എന്താണ് ഓപ്പറേഷൻ പി ഹണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി

ആഗോള പീഡോഫീലിയ(കുട്ടികളുൾപ്പെട്ട നീലച്ചിത്രം) റാക്കറ്റിന്റെ മുൻനിരയിലുള്ള രാജ്യമായിരിക്കുന്നു ഇന്ത്യയും. കുട്ടികളുടെ നഗ്നചിത്രങ്ങൾ വ്യാപകമായി പങ്കുവയ്ക്കുന്ന സമൂഹമാധ്യമ ഗ്രൂപ്പുകളിൽ‌ അംഗങ്ങളായി മലയാളികളും ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിരിക്കുന്നു. വളരെ കുറഞ്ഞ പണത്തിന് ഇഷ്ടംപോലെ ഇന്റർനെറ്റ് ലഭ്യമായതോടെ നമുക്കു ചുറ്റും എന്തും സംഭവിക്കും.എന്തു തിരഞ്ഞാലും കാണിച്ചുതരുന്ന ഗൂഗിൾ, ചൈൽഡ് പോർണോഗ്രഫി എന്നു സെർച്ച് ചെയ്യുമ്പോൾ വലിയ ജാഗ്രതയിലാകും. സജസ്റ്റഡ് വാക്കുകൾ കാണിക്കില്ല, ഓട്ടോ സജഷൻ പ്രവർത്തിക്കില്ല, പ്രതീകാത്മക ദൃശ്യവും കാണാനാകില്ല. ഒരറിയിപ്പാണു പ്രത്യക്ഷപ്പെടുക.

‘കുട്ടികളുടെ ലൈംഗിക ചിത്രങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.’ കുറ്റകൃത്യങ്ങൾ അറിയിക്കേണ്ട ഫോൺനമ്പരും, വിലാസവും കാണിക്കും. അത്രയ്ക്കു കർശനമായാണു രാജ്യാന്തര സമൂഹം ചൈൽഡ് പോർണാഗ്രഫിയെ കാണുന്നത്. രാജ്യത്ത് ഓരോ 40 മിനിറ്റിലും നിയമവിരുദ്ധമായ ബാല അശ്ലീല വിഡിയോ സൃഷ്ടിക്കപ്പെടുന്നു. മലയാളികളെ ഞെട്ടിപ്പിക്കുന്ന മറ്റൊരു കണക്കുണ്ട്. ചൈൽഡ് പോർണോഗ്രഫി അപ്‍ലോഡ് ചെയ്യുന്ന ഇന്ത്യക്കാരിൽ ഏറ്റവും മുന്നിൽ പ്രബുദ്ധ കേരളമാണ്. കാണുന്നവരിൽ ഹരിയാനയും. അസം, ബിഹാർ, പഞ്ചാബ്, ഡൽഹി, ബംഗാൾ എന്നിവയും .

കേരളത്തിൽ ഓൺലൈൻ ചൈൽഡ് പോർണോഗ്രഫി അതിവേഗത്തിൽ പടരുകയാണെന്നു സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന കേരള പൊലീസിന്റെ സൈബർഡോം ചൂണ്ടിക്കാട്ടുന്നു. റെയ്ഡുകളും, അറസ്റ്റു തുടർന്നിട്ടും ആളുകൾ ഇത്തരം ഗ്രൂപ്പുകളിൽ തുടരുന്നതിൽ മാനസികപ്രശ്നം കൂടിയുണ്ട്.
ആറു വയസ്സിനു മുകളിൽ പ്രായമുള്ളവരാണു വൈകൃതങ്ങൾക്ക് ഇരകളാകുന്നത്. ലൈംഗിക ദൃശ്യങ്ങളിലുള്ള കുഞ്ഞുങ്ങളെ കണ്ടെത്തുന്നതു പ്രധാനപ്പെട്ടതാണ്. കുട്ടികളുടെ നഗ്നചിത്രങ്ങൾ കാണുകയോ, പ്രചരിപ്പിക്കുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചു വർഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.കേരളത്തിൽ ഓരോ മണിക്കൂറിലും 30 മുതൽ 40 വരെ ആളുകൾ കുട്ടികളുടെ ദൃശ്യങ്ങൾ കാണുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനുമായി വെബ്സൈറ്റുകൾ സന്ദർശിക്കുന്നുണ്ടെന്നാണു കണക്ക്.

