കേരളത്തിൽ വനംവകുപ്പ് പിടിച്ചെടുക്കുന്ന ആനക്കൊമ്പുകൾ എന്തു ചെയ്യും ?

സംസ്ഥാനത്തെ പല ട്രഷറികളിലും വനം വകുപ്പിന്റെ സ്ട്രോങ് റൂമിലും കോടതികളിലുമായി സൂക്ഷിച്ചിരിക്കുന്നത് 12.5 ടൺ ആനക്കൊമ്പുകളാണെന്നാണ് അനൗദ്യോഗിക കണക്ക്. ഇവ കൂട്ടിയിട്ടു കത്തിക്കാൻ വർഷങ്ങൾക്കു മുൻപ് വനം വകുപ്പ് ശുപാർശ സമർപ്പിച്ചിരുന്നതാണെങ്കിലും സംസ്ഥാന വൈൽഡ് ലൈഫ് ബോർഡ് തള്ളിക്കളഞ്ഞു. മ്യൂസിയം നിർമിച്ച് സംരക്ഷിക്കണമെന്ന ബദൽ നിർദേശമാകട്ടെ എങ്ങുമെത്തിയിട്ടുമില്ല. കോടികളുടെ അമൂല്യ സ്വത്ത് എങ്ങനെ സംരക്ഷിക്കണമെന്ന ചിന്തയിലാണ് വനം വകുപ്പ് ഇപ്പോൾ.

സംസ്ഥാനത്തിന്റെ വനാതിർത്തിയിൽ ചരിയുമ്പോഴും , സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ ഉള്ള നാട്ടാനകൾ ചരിയുമ്പോഴുമാണ് കൊമ്പ് വനം വകുപ്പിലേക്ക് മുതൽക്കൂട്ടുന്നത്. വിവിധ വനം കേസുകളിൽ പിടിയിലാകുന്ന തൊണ്ടിമുതൽ വേറെ. വിവാദമായ മലയാറ്റൂർ ആനവേട്ട കേസ് അന്വേഷിച്ചു ചെന്ന വനം വകുപ്പ് ഒറ്റയടിക്ക് 500 കിലോയിലേറെ ആനക്കൊമ്പാണ് പിടിച്ചെടുത്തത്. ട്രഷറികളിലും , കോടതികളിലെ സ്ട്രോങ് റൂമുകളിലുമാണ് ആനക്കൊമ്പുകൾ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. സുരക്ഷ ഭയന്നു തന്നെ അതിന്റെ കൃത്യമായ വിവരങ്ങൾ പുറത്തു വിടാൻ വനം ഉന്നതർ തയാറുമല്ല.

അമൂല്യമായ ഈ സ്വത്ത് സൂക്ഷിക്കുന്നത് വലിയൊരു ബാധ്യതയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. അസമിലെ കാണ്ടാമൃഗകൊമ്പുകൾ കത്തിക്കുന്നതും ആനക്കൊമ്പുകൾ കത്തിക്കുന്നതും തമ്മിൽ താരതമ്യം ചെയ്യാൻ സാധിക്കില്ല. കാണ്ടാമൃഗക്കൊമ്പുകൾ മരുന്നിന് ഉപയോഗിക്കുന്നതായി പറയുന്നുണ്ടെങ്കിലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ആനക്കൊമ്പിനാകട്ടെ കലാമൂല്യമാണ് കൂടുതൽ ഉള്ളത്. ആ വഴിയിൽ പ്രയോജനപ്പെടുത്താൻ രാജ്യാന്തര നിയമങ്ങൾ അനുവദിക്കുകയുമില്ല.
ആന സാന്നിധ്യം ഉള്ള ലോക രാജ്യങ്ങൾ മുഴുവൻ ആനക്കൊമ്പുകൾ കത്തിച്ചു കളയുകയാണ് പതിവ്. ആഫ്രിക്കൻ രാജ്യമായ കെനിയയിൽ 2016ൽ വൻ ആനക്കൊമ്പു ശേഖരം നശിപ്പിച്ചിരുന്നു. സിംഗപ്പൂരിൽ 8 ടൺ ഭാരമുള്ള 2700 ആനക്കൊമ്പുകൾ കത്തിച്ചു കളഞ്ഞു. 2014-15 വർഷങ്ങളിൽ സിംഗപ്പൂരിലേക്കു കെനിയയിൽനിന്നു തേയില ഇറക്കുമതി ചെയ്തപ്പോൾ ഒളിച്ചുകടത്തിയ ആനക്കൊമ്പുകൾ പിടികൂടി നശിപ്പിച്ചിരുന്നു. 58 കോടി രൂപയുടെ മൂല്യമാണ് കണക്കാക്കിയിരുന്നത്. ആനക്കൊമ്പു ലേലത്തിലൂടെ കോടിക്കണക്കിനു രൂപ നേടാമെങ്കിലും കൊമ്പെടുക്കാനുള്ള ആനവേട്ട തടയുക എന്ന ലക്ഷ്യത്തിന്റെ പ്രതീകമായാണ് ആനക്കൊമ്പുകൾ നശിപ്പിക്കുന്നത്. ഇന്ത്യയ്ക്കും ഇതു പ്രചോദനമായി. രാജ്യത്ത് ഏറ്റവുമധികം ആനക്കൊമ്പു ശേഖരമുള്ള കർണാടകയാണ് കേന്ദ്രത്തിന്റെ അനുമതിയോടെ ആനക്കൊമ്പ് കത്തിച്ചത്.

