ആരാണ് തുത്തൻഖാമൻ ?

അറിവ് തേടുന്ന പാവം പ്രവാസി

അപ്രധാനിയും , അപ്രസക്തനുമായിരുന്ന തുത്തൻഖാമനെ ലോക പ്രശസ്തനാക്കിയത് സ്വന്തം ശവകുടീരമാണ്‌ .ഈജിപ്തിലെ പിരമിഡുകളിലും , കബറുകളിലും ഉറങ്ങുന്ന അസംഖ്യം ഫറവോകളുടെ മമ്മികള്‍ വീണ്ടെടുക്കുക , ഗവേഷണം നടത്തുക എന്നീ ലക്ഷ്യത്തോടുകൂടി കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ നടപ്പിലാക്കിയ ഈജിപ്ത്യന്‍ മമ്മി പ്രോജക്റ്റ് നടത്തിയ പര്യവേക്ഷണ ഫലമായി കണ്ടെടുത്ത സ്വന്തം കബറിടവും അതിലെ അമുല്യമായ ഉള്ളടക്കവും !

നന്നെ ചെറുപ്പത്തില്‍ രാജ്യഭാര മേല്‍ക്കുകയും യവ്വനാരംഭത്തില്‍ കാലംചെയുകയും ചെയ്ത ഈ ഫറവോയുടെ മരണം ഒരു കൊലപാതകമായിരുന്നു എന്നാണു ആദ്യം കരുതിയിരുന്നത് . തലയ്ക്കു പിന്നില്‍ മാരകമായി അടിച്ചു ഫറവോയെ ആരോ കൊലപ്പെടുത്തുകയായിരുന്നത്രെ. മമ്മി കണ്ടെത്തി 80 വര്‍ഷങ്ങള്‍ക്കു ശേഷം 2005 ജനുവരിയില്‍ തുത്തൻഖാമന്റെ മരണകാരണം തേടിയിറങ്ങിയ ഒരുസംഘം അന്വേഷകര്‍ക്ക് തുത്തൻഖാമന്റെ ജീവിതത്തെകുറിച്ചും മരണത്തെകുറിച്ചും വിലപ്പെട്ട ഒട്ടേറ അറിവുകള്‍ ലഭിച്ചു . ആധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്തോടുകൂടി മമ്മി പരിശോധിച്ച വിദഗ്ദ്ധസംഘം തുത്തൻഖാമന്റെ മരണം ഒരു കൊലപാതകമായിരുന്നില്ല എന്ന് കണ്ടു പിടിച്ചു. മാത്രമല്ല ,മമ്മി സ്കാന്‍ ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി 3300 വർഷം മുൻപ് ജീവിച്ചിരുന്ന തുത്തൻഖാമന്റെ യഥാര്‍ത്ഥ രൂപം അവര്‍ പുന : സൃഷ്ടിക്കുകയും ചെയ്തു !

ഈജിപ്ത് ഭരിച്ചിരുന്ന 18 ആം രാജവംശത്തിലെ അവസാനത്തെ ഫറവോ ആയിരുന്നു തുത്തൻഖാമന്‍ . ഈജിപ്തിന്റെ ചരിത്രത്തിലെ ഒരു അന്തരാളഘട്ടം ആയിരുന്നു ഖാമന്റെ ജീവിതകാലം . ബി . സി 1332 മുതല്‍ ബി . സി 1322 വരെ ഈജിപ്ത് ഭരിച്ചിരുന്ന ഖാമന്‍ ഒൻപതാം വയസില്‍ ചക്രവര്‍ത്തിയാകുകയും 19 ആം വയസ്സില്‍ ദുരൂഹസാഹചര്യത്തില്‍ മരണമടയുകയും ചെയ്തു .ടുട് രാജാവ് എന്നാണ് നാട്ടുഭാഷയിൽ പറയുന്നത്. അമാർണ എഴുത്തുകളിൽ കാണുന്ന നിഭുരേരയയും തൂത്തൻഖാമൻ തന്നെയാണെന്നു കരുതിപ്പോരുന്നു.

മന്ത്രിയായിരുന്ന “ആയ് ” ആയിരുന്നു ഭരണകാര്യങ്ങളില്‍ മുഖ്യ സഹായി . ഹ്രസ്വമായ ഭരണകാലത്തിനിടയ്ക്ക് രാജ്യകാര്യങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ പ്രധാനമന്ത്രി ആയ് ഇദ്ദേഹത്തിനുശേഷം അടുത്ത ഫറോവയായി ഖാമന്റെ മൃതദേഹം മുറപ്രകാരം മമ്മിയാക്കി ഈജിപ്ത്യന്‍ രാജകീയ ശ്മശാനമായ രാജാക്കന്മാരുടെ താഴ് വരയില്‍(Valley of the Kings) കബറടക്കി .

