ഞാൻ ഫാത്തിമ, എന്റെ എന്ന പേരിന് എന്താണ് പ്രശ്നം?

220

Rehana Fathima Pyarijaan Sulaiman

ഞാൻ ഫാത്തിമ, ഫാത്തിമ എന്ന പേരിന് എന്താണ് പ്രശ്നം?

എന്റെ അമ്മൂമ്മയുടെ പേരും #ഫാത്തിമ എന്നുതന്നെ ആയിരുന്നു. പ്രവാചകൻ മുഹമ്മദിന്റെ മകളുടെ പേരും #ഫാത്തിമ എന്നായിരുന്നു എന്നതുകൊണ്ടാണ് ഇസ്ലാമിസ്റ്റുകൾ അധികവും ആ പേര് സെലക്ട്‌ ചെയ്യുന്നത്.

സത്യത്തിൽ ഒരു പേരും ഒരു മതത്തിന്റെയും സ്വന്തമല്ല. വ്യക്തികളെ പരസ്പരം തിരിച്ചറിയാൻ അവരവർ ഉപയോഗിക്കുന്ന ഭാഷയിലെ എന്തെങ്കിലും ശബ്ദമോ വാക്കോ വസ്തുവിന്റെ പേരോ ആണ് സാധാരണയായി വ്യക്തികൾക്ക് പേരിടാൻ പണ്ട് ഉപയോഗിച്ചുവന്നിട്ടുള്ളത്.

‘ഫാത്തിമ’ എന്നാൽ പവിത്രമായ/വിശുദ്ദമായ / തിളക്കമുള്ള എന്നീ അർത്ഥങ്ങളാണ് അറബിയിൽ ഉള്ളത്. മുഹമ്മദ്‌, ആമിന, ഐഷ, ജബ്ബാർ, അബ്ദുള്ള എന്നിവ പോലെ പ്രവാചകൻ ജനിക്കുന്നതിനു മുൻപും അറബി ഗോത്രങ്ങൾ ഉപയോഗിച്ചിരുന്ന പേര് തന്നെയാണ് ഫാത്തിമ എന്നതും. കന്യാമറിയത്തെ സൂചിപ്പിക്കാനായി ചില ക്രിസ്ത്യൻ കമ്യൂണിറ്റികളും ഫാത്തിമ മാതാ എന്ന് ഉപയോഗിക്കാറുണ്ട്. ആ പേരിൽ ക്രിസ്ത്യൻ പള്ളികളും ഉണ്ട്. ജൂതർക്കും അറബി ഉപയോഗിക്കുന്ന മറ്റു മതസ്ഥർക്കും ഇത്തരം പേരുകൾ ഉണ്ട്. അതായത് അറബി പേര് എന്നാൽ ഇസ്ലാമിന് പേറ്റന്റ് ഉള്ളതല്ല എന്നർത്ഥം.

സ്കൂളിൽ ചേർത്ത സമയം എന്റെ അതേ പേരിൽ ഒരുപാട് കുട്ടികൾ ആ സ്കൂളിൽ ഉണ്ടായിരുന്നു. എനിക്ക് രെഹ്ന എന്നു പേരിടാൻ ആണ് ഉദ്ദേശിച്ചിരുന്നത് എന്നാൽ അമ്മ പേര് കൊടുക്കുന്ന സമയത്തു അമ്മേടെഅമ്മയുടെ പേര് എന്റെ സർട്ടിഫിക്കറ്റിൽ എഴുതിച്ചു. മറ്റു കുട്ടികളിൽ നിന്ന് എന്റെ ഐഡന്റിറ്റി തിരിച്ചറിയുന്ന ഒരു പേര് ഇല്ലാ എന്നത് മാത്രമാണ് എന്നെ വിഷമിപ്പിച്ചത്. എന്നാൽ പിന്നീട് മറ്റുള്ളവരുമായി ഇടപഴകേണ്ടി വന്നപ്പോൾ, ഫാത്തിമ എന്നാൽ മുസ്ലീം പേര് ആണെന്നും മുസ്ലീം എന്നാൽ തീവ്രവാദികൾ ആണെന്നും മാറ്റിനിർത്തേണ്ടവർ ആണെന്നും ആണ് സമൂഹത്തിന്റെ പൊതു കാഴ്ചപ്പാട് എന്ന് പലഇടങ്ങളിൽ നിന്നും അവഗണന കിട്ടി തുടങ്ങിയപ്പോൾ ആണ് പഠിച്ചത്. എനിക്ക് ഏറ്റവും അടുപ്പം ഉണ്ടായിരുന്ന എന്റെ ക്രിസ്ത്യൻ വിശ്വാസിയായ കൂട്ടുകാരി പറഞ്ഞത് അവളുടെ വീട്ടുകാർ അവളോട് ഏത് ചെമ്മാനേം ചെരുപ്പ് കുത്തിയേം കെട്ടിയാലും ഒരിക്കലും മുസ്ലീമിനെ കെട്ടരുത് എന്നു പറഞ്ഞു പഠിപ്പിച്ചിട്ടുണ്ടെന്നാണ്.

