ഇപ്പോള്‍ ഞാന്‍ എഴുതാന്‍ പോകുന്ന ടോപ്പിക് DSLR ക്യാമറകളുമായി മാത്രം ബന്ധപ്പെട്ടതല്ല, മൊബൈല്‍ ഫോണ്‍, LCD ടി വി , തുടങ്ങി എല്ലാവിധ ഇലക്ട്രോണിക് ഉപകരണങ്ങളും ഓണ്‍ ലൈനില്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന വിഷയമാണ്.
പല ആളുകളും ചോദിക്കുന്ന ഒരു പ്രധാന സംശയമാണ് ഒരേ ഉല്‍പ്പന്നത്തിന്റെ കാര്യമായ വില വ്യത്യാസം. ചില ഓണ്‍ ലൈന്‍ ഷോപ്പുകളില്‍ ഒരേ ഡിസ്ക്രിപ്ഷന്‍, പക്ഷെ രണ്ടു വിലകള്‍. രണ്ടും തമ്മില്‍ കാര്യമായ വില വ്യത്യാസം ഉണ്ട് താനും. ഇത് എന്ത് കൊണ്ടാണ്?
പല സുഹൃത്തുക്കളും ലിങ്ക് അയച്ചു തന്ന് ഇതൊന്നു ചെക്ക് ചെയ്യാന്‍ പറയുമ്പോള്‍ കാണാന്‍ കഴിഞ്ഞത് മിക്കതും ഗ്രേ പ്രോഡക്റ്റ് ആണ്. ഓണ്‍ലൈനില്‍ ഇതു വ്യാപകവുമാണ്. മാര്‍ക്കറ്റ് വിലയേക്കാള്‍ വളരെ വില കുറവുണ്ട് എന്നതാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ലോകത്ത് ഏറ്റവും വില കുറവില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ലഭിക്കുന്ന ഒരു രാജ്യം ഹോംഗ് കോംഗ് ആയതു കൊണ്ടാവാം, ഇവ കൂടുതലും ഇവിടെ നിന്നും വരുന്നത്.
ഗ്രേ പ്രോഡക്റ്റ് എന്നത് ഒരു അംഗീകൃത ഉല്‍പ്പന്നം അല്ല, എന്നാല്‍ അനധികൃത ഉല്‍പ്പന്നവുമല്ല…
സാധാരണ ഗതിയില്‍ ഒരു ഉല്‍പ്പന്നം, ക്യാമറ ആകട്ടെ മൊബൈല്‍ ഫോണ്‍ ആകട്ടെ, അത് ഉപഭോക്താവിന്റെ കയ്യില്‍ എത്തുന്നതിനു ഒരു നിശ്ചിത ചാനല്‍ ഉണ്ട്. അതിപ്രകാരമാണ്: നിര്‍മ്മാതാവ്(ഫാക്ടറി)>> ഡിസ്ട്രിബ്യൂട്ടര്‍ അല്ലെങ്കില്‍ ഇമ്പോര്ട്ടര് >>- അംഗീകൃത ലോക്കല്‍ ഡീലര്‍>> ഉപഭോക്താവ് .. എന്ന ഒരു ഫ്ലോ.. ഇതിനെ “ഡിസ്റ്റ്രിബ്യൂഷന് ചാനല്‍” അല്ലെങ്കില്‍ “വിതരണ ശൃംഖല” എന്നു പറയുന്നു. ഈ പതിവു ചാനലില്‍ നിന്നും വ്യതിചലിച്ച് ഫാക്ടറിയില്‍ നിന്നും ഉല്‍പ്പന്നം വേറെ ഏതെങ്കിലും രീതിയില്‍ ഉപഭോക്താവിന്റെ കയ്യില്‍ എത്തുന്നതിനെയാണ് ഗ്രേ മാര്‍ക്കറ്റ് കച്ചവടം എന്ന് പറയുന്നത്. ചുരുക്കത്തില്‍ ഗ്രേ മാര്‍ക്കറ്റ് ഉല്‍പ്പന്നം ഒരു ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നമല്ല.