തുത്തന്‍ഖാമന്റെ മമ്മി ഡി ന്‍ എ ടെസ്റ്റിന് വിധേയമാക്കുകയും അതില്‍ നിന്നും വളരെ സുപ്രധാനമായ അറിവുകള്‍ ലഭിക്കുകയും ചെയ്തിന്റെ അടിസ്ഥാനത്തില്‍ തുത്തന്‍ ഖാമന്‍ 18-ാം രാജവംശത്തിലെ അഖ്നാതെന്റെ മകന്‍ ആണെന്ന് അറിയാന്‍ കഴിഞ്ഞു .19 ആം രാജാവാഴ്ചക്കാലത്ത് രാജകീയ ലിസ്റ്റില്‍ നിന്നും തുടച്ചു മാറ്റപ്പെട്ടവരുടെ കൂട്ടത്തില്‍ ഖാമന്റെ പേരും ഉൾപ്പെട്ടിരുന്നതിനാല്‍ തുത്തൻഖാമന്റെ ഖബർസ്ഥാനം വിസ്മൃതിയില്‍ ആണ്ടു . 1922 ല്‍ ബ്രിട്ടിഷ് പുരാവസ്തുഗവേഷകന്‍ ഹാവാര്‍ഡ്‌ കാര്‍ട്ടര്‍ ആണ് രാജാക്കന്മാരുടെ താഴ്‌വരയിലെ അന്ത്യവിശ്രമസ്ഥാനത്തുനിന്ന് തുത്തൻഖാമന്റെ മമ്മി കണ്ടെടുത്തത് . ഈ കണ്ടെത്തല്‍ തുത്തൻഖാമനെ അനശ്വരന്‍ആക്കി മാറ്റി .

പിരമിഡുകളില്‍ സൂക്ഷിച്ചിരുന്ന ഫറവോകളുടെ മമ്മികളും അവയോടൊപ്പമുള്ള വിലപിടിച്ച വസ്തുക്കളും കള്ളന്മാര്‍ കൊള്ളയടിക്കാന്‍ തുടങ്ങിയോടെയാണ് മമ്മികള്‍ ഭുമിക്കടിയില്‍ പ്രത്യേകം പണിത കബറുകളില്‍ സൂക്ഷിക്കാന്‍ തുടങ്ങിയത് .സംരക്ഷിത ജഡം ആത്മാവ് നിലനിര്‍ത്തുമെന്നും മരണാന്തരം പരലോകത്ത് ജീവിതം തുടരുമെന്നും വിശ്വസിച്ചിരുന്ന ഈജിപ്ത്കാര്‍ മൃതദേഹം എബാം ചെയ്തു പ്രത്യേകം കബറുകള്‍ക്കുള്ളില്‍ സൂക്ഷിച്ചു . ഇതോടോപ്പം പരലോകജീവിതത്തിനാവശ്യമായ വസ്തുവകകളും ,സാധനസാമഗ്രികളും നിക്ഷേപിച്ചു . പില്‍ക്കാലത്ത്‌ കണ്ടെത്തിയ ഇത്തരം കബറുകള്‍ സമ്പത്തിന്റെയും , അറിവിന്റെയും ഗവേഷണപ്രക്രിയയുടെയും ഉറവകളായിമാറി .

1891. അന്ന് ഈജിപ്ത് ബ്രിട്ടന്റെ അധീനതയിലാണ്. ബ്രിട്ടിഷ് പര്യവേക്ഷകനായ ഹോവാഡ് കാർട്ടറും സംഘവും ഈജിപ്തിലെത്തിയതും ആ വർഷമാണ്. ഇനിയും കണ്ടെത്താനാകാത്ത ഈജിപ്ഷ്യൻ ശവക്കല്ലറകളെക്കുറിച്ചും പിരമിഡുകളെക്കുറിച്ചുമൊക്കെ പഠനം നടത്താനായാണ് അദ്ദേഹം ഈജിപ്തിലെത്തിയത്. ബ്രിട്ടനിൽ ദരിദ്രനായ ഒരു പെയിന്ററുടെ 11 മക്കളിൽ ഒരാളായ കാർട്ടർ പക്ഷേ നിധി മോഹിച്ചല്ല, മറിച്ച് പുരാതന ഈജിപ്ത് ചരിത്രകേന്ദ്രങ്ങളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന അറിവുകൾ തേടിയാണ് എത്തിയത്.

എന്നാൽ ആ കാലത്ത് അവിടത്തെ മിക്ക കല്ലറകളും കണ്ടെത്തുകയും നിധികൾ എടുത്തു മാറ്റപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു. കാർട്ടർ അൽപം നിരാശനായെങ്കിലും ഈജിപ്ത് ഒരു സ്വപ്‌നമായി അദ്ദേഹത്തിന്റെ ഉള്ളിൽ നിറഞ്ഞു നിന്നു.ആയിടെയാണ് കാർട്ടർ തന്റെ പഠനമെല്ലാം, ഈജിപ്ഷ്യൻ ചരിത്രത്തിൽ അധികം അറിയപ്പെടാതിരുന്ന കൗമാര പ്രായത്തിൽ മരിച്ച തൂത്തൻ ഖാമൻ എന്ന ചക്രവർത്തിയിലേക്കു കേന്ദ്രീകരിച്ചത്. ഈജിപ്തിൽ പല രാജാക്കന്മാരുടെയും കല്ലറകൾ കണ്ടെത്തിയിരുന്നെങ്കിലും തൂത്തൻഖാമന്റേത് അതുവരെ കണ്ടെത്തിയിരുന്നില്ല. എങ്ങനെയും ഇതു കണ്ടെത്തണമെന്നുള്ളത് കാർട്ടറുടെ ജീവിതലക്ഷ്യമായി മാറി. ഇതിനായി ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം അദ്ദേഹം ഈജിപ്തിൽ പര്യവേക്ഷണങ്ങളിൽ ഏർപെട്ടു.

