ഇഖാമ അഥവാ താമസ പെര്‍മിറ്റ് നഷ്ട്ടപ്പെട്ടാല്‍ എന്തുചെയ്യണം..??

772

Untitled-1

ഇഖാമ അഥവാ താമസ പെര്‍മിറ്റ് ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം സൗദി അറേബ്യയില്‍ അതിപ്രധാനമായ ഒരു രേഖയാണ്. ഇഖാമ ഇല്ലാതെ സൌദിയിലെ പ്രവാസിക്ക് യാത്ര ചെയ്യാനോ, ഔദ്യോഗിക കേന്ദ്രങ്ങളെ വിവിധ ആവശ്യങ്ങള്‍ക്ക് സമീപിക്കാണോ, ആശുപത്രികളില്‍ ചികില്‍സ തേടാനോ സാധിക്കില്ല.പോലീസ് പരിശോധനയിലും മറ്റു ചെക്ക്‌പോസ്റ്റ്കളിലും ആദ്യം കാണിക്കേണ്ട രേഖ ഇഖാമ ആയതിനാല്‍ അതില്ലാതതിനാല്‍ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടും. അതിനാല്‍ പൊതുസ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല. എക്‌സിറ്റിനും റീഎന്‍ട്രിക്കും എല്ലാം ഈ രേഖ അത്യന്താപേക്ഷിതമാണ്. അത് കൊണ്ട് തന്നെ ഇഖാമ വളരെ ശ്രദ്ധയോടു കൂടി സൂക്ഷിക്കേണ്ടതുണ്ട്.

ഒരു തൊഴിലാളിയുടെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം തന്നെ ഇഖാമയില്‍ ഉണ്ടാകും. ഓരോ ഇഖാമക്കും പ്രത്യേക നമ്പരും ഉണ്ടായിരിക്കും. താമസക്കാരന്റെ പേര്, അയാളുടെ പ്രോഫെഷന്‍, ജനിച്ച തിയ്യതി, ഇഖാമ തീരുന്ന തിയ്യതി, ഇഖാമ ഇഷ്യു ചെയ്ത സ്ഥലം, എന്നിവയും ഫോട്ടോ സഹിതം ഉണ്ടാകും. ആഭ്യന്തര മന്ത്രാലയത്തിന്‍ കീഴില്‍ പാസ്സ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ആണ് ഇഖാമ ഇഷ്യൂ ചെയ്തു നല്‍കുന്നത്. ഒരാളുടെ കീഴിലുള്ള കുടുംബാംഗങ്ങള്‍ക്കും ഇപ്പോള്‍ വേവ്വെറെയുള്ള ഇഖാമകള്‍ ആണ് നല്‍കുന്നത്. കുറച്ചു കാലം മുന്‍പ് വരെ പുസ്തക രൂപത്തില്‍ ഉള്ള ഇഖാമകള്‍ ആണ് നല്‍കിയിരുന്നത്. ഇപ്പോള്‍ കാര്‍ഡ് രൂപത്തിലുള്ള ഇഖാമകള്‍ ആണ് നല്‍കുന്നത്.

ഇഖാമ നഷ്ടപ്പെട്ടാല്‍

ഇഖാമ നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ടത് സ്‌പോണ്‌സര്‍ അടുത്തുണ്ടെങ്കില്‍ സ്‌പോന്‌സറെ അറിയിക്കുക എന്നതാണ്. പിന്നീട് സ്‌പോണ്‌സറുടെ സഹായത്തോട് കൂടി ബന്ധപ്പെട്ട പോലീസ് സ്‌റേഷനില്‍ പരാതി നല്‍കുക. പരാതി അറബിക് ഭാഷയില്‍ ആയിരിക്കണം. ഇത് 24 മണിക്കൂറിനുള്ളില്‍ തന്നെ ചെയ്യേണ്ടതുണ്ട്. (24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പക്ഷം നിങ്ങള്‍ക്ക് മേല്‍ പിഴ ചുമത്താന്‍ ജവാസാതിനു അധികാരമുണ്ട്. പോലീസ്, ജവാസാത് തുടങ്ങിയ കേന്ദ്രങ്ങളെ സമീപിക്കുമ്പോള്‍ സ്‌പോണ്‌സര്‍ അല്ലെങ്കില്‍ സൗദി P.R.O എന്നിവരുടെ സഹായം തേടുന്നതാണ് എപ്പോഴും നല്ലത്. അല്ലാത്ത പക്ഷം ഒരുപാട് കാലതാമസം വരാന്‍ സാധ്യതയുണ്ട്.

