തീവെട്ടിക്കൊള്ളക്കാർ

Sreekala Prasad

പലപ്പോഴും നമ്മൾ ഉപയോഗിക്കാറുള്ള/ഉപയോഗിച്ചിട്ടുള്ള ഒരു വാക്കാണ് തീവെട്ടിക്കൊള്ള. ഈ വാക്ക് അർത്ഥമാക്കുന്നത് യതൊരു മറയുമില്ലാത്ത കൊള്ള എന്നാണ്. എന്നാൽ ഈ വാക്ക് ഉരുത്തിരിഞ്ഞത് പണ്ടുണ്ടായിരുന്ന ഒരു വിഭാഗം കൊള്ളക്കാരായ തീവെട്ടിക്കൊള്ളക്കാർ എന്നതിൽ നിന്നാണ്. തീവെട്ടി / ദീപയഷ്ടി എല്ലാവരും കണ്ടിട്ടുണ്ടാകും. പണ്ട് രാജാക്കന്മാരും മറ്റും രാത്രികാലത്ത് എഴുന്നള്ളുമ്പോൾ മുന്നിൽ തീവെട്ടി പിടിക്കുമായിരുന്നു. ഇപ്പോഴും കേരളത്തിലെ പല ക്ഷേത്രആചാരപരമായ രാത്രി ഘോഷയാത്രകളിൽ ‘വിളക്കു’കളിൽ പ്രധാനപ്പെട്ടവയാണ് തീവെട്ടിയും കുത്തുവിളക്കും ചങ്ങലവട്ടയും. ഒരു നീണ്ട കോലിന്റെ അറ്റത്ത് പിടിപ്പിച്ചിട്ടുള്ള ‘എട്ട് കാലുകൾ’ ഉള്ളതുകൊണ്ടാണ് ദീപയഷ്ടി എന്ന പേരുവന്നത്. എട്ട് കാലിലും തുണി ചുറ്റി എണ്ണയിൽ മുക്കി കത്തിക്കുകയാണ് ചെയ്യുക. ഒരാൾ തീവെട്ടി പിടിച്ചു നടക്കുമ്പോൾ മറ്റൊരാൾ പാത്രത്തിൽ എണ്ണയുമായി അനുഗമിക്കും. ഇടയ്ക്കിടെ ഉയർത്തിപ്പിടിച്ച തീവെട്ടി താഴ്ത്തിയിട്ട് അതിൽ എണ്ണയിറ്റിക്കും.

ഉത്തരേന്ത്യയിലെ ‘തഗ്ഗി’കളെ പോലെ നമ്മുടെ നാട്ടിലെ ഒരു കൊള്ളസംഘമായിരുന്നു തീവെട്ടികൊള്ളക്കാർ. തീവെട്ടികളേന്തി അർധരാത്രിയിൽ വരുന്നതുകൊണ്ടാണ് ഇവർക്ക് ‘തീവെട്ടിക്കൊള്ളക്കാർ’ എന്ന് പേരുവീണത്. ചേരരാജാക്കൻമാരുടെ കാലത്ത് ഇവർ ഗ്രാമങ്ങളെ ആക്രമിച്ച് കൊള്ളയും കൊള്ളിവയ്പും കൊലകളും നടത്തിയിരുന്നതായി പരാമർശിക്കുന്നുണ്ട്. . രണ്ട് ആയുധങ്ങളേ ഇവർക്കുണ്ടാകൂ. രണ്ടുവശവും മൂർച്ചയുള്ള മൂന്നടി നീളമുള്ള ഒരു വാൾ. പിടി ഭാഗം വീതി കുറഞ്ഞതും വീതി കൂടിയ മൂർച്ചയുള്ള ഭാഗവും. പിന്നെ താമരമൊട്ടുപോലെ ഉരുണ്ടു തടിച്ച് അറ്റം കൂർത്ത ഒരു കുന്തം. ഇവരുടെ തീവെട്ടിയിൽ ഒഴിക്കുന്ന എണ്ണ മനുഷ്യൻ്റെ കൊഴുപ്പിൽ നിന്ന് ഉണ്ടാക്കുന്നതാണെന്നും അതിൽ ലഹരി ചെടികളുടെ മിശ്രിതവും കലർത്തുമെന്നും പറയപ്പെടുന്നു. ഇത് ആളുകളെ ഒരു തരം അനക്കമറ്റ രീതിയിലാക്കുന്നു.

