സിനിമാ ടിക്കറ്റുകള്‍ വാട്സാപ്പില്‍ വിതരണം ചെയ്ത തിയറ്റര്‍ ഉടമയ്ക്ക് വിലക്ക്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് ഈടാക്കുന്ന 25 രൂപ ഒഴിവാക്കാന്‍ ആണ് തിയറ്റര്‍ ഉടമ ഇത്തരത്തിലൊരു ജനോപകാരപ്രദമായ നടപടി കൈകൊണ്ടത്. ഇതിന്റെ പ്രതികാരമെന്നോണം തൃശൂരിലെ ഗിരിജ തിയറ്ററിനെ ടിക്കറ്റ് ബുക്കിങ് ആപ്പുകളില്‍ നിന്ന് ഒഴിവാക്കി.ഒരു രൂപ പോലും കമ്മീഷന് സാധാരണക്കാരില്‍ നിന്ന് വാങ്ങാതെ ആണ് ബുക്കിങ് നടത്തുന്നതെന്നും ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും ഗിരിജ തീയേറ്റര്‍ ഉടമ പ്രതികരിച്ചു .
‘തിയേറ്റര്‍ ഒന്നുണര്‍ന്നത് അന്യഭാഷാ സിനിമകള്‍ വന്നതോടെയാണ്. ടിക്കറ്റ് ചാര്‍ജിന് പുറമേയുള്ള ബുക്കിങ് ചാര്‍ജ് എങ്ങനെ ഒഴിവാക്കുമെന്ന് ഒട്ടേറെയാളുകള്‍ എന്നോട് ചോദിച്ചു. അങ്ങനെയാണ് വാട്ട്സ് ആപ്പ് വഴി ബുക്കിങ് ആരംഭിച്ചത്. തിയേറ്ററുകളിലേക്ക് വരുന്ന എല്ലാവരും വലിയ പണക്കാരൊന്നുമല്ല, സാധാരണക്കാരാണ്. നാല് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഒരു ടിക്കറ്റിനുള്ള പണം കൂടുതലായി നല്‍കേണ്ടി വരുന്നു. അതിനൊരു മാറ്റം വരുത്താനാണ് ഞാന്‍ വാട്ട്സ്ആപ്പ് ബുക്കിങ് തുടങ്ങിയത്’, – തിയേറ്റർ ഉടമ ഗിരിജ പറഞ്ഞു
ജനങ്ങളെ സഹായിക്കാൻ ശ്രമിച്ച ഈ തിയറ്റര്‍ ഉടമ അങ്ങനെയാണ് ഇത്തരമൊരു പ്രതികരണനടപടിക്ക് വിധേയമായത്. അല്ലെങ്കിലും ജനങ്ങളെ സഹായിക്കാൻ ശ്രമിച്ച എല്ലാരും വെട്ടിലായ ചരിത്രമല്ലേ ഈ നാടിനു പറയാനുള്ളൂ. ജനങ്ങളുടെ കീശ കൊള്ളയടിക്കുന്ന ഈ പിരിവ് അവസാനിപ്പിക്കാന്‍ തൃശൂരിലെ ഗിരിജ തിയറ്റര്‍ തയാറായി. ടിക്കറ്റ് ബുക് ചെയ്യാന്‍ വാട്സാപ്പ് നമ്പര്‍ പ്രസിദ്ധപ്പെടുത്തി. അധിക ചാര്‍ജ് ഇല്ല. എത്രയാണോ ടിക്കറ്റ് നിരക്ക് ആ തുക ഗൂഗിള്‍ പേ ചെയ്താല്‍ മതി. ഈ രീതി തുടര്‍ന്നാല്‍ ബുക്കിങ് ആപ്പുകള്‍ക്കും ൈസറ്റുകള്ക്കും തിരിച്ചടിയാകും. തിയറ്ററുകാര്‍ ഈ രീതി പിന്തുടര്ന്നാല് സ്വഭാവികമായും ആളുകള്‍ വാട്സാപ്പിലേക്ക് മാറും. ഇതിന്റെ പ്രതികാര നടപടിയെന്നോണം ആപ്പുകളില്‍ നിന്നും സൈറ്റുകളില്‍ നിന്നും ഗിരിജ തിയറ്ററിനെ ഒഴിവാക്കി. ഈ വിഷയത്തെ കുറിച്ച് സുജിത് കുമാർ എഴുതിയ കുറിപ്പ് വായിക്കാം
Sujith Kumar
തൃശൂരിലെ ഗിരിജാ തീയറ്റർ വാട്സപ്പ് വഴി ഓൺലൈൻ ബുക്കിംഗ് സ്വീകരിച്ചതിനെത്തുടർന്ന് പ്രതികാര നടപടിയായി ബുക് മൈ ഷോ അവരുടെ പ്ലാറ്റ് ഫോമിൽ നിന്ന് പ്രസ്തുത തീയറ്ററിനെ നീക്കം ചെയ്തതുമായ ഒരു വിവാദം കത്തി നിൽക്കുന്നുണ്ട്. ബുക് മൈ ഷോ ഓൺലൈൻ കുത്തക ബുക്കിംഗ് സൈറ്റ് ആണെന്നതിനാലും 25 രൂപ അധികമായി ടിക്കറ്റിനു വാങ്ങുന്നു എന്നതിനാലുമൊക്കെ തീയറ്റർ ഉടമയ്ക് അനുകൂലമായി സാധാരണക്കാർ കയ്യടിക്കുന്നതും പിൻതുണ പ്രഖ്യാപിക്കുന്നതുമെല്ലാം സ്വാഭാവികം തന്നെ.
തീയറ്റർ ഉടമയ്ക് ഏത് വഴി ബുക്കിംഗ് സ്വീകരിക്കാനും അവകാശമുണ്ട്. പക്ഷേ ഒരു പ്ലാറ്റ് ഫോമുമായി നിയമപരമായി ഒരു കരാർ ഒപ്പിട്ട് അവരുടെ പ്ലാറ്റ് ഫോമിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ സ്വന്തം നിലയിൽ മറ്റ് പ്ലാറ്റ് ഫോമുകളിലൂടെ ഓൺലൈൻ ബുക്കിംഗ് നടത്തുന്നത് കരാറിനു വിരുദ്ധമാണെങ്കിൽ പ്രസ്തുത പ്ലാറ്റ് ഫോമിന് ഈ പറഞ്ഞ തീയറ്ററിനെ അവരുടെ സർവീസിൽ നിന്ന് ഒഴിവാക്കാൻ അവകാശമുണ്ട്. അപ്പോൾ ആക്ഷേപമുന്നയിച്ചിട്ടോ അമിതമായ കമ്മീഷൻ ഈടാക്കുന്നു എന്നും, പാവങ്ങൾക്കായാണ് ഇത്തരത്തിൽ വാട്സപ്പ് വഴി ബുക്കിംഗ് സീകരിച്ചത് എന്നുമൊക്കെ ന്യായീകരിക്കുന്നത് ശരിയല്ല. ബുക് മൈ ഷോ പോലെയുള്ള സർവീസുകൾ ഇടനിലക്കാരായി നിന്നുകൊണ്ട് അമിതമായ ചാർജ് ഈടാക്കുന്നു എന്ന് ഉപഭോക്താക്കൾക്കും തീയറ്റർ ഉടമകൾക്കും ഒരുപോലെ ആക്ഷേപമുണ്ടെങ്കിൽ അവരുമായുള്ള കരാർ വേണ്ടെന്ന് വച്ച് സ്വന്തം നിലയ്ക് ബുക്കിംഗ് സിസ്റ്റം കൊണ്ടുവരേണ്ടത് തീയറ്റർ ഉടമകൾ തന്നെയാണ്.
അത്തരത്തിൽ ഇടനിലക്കാരില്ലാതെ സ്വന്തം നിലയ്ക് തന്നെ ബുക്കിംഗ് വെബ് സൈറ്റ് ഉള്ള തീയറ്ററുകൾ കേരളത്തിൽ തന്നെ ഉണ്ട് (ഉദാഹരണം പാലക്കാട്ടെ പ്രിയദർശിനി, പ്രിയതമ തീയറ്ററുകൾ). ഇത്തരം ഒരു ബുക്കിംഗ് വെബ് സൈറ്റ് ഉണ്ടാക്കുക അത്ര വലിയ വിഷമമുള്ള കാര്യമൊന്നുമല്ല. പക്ഷേ അതിനും ചെലവുണ്ടെന്ന കാര്യം മനസ്സിലാക്കണം. റിലീസ് സമയങ്ങളിലൊക്കെയുള്ള ഉയർന്ന ട്രാഫിക് കൈകാര്യം ചെയ്യാനുള്ള കപ്പാസിറ്റിയുള്ള സെർവ്വറുകൾ ആകണം, പേയെമ്ന്റ് ഗേറ്റ് വേകൾക്കുള്ള ചാർജ് കൊടുക്കണം, പിന്നെ ഗൂഗിളിൽ സിനിമാ പേരും സ്ഥലവും വച്ച് സേർച്ച് ചെയ്താൽ സേർച്ച് റിസൾട്ടിൽ ആദ്യം വരുന്ന രീതിയിൽ സേർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ ടെക്നിക്കുകൾ ഉപയോഗിക്കേണ്ടി വരും. അങ്ങനെ കുറേ തലവേദനകൾ ഉണ്ട്.
അതൊക്കെ ഒഴിവാക്കാനാണ് മിക്ക തീയറ്റർ ഉടമകളും ബുക് മൈ ഷോ പോലെയുള്ള സർവീസുകൾ ഉപയോഗിക്കുന്നത്. അവർ കൊള്ളലാഭമെടുക്കുന്നുണ്ടെന്ന ബോദ്ധ്യമുള്ള തീയറ്റർ ഉടമകളുടെ സംഘടനകൾക്ക് മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം സ്വന്തം നിലയ്ക് ചെയ്തുകൊണ്ട് അധികം മാർജിൻ എടുക്കാത്ത നല്ല ഒരു ബുക്കിംഗ് സൈറ്റ് കൊണ്ടുവരാവുന്നതാണ്. അതാണ് മര്യാദ. സിനിമാ പ്രേമികളുടെ ആവശ്യവും അതു തന്നെ. അല്ലെങ്കിൽ ബുക് മൈ ഷോയുമായി വിലപേശി ബുക്കിംഗ് ചാർജ് കുറപ്പിക്കുക. ഇത്ര ശക്തമായ സംഘടനയുള്ള നിങ്ങൾ ഒരുമിച്ച് പിൻമാറുമെന്ന് വെറുതേ ഒന്ന് ഭീഷണീപ്പെടുത്തിയാൽ തന്നെ അവർ വഴിക്ക് വന്നേക്കും.
One Response
ബുക്കിംഗ് കമ്പനി എന്ന് പറഞ്ഞേ പ്പോൾ തന്നെ മനസിലായി. അന്തം കമ്മികളുടെ താണന്ന്. അതായത് നോക്കുകൂലി കമ്പനി.