പിന്നീട് ഒരു അറബി ദിനപത്രത്തില്‍ നിങ്ങളുടെ ഇഖാമ നഷ്ടപ്പെട്ട വിവരം കാണിച്ചു ഒരു പരസ്യം നല്‍കണം. അതിനു ശേഷം നിലവിലുള്ള ഇഖാമ നഷ്ട്ടപ്പെട്ടാല്‍ പുതിയ ഇഖാമ ഇഷ്യൂ ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു അപേക്ഷാ ഫോം ജവാസാതില്‍ നിന്ന് വാങ്ങുക. ഇതോടൊപ്പം സ്പോന്‍സറില്‍ നിന്നും ഇഖാമ നഷ്ടപ്പെട്ട സാഹചര്യത്തെക്കുറിച്ചും അത് നഷ്ടപ്പെട്ട സ്ഥലത്തെക്കുറിച്ചും അറബി ഭാഷയില്‍ പരാമര്‍ശിക്കുന്ന ഒരു കത്ത് ഒപ്പ് സഹിതം ജവാസാതില്‍ കൊടുക്കുന്നതിനു വേണ്ടി എഴുതി വാങ്ങുക. ഇതിനോടൊപ്പം നിങ്ങളുടെ നഷ്ടപ്പെട്ട ഇഖാമയുടെ കോപ്പിയും പാസ്സ്‌പോര്ട്ടിന്റെ കോപ്പിയും രണ്ടു പാസ്‌പോര്‍ട്ട് സൈസിലുള്ള ഫോട്ടോയും അറ്റാച്ച് ചെയ്യുക. ജവാസാതില്‍ നിന്നും ലഭിച്ച മേല്പറഞ്ഞ ഫോമില്‍ നിങ്ങളുടെ ഒപ്പും സ്‌പോന്‌സരുടെ ഒപ്പും സീലും ഉണ്ട് എന്ന് ഉറപ്പു വരുത്തുക.

അതിനു ശേഷം നഷ്ടപ്പെട്ട ഇഖാമക്കുള്ള പിഴയും പുതിയ ഇഖാമയുടെ ഫീസും അംഗീകൃത ബാങ്കില്‍ അടക്കുക. നഷ്ട്ടപ്പെട്ട ഇഖാമക്ക് പിഴയായി 1000 സൗദി റിയാലും നഷ്ടപ്പെട്ട ഇഖാമയുടെ കാലാവധി ഒരു വര്‍ഷത്തില്‍ താഴെയാണെങ്കില്‍ 500 സൗദി റിയാലും സഹിതം അടക്കണം. റിയാദ് ബാങ്കിലോ, അല്‍രാജ്ഹി ബാങ്കിലോ അടക്കാം.

പിഴ അടച്ച ശേഷം അതിന്റെ രസീതിയും മേല്‍ പറഞ്ഞ എല്ലാ പേപ്പറുകളും അടക്കം ജവാസാതില്‍ സമര്‍പ്പിക്കുക. ഈ അപേക്ഷ സമര്‍പ്പിക്കുന്നതിനു അറബിക് ദിനപത്രത്തിലെ പരസ്യത്തിന് ശേഷം പരസ്യം കൊടുത്ത ദിവസം മുതല്‍ ഒരു മാസം കാത്തിരിക്കേണ്ടി വരും. അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം സാധാരണ ഗതിയില്‍ മൂന്നു മുതല്‍ അഞ്ചു ദിവസത്തിനകം പുതിയത് ലഭിക്കും. ഈ സമയ പരിധി നീളാനും സാധ്യത ഏറെയാണ്.