ഓരോ രാജ്യത്തും ഓരോ ഇലക്ട്രോണിക് ഉല്‍പ്പന്നവും ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തുന്ന ചില സുരക്ഷാ മാനദന്ധങ്ങള്‍ ഉണ്ട്. അതനുസരിച്ച്, ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നം ആ രാജ്യത്തിന് വേണ്ടി പ്രത്യേകമായി പായ്ക്ക് ചെയ്യുന്നതായിരിക്കും. ഉല്‍പ്പന്നത്തിന്റെ പാക്കിങ്ങും ഉള്ളില്‍ അടക്കം ചെയ്തിട്ടുള്ള കേബിളുകളും പ്ലഗ്ഗുകളും യൂസര്‍ മാനുവലുകളും അതിന്റെ ഭാഷയും ഒക്കെ ഈ നിയമങ്ങള്‍ അനുസരിച്ചുള്ളതായിരിക്കും.. ഈ ഉല്‍പ്പന്നങ്ങളുടെ മേല്‍ നിര്‍മ്മാതാക്കള്‍ക്ക് സ്ഥലത്തെ അംഗീകൃത ഡിസ്ട്രിബ്യൂട്ടറുമായി സര്‍വീസ് എഗ്രിമെന്റുകളും ഉണ്ടായിരിക്കും.
ഇതിനൊക്കെ വിപരീതമായി, ഗ്രേ മാര്‍ക്കറ്റ് ഉല്‍പ്പന്നങ്ങള്‍ ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തിന് വേണ്ടിയോ മേഖലയ്ക്കു വേണ്ടിയോ നിര്‍മ്മിക്കുന്നവയല്ല. ഇവ കിട്ടുന്ന രാജ്യത്തെ സുരക്ഷാ മാനടന്ദങ്ങള്‍ പാലിക്കുന്നവയോ, സ്ഥലത്തെ അംഗീകൃത വിതരണക്കാരുടെ സപ്പോര്‍ട്ടോ ഉള്ളവയുമല്ല..
ഇടയ്ക്കുള്ള ചില ആളുകളെ ഒഴിവാക്കി ഉല്‍പ്പന്നം ചില്ലറ വില്‍പ്പനക്കാരുടെ കയ്യില്‍ എത്തുന്നതും, അവര്‍ക്കുണ്ടാകുന്ന ചെലവുകള്‍ കുറവായതു കാരണം സാധാരണ സ്റൊരില് കിട്ടുന്നതിലും വളരെ കുറവില്‍ ഉല്‍പ്പന്നം ഉപഭോക്താവിന്റെ കയ്യില്‍ എത്തുന്നു. സാധാരണയായി ഇത്തരം ഡീലര്‍മാര്‍ക്ക് ചെലവേറിയ ഷോറൂമുകളോ ധാരാളം ജീവനക്കാരോ മുന്‍നിര മാധ്യമങ്ങളിലെ പരസ്യങ്ങളോ ഉണ്ടാകുകയില്ല. മിക്കവരും നഗരം വിട്ടു ഏതെങ്കിലും വാടക തീരെ കുറഞ്ഞ സ്ഥലത്തെ വെയര്‍ ഹൌസുകളിലാണ് ബിസിനസ് ഓപ്പറെറ്റ് ചെയ്യുന്നത്. ഈ വിധങ്ങളില്‍ അവര്‍ക്ക് ഉണ്ടാകുന്ന ലാഭത്തില്‍ ഒരു പങ്കു ഉപഭോക്താവിലേക്ക് കൈമാറുന്നു. പക്ഷെ സത്യത്തില്‍ ഈ ലാഭം ഉപഭോക്താവിന് തുടക്കത്തിലേ ഉണ്ടാവൂ,, ഏതെങ്കിലും കാരണവശാല്‍ ഉല്‍പ്പന്നം കേടാകുകയാണെങ്കില്‍ സര്‍വ്വീസും സപ്പോര്‍ട്ടും അംഗീകൃത ഡീലര്‍ സൌജന്യമായി തരുകയില്ല. അത് കൊണ്ട് ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ഇത് ചിലപ്പോള്‍ ഉപഭോക്താവിന് ഭീമമായ നഷ്ടവും ഉണ്ടാക്കിയെക്കാം..
