സൂര്യന്റെ നിറം എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി

സൂര്യ​ന്റെ നിറം മഞ്ഞയെന്നും , വെളുപ്പെന്നും പല പുസ്​തകങ്ങളിലും പ്രതിപാദിച്ചുകാണുന്നു. നാം കാണുന്ന സൂര്യ​ന്റെ ചിത്രങ്ങളിൽ അധികവും ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ളവ യാണ്. നാസ പുറത്തുവിടുന്ന സൂര്യ​ന്റെ ചിത്രങ്ങളിൽ ഇവയ്ക്കു പുറമെ നീല, പച്ച, ചാരം, തവിട്ട്​ തുടങ്ങിയ നിറങ്ങളും കാണുന്നു. ഈ ചിത്രങ്ങളെല്ലാം സൂര്യ​ന്റെ നിറത്തെക്കുറിച്ച്​ നമ്മിൽ ആശയക്കുഴപ്പം സൃഷ്​ടിക്കുന്നു.

നാസ പുറത്തുവിടുന്ന സൂര്യ​ന്റെ ചിത്രങ്ങളിലെ വൈവിധ്യമാർന്ന നിറങ്ങളെല്ലാം കമ്പ്യൂട്ടറുകൾ നൽകുന്നവയാണ്. സൂര്യ​ന്റെ അന്തർ ബഹിർ ഭാഗങ്ങളിലെ വിവിധ കാര്യങ്ങൾ പഠനവിധേയ മാക്കാനാണ് ഇങ്ങനെ വ്യത്യസ്​ത നിറമുള്ള ചിത്രങ്ങൾ തയാറാക്കുന്നത്. ചിത്രകാരന്മാർ അവരുടെ സൂര്യവരകൾക്ക് പൊതുവെ ചുവപ്പ്​, ഓറഞ്ച്​ നിറങ്ങളാണ്​ നൽകുന്നത്. ചുട്ടുപഴുത്ത ഗോളം എന്ന്​ തോന്നിപ്പിക്കാനാവണം അവർ ഈ നിറങ്ങൾ ഉപയോഗിക്കുന്നത്. ഉദയാസ്​തമയങ്ങളിൽ നാം കാണുന്ന സൂര്യ​ന്റെ നിറവും ചിത്രകാരന്മാരെ സ്വാധീനിച്ചിരിക്കണം.സൂര്യ​ന്റെ ശരിക്കുള്ള നിറം എന്താണ് എന്ന് അറിയാനായി സൂര്യനെ നേരിട്ട്​ നോക്കാൻ പറ്റില്ലല്ലോ. അതു കണ്ണിനെ അപായപ്പെടുത്തും.

സൂര്യഫിൽറ്ററുകൾ ഉപയോഗിച്ച് നോക്കിയാൽ സൂര്യനെ ശരിയായ നിറത്തിലാവില്ല കാണുക എന്നതും പ്രശ്നമാണ്. അതിനാൽ സൂര്യ​ന്റെ നിറമറിയാൻ നല്ല ഒരു കാമറ ഉപയോഗിച്ച്​​ ഫോട്ടോയെടുക്കുകയേ മാർഗമുള്ളൂ. ഇതുവഴി നമുക്ക് ​ലഭിക്കുക മഞ്ഞ നിറമുള്ള സൂര്യ​ന്റെ ചിത്രമാണ്.അപ്പോൾ സൂര്യ​ന്റെ നിറം മഞ്ഞയാണോ? അല്ലെന്ന് ബഹിരാകാശ യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. ബഹിരാകാശത്ത്​ ചെന്നാൽ വെളുത്ത സൂര്യനെയാണ് നമുക്ക്​ കാണാനാവുക.

അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിൽ നിന്നെടുത്ത എല്ലാ ചിത്രങ്ങളിലും സൂര്യ​ന്റെ നിറം വെളുപ്പാണ്. ഇതിൽനിന്നും സൂര്യ​ന്റെ ശരിയായ നിറം വെളുപ്പാണെന്ന് മനസ്സിലാക്കാം. സൂര്യന്​ വെളുപ്പ് നിറം ലഭിക്കുന്നത് അത് പുറപ്പെടു വിക്കുന്ന വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്​ എന്നീ ഏഴ്​ വർണങ്ങളിലുള്ള (തരംഗദൈർഘ്യങ്ങളിലുള്ള) പ്രകാശം കൂടിച്ചേർന്നാണ്​. അന്തരീക്ഷത്തിലെ ജലകണികകളിൽ തട്ടി സൂര്യപ്രകാശത്തിലെ ഈ വർണങ്ങൾ വേർപിരിയുന്നതാണ് നാം കാണുന്ന മഴവില്ല്.സൂര്യൻ വെളുത്തതെങ്കിൽ ഭൂമിയിൽനിന്ന്​ നോക്കുമ്പോൾ എന്തുകൊണ്ട്​ അതിനെ മഞ്ഞനിറത്തിൽ കാണുന്നു?