2020ൽ മാത്രം കേരളത്തിന്റെ വനാതിർത്തിയിൽ ചരിഞ്ഞത് 113 കാട്ടാനകൾ. മൂന്നു വർഷത്തിനിടെ 72 നാട്ടാനകളും ചരിഞ്ഞു. പകുതിയോളം കാട്ടാനകളുടെ അന്ത്യം ദുരൂഹമാണെന്നും വിവരാവകാശ നിയമപ്രകാരം വനംവകുപ്പ് നൽകിയ മറുപടിയിൽ പറയുന്നു. കാട്ടാനകളിൽ ചിലത് പ്രായാധിക്യവും , വീഴ്ചയും മൂലം ചരിയുന്നതാണ്. എന്നാൽ ആനക്കൊമ്പ് വേട്ടയ്ക്ക് ഇരകളായും കൃഷിയിടത്തിനു സമീപം സ്ഥാപിക്കുന്ന വൈദ്യുതി വേലിയിൽ തട്ടിയുമാണ് കൂടുതൽ ആനകളുടെയും അന്ത്യം.
നാട്ടാനകളുടെ എണ്ണവും ഗണ്യമായി കുറയുന്നുവെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് അവശേഷിക്കുന്നത് 480 നാട്ടാനകൾ മാത്രം. 368 കൊമ്പന്മാരും , 93 പിടിയാനകളും , 19 മോഴയുമുണ്ട്. 10 വർഷം മുൻപ് ഇത് 830 ആയിരുന്നു. വനം വകുപ്പിന്റെ പക്കൽ 40 ആനകളുണ്ട്. 1977ലാണ് സംസ്ഥാനത്ത് വനംവകുപ്പ് ആന പിടിത്തം നിർത്തിയത്. കാട്ടാനകളെ ഷെഡ്യൂൾ ഒന്ന് പട്ടികയിൽ പെടുത്തിയതോടെ ആനത്താവളത്തിലെത്തിച്ചു ചട്ടം പഠിപ്പിക്കുന്ന രീതി നിലച്ചു. 2003-ലെ നാട്ടാന പരിപാലന നിയമമനുസരിച്ച് സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ആനകളെ കേരളത്തിൽ വളർത്താൻ കഴിയില്ല. വനം വകുപ്പിന്റെ കയ്യിൽ കിട്ടുന്ന ആനകളെ മാത്രമാണു വളർത്താനാവുക..

കൊമ്പുകൾ കത്തിക്കണം എന്ന് വനം വകുപ്പ് സംസ്ഥാന വൈൽഡ് ലൈഫ് ബോർഡിൽ ശുപാർശ സമർപ്പിച്ചപ്പോൾ രണ്ടു പേർ മാത്രമാണ് പിന്തുണച്ചത്. വിവാദമാവുമെന്ന് കണ്ട് ബോർഡിലെ ഭൂരിപക്ഷം അംഗങ്ങളും എതിർത്തു. കത്തിച്ചു കളയുകയല്ല, മ്യൂസിയം നിർമിച്ച് സംരക്ഷിക്കുകയാണു വേണ്ടതെന്ന് ബോർഡ് തീരുമാനിച്ചു. നെയ്യാറിലെ കോട്ടൂർ ആനസംരക്ഷണ കേന്ദ്രത്തോടു ചേർന്ന് മ്യൂസിയം നിർമിക്കുന്നുണ്ടെങ്കിലും അതു പര്യാപ്തമായേക്കില്ല.

