രോഗങ്ങളുടെ എണ്ണം അനുദിനം കൂടി വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. രോഗങ്ങള്‍ക്കൊപ്പം ഭക്ഷണപദാര്‍ഥങ്ങളിലെ വിഷാംശങ്ങളുടെ അളവും കൂടി വരുന്നു. ഈ സാഹചര്യത്തില്‍ പല ഭക്ഷണ സാധനങ്ങളും ഒഴിവാകി മാത്രമേ മുന്നോട്ടു പോകുവാന്‍ ആവൂ എന്നാ അവസ്ഥയിലാണ് പലരും. ഓരോരോ രോഗങ്ങള്‍ ഉള്ളവര്‍ക്കും അതിനോടനുബന്ധിച്ച് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണസാധനങ്ങളുടെ ഒരു ലിസ്റ്റ് ആവും ആദ്യം ഡോക്ടര്‍ നല്‍കുന്നത്. കുട്ടികളുടെ ആരോഗ്യപരിപാലനം എടുത്താല്‍, അത് അഴുക്കാണ്, ഇതില്‍ വിഷമുണ്ട് എന്നൊക്കെയാവും മാതാപിതാക്കള്‍ പറയുക. എന്നാല്‍, ഈ ശീലങ്ങള്‍ മാറ്റേണ്ട സമയം ആയിരിക്കുന്നു.
കോര്‍ണല്‍ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ശാസ്ത്രഞ്ജന്മാര് നടത്തിയ പഠനത്തില്‍ എന്ത് കഴിക്കരുത് എന്ന് പറയുന്നതിനേക്കാള്‍ ഫലപ്രദം ആവുക എന്ത് കഴിക്കണം എന്ന് പറയുന്നതാണെന്ന് കണ്ടെത്തിക്കഴിഞ്ഞു. ഉദാഹരണത്തിന്, ബിസ്കറ്റുകള്‍ കഴിച്ചാല്‍ കൊഴുപ്പ് അടിയും എന്ന് പറയുന്നതിനേക്കാള്‍ ആപ്പില്‍ കഴിച്ചാല്‍ അസുഖം വരില്ല എന്ന് പറയുന്നതാണ് കുട്ടികളുടെ ഭക്ഷണരീതികളില്‍ ഏറെ മാറ്റം ഉണ്ടാക്കുക. പ്രമേഹമുണ്ടോ? ഇത് കഴിക്കരുത്. കൊളസ്ട്രോള്‍ ഉണ്ടല്ലേ? അപ്പോള്‍ ഇത് വേണ്ട! എന്നൊക്കെ നാം നമ്മുടെ പരിചയക്കാരോട് എത്രയോ തവണ പറഞ്ഞിരിക്കുന്നു. ഇനി ഒന്ന് മാറ്റിപിടിക്കാം. പ്രമേഹമുണ്ടോ? ദാ, ഈ പച്ചക്കറി കൂടുതല്‍ കഴിച്ചാല്‍ നല്ലതായിരിക്കും എന്ന് നമ്മുക്കും പറഞ്ഞു തുടങ്ങാം.