പ്രഷർ കുക്കറിന്റെ പ്രവർത്തന തത്വം എന്താണ് ? 

അറിവ് തേടുന്ന പാവം പ്രവാസി

വളരെ ലളിതമായ, എന്നാൽ തികച്ചും ശാസ്ത്രീയമായ പ്രവർത്തനരീതിയാണ് പ്രഷർ കുക്കറിന്റേത്. പാചകസമയം പകുതിയോളം കുറയ്ക്കാനും , ഇന്ധനോപയോഗവും അതുവഴി വീട്ടുചെലവും കുറയ്ക്കാനും ഈ ഉപകരണം സഹായിക്കുന്നു. ഉയർന്ന പർവതപ്രദേശങ്ങളിൽ പാചകം സാധ്യമാക്കുന്നതിലും ഇതിനുള്ള പങ്ക് ചെറുതല്ല.

മുപ്പതുശതമാനം പാചകവേഗം കൂട്ടാനും , ഇന്ധനച്ചെലവിന്റെ അമ്പതുമുതൽ എഴുപതു ശതമാനംവരെ കുറയ്ക്കാനും പ്രഷർ കുക്കറുകൾ സഹായിക്കുന്നു. ഇറച്ചിപോലുള്ള വസ്തുക്കൾ പൂർണമായി പാചകം ചെയ്യപ്പെട്ടില്ലെങ്കിൽ വിരകൾ അവശേഷി ക്കാനും , ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. ഇത്തരം വസ്തുക്കൾ സുരക്ഷിതമായി പാകംചെയ്യാൻ പ്രഷർ കുക്കറുകൾ സഹായിക്കും.
പതിനേഴാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന ശാസ്ത്രജ്ഞനായിരുന്നു ഡെനിസ് പേപ്പിൻ. നീരാവിയുടെ സ്വഭാവ സവിശേഷ തകളും , ഉപയോഗങ്ങളും ഒക്കെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന പഠനമേഖല.1679-ൽ നീരാവി ഉപയോഗിച്ച് പാചകം ചെയ്യാനുള്ള ഒരു ഉപകരണം അദ്ദേഹം വികസിപ്പിച്ചു. സ്റ്റീം ഡയജസ്റ്റർ എന്നാണ് ഇതിനു പേരുനൽകിയത്. നീരാവി ഉപയോഗിച്ച് പാചകം എളുപ്പമാ ക്കാനുള്ള പരീക്ഷണത്തിന്റെ ഫലമായിരുന്നു ഈ കണ്ടെത്തൽ. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ആവിയിലോടുന്ന ബോട്ടും അദ്ദേഹം പിൽക്കാലത്ത് നിർമിച്ചു.

1795-ൽ ഫ്രഞ്ച് പടയാളികൾക്കുള്ള ഭക്ഷണം കേടാകാതെ സൂക്ഷിക്കാനുള്ള വിദ്യ കണ്ടുപിടിക്കുന്നവർക്ക് ഫ്രഞ്ച് ഗവൺമെന്റ് പാരിതോഷികം പ്രഖ്യാപിച്ചു. നിക്കോളാസ് അപ്പെർട്ട് എന്നയാൾ ഒരു ലോഹജാറിനുള്ളിൽ ഉയർന്ന മർദത്തിൽ ഭക്ഷ്യവസ്തുക്കളെ അടച്ചുസൂക്ഷിക്കുകയും , തിളച്ച വെള്ളത്തിൽ മുക്കി പാകംചെയ്യുകയും ചെയ്യുന്ന വിദ്യ കണ്ടുപിടിച്ച് പുരസ്കാരം നേടി. പിന്നീട് ഇത് അടുക്കളകളിൽ പാചകം എളുപ്പമാക്കാനും ഉപയോഗിച്ചുതുടങ്ങി. 1938-ൽ ആൽബർട്ട് വിഷ്ലർ ആണ് അടുക്കളയ്ക്കിണങ്ങിയ രൂപത്തിൽ ഇതിനെ പുതുക്കി മെനഞ്ഞെ ടുത്തത്. അതോടെ അമേരിക്കയിലും , യൂറോപ്പിലുമെല്ലാം പ്രഷർകുക്കറുകൾ താരമായി.1940-കളുടെ തുടക്കത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ഗൃഹോപകരണമായും ഇവ മാറി.

