ഫിഫ ലോകകപ്പ് സമ്മാനദാന ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ സാൾട്ട് ബേ ആരാണ് ?

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ലോകപ്രശസ്ത കായിക താരങ്ങളുടെയും , അഭിനേതാക്കളുടെയും പ്രിയപ്പെട്ട ഷെഫാണ് സാൾട്ട് ബേ (Salt Bae ) എന്ന പേരിൽ അറിയപ്പെടുന്ന നുസ്രത് ഗുക്ചെ. പ്രത്യേകതരത്തിൽ മാംസ വിഭവങ്ങൾ അണിയിച്ചൊരുക്കുന്ന സാൾട്ട് ബേയുടെ പാചക രീതികൾ ഇന്റർനെറ്റിൽ തരംഗമാണ്.

ഇന്ന് ലോകത്തിലെ തന്നെ മുൻനിര നഗരങ്ങളിൽ എല്ലാം അദ്ദേഹത്തിന് സ്വന്തമായി റസ്റ്റോറന്റുകൾ ഉണ്ട്. സാൾട്ട് ബേ – സ്റ്റൈൽ രുചിതേടി അവിടെ എത്തുന്നവരുടെ നീണ്ട ക്യൂവിൽ ലോകപ്രശസ്ത കായിക താരങ്ങളും , സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഒക്കെ ഉൾപ്പെടുന്നു.നുസ്രത് റസ്റ്ററന്റ്സ് എന്ന അദ്ദേഹത്തിന്റെ ഭക്ഷ്യശൃംഖല വിഭവങ്ങളുടെ രുചികൊണ്ടു മാത്രമല്ല അതിന്റെ വിലകൊണ്ടും ഏറെ പ്രശസ്തമാണ്. അവിടുത്തെ വിഭവങ്ങളുടെ വിലയെ കുറ്റപ്പെടുത്തുമ്പോൾ മറ്റുചിലരാകട്ടെ ഈ പണം ഉപയോഗിച്ച് ആയിരക്കണക്കിനു കുട്ടികൾക്ക് ആഹാരം വാങ്ങിക്കൊടുക്കാമായിരുന്നു എന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ലോകമെങ്ങും ലക്ഷക്കണക്കിന് ആരാധകരുള്ള തുർക്കിക്കാരൻ ഷെഫ് ആയ ഇദ്ദേഹം മാംസക്കഷണങ്ങൾ മൂർച്ചയേറിയ ആയുധങ്ങൾക്കൊണ്ടു തലങ്ങും , വിലങ്ങും വെട്ടി കഷണങ്ങളാക്കി അതിനു മീതെ പ്രത്യേക രീതിയിൽ ഉപ്പും വിതറുന്ന വി‍ഡിയോയ്ക്ക് ആരാധകർ ഏറെയാണ്. റെയ്ബാൻ റൗണ്ട് കൂളിങ് ഗ്ലാസ് വച്ച്, ഒരു ആയോധനമുറയുടെ സൂക്ഷ്മതയോടെ വിദഗ്ധമായാണ് ഇറച്ചിക്കഷണങ്ങൾ മുറിക്കുന്നത് ശ്വാസം അടക്കി കണ്ടിരുന്നു പോകും. നുസ്രത് ഗുക്ചെ എന്നാണ് ഇദ്ദേഹത്തിന്റെ ശരിക്കുള്ള പേര്. കോബ്രാ സ്റ്റൈലിലുള്ള ആ ഉപ്പ് വിതറലാണ് ആൾക്ക് സാൾട്ട് ബേ എന്ന ഇരട്ടപ്പേരു നൽകിയത്.

