എല്ലാ അമേരിക്കൻ പ്രസിഡന്റുകളുടെയും കൂടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ബാഗിലുള്ള ന്യൂക്ലിയര്‍ ഫുട്‌ബോൾ എന്തിനാണ് ?
അറിവ് തേടുന്ന പാവം പ്രവാസി
എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും എപ്പോഴും തങ്ങള്‍ക്കൊപ്പം കൊണ്ടുനടക്കുന്ന ഒന്നാണ് ന്യൂക്ലിയര്‍ ഫുട്‌ബോള്‍. മുൻപ് ഇന്ത്യ സന്ദർശിച്ച ട്രംപിനൊപ്പം ഇന്ത്യയിലെത്തിയവയില്‍ ഏറ്റവും പ്രാധാന്യമേറിയ വസ്തുവും ന്യൂക്ലിയര്‍ ഫുട്‌ബോള്‍ ആയിരുന്നു. ഒരു ബ്രീഫ്‌കെയ്‌സിനെയാണ് ന്യൂക്ലിയര്‍ ഫുട്‌ബോള്‍ എന്നു വിളിക്കുന്നത്. താന്‍ അമേരിക്കയില്‍ നിന്ന് അകലെയായിരിക്കുന്ന സമയത്ത് ലോകത്തെവിടെയും ഒരു ആണവയുദ്ധം നടത്താന്‍ അധികാരം നല്‍കാനുള്ള സാധനങ്ങളാണ് ബ്രീഫ്‌കെയ്‌സിലെ ഉള്ളടക്കം എന്നാണ് ഒരു വിഭാഗം നിരീക്ഷകര്‍ പറയുന്നത്.
വൈറ്റ് ഹൗസ് സിറ്റ്വേഷന്‍ റൂം തുടങ്ങിയ കമാന്‍ഡ് സെന്ററുകള്‍ക്ക് ആണവയുദ്ധം നടത്താനുള്ള ആജ്ഞയിറക്കാനാണ് ന്യൂക്ലിയര്‍ ഫുട്‌ബോള്‍ ഉപയോഗിക്കുന്നതെന്നും പറയപ്പെടുന്നു.അമേരിക്കയുടെ പ്രതിരോധ സിസ്റ്റത്തിന്റെ തന്ത്രപ്രധാനമായ മൊബൈല്‍ ഹബ് എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ട്രംപിന്റെ അംഗരക്ഷകന്‍ അല്ലെങ്കില്‍ എഡിസി (aide-de-camp) ആയിരിക്കും ഇതു കൈയ്യില്‍ വയ്ക്കുക. പ്രസിഡന്റിന്റെ പാര്‍ശ്വഭാഗത്ത് നടക്കുകയും,ന്യൂക്ലിയര്‍ഫുട്‌ബോള്‍ കൈയ്യില്‍ വയ്ക്കുകയും ചെയ്യുന്നയാളാണ് എഡിസി. പ്രസിഡന്റിന്റെ ഒരു പേഴ്‌സണല്‍ അസിസ്റ്റന്റ് എന്ന വിശേഷണവും എഡിസിക്കു നല്‍കാറുണ്ട്.
ഇതൊരു അതി നൂതന യന്ത്രമൊന്നുമല്ല. 1953 – 1961 കാലഘട്ടത്തില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡ്വൈറ്റ് ഡേവിഡ് അയ്‌സണ്‍ഹോവറുടെ കാലത്തു തുടങ്ങിയതാണിത്. ലോഹ നിര്‍മ്മിതമായ ഒരു സീറോ ഹാലിബര്‍ട്ടണ്‍ (Zero Halliburton) ബ്രീഫ്‌കെയ്‌സാണ് ‘ഫുട്‌ബോള്‍’. ഇതിന് കറുത്ത ലെതര്‍ ആവരണമിട്ടിരിക്കുന്നു. ഏകദേശം 20 കിലോയാണ് മൊത്തം ഭാരം. നാലു പ്രധാന ഭാഗങ്ങളാണ് ഇതിലുള്ളത്.
✨ 1. ഒരു ബ്ലാക് ബുക്ക്:ഇതില്‍ ഏതെങ്കിലും രാജ്യം ആക്രമിച്ചാല്‍ തിരിച്ചടിക്കാനുള്ള സാധ്യതകള്‍ എന്തെല്ലാമാണെന്ന് ഉണ്ടായിരിക്കും.
✨ 2. ക്ലാസിഫൈഡ് സൈറ്റുകളുടെ ലിസ്റ്റ് അടങ്ങുന്ന മറ്റൊരു ബുക്ക്.
✨ 3. ചണക്കടലാസ് ഫോള്‍ഡര്‍ (manila folder):എട്ടു മുതല്‍ പത്തു കടലാസുകള്‍ സ്റ്റേപ്പിള്‍ ചെയ്തു വച്ചിരിക്കും. അടിയന്തര മുന്നറിയിപ്പു വ്യവസ്ഥയ്ക്കുള്ള (Emergency Alert System) നടപടി ക്രമങ്ങള്‍.