55 ലക്ഷം രൂപ മുടക്കി, വനം ആസ്ഥാനത്തു തന്നെ ഒരു സ്ട്രോങ് റൂം നിർമിക്കുന്നുണ്ട് വകുപ്പ് ഇപ്പോൾ. വിവിധ വകുപ്പുകളുടെ അനുമതി തേടാതെ സ്ട്രോങ് റൂം നിർമിക്കുന്നതിനെതിരെ പരാതി ഉണ്ടെങ്കിലും ഗൗരവമായ പ്രശ്നങ്ങൾ ഇല്ലെന്നാണ് വനം വകുപ്പ് നിലപാട്. എല്ലാ സുരക്ഷാ സംവിധാനങ്ങളും അവിടെ ഒരുക്കിയിട്ടുണ്ടെന്നും അക്കാര്യം പുറത്തു പറഞ്ഞാൽ പിന്നെ സംവിധാനങ്ങളുടെ അർഥംതന്നെ നഷ്ടപ്പെടുമെന്നുമാണ് വനം വകുപ്പിന്റെ വാദം.

വനം ഉന്നതരുടെ മൂക്കിൻതുമ്പത്തുള്ള സ്ട്രോങ് റൂമിൽ ഒരു ഈച്ച പോലും കടക്കില്ലെന്ന് അവർ ഉറപ്പു പറയുന്നുണ്ടെങ്കിലും 12 മീറ്റർ നീളത്തിലും , 8 മീറ്റർ വീതിയിലും, ഒറ്റ നിലയിൽ, ഒരു സെക്യൂരിറ്റി ക്യാബിന്റെ രൂപ ഭാവങ്ങളുള്ള കെട്ടിടത്തെ കുറിച്ച് അത്ര മതിപ്പൊന്നും വകുപ്പിനുള്ളിൽതന്നെ ഇല്ല. പാലക്കാട്ട് ഒലവക്കോട്ടെ സ്ട്രോങ് റൂം മോഷണവും സിബിഐ കേസുമൊക്കെ ചൂണ്ടിക്കാട്ടിയാണ് വിമർശനം.

വിവിധ ഇടങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന ആനക്കൊമ്പുകൾ സ്ട്രോങ് റൂമിലേക്ക് മാറ്റാം. അതോടെ മാത്രമേ എത്ര ടൺ ആനക്കൊമ്പുകൾ വനം വകുപ്പിന്റെ പക്കലുണ്ടെന്ന കൃത്യമായ കണക്കും ലഭ്യമാവുകയുള്ളൂ എന്ന് വനം വകുപ്പ് പറയുന്നു. അപ്പോഴും ആ വിവരം സുരക്ഷാ കാരണങ്ങളാൽ പുറത്തു വിട്ടേക്കില്ല.
ലോകത്തിൽ ഏറ്റവും കൂടുതൽ ആനക്കൊമ്പ് വ്യാപാരം നടക്കുന്നത് ചൈനയിലാണ്–ആകെ വ്യാപാരത്തിന്റെ 70 ശതമാനവും. 2017ൽ ചൈന ആനക്കൊമ്പിന്റെ വ്യാപാരം നിർത്തലാക്കി. ചൈനയുടെ ചരിത്രപരമായ തീരുമാനം എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. 34 സംസ്കരണ ശാലകളും , 150 വ്യാപാര കേന്ദ്രങ്ങളുമാണ് ചൈനയിൽ അടച്ചു പൂട്ടിയത്. ആനക്കൊമ്പിനായി ഓരോ വർഷവും നൂറുകണക്കിന് ആനകളെയാണ് ദക്ഷിണാഫ്രിക്കയിൽ കൊല്ലുന്നത്. ഇതിന്റെയെല്ലാം കൊമ്പുകൾ എത്തുന്നത് ചൈനയിലും. കിലോഗ്രാമിന് 1100 ഡോളർവരെ വിലയുണ്ട്. 2007 മുതൽ 2014 വരെ ആനകളുടെ എണ്ണത്തിൽ 30% കുറവാണ് ഉണ്ടായത്.

