ബ്രാഹ്മണ്യത്തിൽ നിന്നും സ്വന്തം ബ്രെയിനിനെ മുക്തമാക്കിയവനാണ് യഥാർത്ഥ ഇന്ത്യാക്കാരൻ

0
203

ആരാണ് ഇന്ത്യക്കാരൻ, അല്ലെങ്കിൽ ആരായിരിക്കണം ഇന്ത്യക്കാരൻ എന്നു നിങ്ങൾക്ക് അറിയാമോ. ബ്രാഹ്മണ്യത്തിൽ നിന്നും സ്വന്തം ബ്രെയിനിനെ മുക്തമാക്കിയവനാണ് യഥാർത്ഥ ഇന്ത്യാക്കാരൻ. ബ്രാഹ്‌മണ്യം എവിടെയാണ്, ബ്രാഹ്‌മണ്യം നമ്മുടെയൊക്കെ ബ്രെയിനിലാണ്. ബ്രാഹ്‌മണ്യം ഇന്ത്യയിലേക്ക് പുറത്തു നിന്നു വന്നതാണ്. ഇവിടെ ഉണ്ടായിരുന്നത് ബ്രാഹ്മണ ബോധമല്ല. എന്താണ് ബ്രാഹ്മണ ബോധം എന്നു ഒരു സംഭവത്തിലൂടെ വ്യക്തമാക്കാം. നാലഞ്ചു വർഷം മുമ്പു മുസ്ലിമായ ഒരു ആന്ധ്രക്കാരൻ പത്ര പ്രവർത്തകൻ ട്വിറ്ററിൽ പങ്കുവെച്ച അനുഭവമാണ്.

മുസ്ലിം പത്ര പ്രവർത്തകനും എംഫിൽ ചെയ്യുന്ന അയാളുടെ ഭാര്യയും കൂടി ഒരിക്കൽ വാടകയ്ക്ക് ഒരു വീട് അന്വേഷിച്ചു ഇറങ്ങി. വീട് വാടകക്ക് എന്ന ബോഡ് കണ്ടു അവർ കേറി ചെന്നു. വീടും വാടകയും അവർക്ക് ഇഷ്ടമായി. എല്ലാം ഉടമസ്ഥനുമായി പറഞ്ഞുറപ്പിച്ചു. അങ്ങനെ നാളെ താമസിക്കാൻ വരാം എന്ന് പറഞ്ഞു പോരാൻ നേരം വീട്ടുടമ നിങ്ങൾ ഏതു ജാതിക്കാർ ആണെന്ന് ചോദിച്ചു. ഞങ്ങൾ മുസ്ലീങ്ങളാണ് എന്നു പറഞ്ഞു. ങേ.. മുസ്ലീങ്ങളോ, നിങ്ങളെ കണ്ടപ്പോൾ തോന്നിയില്ലല്ലോ, സോറിട്ടോ, അഹിന്ദുക്കൾക്ക് ഞാൻ വീട് നൽകില്ല എന്നു പറഞ്ഞു. കുറെ കാല് പിടിച്ചു. നോ രക്ഷ. പിരിഞ്ഞു പോന്നു.

അടുത്ത പരസ്യ ബോഡ് കണ്ട ഇടത്തേക്ക് കേറി ചെന്നു. ആ വീടും അവർക്ക് ഇഷ്ടമായി. ആദ്യമേ ഞങ്ങൾ മുസ്ലീങ്ങളാണ് എന്നു പറഞ്ഞു. അതിനു കുഴപ്പമില്ല പക്ഷെ നിങ്ങൾ ബീഫ് കഴിക്കുമോ എന്നു ചോദിച്ചു. കഴിക്കാറുണ്ട് എന്നു പറഞ്ഞു. സോറി… ഞങ്ങൾ വെജിറ്റേറിയൻസിന് മാത്രേ വീട് കൊടുക്കൂ എന്നു പറഞ്ഞു. രുചികരമായ ബീഫ് ഈ ഊളകൾക്ക് വേണ്ടി ഒഴിവാക്കാൻ പറ്റില്ലെന്ന് ഓർത്തു അവർ പിരിഞ്ഞു പോന്നു.

