വന്മരം മറിഞ്ഞു വീണപ്പോള്‍

235

indira gandhi killed

വൈകുന്നേരം ഒരു യാത്രയുണ്ടായിരുന്നു. അതുകൊണ്ടു ഞാനന്ന് ഓഫീസ്സില്‍ പോയില്ല. ശ്രീമതിയും കുട്ടികളും സ്‌കൂളില്‍ പോയി. സമയം പന്ത്രണ്ടു മണിയായിട്ടില്ല. റേഡിയോയിലൂടെ വരുന്ന ക്രിക്കറ്റ് കമന്ററിയും കേട്ടു വെറുതെ കിടക്കുകയായിരുന്നു ഞാന്‍. കളി മുറുകി വരുന്നു. പെട്ടെന്നു കമന്ററിക്ക് പകരം ഉപകരണ സംഗീതം, അതും ചെറിയ ദു:ഖഛവിയിലുള്ളത് കേള്‍ക്കാന്‍ തുടങ്ങി. ഒരുപക്ഷേ ലിങ്ക് പോയതാവും എന്നുകരുതി കാത്തിരുന്നു. ലിങ്ക് പോയാല്‍ റേഡിയോക്കാര്‍ വിവരം പറയേണ്ടതാണ്. ഞാന്‍ സ്‌റ്റേഷനുകള്‍ മാറ്റി നോക്കി. എല്ലായിടത്തും നേര്‍ത്ത സംഗീതം മാത്രം. പെട്ടെന്നു എന്തോ ഒരു സംശയം. ഞാനുടനെ ബി.ബി.സി ട്യൂണ്‍ ചെയ്തു. വാര്‍ത്ത കേട്ടു എന്റെ തല കറങ്ങുന്നതുപോലെ തോന്നി. ഒരു ഷര്‍ട്ട് എടുത്തിട്ടു ഞാന്‍ ഞങ്ങളുടെ അങ്ങാടിയിലേക്ക് ഓടി. ആദ്യം കണ്ട ആളോടുതന്നെ വിളിച്ച് കൂവി.

‘ഇന്ദിരാ ഗാന്ധിയെ വെടിവെച്ചു കൊന്നു’.

ഞാനൊരിക്കലും ശ്രീമതി ഗാന്ധിയുടെ ആരാധകനായിരുന്നില്ല. അവരുടെ ജനപ്രിയ നടപടികളില്‍ ഒട്ടും മതിപ്പു തോന്നിയിട്ടുമില്ല. മറിച്ച്, അവരുടെ പല നടപടികളും ജനാധിപത്യ വിരുദ്ധമായിരുന്നു എന്നു ഉറച്ചു വിശ്വസിച്ചിരുന്നു. അടിയന്തിരാവസ്ഥ നമ്മുടെ ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ അടിയായിത്തന്നെ കരുതി. രാവിലെ പത്രത്തില്‍ ‘ഇന്ന് ഞാന്‍ ജീവിച്ചിരിക്കുന്നു. നാളെ ഒരുപക്ഷേ ഞാനുണ്ടാവില്ല. എന്റെ അവസാനത്തുള്ളി രക്തം വരെ എന്റെ നാടിന് നല്കും’ എന്ന പ്രസംഗം ആസ്വദിച്ച് വായിച്ചു.