ബ്രിട്ടനിലെ കാർണാർവോൻ പ്രഭു എന്ന ധനികൻ ഒരപകടത്തിനു ശേഷം ശാരീരികമായും മാനസികമായും ഒരുപാടു ക്ഷീണിച്ച നിലയിലായിരുന്നു അന്ന്. ഇടയ്ക്കിടെ ഉല്ലാസത്തിനായി ഈജിപ്തിൽ വന്നു താമസിച്ചിരുന്ന പ്രഭു അതിനിടെ ചരിത്ര വസ്തുക്കളുടെ പര്യവേക്ഷണത്തിൽ തന്റെ ഹോബി കണ്ടെത്തി. ആദ്യകാലങ്ങളിൽ ഏറെ പണം മുടക്കിയെങ്കിലും കാര്യമായ ചരിത്രവസ്തുക്കളൊന്നും പ്രഭുവിനു ലഭിച്ചിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് പ്രഭു കാർട്ടറുടെ ലക്ഷ്യത്തെക്കുറിച്ച് അറിയുന്നതും അതിൽ തൽപരനാകുന്നതും. തുടർന്നു തൂത്തൻഖാമന്റെ കല്ലറ കണ്ടെത്താനുള്ള കാർട്ടറുടെ ശ്രമങ്ങൾക്കു പണം മുടക്കാൻ തയാറായി പ്രഭു മുന്നോട്ടു വന്നു.

എന്നാൽ ആറു വർഷങ്ങളോളം കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തിയിട്ടും കാർട്ടറിനും സംഘത്തിനും തൂത്തൻ ഖാമനെ കണ്ടെത്താൻ സാധിച്ചില്ല. നിരാശനായ കാർണാർവോൻ പ്രഭു തിരച്ചിലൊക്കെ നിർത്തിക്കോളാൻ കാർട്ടർക്ക് ആയിടെ നിർദേശം നൽകി. എന്നാൽ പ്രഭുവിനോട് അപേക്ഷിച്ച് ഒരു തവണ കൂടി തിരച്ചിൽ നടത്താനുള്ള അനുവാദം കാർട്ടർ നേടിയെടുത്തു. 1922 നവംബർ ഒന്നിന് കാർട്ടർ ഈ അവസാന ശ്രമത്തിനു തുടക്കമിട്ടു. ഈജിപ്തിലെ പ്രശസ്തമായ മൃതനഗരിയായ രാജാക്കൻമാരുടെ താഴ്‌വരയിലായിരുന്നു അദ്ദേഹത്തിന്റെ തിരച്ചിൽ. ഇവിടെയും കൃത്യമായ മുന്നേറ്റങ്ങളൊന്നും കിട്ടാതിരുന്നതിൽ അദ്ദേഹം നിരാശനായിരുന്നു.

എന്നാൽ തൂത്തൻ ഖാമന്റെ മുദ്രകൾ ആലേഖനം ചെയ്ത ചില ചരിത്ര വസ്തുക്കൾ കിട്ടിയത് കാർട്ടർക്കു വീണ്ടും പ്രതീക്ഷ നൽകി. അദ്ദേഹം തിരച്ചിൽ തുടർന്നു. നവംബർ അഞ്ചിനു ശ്രദ്ധേയമായ ഒരു കാര്യം സംഭവിച്ചു. ഒരു കല്ലറയിലേക്കുള്ള പടിക്കെട്ടുകൾ കാർട്ടറും സംഘവും കണ്ടെത്തി. അടച്ചിട്ട ഒരു പ്രവേശന കവാടത്തിലേക്കാണ് അവ നയിച്ചത്. ആവേശ ഭരിതനായ കാർട്ടർ കാർണാർവോൻ പ്രഭുവിന് ഉടനടി ടെലിഗ്രാമയച്ചു. വിവരമറിഞ്ഞ് അതിനേക്കാൾ ആവേശത്തിലായ പ്രഭു, സമയം കളയാതെ പെട്ടെന്നു തന്നെ ഈജിപ്തിലെത്തി.

