മനുഷ്യത്വത്തിന്റെ ഉത്പാദന കേന്ദ്രം എവിടെയാണ് ?

81

Umer Kutty

മനുഷ്യത്വത്തിന്റെ ഉത്പാദന കേന്ദ്രം എവിടെയാണ് ?

അത് മനുഷ്യമസ്തിഷ്ക്കത്തിൽ നിന്ന് തന്നെയാണ് . മനുഷ്യനാവുക കൊണ്ടുമാത്രം അവൻ മാനവികതയെ ചേർത്തു പിടിക്കുന്നു . അത് കൊണ്ടാണ് ഹാ മനുഷ്യൻ എത്ര മഹത്തായ പദം എന്ന പ്രയോഗത്തിന് ഇത്രമേൽ സാധുത കൈവരുന്നതും ..
ഈ ചിത്രത്തിലെ മനുഷ്യന്റെ വേഷം കൊണ്ട് നമുക്ക് തിരിച്ചറിയാനാകും ഒരു മുസ്ലിം ആണെന്നും മത പുരോഹിതൻ ആണെന്നും [ വേഷം കൊണ്ട് ആളുകളെ തിരിച്ചറിയാമെന്ന സംഘി വേർഷനും ഓർമ്മ ഉണ്ടാവണം ] ദയാ ഭായിയെ ഒരിക്കൽ യാത്രക്കിടയിൽ മുഷിഞ്ഞ വസ്ത്രം ധരിച്ചതിനാൽ ഇറക്കി വിട്ട നാടും ഇതുതന്നെ .. അപ്പോൾ ഇത്തരം വേഷമുള്ള ആളുകളെ പലപ്പോഴും ആധുനികർ എന്ന് സ്വയം കരുതുന്ന നാം പഴഞ്ചന്മാരെന്നു കരുതി മാറ്റി നിർത്താം ..
പക്ഷെ മനുഷ്യത്വം പ്രവർത്തിക്കുന്നത് പലപ്പോഴും ആധുനികതയുടെ സൗഭാഗ്യങ്ങളിൽ ഇരുന്നു മരുവുന്ന ആളുകളിൽ നിന്നായിരിക്കയില്ല പച്ചമനുഷ്യർ എന്ന് നാം വിളിക്കുന്ന ഇത്തരം മനുഷ്യരിൽ നിന്നായിരിക്കും ആധുനികരാണെന്നു പറയുന്നവർ അവരുടെ ആഡംബര കാറുകളിൽ പാഞ്ഞു പോകുമ്പോൾ സാധാരണക്കാരനായ മനുഷ്യർ സർക്കാർ സർവ്വീസ് ബസ്സുകളിലും ഓട്ടോകളിലും കാൽ നടയായും ഒക്കെ സഞ്ചരിക്കുന്നു .
അങ്ങിനെ ഒരു സഞ്ചാരത്തിനിടയിൽ തനിക്കു ഒപ്പം സർക്കാർ ബസ്സിൽ യാത്ര ചെയ്തയാളെ നെഞ്ചിൽ അസ്വസ്ഥത ഉണ്ടെന്നു പറഞ്ഞപ്പോൾ ബസ്സുകാരോട് പറഞ്ഞു കണ്ണൂർ കൊയിലി ഹോസ്‌പിറ്റലിൽ എത്തിച്ചു അദ്ദേഹത്തിന് വേണ്ടുന്ന ചികിത്സാ സൗകര്യങ്ങൾ ഒരുക്കി മലപ്പുറത്തു നിന്നോ മറ്റോ വരേണ്ടുന്ന ആ രോഗിയുടെ ബന്ധുക്കളെ കാത്തിരിക്കുകയാണ് മുഹമ്മദ് കുട്ടിയെന്ന വയനാട് സ്വദേശിയായ മുസ്‌ലിയാർ . ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കനായി ജോലിയിടത്തു നിന്ന് പുറപ്പെട്ട അദ്ദേഹം സഹയാത്രികനെ ഐ സി യുവിലെത്തിച്ചു പുറത്തു കാത്തിരിക്കുകയാണ് . പ്രാർത്ഥനാനിരതനെ പോലെ …
