുന്നു എന്നുള്ളതല്ല , മറിച്ചു ഉള്ള സമയം എങ്ങനെ കുട്ടികൾക്കാവശ്യമായ രീതിയിൽ വിനിയോഗിക്കുന്നു എന്നുള്ളതാണ് കാര്യം . തിരക്കുകൾക്കിടയിലും , കുഞ്ഞുങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്നും , ഓരോ ദിവസത്തിന്റെയും ഒരു പങ്ക് അവർക്കായി മാറ്റി വയ്ക്കപ്പെടുന്നുണ്ടെന്നും കുട്ടികൾക്ക് തോന്നണം .

ഞാനെന്റെ ജീവിതം മുഴുവൻ കുട്ടികൾക്ക് വേണ്ടി മാറ്റി വച്ചു എന്നുള്ളതല്ല വാർധക്യ കാലത്ത് ഓരോ രക്ഷിതാവും പറയേണ്ടത് . മറിച്ചു ഞാൻ ജീവിക്കുന്നതിനൊപ്പം , ജീവിതത്തിന്റെ മനോഹാരിത പകർന്നു നൽകിക്കൊണ്ട് കുഞ്ഞുങ്ങളെയും ഒപ്പം കൂട്ടി എന്നതാവണം പറയേണ്ടത് . സുന്ദരമായി ജീവിക്കുന്ന ഒരു പാരന്റിന് മാത്രമേ , സുന്ദരമായ ഒരു പാരന്റിംഗ് തന്റെ കുഞ്ഞിന് നൽകാൻ സാധിക്കുകയുള്ളൂ .

( ഡോ : ശബ്ന . എസ് )