✨4. 7.5 × 13 സെന്റീമീറ്റര്‍ വലുപ്പമുള്ള കാര്‍ഡ്: ഇതിലാണ് ഓതന്റിക്കേഷന്‍ കോഡുകളുള്ളത്. ബ്ലാക് ബുക്കിന്റെ വലുപ്പം – 23 × 30 സെന്റീമീറ്റര്‍ ആണ്. ഇതില്‍ തുന്നിച്ചേര്‍ക്കാതെ വച്ചിരിക്കുന്ന 75 പേപ്പറുകളുണ്ട്. ഇവയിലെ പ്രിന്റിങ് കറുപ്പും, ചുവപ്പും മഷി ഉപയോഗിച്ചാണ്.
ബ്ലാക്ബുക്കിന്റെ അതേ വലുപ്പമാണ് ക്ലാസിഫൈഡ് സൈറ്റ് ലൊക്കേഷനുകളെക്കുറിച്ചുള്ള ബുക്കിനും. ഈ ബോക്‌സിന്റെ കൈപ്പിടിക്കു സമീപത്തു നിന്ന് ഒരു ആന്റിന പുറത്തേക്കു തള്ളി നില്‍ക്കുന്നു. ഏന്തൊ തരത്തിലുള്ള കമ്യൂണിക്കേഷന്‍ ഉപകരണവും ബോക്‌സില്‍ അടക്കം ചെയ്തിരിക്കുന്നുവെന്നും കരുതുന്നു.ഡ്വൈറ്റ് ഡി. അയ്‌സന്‍ഹോവര്‍ മുതലുള്ള പ്രസിഡന്റുമാരാണ് ന്യൂക്ലിയര്‍ ഫുട്‌ബോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ഇന്നത്തെ രീതിയിലുള്ള മാറ്റത്തിനു തുടക്കമിട്ടത് മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയാണ്.
ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയാണ് ഇതിനു തുടക്കമിട്ടതെന്നാണ് പറയുന്നത്. ക്യൂബയില്‍ ഉണ്ടായിരുന്ന സോവിയറ്റ് യൂണിയന്റെ കമാന്‍ഡര്‍ മോസ്‌കോയുടെ അനുവാദമില്ലാതെ മിസൈല്‍ തൊടുത്തേക്കുമോ എന്ന ഭീതിയായിരുന്നു ഇതിനു പിന്നിലത്രെ.ആണവായുധം ഉപയോഗിക്കാന്‍ അമേരിക്കയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് കൂടിയായ പ്രസിഡന്റ് തീരുമാനിക്കുകയാണെങ്കില്‍ അദ്ദേഹത്തെ സ്വകാര്യമായ ഒരിടത്തേക്ക് എഡിസി കൂട്ടിക്കൊണ്ടുപോകും. തുടര്‍ന്ന് ബ്രീഫ്‌കെയ്‌സ് തുറക്കും. തുടര്‍ന്ന് ഒരു കമാന്‍ഡ് സിഗ്നല്‍ അല്ലെങ്കില്‍ ജാഗ്രതാനിര്‍ദ്ദേശം അദ്ദേഹം തന്റെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന് അയയ്ക്കും. തുടര്‍ന്ന് ഏതെല്ലാം രീതിയിലായിരിക്കണം ആക്രമണം നടത്തേണ്ടതെന്ന് പ്രസിഡന്റ് തന്റെ പ്രതിരോധ സെക്രട്ടറി, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്റെ ചെയര്‍മാന്‍ എന്നിവരുമായി കൂടിയാലോചിക്കും.
ഒറ്റ ക്രൂസ് മിസൈല്‍ അയച്ചാല്‍ മതിയോ, പല ഭൂഖണ്ഡാന്തര മിസൈലുകള്‍ തന്നെ തൊടുക്കണോ എന്നൊക്കെ തീരുമാനിക്കും. ഇവയുടെ വരുംവരായ്കകളെല്ലാം നേരത്തെ തീര്‍ച്ചപ്പെടുത്തിയവയായിരിക്കും.
പ്രസിഡന്റിന്റെ ഉത്തരവ് മിലിറ്ററി പരിഗണിക്കുന്നതിനു മുൻപ് ഇതു പ്രസിഡന്റ് തന്നെയാണ് നടത്തിയിരിക്കുന്നതെന്ന് ഉറപ്പിക്കണം. ഇതിനായി ഒരു സവിശേഷ പ്ലാസ്റ്റിക് കാര്‍ഡ് ആണ് ഉപയോഗിക്കുന്നത്. ഇതിനെ ബിസ്‌കറ്റ് എന്നാണ് വിളിക്കുന്നത്. പ്രസിഡന്റാണ് ആണവായുധം പ്രയോഗിക്കാനുള്ള ഉത്തരവിടുന്നതെങ്കിലും ഇത് പ്രസിഡന്റ് തന്നെയാണ് ചെയ്തിരിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നത് സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് ആണ്.
അതായത് ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍. എന്നാല്‍, ഇതു വേണ്ടെന്നു പറയാനുള്ള അധികാരമൊന്നും സെക്രട്ടറി ഓഫ് സ്റ്റേറ്റ്സിനില്ല.ന്യൂക്ലിയര്‍ ഫുട്‌ബോള്‍ കൊണ്ടുനടക്കുന്നത് ഒരു സമയത്ത് ഒരാളാണെങ്കിലും അദ്ദേഹത്തിന്റെ ഡ്യൂട്ടി തീരുമ്പോള്‍ അടുത്തയാള്‍ക്കായിരിക്കും ചുമതല. ഈ ചതുര ബാഗിന് എങ്ങനെയാണ് ഫുട്‌ബോള്‍ എന്ന പേരു വീണത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.