1949-ലാണ് ഇന്ത്യയിൽ ആദ്യമായി പ്രഷർകുക്കർ നിർമിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. ഏതായാലും ആഗോള തലത്തിൽത്തന്നെ പ്രഷർ കുക്കർ നിർമാണ മേഖലയിൽ ഇന്ത്യൻ കമ്പനികൾക്ക് മേൽക്കൈയുണ്ട്. ഇന്ത്യൻ അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനവും ഇന്ന് ഇവയ്ക്കുണ്ട്. മറ്റ് ഗൃഹോപകരണങ്ങൾക്കായി വഴിമാറിക്കൊടുക്കേണ്ട അവസ്ഥ തത്കാലം ഇന്ത്യയിലില്ല.

ഉയർന്ന മർദംസൃഷ്ടിക്കാനും , നിലനിർത്താനും കഴിയുന്ന കട്ടിയുള്ള, മുറുകിയിരിക്കുന്ന അടപ്പുള്ള ലോഹപാത്രവും , മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രഷർ വാൽവ് സംവിധാനവുമാണ് പ്രഷർകുക്കറിന്റെ പ്രധാന ഭാഗങ്ങൾ. ജലാംശമുള്ള ഭക്ഷണപദാർഥങ്ങൾ പാകംചെയ്യാനേ പ്രഷർകുക്കറുകൾ ഉപയോഗിക്കാനാവൂ. അവയ്ക്കുള്ളിൽ ഉയർന്ന മർദത്തിൽ ജലത്തെ നീരാവിയാക്കി മാറ്റുന്നു. ഈ നീരാവി 130 ഡിഗ്രി സെൽഷ്യസ് വരെയുള്ള ഉയർന്ന താപനില കൈവരിക്കാൻ സഹായി ക്കുന്നു. ദ്രാവകത്തിലെ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലത്തെ മറികടന്നാണ് അവ ബാഷ്പം അഥവാ നീരാവി ആയി മാറുന്നത്. ദ്രാവക തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലത്തെ മറികടക്കാൻ താപോർജം സഹായിക്കുന്നു. ചൂടാക്കുമ്പോൾ വെള്ളം തിളച്ച് നീരാവിയാകുന്നത് ഇതുകൊണ്ടാണ്. ഓരോ ദ്രാവകത്തിനും ബാഷ്പാവസ്ഥയിലേക്ക് മാറാൻ ആവശ്യമായ താപനില വ്യത്യസ്തമായിരിക്കും.

ഓരോ ദ്രാവകത്തിലെയും തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം വ്യത്യസ്ത മായതുകൊണ്ടാണിത്. സാധാരണ അന്തരീക്ഷ മർദത്തിൽ ജലത്തിന്റെ തിളനില നൂറുഡിഗ്രി സെൽഷ്യസ് ആണ്. എന്നാൽ, മർദം കൂടുമ്പോൾ തന്മാത്രകൾ തമ്മിൽ ചേർത്ത് അമർത്തപ്പെടുന്നു. അതോടെ ആകർഷണ ബലത്തെ മറികടന്ന് വാതകമായി മാറാൻ കൂടുതൽ ഊർജം നൽകേണ്ടിവരുന്നു. അതായത്, അവയുടെ തിളനില ഉയരുന്നു. പ്രഷർ കുക്കറിൽ രൂപപ്പെടുന്ന നീരാവി അതിനുള്ളിൽ തടഞ്ഞു നിർത്തപ്പെടുന്നതു കൊണ്ട് കുക്കറിനകത്തെ മർദം ഉയരുന്നു. മർദം ഉയരുന്നതോടെ ജലം തിളയ്ക്കുന്ന ഊഷ്മാവ് നൂറുഡിഗ്രിക്ക് മുകളിലേക്ക് ഉയരുന്നു. ഇത് ഉയർന്ന താപനിലയിൽ പാചകം സാധ്യമാക്കുന്നു.