പക്ഷേ ഇപ്പോള്‍ എനിക്കാകെ തളര്‍ച്ച തോന്നുന്നു. വീട്ടില്‍ തിരിച്ചുവന്നു റേഡിയോയില്‍ പരതി. നമ്മുടെ നിലയങ്ങളില്‍ എല്ലാം ഉപകരണ സംഗീതമേ ഉള്ളൂ. ഞാന്‍ ബി.ബി.സിയും വോയിസ് ഓഫ് അമേരിക്കയും തപ്പി. (സര്ക്കാര്‍ മാധ്യമങ്ങളെ വിശ്വാസമില്ലാതെ അടിയന്തിരാവസ്ഥക്കാലത്ത് തുടങ്ങിയതാണ് ഈ പരിപാടി). കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നുതുടങ്ങി. സിഖുകാരായ അംഗരക്ഷകരാണ് വെടിവെച്ചത്. സുവര്‍ണക്ഷേത്രത്തിലെ സൈനീക നടപടിയിലും, ഭീന്ദ്രന്‍വാലായെ വധിച്ചതിലുമുള്ള പ്രതിഷേധമാണ്. എനിക്കു ഇരുപ്പുറച്ചില്ല. ഒരു നിമിഷംകൊണ്ടു ഇന്ദിര എന്റെ ശത്രുവല്ലാതായി. ‘ഇന്ത്യയെന്നാല്‍ ഇന്ദിരയാണ്’ എന്ന ഒരു വൈതാളികന്റെ പ്രസ്താവനയേ പുശ്ചത്തോടെ മാത്രം കണ്ടിരുന്ന എനിക്കു ഇന്ദിര ഇന്ത്യ തന്നെയാണെന്ന് തോന്നി. സകല സിഖുകാരും എന്റെ ശത്രുക്കളായി. ഒരു സിഖുകാരനെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ എന്നു ഞാനും ആഗ്രഹിച്ചു.

വിവരങ്ങളറിയാതെ ഇത്രയും കഷ്ടപ്പെട്ട ഒരു കാലമില്ല. എന്റെ നാട്ടില്‍ ഒരിടത്തും ഫോണില്ല. തിരുവനന്തപുരം മാന്ഗ്ലൂര്‍ ബോംബെ മൈക്രോവേവ് ലിങ്കിന്റെ ഭാഗമായി വെള്ളയില്‍ സ്‌റ്റേഷനില്‍ ഒരു ടി.വി.യുണ്ട്. അതേ കണ്ടിട്ടുള്ളൂ.നാല്‍പ്പത്തഞ്ചു കിലോമീറ്റര്‍ അകലെയുള്ള നഗരത്തിലെ സുഹൃത്തുക്കളേ ബന്ധപ്പെടാനാവാതെ, ഒരു വിവരവും അറിയാന്‍ വഴിയില്ലാതെ, കണ്ണില്‍കണ്ട റേഡിയോ സ്‌റ്റേഷനുകള്‍ ഒക്കെ ട്യൂണ്‍ ചെയ്തു, മുറിഞ്ഞ മനസ്സുമായ് ഞാനിരുന്നു. നാലുമണിയോടെയാണ് നമ്മുടെ റേഡിയോ മിസ്സസ്സ് ഗാന്ധിയുടെ മരണവാര്‍ത്ത പുറത്തു വിട്ടത്.

പിറ്റെന്നു പത്രം വന്നപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതു. ഇന്ത്യാ മഹാരാജ്യത്തിലെ ജനം ഇന്ദിരയെ ചൊല്ലി പൊട്ടിക്കരഞ്ഞു. അണപൊട്ടിയൊഴുകിയ ദുഖത്തില്‍ നാട് വെറുങ്ങലിച്ചു നിന്നു. രാജ്യത്തുടനീളം സിഖുകാര്‍ക്കെതിരെ ആക്രമണങ്ങളുണ്ടായി. എന്തിന്, ഇലക്ട്രോണിക്‌സ് പാര്‍ട്ടുകള്‍ വില്‍ക്കാന്‍ വന്ന രണ്ടു പാവം സിഖുകാരെ, കോഴിക്കോട്ട്, ജനം ഓടിച്ചിട്ടു തല്ലി. ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ നഗരങ്ങളിലും സിഖുകാരുടെ ജീവനും സ്വത്തിനും വിലയില്ലാതായി. സിഖുകാര്‍ക്കെതിരായ വികാരം രാജ്യം മുഴുവന്‍ കത്തിപ്പടര്‍ന്നു. വിഭജനത്തിന്റെ നാളുകളെ വീണ്ടും ഓര്‍മ്മിപ്പിക്കുന്ന അവസ്ഥയായിരുന്നു നാടുമുഴുവന്‍, പ്രത്യേകിച്ചു ഉത്തരേന്ത്യയില്‍.

