വൈറ്റ്, കാവി ഭീകരതകളെ വിലകുറച്ചുകാണുന്നതെന്തിന് ?

452

തൂമ്പയെ തൂമ്പ എന്ന് തന്നെ വിളിക്കണം.

രഞ്ജിത് ആന്റണി (Ranjith Antony)എഴുതുന്നു

അമേരിക്കയിലെ ഡൊമസ്റ്റിക് ടെററിസം വൈറ്റ് നാഷണലിസ്റ്റുകളുടെ കുത്തകയാണ്. പ്രശ്നം; ഒരിക്കൽ പോലും അത്തരം ഭീകരപ്രവർത്തനത്തെ ടെററിസം ആയി അംഗീകരിക്കാറില്ല എന്നതാണ്. അതൊക്കെ ഗണ് വയലൻസ്സിന്റെ കണക്കിൽ രേഖപ്പെടുത്തും. ഈ ഇടെ ചാർലറ്റ്സ്‌‌വില്ലിൽ യുണൈറ്റ് ദ റൈറ്റ് എന്ന ക്രിസ്ത്യൻ വൈറ്റ് നാഷണലിസ്റ്റുകളുടെ റാലിയിൽ ഒരു പെണ്കുട്ടിയെ കാറിടിച്ച് കൊല്ലുക ഉണ്ടായി. യുണൈറ്റ് ദ റൈറ്റ് റാലിക്ക് ബദലായി റാലി നടത്തിയ ഗ്രൂപ്പിലെ അംഗമായിരുന്നു ആ കുട്ടി.

സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ “അതിപ്പോൾ രണ്ട് ഗ്രൂപ്പിലും നല്ലതും, ചീത്തയും ഉണ്ടല്ലൊ” എന്നാണ് ട്രംപ് പറഞ്ഞത്. ഒരു തരം രാഹുൽ ഈശ്വർ ലൈൻ. ഓണ്ലൈനിലെ നിഷ്പക്ഷരുടെ ലൈൻ. എന്ന് മാത്രമല്ല, 1995 ലെ തിമോത്തി മക്‌‌വൈഹ് മുതൽ ചാർലറ്റ്സ്‌‌വില്ലിലെ ബെഞ്ചമിൻ ഡേലി വരെ ഭീകരരായിരുന്നു. പക്ഷെ മീഡിയയും, ഗവണ്മെന്റും അവരെ തോക്കേന്തിയ ഭ്രാന്തൻ എന്ന ഗണത്തിൽ ഉൾപ്പെടുത്തി തള്ളിക്കളയുകയാണ് ഉണ്ടായത്. ഇന്ന് ന്യൂസിലണ്ടിലെ കൊലയാളിയെയും ഭീകരൻ എന്ന് തെളിച്ചു വിളിക്കാൻ ട്രംപ് പെടാ പാടു പെടുന്നത് കണ്ടു.

അമേരിക്കയ്ക്കു പുറത്ത് പക്ഷെ സ്ഥിഥി മാറിയിട്ടുണ്ട്. ക്യുബെക് സിറ്റിയിലെ മുസ്ലീം പള്ളി ആക്രമണം കഴിഞ്ഞതോടെ കനേഡിയൻ പ്രൈം മിനിസ്റ്റർ ജസ്റ്റിൻ ട്രേഡ്യു, അക്ഷരം തെറ്റാതെ ഇത് ഭീകരാക്രമണം ആണെന്ന് പ്രഖ്യാപിച്ചു. ഇതാ ഇപ്പോൾ ന്യൂസിലണ്ട് പ്രൈം മിനിസ്റ്ററും അത് തന്നെ ചെയ്തു. തൂമ്പയെ തൂമ്പയായി തിരിച്ചറിഞ്ഞു തുടങ്ങി. ക്രിസ്ത്യൻ വൈറ്റ് നാഷണലിസ്‌‌റ്റുകളെ ഭീകരർ എന്ന് തന്നെ വിളിച്ചു തുടങ്ങി.

ഒരു രാജ്യം; ഒരു റേഷ്യൽ ഗ്രൂപ്പിനൊ, ഒരു മതത്തിനൊ മാത്രം അവകാശപ്പെട്ടതാണെന്ന് വാദിക്കുന്ന ഐഡിയോളജി എല്ലാം ഈ വൈറ്റ് നാഷണലിസ്റ്റുകളാണ്. തൊലി വെളുത്ത് ഇരിക്കുന്നവർ ആകണമെന്നില്ല. അത്തരം ഒരു ഗ്രൂപ് ഇൻഡ്യയിലും ഉണ്ട്. അവരെ ഒറ്റപ്പെടുത്തുകയും, അക്ഷരം തെറ്റാതെ ഭീകരർ എന്ന് തന്നെ വിളിക്കുന്ന ഒരു കാലം ഇൻഡ്യയിലും വരട്ടെ.