ആരാണ് ഇന്ത്യക്കാർ? അവർ എവിടെനിന്ന് വന്നു ?

0
426

Prasad Amore ( സൈക്കോളജിസ്റ്റ്, എഴുത്തുകാരൻ)

ആരാണ് ഇന്ത്യക്കാർ? അവർ എവിടെനിന്ന് വന്നു ?

ഇന്ത്യയുടെ പൈതൃകം ഏകവും സാർവജനീനവുമായതും അത് ഈ ഉപഭൂഖണ്ഡത്തെ ഏകോപിപ്പിച്ചു നിലനിർത്തുന്നതുമായ ഒരു ഹിന്ദു സംസ്കാരത്തിന്റെ അതിവിശിഷ്ടമായ ഉണ്മയാണെന്നുള്ള അടയാളപ്പെടുത്തലുകളും, ഹിന്ദു എന്നത് മതമല്ല അത് അനുഭവിച്ചറിയേണ്ട ജീവിതവും, സംസ്കാരവുമാണ് എന്ന് ഘോഷിക്കുന്ന പ്രഖ്യാപനങ്ങളിലും എല്ലാം സമര്ഥവും തന്ത്രപരവുമായ രാഷ്ട്രീയ ധ്രുവീകരണം പ്രകടമാണ്. യഥാർത്ഥത്തിൽ നമ്മുടെ വേരുകൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ നാം എവിടെയെത്തും?.

മനുഷ്യതുല്യരായ നിരവധി ജനുസ്സുകളിൽ ഒന്നാണ് ഹോമോസാപിയൻസ് എന്ന ആധുനിക മനുഷ്യരായത്.എല്ലാ മനുഷ്യരുടെയും പൂർവികർ ആഫ്രിക്കയിൽനിന്നുള്ള ആദിമ മനുഷ്യരാണ്. ഇന്ത്യക്കാരുടെയെല്ലാം അനന്തരഗാമികൾ 65000 വർഷങ്ങൾക്കു മുൻപ് ആഫ്രിക്കയിൽനിന്നെത്തിയവരാണ്. ചുറ്റുപാടുമുള്ള പ്രകൃതിയിൽനിന്ന് ലഭ്യമായ വിഭവങ്ങൾ ജീവിതോപാധിയായി ആശ്രയിക്കുന്ന മനുഷ്യർ പ്രകൃതി പ്രതിഭാസവുമായുള്ള പ്രതിപ്രവർത്തനത്തിന്റെ ഭാഗമായാണ് പുതിയ അറിവും സാധ്യതയും തേടി കുടിയേറുന്നത്.പാലായനം ജീവിതം തേടിയുള്ള യാത്രകളാണ്.സഹസ്രാബ്ധങ്ങളായി തുടരുന്ന കുടിയേറ്റങ്ങളിൽ പല വിഭാഗങ്ങളും പരസ്പരം കലരുകയും വിവിധ ജനിതക പരമ്പരകളുടെ വിശ്ലേഷണത്തിന് വിധേയരായ ജനങ്ങളാണ് ഈ ഉപഭൂഖണ്ഡത്തിൽ അധിവസിക്കുന്നത്. വിവിധ രൂപങ്ങളിലും നിറത്തിലും വലുപ്പത്തിലുമുള്ള മനുഷ്യരുടെ ജനിത വിന്യാസങ്ങൾ കാണാം. പതിനായിരം വർഷത്തിന് മുൻപ് സംഭവിച്ചിട്ടുള്ള ജനിതക്കലർപ്പിലൂടെ കടന്നുവന്നവരാണ് ആധുനിക ഇന്ത്യക്കാർ.ആയിരക്കണക്കിന് വർഷങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്ന ജനിതക മിശ്രണങ്ങൾ സൃഷ്ടിച്ച സങ്കര വർഗ്ഗമാണ് ഇന്ത്യക്കാർ . ശുദ്ധ വർഗ്ഗം -അശുദ്ധവർഗ്ഗം എന്നി ദ്വന്ദങ്ങൾ തന്നെ അസംബന്ധമാണെന്ന് ഏറ്റവും പുതിയ ജനിതശാസ്ത്രപഠനങ്ങൾ വെളിപ്പെടുത്തുന്നു.