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ രഹസ്യ ബ്രൗസറുകളാണു കൂടുതലും ഉപയോഗിക്കുന്നത്. അതീവ സാങ്കേതിക ജ്ഞാനമുള്ളവർക്കു മാത്രമാണ് സാധാരണ ഇത്തരം ബ്രൗസറുകൾ ഉപയോഗിക്കാനാവുക. ചില അശ്ലീല വെബ്സൈറ്റുകളിൽ പോപ് അപ് ചെയ്തു വരുന്ന വിൻഡോകളിലൂടെ സഞ്ചരിച്ച് കീ വേഡുകൾ ഉപയോഗിച്ചു പല സൈറ്റുകളിലൂടെ കടന്ന് ഇത്തരം നിരോധിത വെബ്സൈറ്റുകളിൽ എത്തുന്ന വിധമാണു പ്രവർത്തനം. ഒരുവട്ടം എന്തെങ്കിലും ഡൗൺലോഡ് ചെയ്താൽ വലിയ ശൃംഖലയുടെ ഭാഗമായി മാറും, ഡേറ്റ പങ്കുവയ്ക്കപ്പെടും.

പകർപ്പവകാശം ലംഘിച്ചു സിനിമകൾ ഡൗൺലോഡ് ചെയ്യാൻ അവസരം നൽകുന്ന ചില വെബ്സൈറ്റുകളിൽ തെളിയുന്ന വിൻഡോകളിലൂടെ കടന്ന് അശ്ലീല സൈറ്റുകളിലെത്തുന്നവരും ശ്രദ്ധിക്കണം. രഹസ്യ ബ്രൗസറുകളിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്തു കണ്ടാലും പ്രചരിപ്പിച്ചാലും ആരുമറിയില്ല എന്ന തോന്നലാണു പലരെയും കുറ്റകൃത്യത്തിനു പ്രേരിപ്പിക്കുക. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്യപ്പെടുന്ന വെബ്സൈറ്റുകളിൽ ഡൗൺലോഡിങ് നടത്തിയിട്ടുള്ള എല്ലാവരുടെയും കംപ്യൂട്ടറിന്റെ ഐപി അഡ്രസ് ഇന്റർപോൾ അതതു രാജ്യങ്ങളിലെ പൊലീസിനു കൈമാറിയിട്ടുണ്ടെന്ന് ഓർക്കുക.

കേരള പൊലീസിനു നൽകിയ വിവരങ്ങൾ ഉപയോഗിച്ചു ഘട്ടംഘട്ടമായി ഇത്തരക്കാരെ കണ്ടെത്തി പിടികൂടാനാണ് ‘ഓപ്പറേഷൻ പി ഹണ്ട്’ എന്ന പേരിൽ റെയ്ഡുകൾ നടക്കുന്നത്. സൈബർഡോം, സൈബർസെൽ, ഇന്റർപോളിന്റെ പ്രാദേശിക വിഭാഗം എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണു റെയ്ഡ്. ദൃശ്യങ്ങൾ കണ്ടാൽ കുഴപ്പമില്ല, ഡൗൺലോഡോ ,അപ്‌ലോഡോ ചെയ്താൽ മാത്രമേ കുഴപ്പമുള്ളൂ എന്നു കരുതുന്നതും അപകടത്തെ ക്ഷണിക്കലാണ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നിരോധിത വെബ്സൈറ്റുകളിൽനിന്നു ഡൗൺലോഡ് ചെയ്ത് സമാന താൽപര്യക്കാർക്കു കൈമാറാൻ അതീവരഹസ്യ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്തതു കൊണ്ടോ, ദൃശ്യങ്ങൾ മായ്ച്ചതു കൊണ്ടോ രക്ഷപ്പെടാനാവില്ല. ഒരുവട്ടം എന്തെങ്കിലും ചെയ്തു പോയാൽ തെളിവുകൾ എല്ലാക്കാലവും ചികഞ്ഞെടുക്കപ്പെടാൻ പാകത്തിൽ ശേഷിക്കും. ഇന്റർനെറ്റ് ഫോൺ നമ്പറുകൾ ഉപയോഗിച്ചു ചെയ്യുന്നതെല്ലാം സുരക്ഷിതമാണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ, എൻസിആർബി (നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ) എല്ലാം കാണുന്നുണ്ട്. ഇത്തരം വിഡിയോ ദൃശ്യങ്ങൾ കണ്ടെത്തി പരിശോധിച്ചു നടപടിയെടുക്കാൻ സ്വകാര്യ കമ്പനിയുടെ സഹായവുമുണ്ട്.

നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ദൃശ്യങ്ങളിൽ കാണുന്ന സ്ഥലം, പശ്ചാത്തല വിവരങ്ങൾ എന്നിവ ശേഖരിച്ചാണു പ്രതികളെ കുടുക്കുക.കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്കുകൾ അന്വേഷണാർഥം തുറന്നു കാണാൻ പരിശോധനാ സംഘത്തിനും അനുവാദമില്ല. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നതു കുറ്റകരമാണെന്ന നിയമവ്യവസ്ഥ തന്നെയാണു പരിശോധനാ സംഘത്തെയും തടയുന്നത്. സൈബർ ഫൊറൻസിക് വിഭാഗം പ്രത്യേക അനുമതിയോടെ മാത്രമാണു ദൃശ്യങ്ങൾ പരിശോധിക്കുക. അപ്‍ലോഡ് ചെയ്യപ്പെടുന്ന ദൃശ്യങ്ങൾ പരിശോധിക്കാൻ വേണ്ടിയാണെങ്കിൽ പോലും സൈബർസെല്ലിനും ഇത്തരം വെബ്സൈറ്റുകളിൽ കയറാൻ നിയമ തടസങ്ങളുണ്ട്.

അഥവാ കയറിയാൽ തന്നെ ഇന്റർപോളിന്റെ പട്ടികയിൽപ്പെടും.ചൈൽഡ് പോർണോഗ്രഫിയുമായി ബന്ധപ്പെട്ട് സ്കൂൾ ഗേൾസ്, ടീൻസ്, ദേശി ഗേൾസ് തുടങ്ങിയ വാക്കുകളാണു കൂടുതൽ തിരഞ്ഞിട്ടുള്ളത്. . ഇന്ത്യൻ സൈബർ ആർമിയുടെ കണക്കനുസരിച്ചു ദ്രുതഗതിയിലാണു ബാല ലൈംഗികതയുടെ വളർച്ച. പ്രഫഷനൽ ദൃശ്യങ്ങളേക്കാൾ ഇത്തരക്കാർക്കു പ്രിയം മൊബൈലുകളിൽ ചിത്രീകരിക്കുന്നവയ്ക്കാണ്. ഗ്രാമീണ മേഖലകളിൽ സാമ്പത്തികമായി പിന്നാക്ക നിൽക്കുന്നവരും നഗരങ്ങളിലെ സ്കൂൾ കുട്ടികളുമാണു ഇരകളിൽ അധികവും. ഇന്ത്യൻ ദൃശ്യങ്ങൾക്ക് രാജ്യത്തിനകത്തു മാത്രമല്ല വിദേശത്തും വലിയ കാഴ്ചക്കാരുണ്ട്. സമൂഹമാധ്യമങ്ങളിലും മെസഞ്ചർ, ഡേറ്റിങ് ആപ്പുകളിലും സജീവമായ യുവ തലമുറ ഇവിടങ്ങളിൽ പങ്കുവയ്ക്കപ്പെടുന്ന സ്വകാര്യ ചിത്രങ്ങൾ അവരറിയാതെ പോൺ സൈറ്റുകളിൽ എത്തുന്നുണ്ടെന്നു സൈബർ വിദഗ്ധൻ പറഞ്ഞു.