പാചക സമയവും , ഊർജച്ചെലവും കുറയ് ക്കാൻ ഇങ്ങനെ കഴിയുന്നു. പർവതങ്ങളിലും , സമുദ്രനിരപ്പിൽനിന്ന് വളരെ ഉയർന്ന പ്രദേശങ്ങളിലും അന്തരീക്ഷ മർദം സാധാരണയെക്കാൾ കുറവായിരിക്കും. മർദം കൂടുമ്പോൾ തിളനില കൂടുന്നതുപോലെ മർദം കുറയുമ്പോൾ ദ്രാവകങ്ങൾ എളുപ്പത്തിൽ തിളയ്ക്കും. ഭക്ഷണ പദാർഥങ്ങൾ പാകം ചെയ്യാൻ വേണ്ടത്ര ഊഷ്മാവ് ലഭിക്കില്ല എന്നർഥം. പാകംചെയ്യാൻ കൂടുതൽ ഊർജം വേണ്ട ഉരുളക്കിഴങ്ങ്, പയറുവർഗങ്ങൾ എന്നിവയൊക്കെ വേവിച്ചെടുക്കാൻ വളരെ പ്രയാസമോ ,അസാധ്യമോ ആയി മാറുന്നു. ഇവിടെയും പ്രഷർ കുക്കറുകളാണ് രക്ഷയ്ക്കെത്തുന്നത്.
പൊട്ടിത്തെറികൾ ഒഴിവാക്കാൻഅകത്ത് കുടുക്കിയിടാനോ, പുറത്ത് തിരിച്ച് സീൽ ചെയ്യാനോ കഴിയുന്ന അടപ്പാണ് സാധാരണ ഉണ്ടാവുക. ഇതിനുള്ളിൽ ഗാസ്കറ്റ് എന്നറിയപ്പെടുന്ന കറുത്ത റബ്ബർ വളയം കാണാം. വായു പുറത്തുപോകാത്ത വിധം സീൽചെയ്യാൻ ഇത് സഹായിക്കുന്നു. ഗാസ്കറ്റ് പഴകിയതാണെങ്കിൽ അതിനിടയിലൂടെ നീരാവി പുറത്തുവരാൻ സാധ്യതയുണ്ട്. കുക്കറുകളിൽ വിസിലടി ശബ്ദമുണ്ടാക്കുന്ന ‘വെയിറ്റ്’ എന്ന് സാധാരണ പറയാറുള്ള ഭാഗമാണ് അതിന്റെ പ്രധാന സുരക്ഷാവാൽവ്. കുക്കറിനകത്ത് പൂർണ അളവിൽ മർദം നിറഞ്ഞുകഴിയുമ്പോൾ ഇത് നീരാവിയുടെ തള്ളൽമൂലം അല്പം പൊങ്ങുകയും , അധികമുള്ള മർദം പുറത്തേക്കു വിടുകയും ചെയ്യുന്നു. അല്പം മാത്രം ഉയരുന്ന, എന്നാൽ പുറത്തേക്ക് തെറിക്കാത്ത വിധത്തിൽ ആണ് പ്രഷർ വെയിറ്റിന്റെ സംവിധാനം.

എന്നാൽ, വേണ്ടവിധത്തിൽ വൃത്തിയാക്കാതെ ദ്വാരം അടഞ്ഞുപോകുമ്പോഴോ, കുക്കർ ഒരു പരിധിയിൽക്കൂടുതൽ നിറഞ്ഞാലോ, അരിപോലുള്ള ഒട്ടിപ്പിടിക്കുന്ന പദാർഥങ്ങൾ പാചകം ചെയ്യുമ്പോഴോ വെയിറ്റ് തെറിച്ചുപോയി നീരാവിയും ഒപ്പം വെള്ളവും പുറത്തേക്കു തെറിക്കാൻ സാധ്യതയുണ്ട്. ഇതുകൂടാതെ, പ്രഷർ വാൽവ് പ്രവർത്തിക്കാത്ത സമയങ്ങളിൽ അടിയന്തരസ്വഭാവത്തോടെ പ്രവർത്തിക്കാനായി ഒരു ചെറിയ സുരക്ഷാ വാൽവും അടപ്പിന്റെ ഒരു വശത്തായി കാണാം. എളുപ്പത്തിൽ ഉരുകിപ്പോകുന്ന ലോഹം കൊണ്ടാണ് ഇതുണ്ടാക്കുന്നത്. അടിയന്തര ഘട്ടത്തിൽ ഇത് ഉരുകി മർദം പുറത്തു കളയുന്നു. കുക്കർ പൊട്ടിത്തെറിക്കാനുള്ള സാധ്യത ഇങ്ങനെ ഒഴിവാക്കാം.