ഇറച്ചി മുറിക്കുന്നതിൽ മാത്രമല്ല, പാചകത്തിലും ആളൊരു പുലിയാണ്. പാചകം വെറുമൊരു കലയല്ല ആയോധന കലയാണോ എന്നു വരെ സംശയം തോന്നും.ഒരു പ്രത്യേക രീതിയിൽ സ്റ്റീക്കുകളിലേക്ക് ഉപ്പ് ഒഴിച്ച് ലോകത്തിന്റെ ശ്രദ്ധ നേടിയതോടെ പ്രമുഖരും , നടന്മാരും സാൾട്ട് ബേയുടെ രുചി അനുഭവിക്കാനെത്തി. ലയണൽ മെസി, കിലിയൻ എംബപെ, പോൾ പോഗ്ബ തുടങ്ങിയ ഫുട്ബോൾ താരങ്ങളും ഇദ്ദേഹത്തിന്റെ റസ്‌റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയിട്ടുണ്ട്. Nusr-Et സ്റ്റീക്ക് ഹൗസ് എന്നു പേരുള്ള റസ്റ്ററന്റ് ശൃംഖല അബുദാബി, ദോഹ, ന്യൂയോർക്ക്, മിയാമി, ദുബായ്, ഇസ്താംബുൾ എന്നീ നഗരങ്ങളിലുണ്ട്.പല രാജ്യങ്ങളിലായി 22 ഔട്ട്‌ലെറ്റുകളാണ് സാൾട്ട് ബേയ്ക്ക് ഉള്ളത്.

1983-ൽ സുറത്തിലാണ് അദ്ദേഹം ജനിച്ചത്. 13-ാം വയസ്സിൽ നസ്രത്തിന് സ്‌കൂൾ പഠനം അവസാനിപ്പിക്കേണ്ടി വന്നു. ഇസ്താംബൂളിലെ ഒരു ഇറച്ചിക്കടയിൽ ജോലി ചെയ്യാൻ തുടങ്ങി.2009-ൽ സാൾട്ട് ബേ തന്റെ ആദ്യത്തെ റെസ്റ്റോറന്റ് തുറന്നു. തന്റെ കഴിവുകളും ബിസിനസ്സ് മിടുക്കും കൊണ്ട്, തന്റെ റെസ്റ്റോറന്റിനെ അദ്ദേഹം ഉയർച്ചയിലേക്ക് കൊണ്ടു വന്നു.

2017 ലാണ് സാൾട്ട് ബേയുടെ പ്രശസ്തമായ വീഡിയോ ലോകമെങ്ങും വൈറലായത്. വേവിച്ച ഇറച്ചി ആകർഷകമായ രീതിയിൽ അയാൾ കട്ട് ചെയ്യുകയായിരുന്നു. ശേഷം അതിലേക്ക് പ്രത്യേകരീതിയിൽ ഉപ്പ് വിതറി. ആ ഉപ്പുചേർക്കൽ ആളുകൾക്ക് വളരെ ആകർഷകമായി തോന്നി. അതിൽ ഒരുതരം അനായാസത അനുഭവപ്പെട്ടിരുന്നു. ഒപ്പം, ഉപ്പിടുന്നതിന്റെ അളവുതൂക്കങ്ങൾ താളാത്മകമായി അയാൾ പാലിക്കുന്നതും കാഴ്ചക്കാർക്ക് അനുഭവ വേദ്യമായി. പെരുമാറ്റത്തിലെ ഈ വൈചിത്ര്യം തന്നെയാണ് സാൾട്ട് ബേയുടെ പ്രശസ്തിയുടെ പല കാരണങ്ങളിലൊന്ന്.

വളരെ വിലകൂടിയ ഭക്ഷണം വിതരണം ചെയ്യുന്നതാണ് ഇദ്ദ്ദേഹത്തിന്റെ റെസ്റ്റോറന്റുകൾ . ആയിരമോ ,പതിനായിരമോ ലക്ഷമോ അല്ല ചിലപ്പോൾ കോടികളുടെ ബില്ല് തന്നെ വരും.അബുദാബിയിലെ അല്‍ മരിയ ദ്വീപിലെ ഗാലേറിയയിലെ തന്റെ റെസ്റ്റോറന്റില്‍ നിന്നുള്ള ബില്ലിന്റെ ചിത്രം 2022 നവംബര്‍ 17-ന് സാള്‍ട്ട് ബേ പങ്കിട്ടിരുന്നു . ബില്ലിന്റെ ആകെ തുക 615,065 ദിര്‍ഹം അല്ലെങ്കില്‍ ഏകദേശം 1.36 കോടി രൂപയായിരുന്നു അത്!!!!. ലിസ്റ്റിലെ ഏറ്റവും വിലപിടിപ്പുള്ള ചില ഇനങ്ങളില്‍ ബോര്‍ഡോയില്‍ നിന്നുള്ള വിലകൂടിയ വൈന്‍, ബക്ലാവ, ഒപ്പ് സ്വര്‍ണ്ണം പൂശിയ ഇസ്താംബുള്‍ സ്റ്റീക്ക് എന്നിവ ചേർത്ത ഒരു വിഭവം. കോടികളുടെ ഈ ബില്‍ തുക കണ്ട് സോഷ്യല്‍മീഡിയ അന്തംവിട്ടു..

ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ അർജന്റീന ടീം തങ്ങൾ നേടിയ വിശ്വകിരീടം കൊണ്ട് മൈതാനത്ത് ആരാധകരുടെ കൂടെ ആഘോഷിക്കവെയാണ് സാൾട്ട് ബേ കളത്തിലേക്ക് എത്തുന്നതും വിവാദം ഉണ്ടാകുന്നതും. ഗൾഫ് രാജ്യങ്ങളിൽ റസ്റ്ററന്റുകളുള്ള സാൾട്ട് ബേ വിഐപി അതിഥിയായിട്ടാണ് മത്സരം കാണാനെത്തിയത്. സാൾട്ട് ബേയെപ്പോലെ മറ്റു നിരവധി വിഐപി അതിഥികളും കളി വീക്ഷിക്കാനുണ്ടായിട്ടും മറ്റാരും ചെയ്യാത്ത പ്രവർത്തനങ്ങളാണ് ടർക്കിഷ് ഷെഫിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.

ഫൈനൽ വിസിലിന് ശേഷം കളിക്കളത്തിലിറങ്ങിയ സാൾട്ട് ബേ ആരാധകരെ വല്ലാതെ അലോസരപ്പെടുത്തുകയും കുടുംബത്തോടൊപ്പം ലോകക്കപ്പ് നേട്ടം ആഘോഷിക്കുകയായിരുന്ന അർജന്റീനൻ താരങ്ങൾക്ക് ശല്യമായി മാറുകയും ചെയ്തു. ഫിഫ നിയമങ്ങൾ പ്രത്യക്ഷമായി ലംഘിച്ച സാൾട്ട് ബേ താരങ്ങളുടെ കൈയ്യിൽ നിന്നും നിന്ന് ഫിഫ ട്രോഫി പിടിച്ചെടുക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു. ഇതൊന്നും കൂടാതെ സൂപ്പർതാരം ലയണൽ മെസ്സിയെ ഷർട്ട് പിടിച്ച് വലിക്കുകയും മെസ്സി സാൾട്ട് ബേയെ അവഗണിക്കുകയും ചെയ്ത ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

തങ്ങളുടെ ആഘോഷത്തിന് തടസ്സമായി സാൾട്ട് ബേ വന്നതിന്റെ നീരസം മെസ്സിയുടെ മുഖത്ത് കാണാമായിരുന്നു. മെസ്സി അവഗണിച്ചുവെങ്കിലും താരത്തെ വിടാതെ പിന്തുടർന്ന സാൾട്ട് ബേ മെസ്സിയുടെ കൂടെ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. അലക്സിസ് മക്അലിസ്റ്റർ, പൗലോ ഡിബാല, നിക്കോളാസ് ഒട്ടമെൻഡി, എയ്ഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരേഡെസ് എന്നിവരുൾപ്പെടെയുള്ള താരങ്ങളുടെ കൂടെയും സാൾട്ട് ബേ ഫോട്ടോയെടുത്തിരുന്നു.