+2കഴിഞ്ഞ ഉടനെ എന്റെ അബ്ബ മരിച്ചു ആശ്രിത നിയമനം ആയി എനിക്ക് bsnl ജോലി കിട്ടിയപ്പോൾ ആണ് ഞാൻ മനസിലാക്കുന്നത് സർക്കാർ ജോലികളിൽ മുസ്ലീം സ്ത്രീ കളുടെ പ്രാതിനിധ്യം ‘. 03%’ ത്തിലും കുറവ് ആണെന്ന്. അതായത് sc /st വിഭാഗങ്ങളുടെ പ്രതിനിധ്യത്തേക്കാൾ വളരെയധികം കുറവ്. മുസ്ലീം വിഭാഗത്തെ obc കാറ്റഗറിയിൽ പെടുത്തി പരിഗണിച്ചിട്ടും ഈ സമുദായത്തിലെ സ്ത്രീകളുടെ അവസ്ഥ ഇതാണ്. വളരെ കുറച്ചു മുസ്ലീം സ്ത്രീകളെങ്കിലും, ഉന്നത വിദ്യാഭ്യാസം നേടിത്തുടങ്ങിയിട്ടും പുറത്തു ജോലിക്ക് പോയി തുടങ്ങിയിട്ടും വിരലിലെണ്ണാവുന്ന വർഷങ്ങളെ ആയിട്ടുള്ളൂ. അപ്പോഴാണ് വർഗീയതയുടെ പേരിൽ കൂടെ ഈ മാറ്റിനിറുത്തൽ.

5വർഷം മുൻപ് ഞാൻ കുളു മണാലി യിലേക്ക് ഒരു ടൂർ പോയി. അന്ന് താമസിക്കാൻ അവിടെയുള്ള bsnl കോട്ടേജ് ആണ് ബുക്ക് ചെയ്തത്. എന്നാൽ അവിടെ എത്തിയപ്പോൾ അവിടുള്ള കെയർ ടേക്കർ എന്റെ പേര് ഫാത്തിമ എന്ന് അറിഞ്ഞതും എനിക്ക് പല കാരണങ്ങൾ പറഞ്ഞു (പൂജ ചെയ്യുന്ന സ്ഥലമാണ്, ഇറച്ചി മീൻ കഴിക്കാൻ പറ്റില്ല എന്നു തുടങ്ങി ) റൂം നിഷേധിച്ചു. ഞാൻ അത് പ്രശ്നമാക്കി, പിന്നീട് മുകളിലുള്ള ഉദ്യോഗസ്‌ഥർ എത്തിയാണ് എന്നെ സമാധാനിപ്പിച്ചു റൂം റെഡിയാക്കി തന്നത്. Bsnl ന്റെ അവിടുള്ള പൊതുമുതലായ ബിൽഡിങ്ങിൽ ഒരു റൂം തന്നെ അവിടുത്തുകാരൻ ആയ കെയർടേക്കർ പൂജാമുറി ആക്കി വെച്ചിരിക്കുകയായിരുന്നു. അത് ഇപ്പോഴും അങ്ങിനെ തന്നെ തുടരാനാണ് സാധ്യത. കാരണം ഹിന്ദുത്വ അജണ്ടകളും അന്ധവിശ്വാസങ്ങളും അടിച്ചേല്പിക്കപ്പെടുകയാണല്ലോ ഈയിടെയായി ഇവിടെ.