മുൻകരുതലുകൾ ഉണ്ടെങ്കിലും ഉപയോഗ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.

കുക്കർ മൂന്നിൽ രണ്ടുഭാഗത്തിൽ കൂടുതൽ നിറയ്ക്കാതിരിക്കാനും ആവശ്യത്തിനു വെള്ളമൊഴിക്കാനും ശ്രദ്ധിക്കണം.

ഗാസ്കറ്റ് അയഞ്ഞു പോയാലോ, അല്ലെങ്കിൽ വർഷത്തിൽ ഒരിക്കലോ മാറ്റേണ്ടതുണ്ട്.

അടപ്പും , വാൽവുകളും വൃത്തിയായി സൂക്ഷിക്കണം.

തിളച്ച വെള്ളം ഒഴിച്ച് വാൽവിനകത്തെ ഭക്ഷണപദാർഥങ്ങൾ വൃത്തിയാക്കാം.

ഒട്ടിപ്പിടിക്കുന്ന, വാൽവ് അടയാൻ കാരണമാകുന്ന വസ്തുക്കൾ കുറഞ്ഞ അളവിലെടുത്ത്, തീ താഴ്ത്തിവെച്ചുമാത്രം പാകം ചെയ്യുക,

അടിയന്തര സുരക്ഷാവാൽവ് ഒരിക്കൽ തുറന്നാൽ അത് ഉടനെ മാറ്റുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.

പാചകത്തിനുശേഷം കുക്കറിനകത്തെ മർദം പൂർണമായും പുറത്തുപോകുംവരെ കാത്തിരുന്ന ശേഷമേ തുറക്കാവൂ. അല്ലെങ്കിൽ നീരാവി തെറിച്ചുവീണു പൊള്ളലേൽക്കാം.

ഉയർന്ന മർദത്തിൽ പരീക്ഷണങ്ങൾ നടത്താനും , അണുനശീകരണത്തിനുമൊക്കെ സഹായിക്കുന്ന ഉപകരണങ്ങളായ ഓട്ടോക്ലേവുകൾ പ്രഷർ കുക്കറിന്റെ സ്വന്തക്കാരാണ്.

ഒരു കുക്കറിന്‍റെ ദീര്‍ഘകാല ഈടിനു കാലാകാലങ്ങളില്‍ ഉള്ള കേടുപാടുകള്‍ നീക്കല്‍ അത്യന്താപേക്ഷിതമാണ്. പ്രഷര്‍ കുക്കറിന്‍റെയും ഉപയോഗിക്കുന്നവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് കമ്പനിയുടെ യഥാർഥ സ്പെയര്‍ പാര്‍ട്സുകള്‍ തന്നെ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ ചെലുത്തേ ണ്ടതുണ്ട്. എന്നാല്‍ ഇന്ത്യയില്‍ സര്‍വീസിനു വരുന്ന പ്രഷര്‍ കുക്കറുകളില്‍ 100 എണ്ണത്തില്‍ വെറും ഏഴെണ്ണം മാത്രമാണ് യഥാര്‍ത്ഥ സ്പെയര്‍പാര്‍ട്ട്സുകള്‍ ഉപയോഗിക്കുന്നതായി കണക്കുകള്‍ കാണിക്കുന്നത്.

