എവിടെപ്പോയി നമ്മുടെ ഗ്രാമസായന്തനങ്ങൾ ?

206

Kavalam Anil

എവിടെപ്പോയി നമ്മുടെ ഗ്രാമസായന്തനങ്ങൾ ?

ഗ്രാമത്തിന് തനതായ ഒരു ജീവിതക്രമമുണ്ട്. നാട്ടുസംസ്കൃതിയുടെ വിമലാകാശസദൃശ്യമായ സ്മരണകളിൽ ചൂളിവിറച്ചു ശയിക്കുന്ന മഞ്ഞുകാലമുണ്ട്. പുലരിയും , സന്ധ്യയും തെല്ലു നാണത്തോടെ പ്രവേശിക്കുന്ന നാട്ടിടവഴികളെത്ര! രാമഞ്ഞിൻകോടിയുടുത്ത സസ്യലതാദികളുണ്ട്. തനിക്കു വേണ്ടി മാത്രം ഒരുവൻ മരക്കൊമ്പിലിരുന്ന് പാടുന്ന ഗാനത്തെ നെഞ്ചിലാവാഹിച്ചുറങ്ങാത്ത നീൾമിഴിപ്പൂവുകളുമുണ്ട്.

ചെറുഞാറുകൾ പാൽക്കതിർ ചൂടുന്ന പ്രായം. പുലർച്ചേ കനത്ത മഞ്ഞിന്റെ മറപിടിച്ച് പാടവരമ്പിൽ നടക്കണം. നെല്ലിലച്ചാർത്തുകളിൽ കൂമ്പിനിൽക്കുന്ന തുഷാരകണമത്രയും ചുംബിച്ചുർത്തിയ പാദങ്ങളോടെ, പുറം തൂമ്പിൽ നിന്നും അലിഞ്ഞു വരുന്ന ചെറുമീനുകളുടെ നൃത്തം കണ്ട് വയൽച്ചെളിഗന്ധം നുകർന്നു കൊണ്ടുള്ള നടത്തം പേലവമായ സ്മൃതിചിത്രമാണ്. പേരറിയാത്ത ദേശാടനപ്പക്ഷികളുടെ സംഗമസ്ഥാനം കൂടിയാവുന്നു, വയലുകൾ. കാലം തെറ്റാതെ അവ ഓരോവർഷവും കൃത്യമായ ഇടവേളകളിൽ വിരുന്നു വരുന്നു.

വലിയ ശിഖരങ്ങളുള്ള പുളിമരച്ചില്ലയിരുന്നു പാടുന്ന പക്ഷിയുടെ ‘ചക്കയ്ക്കുപ്പുണ്ടോ ‘ എന്ന ചോദ്യത്തിലേയ്ക്കാണ് ഉണരുക പതിവ്. വവ്വാൽ കടിച്ചിട്ട പുന്നക്കായ്കളും മാങ്ങകളുമൊക്കെ ഓരോ വീടിന്റെയും തൊടികൾക്കലങ്കാരമായിട്ടുണ്ടാകുമപ്പോൾ. പ്രാചീനമായ ഏതോ സിംഫണി പോലെ അടുത്ത മഞ്ഞുകാലംവരെയും വിരുന്നുപക്ഷികളുടെ പാട്ട് ഉള്ളിൽ താളം മുഴക്കും. ചിലപ്പോഴൊക്കെ അസ്തമയസംഗീതമായും പാതിരാക്കാറലായുമൊക്കെ അത് ദിഗംന്തങ്ങളെ ഭേദിക്കും. മൗനമുടഞ്ഞു ശബ്ദവീചികളാവുന്ന അത്തരം നിമിഷങ്ങളിലാണ് കൂമൻ ഗ്രാമത്തിന് മീതേ പറക്കുക. സന്ധ്യാംബരത്തിൽ വവ്വാലുകളുടെ, കുഞ്ഞാറ്റക്കിളികളുടെ വ്യൂഹരചന. ഇതിഹാസത്തിൽ വർണ്ണിച്ചപോൽ ക്രൗഞ്ചവ്യൂഹം, വജ്രവ്യൂഹം , ചക്രവ്യൂഹം എന്നീ നിലകളിൽ വിവിധതരത്തിൽ പറക്കുന്ന സൈന്യം. മഞ്ഞുകാലം ഓർമ്മകളുടെ കാടാകുന്നു, തിരികെ വരാനാകാത്തവിധം കാലം മുൾവേലി പടർത്തിയ ആരണ്യാന്തരഗേഹം. അവിടെ മോഹത്തിന്റെ വിതയേറ്റി കൊയ്യുന്ന ജീവിതങ്ങളുണ്ട്. മന്ത്രമുഗ്ദ്ധമായ ഒരീരടിയിൽ മയങ്ങി സ്വയമെരിഞ്ഞ നന്ത്യാർവട്ടമുണ്ട്. തോൽക്കുവാൻ മനസ്സില്ലാത്ത പൗരുഷഭാവനകളുണ്ട്.

സൈബീരിയയിൽ നിന്നും കാനഡയിൽ നിന്നും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുമൊക്കെ നമ്മുടെ ഈ കൊച്ചു കേരളത്തിലേക്ക് വിരുന്നു വരുന്ന ഈ പക്ഷികൾ വഴിതെറ്റാതെ എങ്ങനെ ഇത്രദൂരം സഞ്ചരിക്കുന്നു എന്നത് ശാസ്ത്രലോകത്തിനുമത്ഭുതമാണ്. അവരതിന് പല കാരണങ്ങളും പറയുന്നു. പക്ഷേ, വിശദീകരണങ്ങൾക്ക് വഴങ്ങാത്ത, മനുഷ്യനജ്ഞാതമായ ഏതോ കാരണങ്ങൾ ഇതിനു പിന്നിലുണ്ടാകാം.