അടുത്ത ബോഡ് കണ്ടു അവർ കേറി ചെന്നു. അവിടുന്നൊരു മൊല്ല ഇറങ്ങി വന്നു. ഹാവൂ… ഇതു മുസ്ലീങ്ങൾ ആണല്ലോ എന്നാശ്വസിച്ചു അവർ. വീടും വാടകയും പറ്റി. വ്യവസ്ഥകൾ സമ്മതിച്ചു. അവസാനം മൊല്ല നിങ്ങൾ ഏതു മതക്കാർ ആണെന്ന് ചോദിച്ചു. മുസ്ലീങ്ങൾ ആണെന്ന് പറഞ്ഞു. ങേ… മുസ്ലീങ്ങളോ… നിങ്ങളെ കണ്ടിട്ടു അങ്ങനെ തോന്നുന്നില്ലല്ലോ, നിങ്ങടെ ഭാര്യ എന്താണ് ബുർഖ ധരിക്കാതെ ചുരിദാറും ഷോളും ധരിച്ചിരിക്കുന്നത് എന്നൊക്കെ ചോദിച്ചു അയാൾ കലി തുള്ളി. നിങ്ങളെ പോലുള്ള മുസ്ലീങ്ങൾക്ക് വീട് തരാൻ പറ്റില്ല എന്നും പറഞ്ഞയാൾ വാതിൽ കൊട്ടി അടച്ചു.

വീണ്ടും രണ്ടു ഇടത്തു കൂടി അവർ പരസ്യം കണ്ട് കേറി നോക്കി. അവിടുന്നും ഉടമകളുടെ ബ്രാഹ്മണ ബോധം കൊണ്ടു അവർക്ക് ഇറങ്ങി പോരേണ്ടി വന്നു. അവസാനം അവരൊരു വീട്ടിൽ കേറി. ഉടമ അവരെ ഹൃദ്യമായി സ്വീകരിച്ചു. അയാളൊരു യൂണിവേഴ്‌സിറ്റി പ്രൊഫസർ ആണെന്ന് പറഞ്ഞു. വീടും വാടകയും അവർക്ക് ഇഷ്ടമായി. ഇനി വീട് മുടങ്ങേണ്ട എന്നു കരുതി അവർ ആദ്യമേ ഞങ്ങൾ മുസ്ലീങ്ങളാണ്, ബീഫ് കഴിക്കും, ഭാര്യ ഇങ്ങനെ ആണ് വസ്ത്രം ധരിക്കുക എന്നു പറഞ്ഞു. അതൊന്നും കുഴപ്പമില്ല, വീട് വൃത്തികേട് ആക്കരുത് എന്നു പറഞ്ഞു അയാൾ. അപ്പോൾ ആ പ്രൊഫസറോട് നിങ്ങൾ ഏതു മതക്കാരനാണ്, ജാതിക്കാരനാണ് എന്നു ചോദിച്ചു ഇവർ. ഞാൻ ഭീം സാഹബിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ജീവിക്കുന്ന ഒരു സാദാ ദളിതനാണ് എന്നു പറഞ്ഞു അയാൾ. ഭീം സാഹബ് എന്നാൽ ഭീമറാവു അംബേദ്കർ. ഇന്ത്യക്ക് പുറത്തു നിന്നു കേറി വന്ന ബ്രാഹ്മണ ബോധം തൊട്ടു തീണ്ടാത്ത ഒരു യഥാർത്ഥ ഇന്ത്യക്കാരനെ കണ്ട നിർവൃതിയിൽ അവർ പിറ്റേന്ന് വരാന്ന് പറഞ്ഞു യാത്ര പറഞ്ഞിറങ്ങി.

ഇതൊരു യഥാർത്ഥ സംഭവം ആണ്. ഇപ്പോൾ ആരാണ് ബ്രാഹ്മണൻ, എന്താണ് ബ്രാഹ്മണ ബോധം, ആരാണ് യഥാർത്ഥ ഇന്ത്യാക്കാരൻ എന്നൊക്കെ പിടുത്തം കിട്ടിയില്ലെങ്കിൽ നിങ്ങടെ പരാജയം എന്നല്ലാതെ എന്തു പറയാൻ. ബ്രാഹ്‌മണ്യവും ഇന്ത്യക്കാരനും തമ്മിലാണ് ഇന്ത്യാ രാജ്യത്തു നിതാന്ത പോരാട്ടം നടക്കുന്നത്. അതിൽ നിങ്ങൾ ന്യൂട്രൽ ആണെങ്കിൽ നിങ്ങളും ബ്രാഹ്മണനാണ്.