‘എന്റെ നേതാവ് എന്നോടു ഒരു ചൂലുമെടുത്ത് തെരുവ് വൃത്തിയാക്കാന്‍ പറഞ്ഞാല്‍ ഞാനത് സന്തോഷപൂര്‍വ്വം അനുസരിച്ചെനെ, പക്ഷേ അവരെന്നെ ഈ രാജ്യത്തിന്റെ പ്രസിഡെന്റാക്കി’ എന്നു അഭിമാനപൂര്‍വ്വം പറഞ്ഞ സെയില്‍ സിംഗ് ആയിരുന്നു നമ്മുടെ രാഷ്ട്രപതി. അദ്ദേഹം രാജീവ് ഗാന്ധിയെ വിളിച്ച് വരുത്തി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചു. ആ പ്രത്യേക സാഹചര്യത്തില്‍ രാജ്യം ഒന്നാകെ അതാഗ്രഹിച്ചിരുന്നു എന്നതാണു സത്യം. രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെയായിരുന്നു മുഖ്യം. പ്രധാനമന്ത്രിപദം കയ്യാളേണ്ടിവന്ന രാജീവിനോടു ആദ്യത്തെ പത്ര സമ്മേളനത്തില്‍ ഒരു പത്രക്കാരന്‍ സിഖുകാര്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് തിരക്കി.

‘വന്മരങ്ങള്‍ മറിഞ്ഞ് വീഴുമ്പോള്‍ അടിയില്‍ ചില ചെറിയ ചെടികള്‍ പെട്ടുപോകും’

ആ മകന്‍ മറുപടി പറഞ്ഞു.

‘വന്മരങ്ങളും ചെറുചെടികളും’ –എന്തൊരു നല്ല ഉപമ. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കു തോന്നുന്നത് ഗുജറാത്ത് കൂട്ടക്കൊലയില്‍ മരിച്ചതിലേറെ മനുഷ്യര്‍ അന്ന് മരിച്ചുവെന്നാണ്. പക്ഷേ സിഖുകാരുടെ കൂട്ടക്കൊലയ്ക്ക് നേരെ ഇന്ത്യയിലെ പൊതു സമൂഹം (ഒരു പക്ഷേ ഈ നിസ്സാരനായ ഞാനുള്‍പ്പെടെ) പുറംതിരിഞ്ഞു നിന്നു. നാം അതിനെ രാജ്യസ്‌നേഹം എന്നു വ്യാഖ്യാനിച്ചു.

രണ്ടു വര്‍ഷം കഴിഞ്ഞു ഒരു പുതിയ മള്‍ടിപ്ലക്‌സ് സ്‌റ്റേഷന്റെ കമ്മീഷനിങ്ങുമായി ബന്ധപ്പെട്ടു നാലുമാസം ഞാന്‍ കുടകിന്റെ ആസ്ഥാനമായ മെര്‍ക്കാറ (മടിക്കേരി)യിലുണ്ടായിരുന്നു. ഏറ്റവും സുന്ദരികളായ പെങ്കുട്ടികളെ കൂര്‍ഗ്ഗീലും പഞ്ചാബിലുമാണ് ഞാന്‍ കണ്ടിട്ടുള്ളത്. സുന്ദരികളും ആരോഗ്യമുള്ളവരുമായ പെണ്‍ കുട്ടികളെ കാണുമ്പോള്‍, ഭക്ഷണം കഴിക്കാതെ, തിളക്കമറ്റ കണ്ണുകളുമായി സ്ലിം ബ്യൂട്ടികളായി മാറാന്‍ ശ്രമിക്കുന്ന നമ്മുടെ കുട്ടികളെ ഓര്‍ത്തു എന്റെ മനസ്സ് നീറും.