ആദ്യം എന്റെ പേര് മാറ്റണം എന്നുപറഞ്ഞു ഇറങ്ങിയവർ മുസ്ലീം ഫണ്ടമെന്റലിസ്റ്റുകൾ തന്നെയാണ്. എന്റെ കയ്യും മുഖവും പുറത്തു കണ്ടു എന്നു പറഞ്ഞു എനിക്ക് വധഭീക്ഷണി വരെ ഉണ്ടായി. എന്നാൽ ബോള്ഡായി പ്രതികരിച്ചു തുടങ്ങിയപ്പോൾ പിന്നീടങ്ങോട്ട് ഹിന്ദു ഫണ്ടമെന്റലിസ്റ്റുകളുടെ നോട്ടപ്പുള്ളി ആയി. എന്റെ വിമര്ശനങ്ങളോ നിലപാടുകളോ അല്ല എന്റെ പേരാണ് അവരെ ചൊടിപ്പിച്ചത്. എന്റെ ഫോട്ടോയിൽ തുട കണ്ടു എന്നും അത് മതവികാരം വ്രണപ്പെടുത്തി എന്നും പറഞ്ഞു എന്നെ ജയിലിൽ വരെ ഇട്ടത് നിങ്ങളും അറിഞ്ഞിരിക്കുമല്ലോ. പബ്ലിക് ആയി ജീവിക്കുന്ന സർക്കാർ ജോലിക്കാരി ആയ ഞാൻ Urban maoist ആണോ എന്ന് സംശയമുണ്ട് എന്നുപറഞ്ഞാണ് എനിക്ക് ജാമ്യം പോലും നിഷേധിച്ചത്.

ഏത് മതസ്ഥർക്കും കയറാവുന്ന ശബരിമലയിൽ പോയതിന് , അതിനു ശ്രമിച്ച മറ്റേതൊരു സ്ത്രീക്കും നേരിടേണ്ടിവന്നതിൽ കൂടുതൽ സെക്സ് ഷെയിമിങ്ങും സ്ലട്ട് ഷെയിമിങ്ങും ആക്രമണവും എനിക്ക് നേരിടേണ്ടി വന്നത് എന്റെ അറബി പേര് ആയതിനാൽ മാത്രമാണ്. ഇടതു പക്ഷം എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ പോലും പറയുന്നത് ഫാത്തിമ എന്ന പേരും വെച്ചു ഞാൻ മല കയറാൻ പാടില്ലായിരുന്നു കാത്തിരിക്കണമായിരുന്നു എന്നുമാണ്. സംഘികൾ നാട് കത്തിക്കുമത്രേ കൂടാതെ വോട്ട് കുറയും പോലും അതിനാൽ സംഘികൾക്ക് നല്ലബുദ്ധി വരുന്നവരെ സുപ്രീംകോടതി പറഞ്ഞാലും ” ഫാത്തിമക്ക് ” മലകയറാൻ പാടില്ല എന്നാണ് ഇവിടുത്തെ സോകോൾഡ് പ്രോഗ്രസീവ് മൈൻഡ് എന്നു പറഞ്ഞുനടക്കുന്ന വരുടെയും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചാവേറുകളുടെയും പോലും നിലപാട് .

അമേരിക്കയിൽ “my name is khan, Iam not a terrorist” എന്ന ബോർഡും പിടിച്ചു നടക്കേണ്ടിവന്ന ഷാരൂഖ് ഖാൻ കഥാപാത്രത്തിന്റെ അവസ്ഥയാണ് ഓരോ അറബിപേരുകാരനും ഇന്ത്യയിൽ ഇപ്പോഴുള്ളത്.

“My body my right, my name is my identity ”

Advertisements