എന്താണീ അർബൻ നക്സൽ ? ഈ പ്രയോഗം എവിടെനിന്നു വന്നു ?

120

Nandakishore Varma

നമ്മളിപ്പോൾ ഒരുപാടു കേൾക്കുന്ന ഒരു പദമാണ് “അർബൻ നക്സൽ”. ഈയിടെ കഴിഞ്ഞ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത് പൗരത്വ നിയമത്തിനെതിരേയുള്ള പ്രതിഷേധം അവരുടെ കുത്തിത്തിരുപ്പാണെന്നാണ്. ഇതിനു മുൻപേ തന്നെ ഭീം – കോരേഗാവ് പ്രക്ഷോഭത്തിൽ ഗൂഢാലോചനാക്കുറ്റം ചുമത്തി കുറെ സാമൂഹ്യപ്രവർത്തകരെ ജയിലിലടച്ചിട്ടുണ്ട്. ചുരുക്കം പറഞ്ഞാൽ കഴിഞ്ഞ രണ്ടു കൊല്ലമായി വംശഹത്യ മുതൽ വരട്ടുചൊറി വരെ അർബൻ നക്സലുകളുടെ തലയിലാണ് അധികാരികൾ കെട്ടി വെയ്ക്കുന്നത്.

Image result for urban naxals"എന്താണീ അർബൻ നക്സൽ? ഇത് വലതുപക്ഷ ബുദ്ധിജീവിയും (?) സിനിമാ സംവിധായകനുമായ വിവേക് അഗ്നിഹോത്രിയുടെ കണ്ടുപിടുത്തമാണ് (സൃഷ്ടി എന്നു പറയുന്നതാവും കൂടുതൽ ഉചിതം). അദ്ദേഹം “ബുദ്ധ ഇൻ എ ട്രാഫിക് ജാം” എന്ന ഒരു പടം നിർമ്മിച്ചു. ആദിവാസികൾ എങ്ങനെ മാവോയിസ്റ്റുകളാൽ ചൂഷണം ചെയ്യപ്പെടുന്നുവെന്നും, അതിന് എങ്ങനെ രഹസ്യ നക്സലുകളായ സർവ്വകലാശാലാ അദ്ധ്യാപകർ നേതൃത്ത്വം കൊടുക്കുന്നു എന്നും, ഇവരെയൊക്കെ ഒഴിവാക്കി ഒരു മുതലാളിത്ത വ്യവസ്ഥയിൽ നേരിട്ട് ഭാഗഭാക്കായാൽ നമ്മുടെ ആദിവാസികൾ രക്ഷപ്പെടുമെന്നുമൊക്കെ പറയുന്ന ഈ സിനിമ ബോക്സോഫീസിൽ മൂക്കും കുത്തി വീണു (അത്ഭുതമില്ല – അതിന്റെ നിലവാരം അത്രയ്ക്കു മോശമായിരുന്നു).

പടം പരാജയപ്പെട്ടിട്ടും ശ്രീ അഗ്നിഹോത്രി വെറുതെയിരുന്നില്ല. അദ്ദേഹം “അർബൻ നക്സൽസ് – ദി മേക്കിങ്ങ് ഓഫ് ‘ബുദ്ധ ഇൻ എ ട്രാഫിക് ജാം'” എന്ന പുസ്തകമെഴുതി. ഇതിൽ അർബൻ നക്സലുകളെ താൻ നാടിന്റെ മുക്കിലും മൂലയിലും കണ്ടെത്തിയതിനെക്കുറിച്ചും, സിനിമയിലൂടെ താനിവരുടെ “ദേശവിരുദ്ധ” പ്രവർത്തനങ്ങൾ തുറന്നു കാട്ടിയതിനെപ്പറ്റിയും, തുടർന്ന് സിനിമക്കെതിരേയുണ്ടായ ഇടതുപക്ഷ ആക്രമണങ്ങളെക്കുറിച്ചും നിറംപിടിപ്പിച്ച കഥകളെഴുതി. സമുദായത്തിലെങ്ങും ദുരുദ്ദേശമുള്ള ഈ തീവ്രവാദികൾ പതിയിരിക്കയാണെന്നും, അവരെ കണ്ടെത്തി ഉന്മൂലനാശം ചെയ്യാതെ ഇന്ത്യയ്ക്ക് രക്ഷയില്ലെന്നും അദ്ദേഹം അലമുറയിടാൻ തുടങ്ങി.

Image result for urban naxals"അഗ്നിഹോത്രിയുടെ വാദങ്ങൾ പലതും തികച്ചും ബാലിശമാണെങ്കിലും, പ്രതിരോധിക്കാൻ തുടങ്ങിയുരുന്ന അധോവർഗ്ഗത്തെ അടിച്ചമർത്താൻ ഒരായുധം അന്വേഷിച്ചുകൊണ്ടിരുന്ന സർക്കാരിന് ഇത് ഒരു നിധിയായി. അർബൻ നക്സലുകളെക്കുറിച്ചുള്ള ഗോഗ്വാവിളി ബി. ജെ. പി ഐ ടി സെൽ ഏറ്റെടുത്തപ്പോൾ അഗ്നിഹോത്രിയ്ക്ക് ചലച്ചിത്ര രംഗത്ത് ലഭിക്കാതിരുന്നത് സാഹിത്യ രംഗത്ത് ലഭിച്ചു: പുസ്തകം വൻവിജയമായി.

ഇപ്പോൾ അധികാരസ്ഥാനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന എല്ലാ സ്വതന്ത്രചിന്തകരും പ്രായേണ അർബൻ നക്സലുകളായി എണ്ണപ്പെടുന്നു. ഒരു സിനിമാസംവിധായകന്റെ വക്രബുദ്ധിയിലുദിച്ച ഈ പദം പൊതുപ്രയോഗത്തിലേക്ക് കടന്നുവന്നിരിക്കുന്നു.

ഓർവെൽ പറഞ്ഞതു ശരിയാണ് – ഫാസിസം പലപ്പോഴും ഭാഷയിലൂടെയാണ് രംഗപ്രവേശം നടത്തുന്നത്.