എന്താണ് കേരളീയരുടെ പരമ്പരാഗത വസ്ത്രം?

0
713
Pc Ashraff
എന്താണ് കേരളീയരുടെ പരമ്പരാഗത വസ്ത്രം?
നമ്മുടെ പാരമ്പര്യ വേഷം എന്താണ് ? ആണുങ്ങള്ക്ക് മുണ്ടും കുപ്പായവും പെണ്ണുങ്ങള്ക്ക് സാരിയും പുളിയിലക്കര വേഷ്ടിയും മറ്റുമാണെന്നാണ് പലരും പറയുന്നത്. ഈ പാരമ്പര്യം എന്നു പറഞ്ഞാല് എന്താണ് ? ഏതാണ് പാരമ്പര്യത്തിന്റെ അടിസ്ഥാന വര്ഷം ?
ഒരു നൂറ്റാണ്ടോ മുക്കാല് നൂറ്റാണ്ടോ മുമ്പുള്ള പാരമ്പര്യം വച്ചു വിലയിരുത്തുകയാണെങ്കില് കേരളീയ വേഷം അല്പ വസ്ത്രം മാത്രമാണെന്ന് മനസ്സിലാക്കാന് സാധിക്കും. ഒരു ഈഴവ സ്ത്രീ കാല് മുട്ടിനു താഴെ എത്തുന്ന വസ്ത്രം ധരിച്ചതിന്റെ പേരില് നായന്മാര് അവരുടെ മുണ്ടഴിപ്പിച്ചതിനെക്കുറിച്ച് സി.കേശവന് തന്റെ ആത്മകഥയില് (ജീവിത സമരം) വിവരിക്കുന്നുണ്ട്. ജീവിത സമരത്തിലെ മറ്റൊരു വിവരണം (പേജ് 72) നോക്കുക:
“ മതം മാറിയ ചാന്നാട്ടികളുടെ വേഷം മിഷനറിമാര് പരിഷ്‌കരിച്ചു. നായര് സ്ത്രീകളെപ്പോലെ മേല്മുണ്ടും മാറുമറപ്പുമായി. അതു നായന്മാര്ക്കു രസിച്ചില്ല. അടിയായി, ലഹളയായി, സ്ത്രീകളുടെ തുണിയുരിയലായി. ഗവണ്മെന്റ് കീഴ് നടപ്പിന്റെ പേരില് മേല് ജാതികളുടെ വശം ചേര്ന്ന് ഏഴ ജാതികളുടെ മേല്മുണ്ട് അഴിപ്പിക്കാന് കൂട്ടു നിന്നു. മാധവരായര് ദിവാന്റെ കല്പനകള് പുറപ്പെട്ടു. മുല മറച്ചു നടക്കാന് അവകാശമുള്ള പെണ്ണുങ്ങളെ മറ്റുള്ള പെണ്ണുങ്ങള് അനുകരിക്കരുതെന്ന്, അതു ചട്ട വിരോധമാണെന്ന്, ശിക്ഷിക്കുമെന്ന്, ന്യായം നടത്തുമെന്ന്. പക്ഷേ നിയമ ലംഘനം പിന്നെയും തുടര്ന്നു. ”
മാറ് മറച്ചതിന് മറ്റു ജാതിക്കാരുടെ തുണിയഴിച്ച നായന്മാരുടെ സ്ഥിതിയോ? അവര്ക്കും മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. റവുക്ക (ബ്‌ളൗസ്) ധരിച്ച് ക്ഷേത്രത്തില് പോയതിന്റെ പേരില് ഒരു നായര് സ്ത്രീയുടെ റൗക്ക വലിച്ചു കീറുകയും അതിനെത്തുടര്ന്ന് നായര് സ്ത്രീകള് റവുക്ക ധരിച്ച് ക്ഷേത്രത്തില് കയറരുതെന്ന കല്പന പുറപ്പെടുവിക്കുകയും ചെയ്ത ഒരു ‘പൈതൃക’മുണ്ട് നമ്മുടെ നാടിന്.
കാണിപ്പയ്യൂര് ശങ്കരന് നമ്പൂതിരിപ്പാടിന്റെ ജീവ ചരിത്രത്തില് (എന്റെ സ്മരണകള്, 3-ാം ഭാഗം, പേജ് 313) വിവരിക്കുന്നത് നോക്കുക: “എനിക്കു ഓര്മ്മ വെച്ച കാലത്ത് റൗക്കയും ബ്‌ളൗസും മറ്റും കേരള സ്ത്രീകള് കണ്ടിട്ടേ ഉണ്ടായിരിക്കയില്ല. അവയില് ആദ്യമായി കടന്നു തുടങ്ങിയത് റൗക്കയായിരുന്നു. അതും ആദ്യമായി കടന്നു തുടങ്ങിയത് പട്ടണങ്ങളിലാണ്, പിന്നീട് വളരെക്കാലം കഴിഞ്ഞേ അതു നാട്ടിന് പുറങ്ങളിലേക്ക് പ്രവേശിച്ചു തുടങ്ങിയുള്ളൂ. ഇവിടെ പറയാന് പോകുന്നത് അതല്ല. ആദ്യകാലങ്ങളില് കുളിച്ചു അമ്പലത്തിലേക്ക് തൊഴാന് പോകുമ്പോള് റൗക്ക ധരിച്ചിരുന്നില്ല. മാത്രമല്ല, ഈറന് തുണികൊണ്ട് മാറ് മറച്ചിരുന്നാലും നടയ്ക്കല് വന്നു തൊഴുമ്പോള് അതെടുത്തു മാറ്റുക (അഥവാ എടുത്തുവെന്നു വരുത്തുക) പതിവായിരുന്നു. ”
നമ്പൂതിരി സ്ത്രീകളും കുപ്പായം ധരിച്ചിരുന്നില്ല. 89-ാമത്തെ വയസ്സില് (1994) അന്തരിച്ച ഇട്ട്യാം പറമ്പത്ത് ശ്രീദേവീ അന്തര്ജ്ജനമാണ് (വി.ടി.ഭട്ടതിരിപ്പാടിന്റെ ഭാര്യ) ആദ്യമായി ബ്‌ളൗസ് ധരിച്ച നമ്പൂതിരി സ്ത്രീ. നമ്പൂതിരി സ്ത്രീകളുടെ വേഷം ഉടുമുണ്ടും മാറില് മറ്റൊരു മുണ്ടു കൊണ്ട് ചുറ്റിക്കെട്ടലുമായിരുന്നു. സ്ത്രീകള്ക്ക് ബ്രാ ധരിക്കാന് പാടില്ലാത്ത അവസ്ഥയും നിലനിന്നിരുന്നു. മേലാല് കേരളത്തിലെ സ്ത്രീകളാരും തന്നെ ബ്രാ ധരിക്കരുതെന്നു പറഞ്ഞ് (നാരീണാം ചതു സര്വ്വാസാം സ്തന വസ്ത്രാണി മാസ്തിഹ) ഉത്തരവിറങ്ങിയ നാടാണിത്.
1893 ല് അയ്യങ്കാളി ‘വില്ലുവണ്ടി’ സമരം നടത്തിയത് പൊതു വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനൊപ്പം മാന്യമായി വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനും കൂടി വേണ്ടിയായിരുന്നു. ‘വില്ലുവണ്ടി’ സമരവും ചാന്നാര് സമരവും മറ്റനവധി സമരങ്ങളും നടത്തിയതിന്റെ ഫലമായാണ് കേരളത്തിലെ ഏതാണ്ടെല്ലാ ജന വിഭാഗങ്ങള്ക്കും മാന്യമായി വസ്ത്രം ധരിക്കാനുള്ള അവകാശം ലഭിച്ചത്.
പതിമൂന്നാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ മാർക്കോപോളോ ഇവിടുത്തെ രാജാക്കൻമാരുടെ വേഷം കഷ്ടിച്ച് മുട്ടോളമെത്തുന്ന ഒറ്റമുണ്ടായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1662-ൽ കൊല്ലം റാണിയെ സന്ദർശിച്ച ഡച്ച് നാവികനായ ജോൺ ന്യൂഹാഫ് റാണിയുടെ വേഷം അരയിൽ ചുറ്റിയ മുണ്ടും തോളത്ത് ഇട്ടിരുന്ന ഒരു ചെറിയ വസ്ത്രവുമാണെന്ന് അദ്ദേഹത്തിന്റെ യാത്രാവിവരണത്തിൽ എഴുതിയിട്ടുണ്ട്. നായൻമാരുടെ വസ്ത്രം ഒരു കഷണം തുണിയാണ്. സത്രീകൾ വെളുത്ത മുണ്ട് അരചുറ്റി മുട്ടറ്റം എത്തും വരെ ഉടുക്കുന്നു. ജാത്യാചാര പ്രകാരം നായർ സ്ത്രീകൾ മാറ് മറയ്ക്കാൻ പാടില്ല എന്ന് വില്യം ലോഗൻ മലബാർ മാനുവലിൽ പറയുന്നുണ്ട്.
ക്രിസ്ത്യൻ സ്ത്രീകൾക്ക് ചട്ടയും മുട്ടിന് അല്പം താഴെ വരെ എത്തുന്ന മുണ്ടും ധരിക്കാമായിരുന്നു. ചന്തി മറയ്ക്കാനായി മുണ്ട് ഞൊറിഞ്ഞ് ഉടുക്കുന്നു. മുസ്ലീം സ്ത്രീകൾ മേൽക്കുപ്പായവും കാൽമുട്ടുവരെ എത്തുന്ന വസ്ത്രവും ധരിക്കും. കോഴിക്കോട്ടെ ധനികരായ മുസ്ലീം പുരുഷൻമാർ സിൽക്ക് തുണികൊണ്ടുള്ള ഉടുപ്പും പൈജാമയും ധരിച്ചിരുന്നു. സാധാരണക്കാർ മുണ്ട് മാത്രം.
നമ്പൂതിരി സ്ത്രീകൾക്കും റൗക്കയോ ബ്ലൗസോ ഉണ്ടായിരുന്നില്ല, പാദം വരെയെത്തുന്ന ഉടുമുണ്ട് അവർ കോന്തുകെട്ടി ഉടുക്കുന്നു. കസവ് കരയുള്ള ഒരു മുണ്ട് മുലക്കച്ചയായി ധരിക്കുന്നു. തറ്റുടുത്ത ഉടുമുണ്ടും മേൽമുണ്ടുമായിരുന്നു നമ്പൂതിരി പുരുഷൻമാരുടെ വേഷം. ഈഴവർ, നാടാർ തുടങ്ങിയ അയിത്തജാതിക്കാർക്ക് മുട്ടിന് മുകളിൽ വരെയുള്ള ഒരു തുണിയായിരുന്നു ആകെ വേഷം.
എല്ലാ ജാതിയിലും പെട്ട ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ആകെ വേഷം കൗപീനം മാത്രമായിരുന്നു. ഗുഹ്യപ്രദേശത്തെ മറയ്ക്കുന്നത് എന്നാണ് കൗപീനത്തിന് അർത്ഥം. കൗപീനത്തെ മലയാളത്തിൽ കോണകം എന്നും തമിഴിൽ കോവണം എന്നും വിളിച്ചു. അര നൂറ്റാണ്ട് മുമ്പ് വരെ തമിഴ് നാട്ടിലേയും ആന്ധ്രയിലേയും കർണ്ണാടകത്തിലേയും നാട്ടിൻ പുറങ്ങളിൽ മുതിർന്ന പുരുഷൻമാരുടെ പോലും പ്രധാന വേഷം കൗപീനമായിരുന്നു. ഇലക്കോണകം, പട്ടുകോണകം, കെട്ടുകോണകം തുടങ്ങിയവയാണ് കോണകത്തിന്റെ വകഭേദങ്ങൾ.