ആരുടെ കല്ലറയാണിതെന്നോ, അതിനുള്ളിൽ എന്തായിരുന്നെന്നോ കാർട്ടർക്ക് അറിയില്ലായിരുന്നു. ഏതായാലും അതിനുള്ളിൽ കടന്ന് തിരച്ചിൽ നടത്താൻ പ്രഭു കാർട്ടർക്കു നിർദേശം നൽകി. നവംബർ അവസാനത്തോടെ കല്ലറയുടെ വാതിൽ പര്യവേഷകർ പൊളിച്ചുമാറ്റി. അതിലൂടെ പ്രവേശിച്ച കാർട്ടർ 26 അടി ദൂരം നടന്നപ്പോൾ അടഞ്ഞു കിടന്ന മറ്റൊരു വാതിലിനു സമീപമെത്തി. രണ്ടാമത്തെ വാതിലിൽ ഒരു ദ്വാരമുണ്ടായിരുന്നു. അതിനുള്ളിലേക്ക് ഒരു മെഴുകുതിരി നീട്ടിക്കൊണ്ട് കാർട്ടർ പരിശോധിച്ചു. ദ്വാരത്തിലൂടെ കണ്ട കാഴ്ചയിൽ കാർട്ടർ ഞെട്ടിത്തരിച്ചു പോയി. അവിടെയെല്ലാം സ്വർണത്തിൽ നിർമിച്ച വിവിധ വസ്തുക്കൾ..

ഒരായുഷ്‌കാലത്തിന്റെ നിധി. കുറേയേറെ നിമിഷങ്ങൾ അദ്ദേഹം വാപൊളിച്ചു നിന്നു പോയി.പിന്നിൽ അക്ഷമനായി നിന്ന കാർണാർവോൻ പ്രഭു അക്ഷമയോടെ വിളിച്ചു ചോദിച്ചു. കാർട്ടർ നിങ്ങൾ എന്തെങ്കിലും കാണുന്നുണ്ടോ? കാർട്ടർ ഉത്തരം നൽകി…‘ഉണ്ട്, നിറയെ നിറയെ ആശ്ചര്യകരമായ വസ്തുക്കൾ…’ആന്റ് ചേംബർ എന്നറിയപ്പെട്ട ആ മുറിയിൽ സ്വർണം കൂടാതെ മറ്റനേകം ചരിത്രപ്രാധാന്യമുള്ള വസ്തുക്കളുണ്ടായിരുന്നു.

പ്രതിമകൾ, പണ്ട് കാലത്ത് ഉപയോഗത്തിലിരുന്ന ചെരിപ്പുകൾ പോലുളളവ, ചില തകർന്ന രഥങ്ങളുടെ അവശേഷിപ്പുകൾ, കരകൗശല വസ്തുക്കൾ തുടങ്ങി ഒട്ടേറെ. ഇവയെല്ലാം കൃത്യമായി ക്രോഡീകരിച്ച ശേഷം കാർട്ടറുടെ സംഘം പരിശോധനാ ലബോറട്ടറിയിലേക്കു മാറ്റി. ആഴ്ചകൾ നീണ്ടു നിന്നു ഈ പ്രക്രിയ. അപ്പോഴേക്കും പുതുതായി കണ്ടെത്തിയ കല്ലറയുടെ വിവരമറിഞ്ഞ് വിനോദ സഞ്ചാരികളും , പത്രലേഖകരുമൊക്കെ കൂട്ടമായി രാജാക്കൻമാരുടെ താഴ്‌വരയിലേക്ക് ഒഴുകിയെത്തി. ആന്റ് ചേംബറിലെ വസ്തുക്കൾ മാറ്റിയ ശേഷം കാർട്ടർ നിരീക്ഷണം തുടർന്നു.

1923 ഫെബ്രുവരി 16… ആ വാതിൽ തുറന്നു കാർട്ടർ കയറിയത്, ഒരു വലിയ അറയിലേക്കായിരുന്നു. ഇവിടെ പരിശോധനകൾ നടത്തിയ കാർട്ടറും സംഘവും കുറേ തിരച്ചിലുകൾക്കും പൊളിക്കലുകൾക്കും ശേഷം ഒരു ശവപേടകം കണ്ടെടുത്തു. ആ പേടകത്തിന്റെ മൂടി തുറന്നപ്പോൾ മനുഷ്യ രൂപത്തിൽ നിർമിച്ച മറ്റൊരു പേടകം.. പൂർണമായും സ്വർണം കൊണ്ടുള്ളത്. താൻ ഏറെ നാളായി തേടി നടന്ന തൂത്തൻ ഖാമന്റെ പേടകമാണിതെന്നു വൈകാതെ കാർട്ടറിനു മനസ്സിലായി. ഏറെ ശ്രദ്ധയോടെ ആ പേടകം പരീക്ഷണശാലയിലേക്കു മാറ്റി. പിന്നീട് ഒന്നര വർഷത്തെ തയാറെടുപ്പുകൾക്കു ശേഷമാണ് വീണ്ടും പേടകം തുറന്നത്. വിവിധ പാളികളായുള്ള മൂടികൾ തുറന്നു നീക്കിയതോടെ തൂത്തൻ ഖാമന്റെ മമ്മി ലോകത്തിനു മുന്നിൽ അനാവരണപ്പെട്ടു.

