മലയാളികൾക്കിടയിൽ അർത്ഥം മാറിയ വാക്കുകൾ ഏതൊക്കെയാണ്?

അറിവ് തേടുന്ന പാവം പ്രവാസി

ചില അർത്ഥം മാറിയ രീതിയിൽ പ്രചാരത്തിലുള്ള വാക്കുകൾ ധാരാളം മലയാള ഭാഷയിൽ കാണാം(ഉദാ: തേച്ചു, ദാരിദ്ര്യം).സംസ്‌കൃതത്തിൽ നിന്ന് സ്വീകരിച്ചവയാണ് ഇവയിൽ പലതും. ആകസ്മികമായി, മലയാളത്തിൽ ഈ പദങ്ങൾ സംസ്‌കൃതത്തിൽ സൂചിപ്പിച്ചിരുന്ന അർത്ഥത്തിൽ അല്ല ഉപയോഗിച്ചു പോരുന്നത്. അത്തരം ഏതാനും വാക്കുകൾ നോക്കാം.

✨ശിക്ഷ :സംസ്‌കൃതത്തിൽ വിദ്യ , വിദ്യാഭ്യാസം എന്നീ അർത്ഥങ്ങൾ ഉള്ള വാക്കാണ് . Punishment എന്ന അർത്ഥത്തിൽ ആണ് മലയാളത്തിലെ പ്രയോഗം. ശിക്ഷണം എന്ന വാക്കിൽ യഥാർത്ഥ അർത്ഥം കാണാം.

✨പ്രസംഗം:സംസ്‌കൃതത്തിൽ സന്ദർഭം എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരുന്നു .
മലയാളത്തിൽ പ്രഭാഷണത്തിന്റെ പര്യായം ആയി.

✨ചരിത്രം :സംസ്‌കൃതത്തിൽ Character എന്ന അർത്ഥം വഹിച്ചു പോന്നു .നമുക്ക് History. ചാരിത്ര്യം എന്ന വാക്കുമായി താരതമ്യം ചെയ്ത് നോക്കൂ.

✨കല്യാണം:മംഗളം എന്നാണ് സംസ്‌കൃതത്തിൽ അർത്ഥം .
മലയാളത്തിൽ വിവാഹം എന്നതിന് പര്യായമായി.

✨സമാജം:സമൂഹം എന്ന അർത്ഥം വഹിച്ചിരുന്നു . ഇപ്പോൾ സമിതി , സംരംഭം എന്ന അർത്ഥത്തിലാണ് പ്രയോഗം.

✨കല്പന :ഈ വാക്കിന് Imagination എന്ന അർത്ഥം ആയിരുന്നു .സങ്കൽപം , കാല്പനികത എന്നീ വാക്കുകളുമായി താരതമ്യം ചെയ്തു നോക്കു. ഇപ്പോൾ ഈ വാക്ക് നമ്മൾ Command എന്ന അർത്ഥത്തിൽ ആണ് ഉപയോഗിക്കുന്നത്.

✨തർക്കം :സംസ്‌കൃതത്തിൽ യുക്തി ,
കാരണം, കാംക്ഷ എന്നൊക്കെയാണ് അർത്ഥം. ഒരിക്കലും അടി, ഇടി എന്നല്ല.

✨കക്ഷം: മുറി , രഹസ്യ മുറി , ക്യാബിനറ്റ് എന്നൊക്കെയായിരുന്നു അർത്ഥം . ശരീരവുമായി ബന്ധമില്ലായിരുന്നു.

✨ആഗ്രഹം : അപഹരണം എന്ന അർത്ഥത്തിൽ ആയിരുന്നു ഉപയോഗം.

✨തൈലം : തിലം എന്നാൽ എള്ള് .
തിലത്തിൽ നിന്നുള്ളത് അഥവാ എള്ളെണ്ണ എന്നായിരുന്നു അർത്ഥം.

✨അക്രമം: ആശയക്കുഴപ്പം, ക്രമരാഹിത്യം എന്നൊക്കെ മാത്രമായിരുന്നു അർത്ഥം . ആക്രമണവുമായി ഒരു ബന്ധവുമില്ല.

✨സംഭാവന :സാധ്യത , സാധുത എന്നാണ് അർത്ഥം . Donation എന്നൊരു അർത്ഥം ഉണ്ടായിരുന്നില്ല.

✨സാവധാനം: മലയാളത്തിൽ പതുക്കെ എന്നും അർത്ഥമുണ്ട് , സംസ്‌കൃതത്തിൽ Carefully എന്നാണ് അർത്ഥം.