കൊള്ളസംഘം ദിവസങ്ങൾക്കു മുമ്പേ കൊള്ള ചെയ്യേണ്ട ഗ്രാമവും വീടും കണ്ടു വയ്ക്കും. ഇരുപതോളം വരുന്ന ഒരു സംഘം ആയാണ് വരുന്നത്. പന്തം കത്തിച്ചു വീടിനകത്തേക്ക് ഇടും. സ്തബ്ധരായി നിൽക്കുന്ന വീട്ടുകാരെ അത് ആണെന്നോ പെണ്ണെന്നോ കുഞ്ഞുങ്ങളെന്നോ നോക്കാതെ എല്ലാവരെയും വക വരുത്തും. പ്രായമായ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകും. കൊല ഇവർക്ക് ഒരു ഹരമായിരുന്നു.
ഇവരിൽ നിന്ന് രക്ഷപെടാൻ സമ്പന്നർ ലോഹം പൊതിഞ്ഞ വാതിലുകളും പ്രത്യേക രീതിയിൽ പണിത വീടുകളും വരെ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ലോഹ വാതിലുകൾ പൊളിക്കാൻ
തീവെട്ടിക്കൊള്ളക്കാർ വലിയ കല്ലുകൾ കയറിൽ കെട്ടിത്തൂക്കി മുന്നാലുപേർ ചേർന്ന് ആട്ടി കതകിൽ ഇടിപ്പിക്കും. അപ്പൊൾ വാതിൽ പൊളിഞ്ഞു വീഴും. പ്രത്യേക രീതിയിൽ പണിത വീടുകൾ മൂന്ന് നില ആയിരുന്നു. ഒരാൾ പൊക്കമുള്ള അടിത്തറയും കല്ലിൽ പണിത കട്ടിളപ്പടിയും അകത്തേക്ക് കയറാൻ മുറിയ്ക്കകത്ത് നിന്നും പുറത്തേക്ക് വയ്ക്കുന്ന ഏണിയും ( കയറി കഴിഞ്ഞാൽ ഏണി അകത്തേയ്ക്ക് കയറ്റി വയ്ക്കും) വീട്ടിൽ സദാ എണ്ണ തിളയ്ക്കുന്ന അടുപ്പും കാണും. തീവെട്ടിക്കൊള്ളക്കാരുടെ മേൽ ഒഴിക്കാനാണ് എണ്ണ തിളപ്പിക്കുന്നത്. പ്രത്യേകം വീതി കൂടിയ തവികളാണ് ഇതിന് ഉപയോഗിക്കുക. കൊള്ളക്കാരുടെ കൈയിലെ പന്തങ്ങളിൽ എണ്ണ പതിക്കുമ്പോൾ അത് ആളിക്കത്തി അവർക്കുതന്നെ പൊള്ളലേൽക്കും. അതി സമ്പന്നർ രാജാവിൻ്റെ അനുമതിയോടെ തോക്ക് ഉപയോഗിക്കാറുണ്ടായിരുന്നു.

തൃക്കാക്കരയ്ക്ക് കിഴക്കുള്ള വിജനമായ വനപ്രദേശങ്ങൾ, ചാലക്കുടിക്ക് കിഴക്കുള്ള വനങ്ങളിലും മാളയ്ക്കടുത്തുള്ള കുറ്റിക്കാടുകൾ, ഒറ്റപ്പെട്ട തുരുത്തുകൾ എന്നിവ തീവെട്ടിക്കൊള്ളക്കാരുടെ സാധാരണ താവളമായിരുന്നു. തീവെട്ടിക്കൊള്ളക്കാരെ തുടച്ചു നീക്കിയത് യുവാവായ ശക്തൻ തമ്പുരാൻ ആയിരുന്നു. അതിന് കാരണമായി പറയുന്ന ഒരു സംഭവം ഒരിക്കൽ രക്ഷാവീടുകൾ തകർക്കാനാവാതെ പിന്തിരിയേണ്ടി വന്ന തീവെട്ടിക്കൊള്ളക്കാർ, ആ വീട്ടിലെ പശുക്കളെ ഒന്നാകെ വെട്ടിക്കൊന്നു. കൊച്ചി രാജാവിന്റെ മുന്നിൽ പരാതിപറഞ്ഞപ്പോൾ അദ്ദേഹം ‘ഹാ കഷ്ടം, ഹാ കഷ്ടം എന്ന് മാത്രം പറഞ്ഞു. ഇതിൽ കലികൊണ്ട യുവരാജാവായ ശക്തൻ തമ്പുരാൻ ആയോധനവിദ്യാ നിപുണരായ അഭ്യാസികളെ ചേർത്ത് ഒരു പ്രത്യേക സംഘം രൂപവത്കരിച്ചു. മിന്നലാക്രമണത്തിനും രാത്രിയാക്രമണങ്ങൾക്കും വൈദഗ്ദ്ധ്യം ലഭിച്ച ഇവരുടെ നായകൻ ശക്തൻ തമ്പുരാൻ തന്നെയായിരുന്നു. പ്രത്യേകം പരിശീലനം സിദ്ധിച്ച സൈനികരുമായി, ചാരൻമാരുടെ സഹായത്തോടെ ഇവരുടെ താവളങ്ങളിൽ മിന്നലാക്രമണം നടത്തി കൊള്ളക്കാരെ വകവരുത്തി. അദ്ദേഹം രാജ്യ ഭാരമേൽക്കും മുമ്പുതന്നെ കൊച്ചി രാജ്യത്തു നിന്ന് തീവെട്ടിക്കൊള്ളക്കാരെ തുടച്ചുനീക്കി. ചരിത്രത്തിലെ ആദ്യ ‘സർജിക്കൽ സ്ട്രൈക്ക്’ എന്ന് വേണമെങ്കിൽ ഈ സംഭവത്തെ പറയാം. തിരുവിതാംകൂറിൽ കേണൽ മൺറോ തീവെട്ടിക്കൊള്ളക്കാരെ അടിച്ചമർത്താനെടുത്ത നടപടികൾ ചില രേഖകളിലുണ്ട്.