അതുവരെ ഈജിപ്തിൽ നിന്നു കിട്ടിയിട്ടുള്ള മമ്മികളേക്കാളെല്ലാം പ്രശസ്തി തൂത്തൻ ഖാമനു കൈവന്നു. ആദ്യമായാണ് ഒട്ടും നശിക്കാത്ത രീതിയിൽ ഒരു ഈജിപ്ഷ്യൻ ചക്രവർത്തിയുടെ മമ്മി ലോകത്തിനു കിട്ടുന്നത്. മൃതശരീരം അടക്കി 3300 വർഷങ്ങൾക്കു ശേഷം ആദ്യമായായിരുന്നു അതു കണ്ടെത്തുന്നതും. തൂത്തൻഖാമന്റെ ശരീരത്തോളം വിവിധ സ്വർണാഭരണങ്ങൾ, ലോക്കറ്റുകൾ, മുദ്രകൾ തുടങ്ങിയവയുണ്ടായിരുന്നു. തൊട്ടടുത്തുള്ള അറയിൽ അദ്ദേഹത്തിന്റെ ശരീരഭാഗങ്ങളും സംരക്ഷിച്ചു വച്ചിരുന്നു.

മൂവായിരം വര്‍ഷങ്ങള്‍ക്കു ശേഷം തുത്തൻ ഖാമന്റെ ഖബര്‍ ആദ്യമായി തുറന്ന പര്യവേഷണ സംഘം അതിനുള്ളിലെ അമുല്യമായ നിക്ഷേപം കണ്ടു അമ്പരന്നുപോയി . മറ്റൊരു ഫറവോയുടെയും ഖബറില്‍ അന്നുവരെ കണ്ടിട്ടില്ലാത്ത നിധികളും മറ്റുവസ്തുകളും കുത്തി നിറച്ചിരുന്നത്രെ ! . ഭൂമിക്കടിയില്‍ പണിതീര്‍ത്ത നാല് വലിയ നിലവറകളിലായി കണ്ടെത്തിയ അയ്യായിരത്തിലധികം വരുന്ന സാധനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ തന്നെ മാസങ്ങള്‍ എടുത്തു .

പുരാതന ഈജിപ്ടന്‍ കൊത്തുപണികളാല്‍ സമൃദ്ധമായ തുത്തൻഖാമന്റെ ശവപ്പെട്ടി തനി തങ്കത്താൽ നിര്‍മ്മിച്ചതായിരുന്നു .മമ്മിയെ മറ്റൊരു സ്വര്‍ണ മുഖംമൂടി പൊതിഞ്ഞിരുന്നു . സ്വർണ്ണകിരീടങ്ങള്‍ ,വിവിധതരം ആഭരണങ്ങള്‍ , രഥങ്ങള്‍ ,ആയുധങ്ങള്‍, മൃഗരൂപങ്ങള്‍,ഫർണീച്ചറുകള്‍ ,വീഞ്ഞ് ,ധാന്യങ്ങള്‍ ഇവയടങ്ങിയ സംഭരണികള്‍ എന്നുവേണ്ട അടിവസ്ത്രങ്ങള്‍ പോലും അക്കുട്ടത്തില്‍ പെടും ! 1922 ഇല്‍ ഹാവാര്‍ഡ്‌ കാര്‍ട്ടര്‍ മമ്മി പുറത്തെടുക്കുമ്പോള്‍ വയറിനുള്ളിലും , നാസദ്വാരത്തിലും , ചെവിക്കുളിലും നാരുകൊണ്ടുള്ള തുണി തിരുകിയിരുന്നു .

മമ്മിയെ പൊതിഞ്ഞിരുന്ന തുണിയില്‍ അന്ത്യകര്‍മ വേളയില്‍ ചെയ്ത ലേപനം ഒട്ടിപിടിച്ച നിലയിലും .കുഞ്ഞു ഫറവോയുടെ കൈകാലുകള്‍ മരച്ചില്ലകള്‍ പോലെ ശോഷിച്ചവയായിരുന്നു . മുഖംച്ചുക്കിച്ചുള്ളിഞ്ഞിരുന്നു .കാര്‍ട്ടര്‍ മമ്മി കണ്ടത്തി ആദ്യ നാളുകളില്‍ തന്നെ തുടങ്ങി ഖാമാന്റെ മരണത്തെകുറിച്ചുള്ള അടക്കം പറച്ചിലുകള്‍ . ഇത്ര ചെറുപ്പത്തിലെ എന്തുകൊണ്ട് മരണം സംഭവിച്ചു എന്നത് പലവിധ സംശയത്തിനും വിവാദങ്ങൾക്കും ഇടയാക്കി . 1968 ല്‍ മമ്മി ഒരു എക്സ്‌റേ പരിശോധനക്ക് വിധേയമാക്കി .

