ആരാണ് ഇന്ത്യക്കാര്‍

285

ആരാണ് ഇന്ത്യക്കാര്‍

നാനാനാത്വത്തില്‍ ഏകത്വം കാത്തുസൂക്ഷിച്ചുപോരുന്ന ഇന്ത്യന്‍ സമൂഹം ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു അരക്ഷിതബോധ ത്തില്‍ അകപ്പെട്ടിരിക്കുന്ന, അല്ല അകപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു സന്ദര്‍ഭ മാണിത്. ആര്‍ക്കൊക്കെ ഇന്ത്യക്കാരായി ഇവിടെ തുടരാന്‍ കഴിയുമെന്ന റിയാത്ത, ആരൊക്കെ കടന്നുകയറ്റക്കാരായി വിധിക്കപ്പെട്ട് തടങ്കല്‍ പാളയ ങ്ങളില്‍ ശിഷ്ടകാലം കഴിയേണ്ടിവരും എന്നറിയാത്ത അരക്ഷിതബോധം. പൗരത്വ നിയമഭേദഗതിയില്‍ മതമാണ് ഒരാള്‍ ഇന്ത്യന്‍ പൗരന്‍ ആണോ അല്ലയോ എന്ന് നിശ്ചയിക്കുന്നതിന് ഇന്ന് സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം. നാളെ അത് ഭാഷയാകാം, പ്രദേശമാകാം, വേഷമാകാം. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍കൊണ്ട് ഇന്ത്യക്കാരെ നിര്‍ണയിക്കാനാകുമോ? ആരാണ് ഇന്ത്യക്കാര്‍? ആര്‍ക്കാണ് ഇന്ത്യയെ സ്വന്തമെന്ന് അവകാശപ്പെടാന്‍ ആവുക?

ജീവപരിണാമത്തിന്റെ അനേകമനേകം പടവുകള്‍ താണ്ടിയാണ് മനുഷ്യ വംശം ഭൂമിയില്‍ ആവിര്‍ഭവിച്ചത്. ഹോമോസാപ്പിയന്‍സ് എന്ന ആധുനിക മനുഷ്യന്‍ രൂപംകൊണ്ടത് 2 ലക്ഷം വര്‍ഷംമുന്‍പ് ആഫ്രിക്കയിലും. ഭക്ഷണം സമ്പാദിക്കാനും ജീവിതം മുന്നോട്ടുകൊണ്ടുപോകാനുമുള്ള പ്രയാണത്തിലൂടെ, അവര്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ എത്തിച്ചേര്‍ന്നു. അറുപതിനായിരം വര്‍ഷം മുമ്പ് അതില്‍ ഒരുവിഭാഗം ഇന്ത്യയിലുമെത്തി. അവരാണ് ഇന്ത്യയിലെ ആദി മനുഷ്യര്‍. അക്കാലം മുതലാണ് ഇന്ത്യയില്‍ മനുഷ്യവാസം ആരംഭിക്കുന്നത്. തുടര്‍ന്നുള്ള കാലങ്ങളിലുമെത്തി നിരവധി പ്രദേശങ്ങളില്‍നിന്നും നിരവധി മനുഷ്യര്‍, 6000 വര്‍ഷംമുമ്പ് ഇന്നത്തെ ഇറാന്‍ പ്രദേശത്തുനിന്ന് കൃഷിക്കാര്‍. അവര്‍ ഇവിടെയുണ്ടായിരുന്നവരു മായി ഇടകലര്‍ന്ന് പടുത്തുയര്‍ത്തിയതാണ് സിന്ധുനദീതടസംസ്‌കാരം.

5000 വര്‍ഷം മുമ്പ് ഇന്നത്തെ റഷ്യന്‍ പ്രദേശങ്ങളിലെ പുല്‍മേടുകളില്‍ നിന്ന് കുതിരകളും രഥങ്ങളുമായി കുടിയേറിയ ആര്യന്മാര്‍. പിന്നെയും പല നൂറ്റാണ്ടുകളായി വന്നണഞ്ഞ യവനര്‍, തുര്‍ക്കുകള്‍, മംഗോളുകള്‍…ഇങ്ങനെ പലയിടങ്ങളില്‍നിന്നും വന്നുചേര്‍ന്ന പല വംശങ്ങള്‍ ഇവിടെ കൂടിക്കലര്‍ന്നു, ഒന്നിച്ചു കഴിഞ്ഞു, പെറ്റുപെരുകി, പലയിടങ്ങളിലേക്കും വ്യാപിച്ചു. അവരുടെ സന്തതി പരമ്പരയാണ് ഇന്ത്യക്കാര്‍. പല വംശങ്ങള്‍ കൂടിക്കലര്‍ന്നുണ്ടായവര്‍. പല വംശങ്ങളുടെ ഇട കലര്‍ന്ന രക്തം ധമനികളി ലൂടെ പ്രവഹിക്കുന്നവര്‍. വംശങ്ങള്‍ക്കതീതമായി, വിശ്വാസങ്ങള്‍ക്ക തീതമായി, വേഷഭാഷാഭൂഷകള്‍ക്കതീതമായി അവരൊന്നാണ്… ഇന്ത്യക്കാരാണ്.
ഏത് മതത്തില്‍ വിശ്വസിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്കാരെന്നും അല്ലാത്തവരെന്നും വിഭജിക്കുമ്പോള്‍, ഓര്‍ക്കുക, ചോദി ക്കുക, ഇന്ത്യ ആരുടേതാണ്? ആരാണ് ഇന്ത്യക്കാര്‍? ആരാണ് ഇന്ത്യക്കാരല്ലാത്തവര്‍?