ചരിത്രത്തിൽ അംഗീകൃത തീവെട്ടിക്കൊള്ളയും ഉണ്ടായിരുന്നു. പണ്ട് കാലത്ത് രാജാക്കന്മാർ സ്ഥിരം പടയാളികൾക്ക് പുറമെ സാമന്തന്മാരിൽനിന്നും നാട്ടുപ്രഭുക്കളിൽനിന്നും യുദ്ധാവശ്യങ്ങൾക്ക് പടയാളികളെ വിട്ടുതരാൻ ആവശ്യപ്പെടും. അവർക്ക് ശമ്പളം ഇല്ലായിരുന്നു. ഇത്തരം നായർ പടയാളികൾ പടക്ക് ശേഷം അവരുടെ നാട്ടിലേക്ക് തിരിച്ചു വരുന്ന വഴി കണ്ണിൽക്കണ്ടതെല്ലാം കൊള്ളയടിക്കും. ഇതിന് രാജാക്കന്മാർ മൗനാനുവാദം കൊടുത്തിരുന്നതായാണ് പറയുന്നത്. ഇന്നും അതിന് വലിയ മാറ്റമൊന്നുമില്ല. ഭരണാധികാരികളുടെ മൗനാനുവാദത്തിൽ തീവെട്ടിക്കൊള്ള പല രൂപത്തിൽ, ഭാവത്തിൽ നമുക്ക് ചുറ്റും നടക്കുന്നു. അത് കണ്ട് ഹാ കഷ്ടം ….ഹാ കഷ്ടം എന്ന് പുലമ്പികൊണ്ടേയിരിക്കുന്ന ഭരണാധികാരികളും തീവെട്ടികൊള്ളക്കരും തമ്മിലുള്ള അന്തർധാര സജീവം എന്നത് പകൽ പോലെ വ്യക്തം . ഇതിന് അറുതി വരുത്താൻ ഒരു ശക്തൻ തമ്പുരാൻ വരുമെന്നത് പ്രജകൾക്ക് ഇന്ന് വ്യാമോഹം മാത്രം.

Pic courtesy

You May Also Like

ക്രിക്കറ്റിലൂടെ വ്യവസ്ഥിതികളെ വെല്ലുവിളിച്ച ഒരു കൂട്ടം ചെറുപ്പക്കാരുടെ വിജയകഥയാണ് മസായ് വാറിയേഴ്സിനു പറയാനുള്ളത്

Suresh Varieth കായിക മത്സരങ്ങൾക്ക് എല്ലായ്പ്പോഴും ഒരു പ്രത്യേകതയുണ്ട്…… ചില പ്രത്യേക വ്യവസ്ഥിതികളോടും ദുരാചാരങ്ങളോടും പൊരുതാൻ…

സുൽത്താന റസിയയുടെ സംഭവ ബഹുലമായ കഥ

✍️ Sreekala Prasad റസിയ സുൽത്താൻ: ഡൽഹി സുൽത്താനേറ്റിലെ ആദ്യത്തെയും അവസാനത്തെയും വനിതാ ഭരണാധികാരി പഴയ…

ഏഡി 79 ലെ അപ്പം 1930ൽ കണ്ടെടുക്കുമ്പോൾ കേടായിരുന്നില്ല കാരണമുണ്ട്

ഏഡി 79, ഓഗസ്റ്റ് 24ന് ഇറ്റലിയിലെ വെസൂവിയസ് അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോൾ അതിന്റെ ചാരത്തിൽ മൂടിപ്പോയ ഒരു കഷണം

കോഴിക്കാഷ്ഠ ജയിൽ – വിസർജ്യം മനുഷ്യർക്കെതിരായ ആയുധമായി ഉപയോഗിച്ച കഥ

ചിക്കൻ പൂപ്പ് ജയിൽ ( കോഴിക്കാഷ്ഠ ജയിൽ) ✍️ Sreekala Prasad വിസർജ്യം കൊണ്ട് മനുഷ്യരെ…