നാം വാങ്ങാന്‍ പോകുന്ന DSLR, MOBILE PHONE ഒക്കെ ഗ്രേ ആണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം.?
- നിക്കോണ്‍, ക്യാനോണ്‍ ഉല്‍പ്പന്നങ്ങളുടെ ഗള്‍ഫ് മേഖലയിലെ അംഗീകൃത ഡിസ്ട്രിബ്യൂട്ടര്‍ നിക്കോണ്‍ മിഡില്‍ ഈസ്റ്റ് & ആഫ്രിക്ക, ക്യാനോണ്‍ മിഡില്‍ ഈസ്റ്റ് എന്നിവരും, ഇറ്റലിയിലെ ഡിസ്ട്രിബ്യൂട്ടര്‍ നിറ്റാല് ഉം (NITAL-NIKON ITALIA) യും അമേരിക്കയിലേത് Nikon Inc. USA ഉം ആണ്. വാങ്ങുന്നത് ഗ്രേ അല്ലെങ്കില്‍ ബോക്സില്‍ അവരുടെ ഡോക്കുമെന്റുകള് ഉണ്ടാകും.
- നമ്മള് വില എടുക്കുമ്പോള്‍ സാധാരണ മാര്‍ക്കറ്റ് വിലയില്‍ നിന്നും നല്ല വ്യത്യാസമുണ്ടോ, അത് ഗ്രേ മാര്‍ക്കറ്റ് ഉല്‍പ്പന്നം ആയിരിക്കും.
- അംഗീകൃത ഉല്‍പ്പന്നത്തിന്റെ കാറ്റലോഗുകളും യൂസര്‍ മാനുവലും ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും ആയിരിക്കും. ഗ്രേ ഉല്‍പ്പന്നം ആണെങ്കില്‍ വേറെ ഏതെങ്കിലും വിദേശ രാജ്യത്തെ ഭാഷയും ഉള്പ്പെടുത്തിയിരിക്കാന് സാധ്യതയുണ്ട്.
- അംഗീകൃത ഉല്‍പ്പന്നങ്ങളുടെ ബോക്സിനുള്ളിലെ പ്ലഗ്ഗുകളും സോക്കറ്റുകളും അതാതു രാജ്യത്ത് ഉപയോഗിക്കാന്‍ പാകത്തിനുള്ളതായിരിക്കും. ഗ്രേ ഉല്‍പ്പന്നങ്ങളുടെ സോക്കറ്റും പ്ലഗ്ഗുകളും, സ്ഥലത്തെ പ്ലഗ്ഗിലും സോക്കറ്റിലും ചിലപ്പോള്‍ സ്യൂട്ട് ആകില്ല.
- ചില ഗ്രേ ഉല്‍പ്പന്നങ്ങളുടെ കാറ്റലോഗുകളും സി ഡി യും ചിലപ്പോള്‍ ഫോട്ടോകോപ്പിയോ കോപ്പി എടുത്ത സി ഡി യോ ആകാന്‍ സാധ്യതയുണ്ട്.
