പെട്രോള്‍ വേണോ അതോ ഡീസല്‍ ?

0
454

01

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഡീസല്‍ കാറുകള്‍ക്കുള്ള പ്രിയം എല്ലാവരും കണ്ടു കൊണ്ടിരിക്കുകയാണല്ലോ. ഡീസലിന്റെയും പെട്രോളിന്റെയും വിലയിലുള്ള വ്യത്യാസം ആണ് ഇതിന്റെ പ്രധാന കാരണം. എന്നാല്‍ ഒരു മൂന്നു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് ഇന്ന് വിലയിലുള്ള വ്യത്യാസം കുറവാണ്. പിന്നെയുള്ള ഒരു ആശ്വാസം എന്നത് ഡീസല്‍ കാറുകളുടെ അധിക ഇന്ധനക്ഷമതയാണ്. എന്നാല്‍ കാര്‍ വേടിക്കുമ്പോ ഉള്ള വില വ്യത്യാസവും നമ്മള്‍ കണക്കിലെടുക്കണം. ഇന്നിറങ്ങുന്ന മിക്കവാറും എല്ലാ വാഹനങ്ങള്‍ക്കും പെട്രോള്‍ ഡീസല്‍ മോഡലുകള്‍ തമ്മില്‍ ഏതാണ്ട് ഒരു ലക്ഷം രൂപയുടെ അന്തരം ഉണ്ട് (ഡീസല്‍ മോഡലിന് അധികം). ഇനി എഞ്ചിന്‍ വലുപ്പം അനുസരിച്ച് ഒരു പുതിയ ടാക്‌സ് കൂടി നിലവില്‍ വരുന്നത് വിദൂരമല്ല. ഈയൊരു വസ്തുത കൂടി കണക്കിലെടുത്താല്‍, ഡീസല്‍ വാഹനം വാങ്ങുന്നതില്‍ ലാഭമുണ്ടോ?

ഇതിനുത്തരം നിങ്ങള്‍ വര്‍ഷത്തില്‍ എത്ര ദൂരം വാഹനം ഓടിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. വര്‍ഷത്തില്‍ ഒരു പതിനായിരം കിലോമീറ്റര്‍ എങ്കിലും ഓടിച്ചാലാണ് ഒരാള്‍ക്ക് പെട്രോളിനെ അപേക്ഷിച്ച് ഡീസല്‍ വാങ്ങുവാന്‍ മുടക്കുന്ന തുകയില്‍ കഷ്ടിച്ച് പതിനായിരം രൂപ കുറവ് വരുന്നത്. അങ്ങനെ വരുമ്പോള്‍ വാഹനം വാങ്ങുമ്പോള്‍ ചിലവാക്കുന്ന അധിക തുക ഈടാവാന്‍ ചുരുങ്ങിയത് ഒരു പത്ത് വര്‍ഷമെങ്ങിലും ആവും. ആ സമയത്ത് വാഹനം വില്‍ക്കുമ്പോള്‍ കിട്ടുന്ന വിലയും വളരെ കുറവായിരിക്കും.

ഡീസല്‍ വാഹങ്ങളുടെ വര്‍ധന മൂലം ഉണ്ടാവുന്ന അന്തരീക്ഷ മലിനീകരണം വേറെയും. തൊണ്ണൂറുകളില്‍ ഡീസല്‍ വാഹനങ്ങളെ അനുകൂലിച്ച പല പാശ്ചാത്യരാജ്യങ്ങളും ഇത്തരം വാഹങ്ങങ്ങള്‍ പുറംതള്ളുന്ന മാരകമായ പൊടിപടലങ്ങളെ തടയാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അന്തരീക്ഷം എന്താണെന്ന് പോലും ചിന്തിക്കാത്ത നമ്മുടെ ഭരണവ്യവസ്ഥിതി, അതൊക്കെ എന്നാണാവോ കേള്‍ക്കുന്നത്. ഇതൊക്കെ ചേര്‍ത്ത് വായിച്ചാല്‍, വര്‍ഷത്തില്‍ പതിനായിരം കിലോമീറ്റര്‍ ഓടിക്കാത്ത ശരാശരിമലയാളികള്‍ക്ക് ഒരു ഡീസല്‍ വാഹനത്തിന്റെ ആവശ്യമുണ്ടോ!

മുകളില്‍ പറഞ്ഞതിലെ ‘ശരാശരിമലയാളികള്‍’ കേരളത്തിലെ വാഹനഉടമകളില്‍ എത്ര ശതമാനം വരും എന്ന അറിവ് ലേഖകനില്ല. എന്നാലും ഒരു പുതിയ വാഹനം വാങ്ങുമ്പോള്‍, ആദ്യത്തെ ഒരു ആവേശം കഴിഞ്ഞാല്‍ പിന്നെ വര്‍ഷത്തില്‍ എത്രത്തോളം ഉപയോഗം വരും എന്നത് നിങ്ങള്‍ തന്നെ വിലയിരുത്തുക.

അടിക്കുറിപ്പ്: ഇന്ന് നമ്മുടെ നാട്ടില്‍ കിട്ടുന്ന ഡീസല്‍ ലോകനിലവാരത്തിലും വളരെ താഴെയുള്ളതാണ്. അതുകൊണ്ടാണ് കോടീശ്വരന്മാര്‍ വാങ്ങുന്ന ചില ആര്‍ഭാടവാഹനങ്ങള്‍ വഴിയില്‍ പണിമുടക്കുന്നത്. അംബാസ്സഡര്‍ പോലുള്ള പഴയ തലമുറ വാഹനങ്ങള്‍ ഡീസല്‍ ഒഴിച്ചില്ലെങ്ങില്‍ മാത്രമേ പണിമുടക്കൂ :)