ആ കാത്തിരിപ്പു രാവിലെ തുടങ്ങിയതാണ് സഹയാത്രികൻ അദ്ദേഹത്തോട് പറഞ്ഞു വീട്ടിൽ നിന്നും വിളിച്ചാൽ ഫോണെടുക്കരുത് അവർ ഭയപ്പെടും . ഞാൻ പറഞ്ഞു അത് കാര്യമാക്കേണ്ട നിങ്ങൾ വിളിക്കൂ കാര്യം അവരോടു പറയേണ്ടതുണ്ട് . പക്ഷെ ക്രിട്ടിക് കണ്ടീഷനിൽ ഉള്ള രോഗിക്ക് കൊടുത്ത വാക്കു പാലിക്കേണ്ടുന്ന കാര്യം അദ്ദേഹത്തെ വ്യാകുലപ്പെടുത്തുകയും ചെയ്യുന്നുണ്ട് , ഞാൻ പറഞ്ഞു നല്ല കാര്യം ചെയ്യുമ്പോൾ നാം ചില വാഗ് ലംഘനങ്ങൾ നടത്തേണ്ടിവരും അത് സാരമില്ല വിളിക്കൂ .. ശേഷം അയാൾ കണ്ണൂരിൽ അയാൾക്ക് പരിചയമുള്ള ഒരു ട്രാവൽ ഏജന്റായ സുഹൃത്തിനെ വിളിച്ചു വരുത്തി പിന്നീട് പലരും എത്തിയതോടെ വളരെ വൈകി തന്റെ യാത്ര തുടരാൻ തീരുമാനിക്കുകയും ചെയ്തു ..
ഇത് വളരെ നിസ്സാരമായ ഒരു സംഭവം ആണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം , എനിക്ക് അതങ്ങനെയല്ല അത് മഹത്തായ ഒരു മനുഷ്യജീവൻ വീണ്ടെടുക്കലാണ് രാത്രി വൈകി ആ യാത്രക്കാരൻ അപകട നില തരണം ചെയ്തപ്പോൾ മുഹമ്മദ് കുട്ടി മുസ്‌ലിയാർ എന്ന സ്വാതികനായ മനുഷ്യൻ ഒരു ജീവനെ വീണ്ടും തിരിച്ചു നൽകുക എന്ന മഹത്തായ മാനവികത പ്രാവർത്തികമാക്കുകയാണ് .
നാം നമ്മോടു ചോദിക്കുക , അപകട സ്ഥലത്തു ചോരവാർന്ന് കിടക്കുന്ന ആളുകളെ കണ്ടു കൊണ്ട് നാം നമ്മുടെ തിരക്കുകളിലേക്ക് ഓടിപ്പോയിട്ടില്ലേ ? സഹജീവി ശ്വാസത്തിനായി പിടയുമ്പോൾ അത് മറ്റാരെങ്കിലും കൈകാര്യം ചെയ്യുമെന്ന് കരുതി നാം കടന്നു പോയിട്ടില്ല എന്ന് പറയാമോ ? ഉണ്ടായിട്ടുണ്ട് വളരെ വലിയ ആധുനികതയും മാനവികതാ പ്രസംഗങ്ങളും ഒക്കെ കൊണ്ട് നടക്കുന്ന ആളുകൾ പോലും പലപ്പോഴും അതെല്ലാം മറന്നു അവരവരുടെ തിരക്കുകളിലേക്കു ഓടിമറയുമ്പോൾ ലോകത്തിന്റെ നാനാദിക്കുകളിൽ ഇടത്തരം സാധാരണ മനുഷ്യരിലൂടെ മാവവികത പ്രവർത്തിക്കുന്നു .

അതെ മനുഷ്യത്വം മനുഷ്യ മസ്തിഷ്‌കത്തിൽ നിന്നാണ് . സദ്ധാന്തങ്ങളിൽ നിന്നല്ല മതബോധത്തിൽ നിന്നല്ല വേദപുസ്തകങ്ങളിൽ നിന്നല്ല ജീവിതത്തിലെ സവിശേഷമായ ഏടുകളിലാണ് അത് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് .