പ്രസാദ് അമോർ (മനഃശാസ്ത്രജ്ഞൻ, എഴുത്തുകാരൻ)

ആരാണ് ഡൽഹിയിലെ അക്രമകാരികളായ കുട്ടികൾ ?

“പത്തും പതിനഞ്ചും വയസ്സ് പ്രായമുള്ള ഇന്ത്യൻ കുട്ടികൾ നിരത്തുകളിലിറങ്ങി കൊലവിളി നടത്തുന്ന കാഴ്ചകൾ അത് ഭീകരമാണ്”. ദൽഹി നിവാസിയായ സാമൂഹ്യപ്രവർത്തക സംഗീത ജിൻഡാൽ പറഞ്ഞു
“ചിന്തിക്കാൻ പോലും കഴിയാത്തത്ര വേഗത്തിൽ ഈ രാജ്യത്തിലെ സാമൂഹ്യ പരിസരം മാറുകയാണ്. ഇന്ത്യൻ യുവാക്കൾ എന്ത് ഭാവിയാണ് പ്രതീക്ഷിക്കേണ്ടത്? അവരുടെ സിരാകോശങ്ങളിൽ ബീജവാപം ചെയ്തുകഴിഞ്ഞിട്ടുള്ള വേർതിരിരുവുകളുടെ ആശയങ്ങളുടെ ഭീകരതയാണ് തെരുവുകളിലെ രക്തച്ചൊരിച്ചലുകൾ”. സംഗീത നിശബ്ദയായി.
ആക്രമണകാരികളായ ആ കുട്ടികളുടെ തലയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്ന ആശയങ്ങളെന്താണ്? അവരുടെ നാഗരിക രുചികളിൽ പഴയ ശീലങ്ങളും പാരമ്പര്യവും വിദഗ്ദ്ധമായി പിടിമുറുകി അവരിലുള്ള ജൈവമായ ക്രൂരതകളെ എങ്ങനെ പ്രതിഫലിപ്പിക്കുന്നു?
കുട്ടികളുടെ മഷ്തിഷ്‌കം അസംരക്ഷിതാവസ്ഥയിലാണ്. കുട്ടി ദുർബലവും നിസ്സഹായവുമാണ്. ഒരു Image may contain: one or more people, people sleeping, people sitting and outdoorകുഞ്ഞു ജനിക്കുന്നത് ഒരു സാമൂഹ്യ പാരമ്പര്യത്തിന്റെ അനന്തരാവകാശിയായിട്ടാണ്. കുട്ടിയുടെ ദൈനംദിന ജീവിതം മാതാപിതാക്കളും കൂടെയുള്ള മറ്റുള്ളവരും എല്ലാം അവരുടെ പൂർവ തലമുറകൾ ആർജ്ജിച്ച അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള സാമൂഹ്യപാരമ്പര്യത്തിന്റെ ഒരു മൂർത്ത പ്രകടനമാണ്.മനുഷ്യ കുഞ്ഞുങ്ങൾക്ക് സഹജപ്രേരണകൊണ്ട് മാത്രം ജീവന ശേഷി കൈവരുകയില്ല.അവർക്ക് ഏതെങ്കിലും ഒരു സാമൂഹ്യഗ്രുപ്പിന്റെ സ്വാധീനം ആവശ്യമാണ്.കുഞ്ഞിന്റെ നാഡീ പഥത്തിന്റ വളർച്ച സാധ്യമാകുന്നതും വിവിധ നാഡീ കേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ മഷ്തിഷ്കത്തിൽ വളർത്തിയെടുക്കലുമെല്ലാം സാമൂഹ്യാനുഭവങ്ങളിലൂടെ പാകപ്പെടുന്നതാണ്.
മുതിർന്നവർ തങ്ങളുടെ സഞ്ചിതാനുഭവത്തിന്റെ മുൻ പാഠങ്ങൾ കുട്ടികൾക്ക് പകർന്നു കൊടുക്കുന്നു ഭക്ഷണ ശീലങ്ങൾ ചടങ്ങുകൾ ആചാരങ്ങൾ മതബോധം ജാതിബോധം, വേർതിരിവുകൾ, അന്യരോടുള്ള വൈരങ്ങൾ എല്ലാം അങ്ങനെ സ്വാംശീകരിക്കപ്പെടുകയാണ്.