✨സാധ്യത :മലയാളത്തിൽ Possibility ആണ് എങ്കിൽ സംസ്‌കൃതത്തിൽ Practicality ( പ്രായോഗികത) ആണ്.

✨സമാധാനം : സംസ്‌കൃതത്തിൽ സന്ധി (Reconciliation) ആണ്.

✨സൂക്ഷ്മത :വളരെ ചെറുതായിരിക്കുന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഉദാ സൂക്ഷ്മാണുക്കൾ . Carefulness എന്ന അർത്ഥം ഈ വാക്കിനില്ലായിരുന്നു.

✨പക്ഷേ :ഈ വാക്കിന്റെ അർത്ഥം ‘രണ്ടു പക്ഷങ്ങളിൽ’, പകുതിയിൽ എന്നൊക്കെയായിരുന്നു . മലയാളത്തിൽ But എന്ന അർത്ഥത്തിലായി.

✨പ്രാർത്ഥന :അഭ്യർത്ഥന എന്നാണ് സംസ്‌കൃതത്തിൽ അർത്ഥം.

✨മതം :അഭിപ്രായം , വിശ്വാസം എന്നൊക്കെ അർത്ഥമുള്ള ഈ പദം Religion എന്ന അർത്ഥത്തിൽ ആണ് പ്രചുരം.

ഇങ്ങനെ നൂറിലധികം അർത്ഥം മാറിയ വാക്കുകൾ നിത്യവും നാം ഉപയോഗിക്കുന്നുണ്ട്. പദങ്ങൾ മറ്റ്‌ ഭാഷകളിൽ നിന്ന് സ്വീകരിക്കുമ്പോൾ അർത്ഥവ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണ് , ഇതിനെ Semantic Shift എന്ന് പറയുന്നു.

You May Also Like

മറ്റുള്ളവരെ നിന്ദിക്കുന്ന കവിതകളുടെ ആശാനായിരുന്നു തോലൻ

ഗണപതിവാഹനരിപുനയനേ ദശരഥനന്ദനസഖി വദനേ’ എന്നൊക്കെ കവി തോലന്‍ വര്‍ണ്ണിച്ചു പാടിയതു കേട്ടപ്പോള്‍ പെരുമാളിന്റെ ഭാര്യ ചെറൂട്ടിയമ്മക്കു വളരെ സന്തോഷമായി. എത്ര മനോഹരമായ വാക്കുകളാല്‍ തന്നെ വര്‍ണ്ണിച്ചിരിക്കുന്നു കവി! എന്നാല്‍, അവര്‍ അറിഞ്ഞില്ല, നല്ല ഭംഗിയുള്ള വാക്കുകളിലൂടെ തന്നെ നിന്ദിച്ചിരിക്കുകയാണ് തോലന്‍ എന്ന കാര്യം

എഴുത്തച്ഛനു മുൻപും മലയാളഭാഷ ഉണ്ടായിരുന്നിട്ടും എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവ് എന്നു വിളിക്കുന്നത് എന്തുകൊണ്ടാണ് ?

എഴുത്തച്ഛനു മുൻപ് മലയാള ഭാഷ ഉണ്ടായിരുന്നുവെങ്കിലും അത് നമ്മളിന്ന് ഉപയോഗിക്കുന്ന മലയാളമായിരുന്നില്ല.

ആരാണ് തുക്കിടി സായിപ്പ് ?

രാജഭരണത്തിന്റെ അവശേഷിപ്പുകളായി തുടർന്ന ധാരാളം പദങ്ങൾ ഭരണ ഭാഷയിൽ നിന്നും സർക്കാരിന്റെ ഔദ്യോഗിക കത്തുകളി ൽ നിന്നും ഇപ്പോൾ പടിയിറങ്ങിയെങ്കിലും കൊളോണിയൻ ഭരണത്തിന്റെ അവശേഷി പ്പുകൾ ശേഷിക്കുകയാണ്.

ചില ഇംഗ്ലീഷ് വാക്കുകൾക്ക് പിന്നിൽ ഉളള കാരണങ്ങൾ എന്തെല്ലാം?

ചില ഇംഗ്ലീഷ് വാക്കുകൾക്ക് പിന്നിൽ ഉളള കാരണങ്ങൾ എന്തെല്ലാം? അറിവ് തേടുന്ന പാവം പ്രവാസി പണ്ട്…