ഇപ്പോൾ, ഗ്രാമത്തിൽ പക്ഷികൾ വന്നിരിക്കാം. ആകാശത്തെ പലനിറങ്ങൾ ചാർത്തി മഞ്ഞുമാസത്തിന്റെ സമസ്തസൗന്ദര്യവും വരച്ചിരിക്കാം. കൈതയോലകളിൽ തൂങ്ങിയാടി പതിറ്റടിവെയിലിനോട് കിന്നാരമോതിക്കഴിഞ്ഞിരിക്കാം. സ്വപ്നവർണ്ണാംഗിതമായ രാവുകളിൽ ചെമ്പകപ്പൂമണമൊഴുകുന്നുണ്ടാവാം. അകലെയേതോ നാട്ടുഗന്ധർവൻ തന്റെ പ്രണയിനിക്കായി മാത്രം പാടുന്നുണ്ടാവാം. ഒരു വേള മറഞ്ഞുപോയ സങ്കല്പ്പങ്ങളത്രയും പുതുമുളയായി തളിർത്തിരിക്കാം.
അനന്തരം, സ്വർണ്ണനൂലുപോൽ തിളങ്ങുന്ന വൃശ്ചികനിലാവ് പുഴയിൽ മുങ്ങാംകുഴിയിട്ടു നീന്തുമ്പോൾ, പുലരിയെ കിനാവുകണ്ട് നമ്മുടെ സന്ധ്യകൾ …!!

മൂവന്തി ഒരു പകലിന്റെ അന്തിമനിശ്വാസമാണ്. പണിയെടുപ്പിന്റെ വിയർപ്പും യാത്രയുടെ താല്ക്കാലിക പരിസമാപ്തിയും ഗന്ധകാമനകളുടെ ഉയർത്തെഴുന്നേൽപ്പുമൊക്കെയും സന്ധ്യാമോഹിനിയുടെ പേലവാധരത്തിലുണ്ട്. സാന്ധ്യസിന്ദൂരം ചാർത്തിയൊരുങ്ങുന്ന രാവാണ് ഉന്മാദികളുടെ പറുദീസ. പകൽക്കൈകൾ കൊണ്ടു മുറിവേറ്റതൊക്കെയും ആ രാവ് സാന്ത്വനങ്ങളാൽ സ്നാനപ്പെടുത്തും.

രണ്ടു ദശകങ്ങൾക്കപ്പുറം ആറ്റിറമ്പിലും തോണിക്കടവത്തും ക്ഷേത്രകവാടത്തിലെ ആൽത്തറയിലും വായനശാലയുടെ തിരുമുറ്റങ്ങളിലും ഒത്തുചേർന്നിരുന്ന വലിയൊരു യുവസമൂഹം ഉണ്ടായിരുന്നു. കലയും സാഹിത്യവും രാഷ്ടീയവും വിലക്കയറ്റവും വിഷാദഗീതവും എല്ലാമെല്ലാം അവിടെ ചർച്ചയ്ക്കു വന്നിരുന്നു. ആ ചെറുപ്പക്കാർ ഗ്രാമങ്ങളുടെ സ്വപ്നദാതാക്കളായിരുന്നു. ഷെല്ലിയും ഷേക്സ്പിയറും മോപ്പസാങും വയലാറും ഭാസ്കരനും വെർജീനിയാ വൂൾഫും വള്ളത്തോളും ആശാനും ഹെമിങ് വേയും എല്ലാം അവിടെ പുനർനിർണയിക്കപ്പെട്ടു.

പകലന്തിയോളം വയൽപ്പണി കഴിഞ്ഞ് അന്തിക്ക് കള്ളുഷാപ്പിൽകയറി മിനുങ്ങി ഉച്ചത്തിൽ വയലാർക്കവിതപാടി വേച്ചുവേച്ച് വീടണയാറുള്ള കർഷകർ നാട്ടോർമയായി. കോവിലിൽ തൊഴാൻപോകുന്നവരുടെ തിരക്ക്. അതിലൊരു ദാവണിക്കാരിയുടെ കടാക്ഷമധുരമേൽക്കാൻ വെമ്പി പിന്നാലെ കൂടുന്ന പയ്യന്റെ ഭാവം. ഗ്രാമച്ചന്തകൾ …. ഏതൊരു വായാടിയേയും ചിന്താപരനാക്കുന്ന ഈ സന്ധ്യ വായനശാലകളുടെ വായനാസംസ്കാരത്തിന്റെ പൂക്കാലമായിരുന്നു.

ഇവരൊക്കെ എവിടെപ്പോയി? ആ സായന്തന യുവത്വം എവിടെ? ഒരിക്കലും തിരികെ വരാത്തവണ്ണം നമ്മുടെ ഗ്രാമസായന്തനം പടിയിറങ്ങിപ്പോയോ? എവിടെ മറഞ്ഞു നമ്മുടെ സന്ധ്യകൾ? അത് ഒരു സ്വപ്നംപോലെ മാഞ്ഞൊഴിഞ്ഞുവോ !!
ആ സ്വപ്നത്തെ നമ്മൾ പുനർസൃഷ്ടിക്കേണ്ടതല്ലേ? അക്ഷരഭരിതമായ ആ സർഗ്ഗാത്മകസന്ധ്യകളെ നമ്മൾ വരവേൽക്കണ്ടതല്ലേ?

Advertisements