അപ്പോള്‍ തലയ്ക്കു പുറകില്‍ അടിയേറ്റാണ് തുത്തൻഖാമന്‍ കൊല്ലപ്പെട്ടതെന്ന വാദത്തിനു ശക്തികൂടി .എങ്കിലും എല്ലാ സംശയങ്ങൾക്കും അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടനിലെയും ,ഈജിപ്തിലെയും ഒരു സംഘം ഡോക്റ്റര്‍മാര്‍ തുത്തൻഖാമനെ വീണ്ടും വിശദമായ മറ്റൊരു പരിശോധനക്ക് വിധേയനാക്കി. സി .ടി സ്കാന്‍ ഉള്‍പ്പെടെ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനകള്‍ ചക്രവര്‍ത്തി കുമാരന്റെ ജീവിത്തിലേക്കും , മരണത്തിലേക്കും വെളിച്ചം വീശുന്നതായി .

അഞ്ചടി ആറിഞ്ചു ഉയരം ഉള്ള ദൃഢഗാത്രനായ ഒരു യുവാവ് ആയിരുന്നു തുത്തൻഖാമന്‍ .
തലയുടെ അണുവിട കീറിയുള്ള സ്കാനിങ്ങില്‍ തലയ്ക്കു അടി ഏറ്റതിന്റെ യാതൊരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ല .തലയ്ക്കു പുറകില്‍ കണ്ട ദ്വാരം തലച്ചോര്‍ പുറത്തെടുക്കാനായി മൃതദേഹം എബാം ചെയ്തവര്‍ ഉണ്ടാക്കിയതാവാം .തലച്ചോര്‍ പുറത്തെടുക്കുന്നത് നാസരന്ദ്രത്തിലുടെ ആണെങ്കിലും കഴുത്തിന്‌ പിന്നിലുടെ കൊളുത്തുപയോഗിച്ച് വലിച്ചതാവാനാണ് സാധ്യത .ഒരു പക്ഷെ കാർട്ടരുടെ ആളുകള്‍ മമ്മി അലക്ഷ്യമായി കൈകാര്യം ചെയ്തപ്പോള്‍ സംഭവിച്ചതാകാനും മതി .അതേ സമയം മമ്മിയുടെ ഇടതു കാല്‍മുട്ടിനു മുകളിലായി കണ്ടെത്തിയ മാരകമായ മുറിവുണങ്ങിയ അടയാളം വിരല്‍ ചൂണ്ടുന്നത് ഒരു യുദ്ധത്തിലോ , വേട്ടയാടലിനിടയിലോ കാലില്‍ മുറിവെറ്റെന്നും ആ മുറിവില്‍ ഉണ്ടായ അണുബാധ തുത്തൻഖാമനെ മരണത്തിലേക്കും നയിച്ച്‌ എന്നുമാണ് ഡോക്ട്ർമാരുടെ അഭിപ്രായം .

ഖബറിനുള്ളില്‍ കണ്ടെത്തിയ അനേകം രഥവും ആയുധവും അദ്ധേഹം ഒരു യുദ്ധവീരന്‍ ആയിരുന്നു എന്നുവേണം അനുമാനിക്കാന്‍ . മമ്മിയോടൊപ്പം കണ്ടെത്തിയ ഒട്ടകപക്ഷിയുടെ തുവല്കൊണ്ട് നിര്‍മ്മിച്ച വിശറിയുടെ കൈപ്പിടിയില്‍ ഒരു വേട്ടയാടലിന്റെ സചിത്ര വിവരണം കാണാം . അതിവേഗത്തില്‍ ഓടിച്ച ഒരു രഥം ഏതോ ഒരു വസ്തുവില്‍ തട്ടി മറിഞ്ഞു അപകടം സംഭവിച്ചിരിക്കാന്‍ ആണ്കൂടുതല്‍ സാധ്യത .ഫറവോയുടെ നെഞ്ചിനുമുകളില്‍ ഏതാനും എല്ലുകള്‍ ഒടിയുകയോ കാണാതാവുകയോ ചെയ്തതു ഇതിനു തെളിവായി കണക്കാക്കുന്നു .ആഴ്ചകളോളം എടുത്തു പൂര്‍ത്തിയാക്കിയ പരിശോധനയില്‍ പക്ഷെ ഒരു കൊലപാതകത്തിന്റെ യാതൊരു സൂചനയും കിട്ടിയില്ല .