പ്രഷര്‍ കുക്കറിന്‍റെ കൈപ്പിടികള്‍ കേടുവന്നാൽ പേടിക്കേണ്ട. ആവശ്യമെങ്കില്‍ അത് നിങ്ങള്‍ക്ക് മുറുക്കി പിടിപ്പിക്കാവുന്നതേ ഉള്ളൂ. ഇനി പൊട്ടിയിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് എളുപ്പത്തില്‍ മാറ്റിവെയ്ക്കാവുന്നതുമാണ്. ഒരു പ്രഷര്‍ കുക്കറിന്‍റെ ഗാസ്ക്കറ്റിന്‍റെ ശരാശരി ആയുസ്സ് പത്തു മുതല്‍ പന്ത്രണ്ടു മാസം വരെയാണ്. അത് കഴിഞ്ഞാല്‍ ഗാസ്ക്കറ്റ് മാറ്റിവെക്കണം. ഒറിജിനലിനു പകരം ഡ്യൂപ്ലിക്കേറ്റ് ആണ് നിങ്ങള്‍ ഉപയോഗിക്കു ന്നതെങ്കില്‍ ഗാസ്ക്കറ്റ് റിലീസ് സിസ്റ്റം വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാതെ വരികയും പ്രഷര്‍ കുക്കറിന്‍റെ സുരക്ഷിത ഉപയോഗത്തിന് ഭംഗം വരുത്തുകയും ചെയ്യും. അത് കൊണ്ട് എല്ലാ വര്‍ഷവും ഗാസ്ക്കറ്റ് മാറ്റുകയും പകരം ഒറിജിനല്‍ തന്നെ വെയ്ക്കുകയും ചെയ്യണം.

പ്രഷര്‍ കുക്കര്‍ കമ്പനിയുടെ അംഗീകൃത ഡീലര്‍മാരില്‍ നിന്ന് മാത്രം സ്പെയര്‍പ്പാര്‍ട് സുകള്‍ വാങ്ങുന്നതിനു ശ്രദ്ധിക്കണം. ഒറിജിനല്‍ ഗാസ്ക്കറ്റ് നിര്‍മിക്കുന്നത് വളരെ നിയന്ത്രിത ചുറ്റുപാടില്‍ ഉയര്‍ന്ന നിലവാരമുള്ള നൈട്രൈല്‍ റബ്ബര്‍ ഉപയോഗിച്ചാണ്. ഒരു ഗാസ്ക്കറ്റിന്‍റെ അളവും , ആകൃതിയും , പ്രഷര്‍ കുക്കറിന്‍റെ അളവുകള്‍ക്ക് അനുസൃതമായിരിക്കും.

വെയിറ്റ് വാല്‍വ് സിസ്റ്റത്തിന് എന്തെങ്കിലും തകരാറുണ്ടായാല്‍ അധിക മര്‍ദ്ദം പുറത്തേക്ക് തള്ളുന്നതിനു വേണ്ടിയുള്ള രീതിയിലാണ് ഗാസ്ക്കറ്റിന്‍റെ രൂപകല്‍പ്പന. എന്നാല്‍ പാചകം ചെയ്ത ഭക്ഷണത്തെ ഒരു തരത്തിലും ദോഷകരമായി ബാധിക്കാത്ത തരത്തിലുള്ള അസംസ്കൃത വസ്തുവാണ് ഇതുണ്ടാക്കുവാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറിജിനലിനു പകരം വ്യാജനാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ അതിന്‍റെ ആയുസ് ഒരു വര്‍ഷത്തിന് പകരം രണ്ടോ , മൂന്നോ മാസം എന്ന കണക്കിലേക്ക് ചുരുക്കും എന്നും ഓര്‍ത്തിരിക്കേണ്ടതാണ്.

ലോഹനിര്‍മ്മിതമായ സേഫ്റ്റി പ്ലഗ്ഗ് നിങ്ങളുടെ പ്രഷര്‍ കുക്കറിന്‍റെ മറ്റൊരു നിര്‍ണ്ണായക ഘടകമാണ്. പാചകം ചെയ്യുമ്പോൾ പ്രഷര്‍ കുക്കറിന്‍റെ ഉള്ളിലെ ചൂടോ , മർദമോ സുരക്ഷിതമായ അളവിലും കൂടുകയാണെങ്കില്‍ സേഫ്റ്റി പ്ലഗ്ഗിലെ ലോഹം ഉരുകുകയും അത് വഴി അധിക മർദം പുറത്തേക്കു പോവുകയും ചെയ്യും. എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് ഒരു വ്യാജ സേഫ്റ്റി പ്ലഗ്ഗ് ആണെങ്കില്‍ മേല്‍പ്പറഞ്ഞ തടസ്സമുണ്ടായാല്‍ ലോഹം ഉരുകണമെന്നില്ല. ഇത് പ്രഷര്‍ കുക്കറിന്‍റെ സുരക്ഷയെ തകിടം മറിക്കുകയും പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു അപകടം ഉണ്ടാവാന്‍ കാരണമാവുകയും ചെയ്യും.