- ഗ്യാരണ്ടി വ്യവസ്ഥയിലും വ്യത്യാസം ഉണ്ടാകും. ഇവിടെ ഇറ്റലിയില്‍ ഒരു അംഗീകൃത ഡീലറുടെ പക്കല്‍ നിന്നും ഒരു നിക്കോണ്‍ ക്യാമറ വാങ്ങിയാല്‍ നാലു വര്‍ഷത്തെ നിറ്റാല് ഗ്യാരണ്ടി (NITAL-NIKON ITALIA) ലഭിക്കുമ്പോള്‍, ഓണ്‍ലൈന്‍ ഗ്രേ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന നിക്കോണ്‍ ക്യാമറയ്ക്ക് കിട്ടുന്നത് രണ്ടു വര്‍ഷത്തെ NIKON EUROPE ഗ്യാരണ്ടി മാത്രമാണ്. പിന്നീട് എപ്പോഴെങ്കിലും വില്ക്കുകയാണെങ്കില്, നിറ്റാല് ഗ്യാരണ്ടിയുള്ള നിക്കോണ്‍ ക്യാമറകള്‍ക്ക് ഇവിടെ റീ സെയില്‍ വാല്യൂ കൂടുതലാണ്, വില്‍ക്കാനും വളരെ എളുപ്പമാണ്..
ഗ്യാരണ്ടി.
ഞാന്‍ ഒരു NIKON DSLR ഗ്രേ മാര്‍ക്കറ്റില്‍ നിന്നും വാങ്ങും മുന്‍പ്, നിക്കോണ്‍ കമ്പനിക്കു ഒരു മെയില്‍ അയച്ചിരുന്നു. വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ വിശ്വാസ്യതയെ കുറിച്ച്.. കിട്ടിയ മറുപടിയുടെ സാരാംശം ഇതായിരുന്നു.
“നിക്കോണ്‍ അംഗീകൃത ഡിസ്ട്രിബ്യൂട്ടര്‍മാര്‍ ഏതെങ്കിലും ഗ്യാരണ്ടിയോ സര്‍വ്വീസോ സപ്പോര്‍ട്ടോ ഇത്തരം ക്യാമറകള്‍ക്ക് നല്‍കുന്നില്ല. ചാര്‍ജ് ഈടാക്കി കൊണ്ട് പോലും ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് റിപ്പയറിംഗ്സേവനം നല്കാന് ഡിസ്ട്രിബ്യൂട്ടര്‍മാര്‍ തയ്യാറല്ല. ഇത്തരം ഉല്‍പ്പന്നങ്ങളുടെ റിപ്പയറിംഗ് മായി ബന്ധപ്പെട്ട് ഡിസ്ട്രിബ്യൂട്ടറെ ബന്ധപ്പെടുക പോലും വേണ്ട. വാറണ്ടിക്കോ, ഇത്തരം സേവനങ്ങള്‍ക്കോ വാങ്ങിയ കച്ചവടക്കാരനുമായോ അല്ലെങ്കില്‍ ആ സാധനം ഇറക്കുമതി ചെയ്ത ആളുകളുമായോ ബന്ധപ്പെടുകയാകും അഭികാമ്യം. ”
ഉല്‍പ്പന്നം വ്യാജം അല്ല,അവരുടെ ഫാക്ടറിയില്‍ തന്നെ ഉണ്ടാക്കുന്നവയാണ് എന്ന് എന്ന് അവര്‍ പരോക്ഷമായി സമ്മതിക്കുകയാണ് . ഞാന്‍ വാങ്ങിയിട്ടുള്ള എല്ലാ നിക്കോണ്‍ DSLR, ലെന്‍സുകള്‍ ഇവയുടെ ബോക്സുകളുടെ ഉള്ളിലും നിക്കോണ്‍ ഫാക്ടറിയില്‍ നിന്നുള്ള ഒറിജിനല്‍ ഗ്യാരണ്ടി കാര്‍ഡുകള്‍, കാറ്റലോഗുകള്‍, യൂസര്‍ മാനുവലുകള്‍, മറ്റു പ്രിന്റെഡ് മെറ്റീരിയല്‍സ് ഒക്കെയും ഉണ്ടായിരുന്നു.
വാല്‍ക്കഷണം: ഞാന്‍ ഉപയോഗിക്കുന്ന DSLR, DSLR LENSES, എല്ലാം തന്നെ ഗ്രേ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയതാണ്.
അടുത്ത ഫോട്ടോഗ്രഫി ടോപ്പിക്കിനായി കാത്തിരിക്കൂ.