BC 1300 -400 കാലഘട്ടത്തിൽ രൂപംകൊണ്ട സാമൂഹ്യ സാംസ്‌കാരിക ധാരകളും കഥകളുമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ കുട്ടികൾ കേൾക്കുന്നത്.സംസ്‌കാരങ്ങളുടെ കഥകൾ, പുരാതന വീരന്മാരുടെ ഐതിഹാസിക കൃത്യങ്ങൾ എല്ലാം അവരുടെ ഞരബുകളെ വല്ലാതെ ആവേശിക്കുകയാണ്.കാല്പനിക ചരിത്രത്തിൽ ജീവിക്കുന്ന മനുഷ്യർ എല്ലാത്തരം വേര്തിരിവുകളുടെയും ആശയങ്ങൾ സൃഷ്ടിക്കുന്നു.സ്വന്തം മതത്തിന്, ദേശത്തിന്,വർഗത്തിന് ഔന്നത്യമുള്ള സമൂഹസങ്കൽപ്പം അവരിലുള്ള ജൈവമായ ക്രിമിനൽ വാസനയെ ഉത്തേജിപ്പിക്കുന്നു.
ഇന്ത്യക്കാരിൽ പരസ്‌പര സ്പർദ്ധയുടെയും കുല വൈര്യത്തിന്റെയും ബീജവാപം ചെയ്യാൻ വളരെ എളുപ്പമാണ് കാരണം അതിശയിപ്പിക്കുന്നതരത്തിൽ വൈവിധ്യങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യമാണിത്. അന്ധാളിപ്പിക്കുന്ന തരത്തിൽ അനവധി ജന വിഭാഗങ്ങളുള്ള ഒരു രാജ്യം.വ്യത്യസ്തത പ്രദേശങ്ങളിൽ നിന്ന് വന്ന ജനസഞ്ചയങ്ങളുടെ ഒരു സങ്കലന ഭൂമി. ജനവിഭാഗങ്ങളുടെ കൂടിച്ചേരലുകളും അവരുടെ സാംസ്‌കാരിക രൂപങ്ങളുടെയും വ്യത്യസ്തതകൾ എല്ലാം കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. പലരൂപങ്ങളിലും നിറങ്ങളിലും വലിപ്പങ്ങളിലും ഉള്ള മനുഷ്യരുടെ വൈജാത്യങ്ങളെ ശത്രുതയിലേയ്ക്ക് വ്യതിചലിപ്പിക്കപ്പെടുന്നു. ഇന്നത്തെ സങ്കീർണമായ ചുറ്റുപാടുകളുമായി അസാദൃശ്യപ്പെടാനുള്ള പ്രതിലോമകരമായ ആശയങ്ങൾ മനുഷ്യരുടെ ജീവശാസ്ത്രപരമായ സ്വത്വബോധത്തിലേയ്ക്ക് അങ്കുരിപ്പിക്കപ്പെടുന്ന കാഴ്ച്ചകളാണ് രാജ്യത്തുടനീളം കാണുന്നത്.വ്യത്യസ്തത സമൂഹങ്ങളും വ്യക്തികളും തമ്മിലുള്ള വൈവിധ്യങ്ങളും അതിന്റെ ഫലമായുണ്ടാകുന്ന സംഘര്ഷങ്ങളും മനുഷ്യ സഹജമാകുമ്പോഴും സമൂഹത്തിലെ അന്തരങ്ങളും വൈരുധ്യങ്ങളും സങ്കീർണമായി നിലനിർത്താൻ നമ്മളെ സ്വാധീനിക്കുന്ന ആശയങ്ങൾക്കും ജീവിതക്രമങ്ങൾക്കും മുഖ്യമായ പങ്കുണ്ട്.ഒരു വ്യക്തിയുടെ ദൈനം ദിന ചര്യയിൽ ഉണർന്നെഴുന്നേൽക്കുന്നതു മുതൽ കിടന്നുറങ്ങുന്നതുവരെയുള്ള പ്രവർത്തങ്ങൾ സങ്കീർണമായ ഒരു സാമൂഹ്യ പ്രക്രിയയ്ക്ക് വിധേയമാകുന്നുണ്ട്. നവ മാധ്യമത്തിലൂടെ കാണുന്ന കാഴ്ചകളിൽ, സിനിമകളിൽ, സീരിയലുകളിൽ, കേൾക്കുന്ന സംഗീതത്തിൽ ആവിഷ്‌ക്കരിക്കപ്പെടുന്ന പഴമയുടെ പല രൂപത്തിൽ ഇന്ത്യൻ മനസ്സുകളെ ആശ്ലേഷിക്കുന്നു. കുട്ടികാലം മുതലേ ജാതിയുടെയും മതത്തിന്റെയും ലിംഗ പദവിയുടെയും വേർതിരിവുകൾ ശിരസ്സിൽ വഹിക്കാൻ വിധിക്കപെട്ട ഒപ്പം ക്രൂരതയുടെ ജൈവാംശമുള്ള മനുഷ്യർ വിവിധ ജാതികളും മതങ്ങളുമായി വേർപിരിഞ്ഞു പൗരാണികമായ ശത്രുത നിലനിർത്തി തമ്മിലടിച്ചു ചത്തുകൊണ്ടിരിക്കുന്നു.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.