സൈബറിടങ്ങളിൽനിന്ന് സുരക്ഷിത അകലം പാലിക്കുകയാണു പോംവഴി. കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിൽ രക്ഷിതാക്കൾക്കും ശ്രദ്ധവേണം.കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്കു വധശിക്ഷയ്ക്കുള്ള വ്യവസ്ഥ ഉൾപ്പെടുത്തി പോക്സോ നിയമം ഭേദഗതി ചെയ്ത ബിൽ രാജ്യസഭയും, ലോക്സ‍ഭയും പാസാക്കിയിട്ടുണ്ട്. ലൈംഗിക ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന്റെ ഭാഗമായുള്ള പീഡനത്തിനു കുറഞ്ഞത് 20 വർഷം തടവു മുതൽ വധശിക്ഷ വരെ ലഭിക്കാം. പീഡനത്തിന് ഇരയാകുന്നത് ആൺകുട്ടിയോ, പെൺകുട്ടിയോയെന്ന വ്യത്യാസമില്ലാതെയാണു ശിക്ഷാ വ്യവസ്ഥകൾ.ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ നിയമം, ഐടി നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ ചുമത്തിയാണു പ്രതികൾക്കെതിരെ കേസെടുക്കുക. ഐടി നിയമത്തിലെ 67 (എ) (ബി) (സി) വകുപ്പുകൾ കുട്ടികളെ സംബന്ധിക്കുന്ന അശ്ലീല ദൃശ്യങ്ങൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും സ്വീകരിക്കുന്നതും സൂക്ഷിക്കുന്നതും കടുത്ത കുറ്റകൃത്യമാണ്. ആദ്യ തവണ അഞ്ചു വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ തടവു ശിക്ഷ ഏഴു വർഷമാകും. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈലിലോ ,കംപ്യൂട്ടറിലോ മറ്റ് ഉപകരണങ്ങളിലോ സൂക്ഷിക്കുന്നതിനു മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാം.കുറ്റം തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമവും വെറുതേ വിടില്ല (ഐപിസി– 293). ഇത്തരം അശ്ലീല സംഗതികൾ കുട്ടികൾക്കു വിൽക്കുക, വിതരണം ചെയ്യുക, പ്രചരിപ്പിക്കുക, പ്രദർശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ആദ്യ തവണ മൂന്നു വർഷം തടവും 2000 രൂപ പിഴയും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഏഴു വർഷം തടവും 5000 രൂപ പിഴയുമാണ്.

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള ‘പോക്സോ’ നിയമവും (പ്രൊട്ടക്‌ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ ഒഫൻസസ്) കഠിനമായ ശിക്ഷയാണു നൽകുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ദുരുപയോഗിക്കുന്നതിനും സൂക്ഷിക്കുന്നതിനും ആദ്യ തവണ 5 വർഷം തടവും പിഴയും തുടർന്നുള്ള കുറ്റങ്ങൾക്ക് ഏഴു വർഷം തടവും പിഴയും ലഭിക്കും.

You May Also Like

മനുഷ്യരിലെ സീരിയൽ കില്ലർമാർ വരെ തോറ്റുപോകുന്ന കടൽക്രൂരതകൾ ആണ് ഇവർ ചെയ്യുന്നത്

കൊലയാളിത്തിമിംഗലം എന്നറിയപ്പെടുന്ന ഓർക്ക അറിവ് തേടുന്ന പാവം പ്രവാസി തിമിംഗല ഗ്രൂപ്പിലെ അംഗമായ ഡോൾഫിൻ കുടുംബത്തിൽ…

ആട് ,തേക്ക് മാഞ്ചിയം തട്ടിപ്പുകൾ നിയമവിരുദ്ധമായിരുന്നെങ്കിൽ വജ്ര വ്യാപാരത്തിൽ ജ്വല്ലറികൾ നിയമ വിധേയമായി വിവരമില്ലാത്തവരെ മാത്രം പറ്റിക്കുന്നു

ഡയമണ്ട് ആഭരണങ്ങളിലെ ചതിക്കുഴികൾ അറിവ് തേടുന്ന പാവം പ്രവാസി വജ്രം അമൂല്യമാണ്, നല്ല ഒരു നിക്ഷേപമാണ്,…

ചിലിയിലെ ചുക്വികമാറ്റ ചെമ്പുഖനിയെ കുറിച്ച് വിസ്മയിപ്പിക്കുന്ന വിവരങ്ങൾ

Vinayaraj V R ആനമുടിയേക്കാൾ ഉയരത്തിൽ നൂറ്റാണ്ടുകളിൽപ്പോലും മഴപെയ്യാത്ത ലോകത്തേറ്റവും വരണ്ട അറ്റകാമ മരുഭൂമിയിൽ മുകളിൽനിന്നും…

എന്താണ് ബോൺസായ് ?

തലമുറകൾക്ക് കൈമാറാനുള്ള വിലപിടിച്ച സമ്മാനമായാണ് ജപ്പാൻകാർ ഇത്തരം ബോൺസായ് ചെടികളെ കണക്കാക്കുന്നത്. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന അരയാലും, പേരാലുമെല്ലാം ബോൺസായ് രീതിയിൽ വളർത്താൻ പറ്റിയ വൃക്ഷങ്ങളാണ്.