വ്യത്യസ്ത സമൂഹങ്ങളിൽനിന്നുള്ള വ്യക്തികളുടെ ജീനുകളെക്കുറിച്ചുള്ള പഠനവുമായി മുന്നോട്ട് പോകുന്ന പോപുലേഷൻ ജെനെറ്റിക്സ് തരുന്ന വസ്തുതകൾ ആർക്കും നിരാകരിക്കാനാവുകയില്ല. പോപ്പുലേഷൻ ജെനെറ്റിക്സ് ആധുനിക മനുഷ്യന്റെ വളർച്ച ജനിത വിശ്ലേഷണത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്തീകളിലൂടെ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന മൈറ്റോകോൺഡ്രിയൽ ഡി എൻ എ അടിസ്ഥപ്പെടുത്തിയുള്ള പഠനങ്ങൾ ഇക്കാര്യം സ്ഥീരീകരിക്കുന്നു.മൈകോകോൺഡ്രിയയുടെ ഡി. എൻ. എ ഉല്പരിവർത്തനം പിന്തുടർന്നാണ് മനുഷ്യന്റെ കുടിയേറ്റവഴികൾ തിരിച്ചറിയാനാവുന്നത്, ഇപ്പോഴുള്ള മനുഷ്യരുടെ ജനിതക ഘടന പരിശോധിച്ചു കൃത്യതയുള്ള നിഗമനങ്ങളിൽ എത്തിച്ചേരാനാവും. മൈറ്റോകോൺഡ്രിയ അമ്മയിൽ നിന്ന് പെണ്മക്കളിലേയ്ക്കും ആണ്മക്കളിലേയ്ക്കും കൈമാറ്റം ചെയ്യപ്പെടുന്നു. മൈറ്റോകോൺഡ്രിയ ഡി. എൻ. എ തെളിവുകൾ അനുസരിച്ചു് ആധുനിക മനുഷ്യന്റെ ജനിത വിശ്ലേഷണത്തിന്റെ ഘടകങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു. ആഫ്രിക്കയിൽ നിന്ന് പുറത്തു കടന്നവരുടെ ഡി. എൻ. എ മിക്കവാറും സമാനമാണ്. അതേസമയം ആഫ്രിക്കയ്ക്കകത്തു ജനിതക വൈവിധ്യം ദൃശ്യമാണ്.

പ്രകൃതിയുമായി സമരസ്സപെടുന്നതിന്റെ ഭാഗമാകുമ്പോൾ അത് മനുഷ്യന്റെ ശാരീരികാവയവങ്ങളിലും നാഡീവ്യൂഹത്തിലും മഷ്തിഷ്കത്തിലുമെല്ലാം മാറ്റങ്ങൾ വരുത്തുന്നു. അത്തരത്തിലുള്ള പരിണാമപരമായ മാറ്റങ്ങൾ ജീവികളുടെ ജനിതക ഘടനയെ സങ്കീർണമാക്കുന്നു.ജനിതക ഘടനയിൽ ആധുനിക മനുഷ്യർക്ക് ഏറ്റവും അടുത്ത് നിൽക്കുന്നത് ചിമ്പാൻസിയുമായാണ്.ചിമ്പാൻസിയുടെയും ആധുനിക മനുഷ്യന്റെയും പൊതുവായ ഡി .എൻ .എ ഭാഗങ്ങൾ തമ്മിൽ 1 .23 ശതമാനം മാത്രമേ വ്യത്യാസമുള്ളൂ .നിയാണ്ടർത്താലുമായി ആധുനിക മനുഷ്യൻ സഹശയനം നടത്തിയിട്ടുണ്ട്. ജനിതവിവരങ്ങൾ ഇതിനെ സാധുകരിക്കുന്നുണ്ട്. ആധുനിക മനുഷ്യനും നിയാണ്ടർത്താലും തമ്മിൽ 99.7% DNA ഒന്നാണ്. യൂറോപ്പിലെ മനുഷ്യരിൽ ഏകദേശം നാലു ശതമാനം വരെ നിയാണ്ടർത്താലുകളുടെ ഡി .എൻ .എ ഉണ്ട്. ആസ്‌ത്രേലിയയിൽ നിന്നും ഏഷ്യയിൽ നിന്നുമെല്ലാം ഒട്ടേറെ വംശങ്ങൾ ഇന്ത്യയിൽ വന്നിട്ടുണ്ട്. ആസ്‌ത്രേലിയയിലെ ആദിവാസികൾക്ക് തെക്കു കിഴക്കൻ ഏഷ്യയിലെ ഗോത്രങ്ങളുമായി ജനിതക ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വൻതോതിലുള്ള ജനിതമിശ്രണത്തിന്റെ പ്രവാഹങ്ങൾ ഇന്ത്യയിലുണ്ടായിട്ടുണ്ട്. ഉത്തരേന്ത്യക്കാർക്ക് ചില യുറോപ്യന്മാരും ഇറാനികളുമായുള്ള ജനിതകബന്ധങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