അത് പോലെ തന്നെ പ്രഷര്‍ കുക്കറിന്‍റെ വെയിറ്റ് വാല്‍വ് നിര്‍മ്മിച്ചിരിക്കുന്നത് കുക്കറിന്‍റെ ഉള്ളിലെ മർദം സുരക്ഷിത അളവില്‍ കൂടുകയാണെങ്കില്‍ ഉരുകി പോവുന്ന ഒരു പ്രത്യേക ലോഹസങ്കരം കൊണ്ടുള്ള മികച്ച പദാര്‍ത്ഥമുപയോഗിച്ചാണ്. ഇതിന്‍റെ ഉപയോഗം സേഫ്റ്റി പ്ലഗ്ഗിന്‍റെ ഉപയോഗം പോലെ തന്നെയാണ്.
ഒരു പ്രഷര്‍ കുക്കര്‍ വൃത്തിയാക്കുമ്പോൾ, ഉപയോഗിക്കുന്നത് അലുമിനിയം പ്രഷര്‍ കുക്കറാണെങ്കില്‍ അത് ഉപയോഗത്തിനു ശേഷം ഉടനെ തന്നെ കഴുകി വൃത്തിയാക്കേ ണ്ടതാണ്. കഴുകുമ്പോള്‍ കഠിനമായ കെമിക്കലുകള്‍ ഉപയോഗിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. അലുമിനിയം കുക്കറു കളും , ഹാര്‍ഡ് അനോഡൈസ്ഡ് കുക്കറുകളും ഡിഷ് വാഷര്‍ ഉപയോഗിച്ച് കഴുകുവാന്‍ പാടുള്ളതല്ല. ഇതെല്ലാം അറിഞ്ഞിരിക്കുകയും പ്രായോഗികമാക്കുകയും ചെയ്താൽ ഒരു പ്രഷർ കുക്കർ ദീർഘകാലം സുരക്ഷിതമായി ഉപയോഗിക്കാം.

You May Also Like

എന്താണ് അകോസ്റ്റിക്സ് ഓഫ് ബിൽഡിങ് എന്ന ശാസ്ത്രശാഖ ?

കെട്ടിടങ്ങളുടെ പ്രതിധ്വനി ഒഴിവാക്കുന്നതിനായി ഉള്ള ശാസ്ത്രശാഖ ആണ് അകോസ്റ്റിക്സ് ഓഫ് ബിൽഡിങ്

കീടത്തെ ഉപയോഗിച്ചു വസ്ത്രങ്ങൾക്ക് നിറം നൽകാൻ സാധിക്കുമോ ?

അറിവ് തേടുന്ന പാവം പ്രവാസി പ്രകൃതിയിൽ നിന്നു ലഭിക്കുന്ന നിറങ്ങൾ ഉപയോഗിച്ചാണ് പണ്ടു കാലത്ത് തുണികളും…

ഫോസിലും അതിന്റെ പുനർനിർമ്മിതിയും

ഫോസിലും അതിന്റെ പുനർനിർമ്മിതിയും. ചിത്രത്തില്‍ കാണുന്നത്‌ ആല്‍ബർട്ടോസോറസ്‌ എന്ന ഭീകരനായ മാംസഭുക്ക്‌ ഡിനോസറിന്റെ ഫോസിലാണ്‌. പേര്‌,…

ഇന്ത്യൻ ട്രെയിനുകളുടെ ജനാലകളിലൂടെ നാം കാണുന്ന ഫാമുകൾ വിശാലമാണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല, ലോകത്തിലെ ഏറ്റവും വലിയ 10 ഫാമുകൾ ഇതാ

ലോകത്തിലെ ഏറ്റവും വലിയ 10 ഫാമുകൾ ഇന്ത്യൻ ട്രെയിനുകളുടെ ജനാലകളിലൂടെ നാം കാണുന്ന ഫാമുകൾ വിശാലമാണെന്ന്…