സി .ടി സ്കാനിങ്ങില്‍ നിന്ന് ലഭിച്ച ചക്രവര്‍ത്തിയുടെ തലയുടെ പ്രത്യേകത അടിസ്ഥാനമാക്കി തുത്തൻഖാമന്‍ ജീവിച്ചിരുന്ന നാളികളില്‍ എങ്ങനെയിരിന്നുവോ അതേരൂപം അവര്‍ പുന സൃഷ്ട്ടിക്കുകയും ചെയ്തു .
ഫറവോയുടെ ഖബറിന് ഭംഗം വരുത്തുന്നവര്‍ക്കും നാശം സംഭവിക്കും എന്നൊരു ചൊല്ല് പണ്ടുകാലം മുതല്‍ക്കു നിലനിന്നിരുന്നു .ഒരുപക്ഷേ ഖബരിനുള്ളിലെ അമുല്യ നിധികള്‍ കള്ളന്മാര്‍ കൊള്ളയടിക്കതിരിക്കാനുള്ള ഒരു ഉപായം ആയിരിക്കാം ഇതിനു പിന്നില്‍ .അതെന്തു തന്നെയായാലും കാർട്ടരുടെ നേതൃത്വത്തില്‍ ഉള്ള പര്യവേഷക സംഘം ഖബര്‍ തുറന്ന ആദ്യദിനം നിഗുഡ സംഭവങ്ങളുടെ ഒരു കൂട്ടം തന്നെ ഉണ്ടായി .ഫറവോയുടെ ശാപം അന്വർത്ഥമാക്കും വിധം തുത്തൻഖമാന്റെ പര്യവേക്ഷണ ശ്രമങ്ങളുമായി സഹകരിച്ച പലരും പിന്നീട് അസാധാരണമായ രീതിയിൽ മരണങ്ങള്‍ക്ക് ഇരയായി . തുത്തന്‍ഖാമന്റെ പര്യവേക്ഷണങ്ങള്‍ക്ക് സാമ്പത്തികസഹായം ചെയ്തിരുന്ന കാർനവന്‍ പ്രഭു മമ്മി കണ്ടത്തി ഏതാനും ദിവസങ്ങള്‍ക്കുളില്‍ മരിച്ചു .

തന്റെ ഇടതുകവിളിൽ ഒരു കൊതുകു കടിച്ചതിനെത്തുടർന്ന് ഒരു വലിയ തടിപ്പ് രൂപപ്പെട്ടതായിരുന്നു ആദ്യലക്ഷണം.ഷേവ് ചെയ്യുമ്പോള്‍ റേസറില്‍ നിന്ന് ഏറ്റ അണുബാധ ആയിരുന്നു മരണ കാരണം .ഖാമാന്റെ ഖബറില്‍ നിന്ന് കണ്ടെടുത്ത വസ്തുവകകള്‍ ലിസ്റ്റ് ചെയ്യാന്‍ സഹായിച്ച റിച്ചാര്‍ഡ്‌ ബെഥേല്‍ 47 ആം വയസില്‍ ആത്മഹത്യ ചെയ്തു .

പര്യവേക്ഷണ സംഘത്തില്‍ ഉണ്ടായിരുന്ന അമേരിക്കന്‍ കോടീശ്വരൻ ജോര്‍ജ് ഗുഡ് ന്യൂമോണിയ വന്നു മരിച്ചു .അദ്ദേഹം മരിക്കുമ്പോള്‍ മമ്മി കണ്ടെത്തി ഒരു വർഷം തികഞ്ഞിരുന്നു .പര്യവേക്ഷക സംഘത്തിനു പ്രോത്സാഹനം കൊടുത്ത സർ ലീ സ്റ്റാക് കെയ്റോയിൽ വച്ചു കൊല്ലപ്പെട്ടു .പര്യവേഷക സംഘത്തിലുണ്ടായിരുന്ന ആർതർ മേസ്, ആർസനിക് വിഷാംശം ഉള്ളിൽ ചെന്നതു മൂലം മരണപ്പെട്ടു. കാർട്ടറിന്റെ സെക്രട്ടറിയായ റിച്ചഡ് ബെഥെലിനെ ശ്വാസം മുട്ടി മരിച്ച നിലയിൽ പിന്നീട് കിടക്കയിൽ നിന്നു കണ്ടെടുത്തു.

ഇങ്ങനെ സംഘത്തില്‍ ഉണ്ടായിരുന്ന ഒരു ഡസന്‍ ആള്‍ക്കാരും അസാധാരണ മരണത്തിനു ഇരയായി . എന്നാല്‍ ഒരാള്‍ മാത്രം മമ്മി കണ്ടത്തി 17 വര്‍ഷങ്ങള്‍ക്കു ശേഷം 64 വയസില്‍ സാധാരണ മരണം വരിച്ചു .അത് മറ്റാരുമായിരുന്നില്ല . തുത്തന്‍ഖമാന്റെ പര്യവേക്ഷ ണങ്ങള്‍ക്ക് നേതൃത്വം വരിച്ച സാക്ഷാല്‍ ഹാവാര്‍ഡ്‌ കാര്‍ട്ടര്‍ .

കാർണാർവോൺ പ്രഭുവിന്റെ മരണം

തൂത്തൻ ഖാമന്റെ ശാപം നിമിത്തമാണ് സംഭവിച്ചതെന്ന് വലിയ വാർത്ത പരന്നു. യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഭൂരിഭാഗം പേരും ഇതു വിശ്വസിക്കുകയും ചെയ്തു. ആരെയും പേടിയില്ലാത്ത ഇറ്റാലിയൻ ഏകാധിപതി മുസ്സോളിനി വരെ ഇതു കേട്ടു ഭയന്നു. ഈജിപ്തിൽ നിന്നു തനിക്കു സമ്മാനമായി കിട്ടിയ, റോമിലെ മ്യൂസിയത്തിൽ സ്ഥാപിച്ച ഒരു ഈജിപ്ഷ്യൻ മമ്മിയെ ഉടനടി തിരിച്ചുകൊടുക്കാൻ അദ്ദേഹം നിർദേശം നൽകിയത് ഈ പേടിയുടെ നേർസാക്ഷ്യം.

