പാക്കേജിൽ എന്താണുള്ളത്… ? വലിയ പൂജ്യം മാത്രം

33

പാക്കേജിൽ എന്താണുള്ളത്…വലിയ പൂജ്യം മാത്രം, കേന്ദ്രസർക്കാരിനെതിരെ രണ്ടും കൽപ്പിച്ച് മമത, വിമർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചി 20 ലക്ഷം കോടിയുടെ പാക്കേജ് സമൂഹത്തിന്റ സമഗ്രവികസനത്തിനാണെന്ന് പറഞ്ഞാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിശദീകരിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലകളെ കുറിച്ച് പഠിച്ചതിന് ശേഷമുള്ള പാക്കേജാണിത്. പാക്കേജ് തയ്യാറാക്കുന്നതിനായി ഏഴ് മേഖലകളിലായി ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്ക് ശേഷം സ്വയം പര്യാപ്ത, സ്വയം ആര്‍ജിത ഭാരതമാണ് ലക്ഷ്യമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സാമ്പത്തിക പാക്കേജില്‍ ഭൂമി, തൊഴില്‍, മൂലധന നിക്ഷേപങ്ങള്‍, സംരഭങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കും. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ട പദ്ധതികള്‍ വിജയകരമായിരുന്നു. പാക്കേജ് സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കും. സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ച പദ്ധതികളുടെ തുടര്‍ച്ചയാകും 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജെന്നും ധനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജില്‍ വലിയ ഒരു പൂജ്യം മാത്രമാണുള്ളതെന്നും മമത പരിഹസിച്ചു.

കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് വിശദീകരിച്ച സാമ്പത്തിക പാക്കേജില്‍ സംസ്ഥാനങ്ങള്‍ക്ക് ഒന്നുമില്ല. പൊതുജനങ്ങള്‍ക്കായി ഒന്നും തന്നെ ചെലവഴിച്ചിട്ടിലെന്ന് മമത പറയുന്നു. ഇന്ത്യ മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊവിഡിനെ പ്രതിരോധിക്കാന്‍ ഒരു പണം പോലും നീക്കിവച്ചിട്ടില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. ധനമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് മമതയുടെ പ്രതികരണം.

കേന്ദ്രസര്‍ക്കാര്‍ പൊതുജനങ്ങളെ വഞ്ചിക്കുകയാണ്. ആളുകളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടി മാത്രമാണ് ഇപ്പോള്‍ ഇങ്ങനെയൊരു പാക്കേജ്. കേന്ദ്രസര്‍ക്കാരിന്റെ നടപടി ഫെഡറല്‍ ഘടനയെ തന്നെ തകിടം മറിക്കുന്നതാണെന്നും മമത കൂട്ടിച്ചേര്‍ത്തു. ധനമന്ത്രിയുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞ ഉടന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.കേന്ദ്രത്തിനെതിരെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങലുടെ ആരംഭ ഘട്ടത്തില്‍ തന്നെ കേന്ദ്രസര്‍ക്കാരും മമത ബാനര്‍ജിയും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരുന്നു.സംസ്ഥാനത്തിന് വേണ്ടത്ര സഹായങ്ങള്‍ കേന്ദ്രം അനുവദിച്ചു തരുന്നില്ലായെന്ന ആരോപണം മമത നേരത്തെ ഉയര്‍ത്തിയിരുന്നു. ഒപ്പം സംസ്ഥാനത്തെ കൊറോണ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ കേന്ദ്രസംഘം പശ്ചിമബംഗാളിലെത്തിയതും മമതയെ ചൊടിപ്പിച്ചിരുന്നു.

നേരത്തെ മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലുള്ള കൂടിക്കാഴ്ചയയിലും മമത ബാനര്‍ജി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്നും ആരും ഒരു കാര്യത്തിലും ഞങ്ങളുടെ അഭിപ്രായം ചോദിക്കുന്നില്ലെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു. രാജ്യത്തെ ഫെഡറല്‍ ഘടനയെ ഇളക്കി മറിക്കരുതെന്ന് മമതാ ബാനര്‍ജി വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പ്രധാനമന്ത്രിയോട് സൂചിപ്പിച്ചതായി വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കൊറോണ പ്രതിസന്ധി വിലയിരുത്തുന്നതിനായി കേന്ദ്രസംഘം പശ്ചിമബംഗാളിലെത്തിയതിന് പിന്നാലെ മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് സംസ്ഥാനത്തേക്ക് സംഘത്തെ അയച്ചതെന്ന് മമത ബാനര്‍ജി ചോദിച്ചു. എല്ലാവരും കൊറോണ പ്രതിരോധം ശക്തിപ്പെടുത്തുമ്പോള്‍ കേന്ദ്രം ചില സംസ്ഥാനങ്ങളുമായി യുദ്ധത്തിലാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ആരാപിച്ചിരുന്നു.