Sreejith VT Nandakumar എഴുതുന്നു

ജീവിതത്തില്‍നിന്ന് എന്ത് പഠിച്ചു?
——————————-
– തീരെ ചെറുതാണ് ജീവിതം. പരമാവധി ദ്രോഹം ചെയ്യുക. എന്നാലേ ഒരു നൂറു വര്‍ഷത്തേക്കെങ്കിലും ശേഷിക്കുന്നവര്‍ നമ്മെ ഓര്‍ക്കൂ. അത് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഓര്‍ത്തേക്കും; സാദ്ധ്യത വിരളമാണെങ്കിലും – ഒരു സീസറിനും ഹിറ്റ്‌ലറിനും ഇടയില്‍ എത്രയോ സ്വേച്ഛാധിപതികള്‍ വന്നുകാണും! ആരോര്‍ക്കുന്നു! ച്ഛായ്!

Sreejith VT Nandakumar
Sreejith VT Nandakumar

– പരമാവധി മനുഷ്യരെ ആശയക്കുഴപ്പത്തില്‍ പെടുത്തുക. എന്നാലേ അവരുടെ നിത്യേനയുള്ള ശാപവാക്കുകളിലെങ്കിലും നാം സ്മരിക്കപ്പെടൂ. എന്നല്ല, അവര്‍ ഓരോ നിമിഷവും നമ്മെ മാത്രം ശ്രദ്ധിച്ചു, അന്യഥാ മനുഷ്യര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന ആയുസ്സ് പാഴാക്കുകയും ചെയ്യും. എന്തൊരു ഉപകാരമാണ് അത് മാനവരാശിക്ക്!

– സംസാരിച്ചുകൊണ്ടേയിരിക്കുക. കേള്‍ക്കാതിരിക്കാന്‍ ഏറ്റവും നല്ല ഉപായമാണത്. കാര്യങ്ങള്‍ കേള്‍ക്കാന്‍ നിന്നാല്‍ പ്രതികരിച്ചുപോകും, പ്രശ്നമാകും. അതിനു വളംവച്ചുകൊടുക്കരുത്. മിണ്ടിക്കൊണ്ടേയിരിക്കുക.

– നിരന്തരം ദേഷ്യപ്പെടുക. ആരോഗ്യം മെച്ചപ്പെടും. അതിന്റെ യുക്തി ഇങ്ങനെയാണ്: ‘ ഹോ! അയാളോട് സംസാരിക്കാനാവില്ലപ്പാ. നമുക്കൊരു നിലവാരമില്ലെ! ‘ എന്നുപറഞ്ഞു, നമ്മെ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതില്‍നിന്നും ശേഷം പേര്‍ ഒഴിവാക്കും. നമ്മുടെയും ഉദ്ദേശം അതാണ് എന്നോര്‍ക്കണം. അല്ലെങ്കില്‍ ആവത് പോയ്പ്പോകും കേട്ടോ.

– മിണ്ടാതിരിക്കുമ്പോള്‍ അവനവനോടുപോലും മിണ്ടരുത്. ഏറ്റം അപകടമാണ് ആത്മഭാഷണം. വെറുതെ മിണ്ടാതിരിക്കുക. അപ്പോള്‍, എന്തിനാണ് ആ മരത്തിലെ പുള്ള് ഈ മരത്തിലേക്ക് ചിറകടിച്ചുപോയതെന്ന് അവരുടെ ചിലചിലയില്‍നിന്നും മനസ്സിലാക്കാനും കഴിയും. തിര്യക്ഭാഷാജ്ഞാനം എന്ന ഈ വിദ്യ, ഞാനല്ലാതെ മറ്റാരും നിങ്ങള്‍ക്ക് പകര്‍ന്നുതരില്ല കേട്ടോ. നന്ദി കാണിക്കാന്‍ മിണ്ടാതിരുന്നാല്‍ മതിയാകും.

– പ്രശസ്തരാക്കാന്‍ വരുന്നവരെ പ്രോത്സാഹിപ്പിക്കുക. ബഹുരസമാണ്. അതങ്ങ് വാനോളം എത്തുമ്പോള്‍ ‘ നിങ്ങള്‍ക്ക് വേറെ പണിയില്ലേ ഹേ. നിങ്ങള്‍ പറഞ്ഞയാള്‍ ഞാനൊന്നുമല്ല!’ എന്നുംപറഞ്ഞ് ഇറങ്ങിപ്പോവുക. ശേഷം കാര്യം നാട്ടുകാര്‍ നോക്കിക്കോളും.

– മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ടെങ്കിലും അത് ഗന്ധിപ്പാതിരിപ്പാന്‍ അശ്രാന്തമായി പരിശ്രമിക്കണം. അന്യദേശങ്ങളില്‍ നിന്നുള്ള മുല്ലകളെ മണത്താല്‍ വിശേഷം രണ്ടാണ്: ഒന്ന്, മുറ്റത്തുള്ളത് മുല്ലയാണോ പിച്ചകമാണോ എന്നുപോലും ഗന്ധമില്ലാത്ത നിഷ്പക്ഷരെക്കൊണ്ട് ക്ഷയായി എന്ന് പറയിപ്പിക്കാം,
‘ ഹേയ്, നിങ്ങള്‍ അതിന്‍ ഗന്ധം ഇനിയും മുകര്‍ന്നില്ലെന്നോ, കഷ്ടം, കഷ്ടം,’ എന്നിങ്ങനെ വഴിനീളെ പറഞ്ഞിരുന്നാല്‍ മതി. രണ്ട്, അങ്ങിനേ ഒരു മുല്ലയുണ്ടോ എന്നതുപോലും സാമാന്യജനം അന്വേഷിക്കാന്‍ മിനക്കെടില്ല – നിങ്ങളുടെ സാമര്‍ത്ഥ്യമനുസരിച്ചാകും കേട്ടോ അവരുടെ മിനകേട്; ചിലരുണ്ട്, മിനക്കെട്ടുകളയും! ജാഗ്രത വേണം, ഇത്തരം സുഗന്ധവ്യഞ്ജനവ്യാപാരങ്ങളില്‍.

– ശത്രുക്കളുമായി അഗാധബന്ധം പുലര്‍ത്തണം; അവിഹിതം വരെയാകാം, കാര്യസിദ്ധിക്ക്. കാര്യം എന്താണ് എന്ന് ചോദിക്കരുത്, അവനവനോടു വിശേഷിച്ച്; വിഷമിച്ചുപോകും. ഒരു കാര്യവും കാണില്ല. അവിടെയാണ് നമ്മള്‍ അഹന്ത എന്ന ലോലവികാരത്തെ ബഹുമാനിക്കേണ്ടത്. പ്രസ്തുതവികാരം കുറെക്കാലമായി വേദാന്തികളുടെയും വൈശേഷികരുടെയും മറ്റും ശകാരം കേട്ട് അന്യം നില്‍ക്കാറായ ഒരുദാത്തവികാരമാണ്. ശത്രുക്കള്‍ മാത്രമാണ് അഹന്തയെ നിലനിര്‍ത്തുക. അവരെ നാം നിലനിര്‍ത്തേണം, പരിപോഷിപ്പിക്കേണം.

– അന്യാപദേശം ചെയ്യുക. നയാപ്പൈസാ ചെലവില്ലാത്ത കാര്യമാണ്. ഉദാഹരണത്തിന്, ഒരാള്‍ക്ക് ഹൃദയസംബന്ധമായ ഒരു രോഗം വന്നുവെന്ന് കരുതുക. നാളേക്ക് വച്ചേക്കരുത് – അപ്പോള്‍ത്തന്നെ ഏതെങ്കിലും മാര്‍ഗേണ ബന്ധപ്പെട്ടു അനുശോചനങ്ങള്‍ അറിയിക്കുക; ഉപദേശങ്ങളിലും പിശുനം കാണിക്കരുത്. നല്ലവണ്ണം ഉറക്കം കിട്ടും, സന്തോഷം നിമിത്തം. നമ്മുടെ സന്തോഷമാണ് നമുക്ക് മുഖ്യം, ഓര്‍മ്മ വേണം.

– പണംകൊണ്ട് മാത്രമല്ലല്ലോ മനുഷ്യന്‍ ജീവിക്കുന്നത്. ഇനിയഥവാ സഹായം നല്‍കുന്നുണ്ടെങ്കില്‍, അത് പരമാവധി പരസ്യപ്പെടുത്തണം. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുത് എന്നതെല്ലാം വില്ലേജാപ്പീസ് മുതലായ സര്‍ക്കാര്‍തലസ്ഥാപനങ്ങളിലെ ദിക്രീയാണ്. അല്ലാത്തപക്ഷം നിങ്ങളൊരു നല്ലവനാകും. നല്ലവന്‍ എന്നതൊരു അശ്ലീലപദമാണ്. അതറിയില്ല മിക്കവര്‍ക്കും എന്നതൊരു ദുഃഖസത്യവും. ‘ ഓ, അയാളൊരു നല്ലവനാ..’ എന്നതിന്റെ അര്‍ത്ഥം, അയാളെന്തോ മോശക്കാരന്‍ ആണെന്നാണ്.

– വാക്കുകള്‍ കൊടുക്കാനേ പാടൂ. പാലിക്കരുത്. പ്രവര്‍ത്തി എന്നത്, സ്വാര്‍ത്ഥത്തിനാകണം. കണ്ണില്‍ക്കണ്ട പരിഷകളെ നന്നാക്കാന്‍ നിന്നാല്‍ അങ്ങനെ ചെയ്ത ഗാന്ധി, വിവേകാനന്ദന്‍, ആദ്യകാലകമ്യൂണിസ്റ്റ്കാര്‍ മുതല്‍പേര്‍ക്ക് പിണഞ്ഞ അതേ അമളി പിണയും — ഒരു പ്രതിമയായി കവലകളില്‍ നിന്നോ ഇരുന്നോ മൂട്ട, കൊതുക്, പറവകള്‍ ഇവയുടെയെല്ലാം ശല്യം സഹിക്കാതെ ഉറക്കം കളയാം.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.