എന്നാണ് സംശയമെങ്കിൽ ഇതിനു കാരണം ഭൂമിയുടെ അന്തരീക്ഷമാണ്. അന്തരീക്ഷം സൂര്യപ്രകാശത്തിലെ നീലരശ്മികളെ കൂടുതലായി വിസരണംചെയ്യിക്കുന്നു. ഇത്​ ആകാശത്തിനു നീല നിറം നൽകുന്നു. നീല ഒഴികെയുള്ള രശ്മികൾ കൂടിച്ചേർന്നാണ്​ സൂര്യന് മഞ്ഞനിറം ലഭിക്കുന്നത്.സൂര്യ​ന്റ വികിരണങ്ങളിൽ ഭൂരിഭാഗവും ദൃശ്യവർണ രാജിയിലെ പച്ച, മഞ്ഞ വർണങ്ങൾക്കിട യിലുള്ളവയാണ്. നക്ഷത്രങ്ങളുടെ സ്​പെക്ട്രൽ വർഗീകരണമനുസരിച്ച്​ സൂര്യനെ മഞ്ഞനക്ഷത്രങ്ങളുടെ വിഭാഗമായ ‘G’ യിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ അർഥത്തിൽ സൂര്യൻ ഒരു മഞ്ഞ നക്ഷത്രമാണ്.

ഭൂമിയിൽനിന്നുള്ള കാഴ്ചയിലും ഏറക്കുറെ അങ്ങനെതന്നെ. എന്നാൽ, ബഹിരാകാശ ത്തുനിന്ന്​ കാണുന്ന വെളുപ്പാണ്​ സൂര്യ​ന്റെ യഥാർഥ നിറം.മഴവിൽ വർണങ്ങൾ കൂടാതെ ഇൻഫ്രാറെഡ്, അൾട്രാവയലറ്റ്​ തുടങ്ങിയ പ്രകാശരശ്മികളും സൂര്യനിൽനിന്നും വരുന്നുണ്ട്. ഇവയെ സ്വീകരിക്കാൻ കഴിയുന്ന കോശങ്ങൾ നമ്മുടെ കണ്ണിന്റെ റെറ്റിനയിലി ല്ലാത്തതിനാൽ ഇവ നമുക്ക്​ കാണാനാവില്ല. അല്ലെങ്കിൽ ഇവകൂടി ചേർന്ന് ​ലഭിക്കുന്ന പുതിയൊരു നിറത്തിലാവും സൂര്യനെ നാം കാണുക. ഈ രശ്മികളെ കാണാനും ഇവയെ ഉപയോഗപ്പെടുത്തി സൂര്യ​ന്റെ ചിത്രമെടുക്കാനും കഴിയുന്ന ഉപകരണങ്ങൾ ഭൂമിയിലും ബഹിരാകാശത്തുമുണ്ട്.

 

You May Also Like

ചെറിയ മഴത്തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നത് എന്തുകൊണ്ട് ?

ചെറിയ മഴത്തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നത് എന്തുകൊണ്ട് ? അറിവ് തേടുന്ന പാവം പ്രവാസി ജല കണികകളുടെ…

നൂറ്റാണ്ടുകളായി വീശിയടിച്ച ശക്തമായ കാറ്റിൽ ശിഖരങ്ങൾ ചിന്നിച്ചിതറിയ മരത്തൂണുകൾക്ക് താഴെ കുഴിച്ചിട്ടിരിക്കുന്നവരുടെ ശവകുടീരങ്ങളാണ്

സിയാവോ(Xiaohe) : 4000 വർഷം പഴക്കമുള്ള മരുഭൂമിയിലെ സെമിത്തേരി Sreekala Prasad ചൈനയിലെ വിജനമായ തക്ലമാകൻ…

പ്രോജക്റ്റ് ഹബക്കുക്ക്: ബ്രിട്ടന്റെ രഹസ്യ ഐസ് കപ്പൽ നിർമ്മാണം

✍️ Sreekala Prasad പ്രോജക്റ്റ് ഹബക്കുക്ക്: ബ്രിട്ടന്റെ രഹസ്യ ഐസ് കപ്പൽ നിർമ്മാണം നിരാശാജനകമായ സമയത്ത്…

ജാരിയയിലെ അണയാത്ത കൽക്കരി തീകൾ

ജാരിയയിലെ അണയാത്ത കൽക്കരി തീകൾ Sreekala Prasad ഒരു നൂറ്റാണ്ടായി ഭൂമിക്കടിയിൽ കത്തുന്ന കൽക്കരിപ്പാടത്തിന്റെ തീയുടെ…