പല ആഫ്രിക്കൻ രാഷ്ട്രങ്ങളും, ഏറ്റവുമൊടുവിൽ സിംഗപ്പൂരും കൈവശമുള്ള ടൺകണക്കിന് ആനക്കൊമ്പ് കത്തിച്ചു കളഞ്ഞു. സൈറ്റിസ് ഉടമ്പടി (കൺവൻഷൻ ഓൺ ഇന്റർനാഷനൽ ട്രേഡ് ഇൻ എൻഡേൻജേഡ് സ്പീഷീസ് ഓഫ് വൈൽഡ് ഫോണ ആൻഡ് ഫ്ലോറ) പ്രകാരം വന്യജീവികളെയും , സസ്യങ്ങളെയും കയറ്റുമതി ചെയ്യുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും പലതരത്തിലുള്ള വിലക്കുകളും നിബന്ധനകളും ഉണ്ട്. സൈറ്റിസ് പ്രകാരം ആനക്കൊമ്പ് നിരോധിത ഉൽപന്നങ്ങളുടെ കൂട്ടത്തിലാണ്. ഏതെങ്കിലും രാജ്യത്തിന് ആനക്കൊമ്പ് കയറ്റുമതിയോ ഇറക്കുമതിയോ ചെയ്യണമെങ്കിൽ സൈറ്റിസ് അധികൃതരെ സമീപിച്ച് അനുമതി തേടണം.
ആനക്കൊമ്പ് മാത്രമാണ് കേരളത്തിൽ കത്തിക്കാതെയായി ഉള്ളതെന്ന് വനം അധികൃതർ വ്യക്തമാക്കി. മാൻ കൊമ്പ്, കാട്ടുപോത്ത് കൊമ്പ് തുടങ്ങി പല വിധം അവശിഷ്ടങ്ങൾ വനം കേസുകളുടെ ഭാഗമായി പിടിച്ചെടുക്കുന്നുണ്ട്. ഇവയെല്ലാം കത്തിക്കുകയാണ് പതിവ്

രാജ്യാന്തര നിയമങ്ങൾ കർക്കശമാണ്. ആനക്കൊമ്പുകൾ കൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ല. പറഞ്ഞു പരത്തുന്ന മൂല്യം പണമായി മാറ്റാൻ കഴിയില്ല. കലാപരമായ ആവശ്യങ്ങൾക്കും കലാകാരന്മാരെ സംരക്ഷിക്കാനും വേണ്ടിയാണെങ്കിൽ അതിന് മറ്റു വഴികൾ കണ്ടെത്തണം.

You May Also Like

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

തൃശ്ശൂർ ശോഭ സിറ്റിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് നിഷാമിന്…

‘ജയ് ഭീം ‘ ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്, സംഭവബഹുലമായ ആ കഥ വായിക്കാം

ജ്ഞാനവേൽ സംവിധാനം ചെയ്തു സൂര്യ അഭിനയിച്ച ജയ് ഭീം എന്ന സിനിമ വളരെ ശക്തമായ പ്രമേയത്തെയാണ്…

അപകടം അടുത്ത്; 99% റേപ്പിസ്റ്റുകളും ബന്ധുക്കളോ അടുപ്പക്കാരോ എന്ന് റിപ്പോര്‍ട്ട്

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം തമിഴ്നാട്ടിലെ 99% ബലാല്‍സംഗ ഇരകള്‍ക്കും തങ്ങളെ ബലാല്‍സംഗം ചെയ്തത് ആരെന്നു അറിയാമെന്നും പലരും ബന്ധുക്കളും അടുപ്പക്കാരും ആണെന്നും ചൂണ്ടി കാണിക്കപ്പെടുന്നു.

എന്താണ് ഗാഗ് ഓർഡർ ?

എന്താണ് ഗാഗ് ഓർഡർ ? അറിവ് തേടുന്ന പാവം പ്രവാസി കോടതിയുടെ പരിഗണനിയിലിക്കുന്ന ഒരു കേസുമായി…