ഇപ്പോൾ ഈജിപ്‌ഷ്യൻ മ്യൂസിയത്തിലുള്ള തൂത്തൻഖാമന്റെ മുഖംമൂടി ലോക പ്രസിദ്ധമാണ്. ഭൂഗർഭ അറയിലെ കാലാവസ്ഥ നിയന്ത്രിത ചില്ലുകൂട്ടിലാണ് നിലവിൽ അദ്ദേഹത്തിന്റെ മമ്മി സൂക്ഷിച്ചിരിക്കുന്നത്. ഫറവോമാരെ ശല്യപ്പെടുത്തുന്നവർക്ക് ഉണ്ടാകുന്ന, കള്ളന്മാരായാലും പര്യവേഷകരായാലും, ദുർമ്മരണങ്ങൾ ഫറാവോമാരുടെ ശാപം എന്ന് അറിയപ്പെടുന്നു.

മരണാനന്തജീവിതത്തിൽ വിശ്വസിച്ചിരുന്ന ഈജിപ്റ്റുകാർ മൃതശരീരങ്ങൾ സൂക്ഷിക്കുന്നത് പതിവായിരുന്നു. മൃഗങ്ങളുടെ ശരീരങ്ങളും ചിലയവസരങ്ങളിൽ സംരക്ഷിച്ച് സൂക്ഷിച്ചിരുന്നു. ആയിരക്കണക്കിന് വർഷങ്ങൾ ശവശരീരങ്ങൾ കേടു കൂടാതെ ഇവർ സൂക്ഷിച്ചിരുന്ന വിദ്യ ആധുനിക വൈദ്യശാസ്ത്രത്തിന് ഇന്നും അന്യമാണ്.നെഫേര്‍തിതി രാഞ്ജിയാണ് തൂത്തന്‍ഖാമന്റെ അമ്മ. സൗന്ദര്യത്തിന് പേരുകേട്ട നെഫേര്‍തിതി റാണി അറിയപ്പെടുന്നത് ലേഡി ഓഫ് ടു ലാന്‍ഡ് എന്നാണ്. 1340 ബിസിയില്‍ ജീവിച്ചിരുന്ന ഇവരുടെ മരണം ആകസ്മികമായിരുന്നുവെന്നാണ് വിശ്വസിക്കുന്നത്.തൂത്തന്‍ഖാമന്റെ ശവകുടീരത്തില്‍ രഹസ്യമായിട്ടുള്ള അറ അമ്മ നെഫേര്‍തിതി രാഞ്ജിയുടേതാണെന്ന് ഗവേഷകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പുരാവസ്തു ഗവേഷകനായ നിക്കോളാസ് റീവ്‌സാണ് ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിയത്. നെഫേര്‍തിതി രാഞ്ജിയുടെ ശവകുടീരം കണ്ടെത്തിയിട്ടില്ല.

You May Also Like

ഇംഗ്ളണ്ടിൽ നിലനിന്നിരുന്ന ഹർഡിൽ ശിക്ഷാ രീതി എന്താണ് ?

ഇംഗ്ളണ്ടിലെ ഹർഡിൽ ശിക്ഷാ രീതി Shanavas S Oskar ചരിത്രം പരിശോധിച്ചാൽ മനുഷ്യ വർഗം കാണിച്ചു…

സാഡ് ഹിൽ സെമിത്തേരിയിൽ ഒരൊറ്റ ശവം പോലുമില്ല മണ്ണിനടിയിൽ, പിന്നെന്തിനു ഇങ്ങനെയൊരു സെമിത്തേരി നിർമ്മിച്ച് ? എന്താണാ കഥ ?

സാഡ് ഹിൽ സെമിത്തേരി Sreekala Prasad വടക്കൻ സ്പെയിനിലെ കാസ്റ്റില്ല വൈ ലിയോൺ മേഖലയിലെ സുന്ദര…

നൂറ്റാണ്ടുകൾക്ക് മുൻപ് ചന്ദനെ കീഴടക്കാൻ പോയ വാൻ ഹൂവിനെ നമുക്ക് എത്ര പേർക്ക് അറിയാം

വിദ്യ വിശ്വംഭരൻ നമ്മുടെ പ്രപഞ്ചം നൂറ്റാണ്ടുകൾക്ക് മുൻപ് ചന്ദനെ കീഴടക്കാൻ പോയ വാൻ ഹൂവിനെ നമുക്ക്…

1,500 പേർ മരിച്ച ടൈറ്റാനിക് ദുരന്തം നമുക്കറിയാം എന്നാൽ 9,400 ആളുകൾ മരിച്ച വിൽഹെം ഗസ്റ്റ്‌ലോഫ് ദുരന്തം എത്രപേർക്കറിയാം ?

Sreekala Prasad വിൽഹെം ഗസ്റ്റ്ലോഫ്: ഏറ്റവും വലിയ കപ്പൽ ദുരന്തം ഏറ്റവും പ്രശസ്തമായ കപ്പൽ തകർച്ചയായി…