സാൾട്ട് ബേ അർഹതയില്ലാതെ ലോകകപ്പ് കിരീടം കൈയ്യിലെടുക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു . നിയമപ്രകാരം, ഒറിജിനൽ ഫിഫ ലോകകപ്പ് കിരീടം സ്‌പർശിക്കാനും , പിടിക്കാനും കിരീട അവകാശികൾക്കും , മുൻ ചാമ്പ്യന്മാർക്കും , രാജ്യതലവന്മാർക്കും മാത്രമാണ് അർഹത . ഇത്തരമൊരു നിയമം നിലനിൽക്കെയാണ് സാൾട്ട് ബേ കളിക്കളത്തിലേക്ക് പ്രവേശിക്കുകയും ലോകകിരീടം കൈയ്യിലേന്തി ഫോട്ടോ എടുക്കുകയും ചെയ്‌തത്‌.സാൾട്ട് ബേയുടെ രീതികളറിയുന്നവർക്ക് ലോകകപ്പ് ഫൈനൽവേദിയിൽ അദ്ദേഹം കാട്ടിക്കൂട്ടിയതിലൊന്നും യാതൊരത്ഭുതവും കാണില്ല. സാൾട്ട് ബേ നല്ലൊരു എന്റർടെയ്നർ ആണെന്നും അദ്ദേഹമൊരു നല്ല കുക്കല്ലെന്നും അഭിപ്രായപ്പെടുന്നവർ ധാരാളമാണ്. ആളുകളെ ആകർഷിക്കാനുള്ള തരികിടപ്പണികളെല്ലാം ബേയ്ക്ക് നന്നായറിയാം. 2017ൽ തന്നെ ക്യൂബൻ പോരാളി ഫിഡൽ കാസ്ട്രോയുടെ ചിത്രത്തിനു മുമ്പിൽ അദ്ദേഹത്തെ പരിഹസിക്കുംവിധം പോസ് ചെയ്ത് ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു ബേ. ഇത് വളരെയധികം വിമർശിക്കപ്പെട്ടു.
സാൾട്ട് ബേ ഇങ്ങനെയാണ്, ഏതുവിധേനയും ശ്രദ്ധ പിടിച്ചുപറ്റുക എന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം. ലോകകപ്പ് ഫൈനൽ ഗ്രൗണ്ടിലും സാൾട്ട് ബേ അത് സാധിച്ചെടുത്തു.

എന്തായാലും ഇയാൾക്കെതിരെ ഫിഫ നടപടിക്ക് തുടക്കം ഇട്ടു . 2023ലെ ഓപ്പൺ കപ്പ് ഫൈനൽ മത്സരത്തിൽ നിന്നും സാൾട്ട് ബേയെ നിരോധിച്ചിരിക്കുകയാണ്. 1914-ൽ ആരംഭിച്ച അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ സോക്കർ ടൂർണമെന്റാണ് യു. എസ് ഓപ്പൺ കപ്പ്.സാമൂഹിക മാധ്യമങ്ങളിലും സാൾട്ട് ബേയ്ക്കെതിരെ വിമർശനം വർദ്ധിച്ചു വരികയാണ്. 2014-ൽ പോപ്പ് ഗായികയായ റിഹാനയും സമാനമായ വിവാദത്തിൽ ഉൾപ്പെട്ടിരുന്നു. ജർമ്മനി ലോകകപ്പ് സ്വന്തമാക്കിയതിനുശേഷം റിഹാന കപ്പിനോടൊപ്പമുള്ള സെൽഫിയടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് അന്ന് വലിയ വാർത്തയായി.

Leave a Reply
You May Also Like

ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്നത് പോലെ തന്റെ വലിപ്പം സുരേഷ് ഗോപിക്കിനിയും വ്യക്തമായിട്ടില്ല

Bineesh K Achuthan രാജാവിന്റെ മകനിലെ കുമാർ അതാണ് വെള്ളിത്തിരയിൽ ഞാൻ ആദ്യമായി കണ്ട ഒരു സുരേഷ്…

“ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് അയാൾ എന്നെനോക്കി സ്വയഭോഗം ചെയ്യുന്നതാണ്”, തനിക്കു സംഭവിച്ച മോശം അനുഭവത്തെ കുറിച്ച് അനശ്വര രാജൻ

ആദ്യ ചിത്രമായ ഉദാഹരണം സുജാതയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അനശ്വര രാജന്‍. ഈ ചിത്രത്തിനുശേഷം…

ആളുകൾ ഏകാന്തതയെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്? ഇതാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രമേയം, ഏകാന്തതയുടെ ശക്തിയും സൗന്ദര്യവും നമുക്ക് ഹിരായമയിലൂടെ കാണിച്ചുതരുന്നു

Perfect Days (2023) Genre: Drama Language: Japan Maneesh Anandh ജപ്പാനെന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക്…

മുകേഷ്, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളായ “അയ്യർ ഇൻ അറേബ്യ ” ട്രെയ്‌ലർ

മുകേഷ്, ഉർവ്വശി,ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം…