മനുഷ്യനെ തമ്മിൽ തല്ലിക്കുന്ന, മനുഷ്യന്റെ അടിസ്ഥാന ശത്രുക്കൾ ആരാണ് ?

203
ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയിൽ ഹിന്ദുത്വവാദമെന്നത് മുതലാളിത്തത്തിന്റെ സൃഷ്ടിയാണ്. മുതലാളിത്ത സംസ്കാരത്തിന്റെ സൃഷ്ടിയാണ്. അതുപോലെ ഏതൊരു വിഭാഗീയതയും. ലോകത്തെങ്ങും മുതലാളിത്തം ന്യൂനപക്ഷ-ഭൂരിപക്ഷ പ്രീണനം ആവോളം നടത്തി ജനങ്ങളിൽ വൈകാരികമായി നിലനിൽക്കുന്ന പ്രവണതകളെ പ്രീണിപ്പിക്കുകയെന്ന തന്ത്രമാണ് നടത്തിയെടുക്കുന്നത്. അത് ഓരോ രാജ്യത്തിന്റെയും പ്രത്യേകതയനുസരിച്ച് ജാതിയാകാം, മതമാകാം, പ്രാദേശികതയാകാം, ഭാഷാപരമായ ഭിന്നതകളാകാം, വംശീയമാകാം.. ഹിറ്റ്‌ലർ മുതലുള്ള രാഷ്ട്രീയ പ്രയോഗങ്ങൾ മനസ്സിലാക്കിയാൽ മതി കാരണങ്ങൾ വ്യക്തമാകാൻ.
ഇന്ത്യയിൽ ഹിന്ദുത്വവാദം പോലെത്തന്നെ ജാതീയതയും പ്രാദേശികതയും ഭാഷാപരമായ ഭിന്നതയുമെല്ലാം കൊഴുപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ജാട്ടും യാദവരും എന്നുവേണ്ട ആര്യനും ദ്രാവിഡനും എന്നുപറഞ്ഞെല്ലാം ജനങ്ങൾ പരസ്പരം തമ്മിൽതല്ലുന്നത്. ഒരേ ജാതിയിൽ തന്നെ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പേരിലും ഒരേ മതത്തിൽ തന്നെ അവകാശങ്ങളുടെ പേരിലും സമ്പത്തിന്റെ പേരിലുമെല്ലാം തമ്മിൽ തല്ലുന്നത്…ഈവകയെല്ലാം തന്നെ മുതലാളിത്ത മനോഭാവത്തിൽ നിന്നും ഉയരുന്ന രൂപപ്പെടലുകളാണ്.
ജനങ്ങൾ അങ്ങിനെ പരസ്പരം ജാതിയുടെയോ മതത്തിന്റെയോ തുടങ്ങിയ മറ്റെല്ലാ വിധ വിഭാഗീയതകളുടെയും പേരിൽ തമ്മിൽതല്ലുമ്പോഴാണ് വിവിധങ്ങളായ ദിശകളിലേക്ക് അനൈക്യത്തോടെ, ഭിന്നിച്ചു നെട്ടോട്ടമോടുക. എല്ലാത്തിന്റെയും കാരണമാകട്ടെ ഉത്പാദനത്തിന്റെയും വിതരണത്തിന്റെയും അലഭ്യതയുമാണ്. അടിസ്ഥാനപരമായ ആവശ്യങ്ങൾ നിഷേധിക്കപ്പെടുന്ന ഒരു സാമൂഹ്യാവസ്ഥയിൽ ജനങ്ങൾ പരസ്പരം അടികൂടേണ്ടി വരുന്നു ലഭ്യതയ്ക്കുവേണ്ടി. അതോടെ യഥാർത്ഥ സാമൂഹ്യ പ്രതിസന്ധികളുടെ കാരണമായ മുതലാളിത്ത വിതരണ സമ്പ്രദായവും കാരണക്കാരായ കുത്തകകളും രക്ഷപ്പെടുന്നു. അവർക്കെതിരെ ഐക്യത്തോടെയുള്ളൊരു സമരം നടക്കാതെ പോകുന്നു.
അതോടെ നിങ്ങൾ ഇൻഡ്യാക്കാരനാണെന്ന, മനുഷ്യനാണെന്ന, മനുഷ്യന്റെ അവകാശങ്ങളെന്ന ഉയർന്ന ചിന്ത ജനാധിപത്യ സമ്പ്രദായത്തിൽ, മുതലാളിത്ത ജനാധിപത്യ സംവിധാനത്തിൽ നഷ്ടപ്പെടുന്നു. മനുഷ്യനിൽ വളർന്നു വരേണ്ടുന്ന മാനുഷിക മനോഭാവം ഇല്ലാതെപോകുന്നു.