നിങ്ങളുടെ വീട്ടിലെ ‘ടോയിലറ്റ് ക്ലീനര്‍’ ആര്?

486

ഗാന്ധിജിയെ കുറിച്ചു കേട്ട കഥയുണ്ട്. സബര്‍മതി ആശ്രമത്തില്‍ ആയിരിക്കുമ്പോള്‍ അവിടത്തെ കക്കൂസുകള്‍ കസ്തൂര്‍ബ തന്നെ കഴുകണം എന്ന് അദ്ദേഹം വാശി പിടിച്ചു. കസ്തൂര്‍ബ ആ ആവശ്യം നിരസിച്ചു. പക്ഷെ അദ്ദേഹം വിട്ടില്ല.. കസ്തൂര്‍ബ കഴുകിയില്ലെങ്കില്‍ പിന്നെ താന്‍ തന്നെ അത് കഴുകുമെന്നു ‘ഭീഷണിയായി’. അത്രയുമായപ്പോള്‍ നിവൃത്തികേട് കൊണ്ട് കരഞ്ഞും സങ്കടപ്പെട്ടും അവര്‍ കക്കൂസുകള്‍ കഴുകാന്‍ തുടങ്ങി. ഓരോരുത്തരും സ്വയം പര്യാപ്തരായിരിക്കണമെന്നു ഗാന്ധിജിക്ക് നിര്‍ബന്ധമായിരുന്നു. എന്ന് വച്ച് അത് അങ്ങനെയൊരു സ്വയം പര്യാപ്തതയല്ലാ കേട്ടോ. ചെയ്യാനറക്കുന്ന പണികളില്‍ സ്വയം പര്യാപ്തത പെണ്ണുങ്ങള്‍ക്ക്‌ മാത്രം മതി, ആണുങ്ങള്‍ക്ക് ആവശ്യമില്ല എന്നദ്ദേഹമങ്ങു തീരുമാനിച്ചു!!!

ഈ സംഭവങ്ങളൊക്കെ നടന്നിട്ട് കാലമേറെ കഴിഞ്ഞു പോയി, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി, ഗാന്ധിജി ഓര്‍മ്മയായി, അദ്ദേഹത്തിന്‍റെ ഇന്ത്യയെ കുറിച്ചുള്ള സ്വപ്നങ്ങളും, കാഴച്ചപ്പാടുകളും കാലക്രമത്തില്‍ മണ്ണടിഞ്ഞു. അന്നത്തെ ഗാന്ധിജിയില്‍ നിന്നും ഇന്നത്തെ കോണ്ഗ്രസ്സുകാരിലേക്ക്(/കോണ്ഗ്രസ്സുകാരികളിലേക്ക്)  മിയാമി ബീച്ച്  to വാഷിങ്ങ്ടന്‍ DC ഉള്ളതിനേക്കാള്‍ ദൂരമായി. പക്ഷെ അന്നത്തെ കസ്തൂര്‍ബയില്‍  നിന്നും ഇന്നത്തെ വീട്ടമ്മയിലെക്കുള്ള ദൂരം ഇന്നും വട്ടപ്പൂജ്യം തന്നെ.

ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ താഴെക്കൊടുക്കുന്ന ലളിതമായ ചോദ്യത്തിന് സ്വയം ഉത്തരം പറഞ്ഞു നോക്കുക.

നിങ്ങള്‍ ഒരു ആണാണെങ്കില്‍,  വീട്ടിലെ ടോയിലറ്റ് അഴുക്കായിക്കിടന്നാല്‍  എങ്ങനെ പ്രതികരിക്കും?

a)  ഭാര്യയേയും, അവളുടെ അപ്പനെയും അമ്മയെയും വരെ തെറി വിളിക്കും,  എന്നിട്ട് ടോയിലറ്റ് കഴുകാനുള്ള അന്ത്യശാസനം നല്‍കും.
b)  മൂക്ക് പൊത്തി കാര്യം സാധിച്ചിട്ടു ഇറങ്ങിപ്പോകും, ഇനി അവള്‍
കയറുമ്പോള്‍ വൃത്തിയാക്കുമായിരിക്കും എന്ന് സമാധാനിക്കും.
c)  അത് ഭാര്യയുടെ മാത്രം പണിയല്ലല്ലോ (അല്ലെങ്കില്‍ ഒരു പാട്
പണികള്‍ക്കിടയില്‍ സമയം കിട്ടിക്കാണില്ല) എന്ന് കരുതി
ലോഷനോഴിച്ചു കഴുകിയിടും.

ഇനി നമ്മുടെ ടീവിപ്പെട്ടി ഒന്ന് തുറന്നു നോക്കുക. കാണാം ദാ ഇതൊക്കെ.
എങ്ങനെ ടോയിലറ്റ് വൃത്തിയാക്കി കഴുകാമെന്ന് വീട്ടമ്മമാരെ പഠിപ്പിക്കുന്ന സിനിമാ താരം. harpic ഉപയോഗിച്ച് ടോയിലറ്റ് വൃത്തിയായത്തിന്റെ സന്തോഷം സഹിക്കാന്‍ വയ്യാതെ വന്‍ ജാഥയായി പോകുന്ന വീട്ടമ്മമാര്‍. വിരുന്നുകാര്‍ ഒരു പാട് തവണ കയറിയിറങ്ങിയത്‌ കൊണ്ട് ദുര്‍ഗന്ധപൂരിതമായ ടോയലറ്റ് എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന വീട്ടമ്മ(വീട്ടച്ഛന്‍ പരിസരത്തൊന്നുമില്ല). ഇവിടെയും അവരുടെ വിഷമം തീര്‍ക്കാന്‍ താരം എത്തുന്നുണ്ട്.

അത്യാവശ്യമായി ടോയ്ലേറ്റില്‍ പോകാന്‍ നില്‍ക്കുന്ന ഭര്‍ത്താവ്, ബാത്ത്റൂമിനുള്ളില്‍  തിളക്കം കണ്ടു അകത്താരോ ഉണ്ടെന്നു തെറ്റിദ്ധരിക്കുന്നു. സാനിഫ്രെഷിന്റെ  തിളക്കമാണ്. പക്ഷെ ഭാര്യ അത് വാങ്ങി കൊണ്ട് വന്നു ടോയിലറ്റ് കഴുകി തിളക്കം വന്നപ്പോഴാണ് അദ്ദേഹം അറിയുന്നത് പോലും.

ഇതൊന്നും പോരാതെ പൌഡര്‍ ടാബലെട്സ് ടാങ്കില്‍ നിക്ഷേപിക്കേണ്ടതെങ്ങനെയെന്നും , two-in-one  കേക്കുകള്‍  റിമ്മിനകത്ത് വയ്ക്കേണ്ടതെങ്ങനെയെന്നുമൊക്കെ  താരങ്ങള്‍ മാറി മാറി പല ഭാഷയില്‍ വന്നു പഠിപ്പിക്കുന്നുണ്ട്.

എന്താ ഇതൊന്നും പരസ്യങ്ങളില്‍ ഒരാണിനെപ്പോലും പഠിപ്പിക്കാത്തത്? എന്താ ഒരാണിന് പോലും ടോയിലറ്റ്കളെ കുറിച്ചു ടെന്‍ഷന്‍ ഇല്ലാത്തത്? വീട്ടിലെ ടോയിലറ്റ് ക്ലീനെര്‍ ഏതാണെന്ന് പോലും വീട്ടിലെ ആണുങ്ങള്‍ക്ക് അറിയാത്തതെന്താ?  തികച്ചും യാദൃശ്ചികം എന്നാരും പറയരുത്, ആ ഉത്തരത്തിനു മാര്‍ക്ക് വട്ടപ്പൂജ്യം.