വ്യത്യസ്ത ജാതികളും ഗോത്രസമൂഹങ്ങളും ഭാഷ വിഭാഗങ്ങളും നിറഞ്ഞ ഒരു മേഖലയാണ് ഇന്ത്യ , വലിയ മാറ്റത്തിന്റെ കാലത്താണ് നാം ജീവിക്കുന്നത് . അസാധാരണമായ കാലാവസ്ഥ വ്യതിയാനം, നഗരവൽക്കരണം ലോകത്തിന്റെ വിവിധ ഇടങ്ങളിലേയ്ക്കുള്ള കുടിയേറ്റങ്ങൾ , ആഭ്യന്തര കുടിയേറ്റങ്ങളും അത് സൃഷ്ടിക്കുന്ന സങ്കീർണമായ ചുറ്റുപാടുകളുമായി അസാദൃശ്യപ്പെടുന്ന മനുഷ്യരും അവരുടെ രോദങ്ങളും എല്ലാമായി ഒരു സന്നിഗ്ദ്ധ ഘട്ടത്തിലാണ് ഇന്ത്യൻ സാംസ്‌കാരിക ദേശീയത എന്ന ആശയം ആളുകളെ വൈകാരികമായി സ്വാധീനിച്ചു അവരുടെ സദ്ഭാവങ്ങളെ ബലഹീനമാക്കുന്നത്.

ഏതെങ്കിലും ഒരു ജാതിൽ ജനിക്കുകയും സ്വജാതിയെക്കുറിച്ചു അഹമഹിമ ഊറ്റംകൊള്ളുകയും ആ ജാതിയിൽ നിന്ന് തന്നെ വംശവർദ്ധനവ് പ്രാപ്യമാക്കുകയും ചെയ്യുന്ന ഇന്ത്യൻ കുടുംബ സമ്പ്രദായം ജാതിയെ ജൈവമായി നിലനിർത്തുന്നു.

യാഥാർത്ഥത്തിൽ ഇന്ത്യൻ നാഗരികത ഹിന്ദുമതത്തിന്റെ സൃഷ്ടിയല്ല .ഹിന്ദു ക്ഷേത്രങ്ങൾക്കൊന്നിനും ഇന്ത്യയിൽ ആയിരത്തി അഞ്ഞൂറ് വർഷത്തിലധികം പഴക്കമില്ല. വംശത്തിന്റെയും മതത്തിന്റെയും ജാതിയുടെയും പേരിൽ ഒരു കൂട്ടർ മറ്റൊരു വിഭാഗത്തെ അടിമകളാക്കിയ ഒരു ഹൈന്ദവ പാരമ്പര്യം ഇന്ത്യൻ നാഗരികതയുടെ ഭാരങ്ങൾ തന്നെയാണ്. ഹൈന്ദ പാരമ്പര്യത്തിന്റെ ശേഷിപ്പുകൾ ഇന്ത്യൻ ജീവിതത്തിലുണ്ട് എന്നത് അനിഷേധ്യമാണ്. എന്നാൽ ഇന്ത്യ എന്നത് വൈവിധ്യമുള്ള സാംസ്‌കാരിക ധാരകളും ഗോത്രങ്ങളും, ഭാഷ വിഭാഗങ്ങളും, നിറഞ്ഞ ഒരു പ്രദേശമാണ്. ഏതെങ്കിലും ഒരു പ്രത്യേയ്ക വിഭാഗത്തിന്റെ മൂലകേന്ദ്രമല്ല. ഇവിടെ സഹസ്രാബ്ധങ്ങളായി വ്യത്യസ്ത ജനവിഭാഗങ്ങൾ ഉദാ :യഹൂദർ, പാഴ്സികൾ, അഹായികൾ, തുർക്കികൾ തുടങ്ങിയവർ വസിക്കുകയും തങ്ങളുടെ ജീവിത രീതികളുടെ അംശങ്ങൾ സൃഷ്ടിക്കുകയും ജീവിത പ്രക്രിയ തുടരുകയും ചെയ്യുന്നു.

നിലവിലുള്ള ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ, വ്യത്യസ്തത ശാസ്ത്ര ശാഖയുടെ പിൻബലത്തിൽ പത്രപ്രവർത്തകനായ ടോണി ജോസഫ് എഴുതിയ ഏർലി ഇന്ത്യൻസ് എന്ന ഗ്രന്ഥം ആരാണ് ഇന്ത്യക്കാർ? അവരുടെ വേരുകൾ, ഇന്ത്യൻ ജനത സങ്കീർണ്ണമായ ചുറ്റുപാടുകളുമായി താത്മ്യം പ്രാപിക്കാനിടയായ സാഹചര്യങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ശാസ്ത്രീയമായ ധാരണകൾ നല്കുന്നു. ആവശ്യം വായിച്ചിരിക്കേണ്ട ഒന്ന്.

BY Prasad Amore

References: Early Indians: The Story of Our Ancestors and Where We Came From
by Tony Joseph .

Advertisements