മടിക്കേരി ടൌണിലേക്ക് ചെന്നിറങ്ങുന്ന ചതുരത്തിലെ ഹോട്ടലിലായിരുന്നു എന്റെ താമസം. താമസവും ഭക്ഷണവും സുഖകരം. ജോലിയും വൈകുന്നേരത്തെ നടത്തവും കഴിഞ്ഞുവന്നാല്‍ കുളിയും ഭക്ഷണവും. പിന്നെ വിശദമായ വായനയും വെടിപറച്ചിലുമാണ്. അങ്ങിനെയാണ് ഞാന്‍ ശ്രീ ബല്‍ബീര്‍ സിങ്ങിനെ പരിചയപ്പെടുന്നത്. എന്റെ അടുത്ത മുറിയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. സര്‍ദാര്‍ജി താമസിക്കുന്നത് കോഴിക്കോട്ടാണ്. അല്‍പ്പസ്വല്‍പ്പം മലയാളം പറയും. നമ്മുടെ സങ്കല്‍പ്പത്തിലെ അജാനുബാഹുവായ സര്‍ദാര്‍ജി തന്നെ. കുടകില്‍നിന്ന് കുരുമുളക് ശേഖരിച്ചു കയറ്റി അയക്കുന്ന ബിസിനസ്സുകാരന്‍. ഒരേ പോലെ ചിന്തിച്ചിരുന്നതിനാലാവാം ഞങ്ങള്‍ പെട്ടെന്നു സുഹൃത്തുക്കളായി. വൈകുന്നേരങ്ങളില്‍ സംസാരിച്ചിരിക്കുക ഞങ്ങളുടെ പതിവായി.

സര്‍ദാര്‍ജിയാണെങ്കിലും ബീഹാറാണു ജന്മദേശം. മുത്തച്ഛന്‍ തൊട്ടേ അവിടെയാണ്. കഠിനാധ്വാനത്തിലൂടെ ഒരു വ്യവസായ സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തിയ കുടുംബം. വ്യവസായശാലകളും, ഫാമുകളും ആയി ഏതാണ്ട് ആയിരത്തിലേറെപ്പേര്‍ക്ക് തൊഴില്‍ കൊടുക്കുന്നു. സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചവര്‍ കുടുംബത്തിലുണ്ട്. ഇളയച്ഛന്‍ ബീഹാര്‍ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയാണ്. പക്ഷേ സമൃദ്ധിയുടെയും ആഹ്ലാദത്തിന്റെയും പൊട്ടിച്ചിരികളെല്ലാം ആ നശിച്ച ദിവസം തകര്‍ത്തുകളഞ്ഞു. 1984 ഒക്ടോബര്‍ 31.ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസം.ഭ്രാന്തുകയറിയ ജനം സര്‍ദാര്‍ജിമാരെ വേട്ടയാടി.

കണ്ണില്‍ കണ്ടതും കയ്യില്‍ കിട്ടിയതും കൊള്ളയടിച്ചു. ഫാമുകളിലെ പശുക്കളെയും പന്നികളെയും ഓരോരുത്തര്‍ കൊണ്ടുപോയി. ഫാക്റ്ററികളില്‍ നിന്നു ഇളക്കിമാറ്റാവുന്നതെല്ലാം കൊള്ളയടിക്കപ്പെട്ടു. കരുത്തനായ സര്‍ദാര്‍ജിയുടെ തൊണ്ടയിടറി. ‘ഏറ്റവും സങ്കടം, അദ്ദേഹം പറഞ്ഞു,

ഇരുപതും മുപ്പതും വര്‍ഷമായി കൂടെ നിന്നവര്‍, ജോലി ചെയ്തിരുന്നവര്‍, തന്നെയായിരുന്നു മോഷണത്തിനും പിടിച്ചുപറിക്കും മുന്നില്‍’.

‘പോലീസില്‍ പരാതിപ്പെട്ടുകൂടായിരുന്നോ?,രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുകൂടായിരുന്നോ? ‘

ഞാനൊരു വിഡ്ഡിച്ചോദ്യം ചോദിച്ചു.

മുട്ടാത്ത വാതിലുകളില്ല. നെഞ്ചുരുകിക്കരയാഞ്ഞിട്ടല്ല. പക്ഷേ രാജ്യ ദ്രോഹികളായ സിഖുകാരെ ആര് സഹായിക്കാന്‍. വന്മരം കടപുഴകുമ്പോള്‍ ചെറുമരങ്ങളുടെ രോദനം ആര് കേള്‍ക്കാന്‍?

അന്ന് രാത്രി അസ്വസ്ഥമായ മനസ്സോടെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ഞാന്‍ സ്വയം ചോദിച്ചു’അന്ന്, ആ വല്ലാത്ത ദിവസം, ഈ മനുഷ്യനെ കയ്യില്‍ ഒത്തുകിട്ടിയിരുന്നെങ്കില്‍ ഞാനെന്തു ചെയ്യുമായിരുന്നു?’