ആരാണ് നിങ്ങളുടെ ശിവജി

178

മനു. എസ്. പിള്ള –
(ചരിത്ര വ്യക്തികൾ വിചിത്രസംഭവങ്ങൾ)

ആരാണ് നിങ്ങളുടെ ശിവജി

മുൻഗാമികളെ കൊന്ന് അധികാരത്തിലേറിയ, അന്യരുടെ ഭാര്യമാരെ അപഹരിക്കുന്ന, ഷണ്ഡനായ പടനായകൻ മാലിക്ക് കഫൂറിന്റെ ‘ പ്രേമഭാജനമായ ‘ ഭീകരനായ അലാവുദീൻ ഖിൽജി 1296- ൽ ഡക്കാൻ ആദ്യമായി ആക്രമിച്ചപ്പോൾ ആദ്യ ഇര ദേവഗിരിയായിരുന്നു. പൊന്ന് കൊതിച്ചാണ് സുൽത്താൻ വന്നത്.സ്വർണ്ണശേഖരം ഏറെയുണ്ടായിരുന്നു ദേവഗിരിയിൽ. യുദ്ധം ജയിച്ചു. വിജയിക്കു മുന്നിൽ പൊന്ന് കുന്നുകൂടി. എന്നാൽ ദേവഗിരിയിലേക്ക് വരുംവഴിയാണ് സുൽത്താൻ യഥാർത്ഥ എതിർപ്പ് നേരിട്ടത്. ലസൂർ (Lasur) എന്ന ദേശത്തെ പ്രാദേശിക പാടാനായകന്റെ രണ്ടു പടയാളികളിൽനിന്ന്. ‘സിംഹികൾ’ എന്ന് ചരിത്രകാരൻ വിശേഷിപ്പിക്കുന്ന രണ്ട് മാറാത്ത പെൺകൊടിമാരിൽനിന്ന്. അവരുടെ പേര് ചരിത്രത്തിൽ മറഞ്ഞു. എന്നാൽ സുൽത്താനിൽപോലും മതിപ്പുളവാക്കിയ അവരുടെ ധീരത തലമുറകളെ പ്രചോദിപ്പിച്ചു.

നൂറ്റാണ്ടുകൾക്കുശേഷം ദേവഗിരി രാജകുടുംബത്തിലെ പിന്മുറക്കാരി എന്ന് പറയപ്പെടുന്ന ഒരു മാറാത്ത സ്ത്രീ തന്റെ ജനതയുടെ ചരിത്രം തിരുത്തിക്കുറിച്ച ഒരു മകന് ജന്മം നൽകി. മുംബൈയിലെ ഛത്രപതി ശിവജി ടെർമിനലിനാലും കടൽക്കരയിലെ പ്രതിമയാലും സ്മരിക്കപ്പെടുന്ന, ഉജ്ജ്വലമായ പോരാട്ടജീവിതത്താൽ ഇന്ത്യാരാജ്യത്തെ സമ്പന്നമാക്കിയ ശിവജിയും സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ തെറ്റായി ചിത്രീകരിക്കപ്പെടുന്നു. ജീവിതകാലത്ത് പല പേരുകളാലും പലപ്പോഴും നിന്ദാസൂചകമായി അദ്ദേഹം അറിയപ്പെട്ടു. ഇംഗ്‌ളീഷുകാർക്ക് അദ്ദേഹം സൂററ്റിനെ കൊള്ളയടിച്ച പ്രാകൃതനായ (Savage) കൊള്ളക്കാരനാണ്. ഔരംഗസീബിനെ ഇകഴ്ത്താൻ ശിവജിയെ ആയുധമാക്കിയ ഇറാനിലെ ഷായ്ക്ക് അദ്ദേഹം വെറുമൊരു ‘ ജമീന്ദാരാണ് ‘ ( ഔരംഗസീബ് ശിവയെപ്പോലൊരു ജമീന്ദാരെന്ന് ഷാ). കാട്ടുമൃഗമെന്നും മല എലി എന്നും മുഗളർ ശിവജിയെ പരിഹസിച്ചു. ഒടുവിൽ അദ്ദേഹം മരണമടഞ്ഞപ്പോൾ ( ശിവാജിയുടേത് സ്വാഭാവിക മരണമായിരുന്നു. മുഗൾ സൈന്യത്തിന്റെ വാളാലല്ല) ‘അവിശ്വാസി നരകത്തിൽ പോയി’ എന്ന് ബ്രിട്ടീഷ് സാമ്ര്യാജ്യം കയ്പ്പ് നിറഞ്ഞ വാക്കുകളിൽ രേഖപെടുത്തി.

പതിനേഴാം നൂറ്റാണ്ടിൽ ശിവജിക്കും മുഗളർക്കും ഇടയിലെ സംഘർഷത്തിന്റെ ഉള്ളുകള്ളികൾ സങ്കീർണ്ണമാണ്. 1840- ൽ ബ്രിട്ടീഷ്‌ ചരിത്രകാരൻ ജെ. ഡബ്ലിയു. മാസി ( J. W. Massie) ഈ ഏറ്റുമുട്ടൽ ‘ഒരുതരം വിശുദ്ധയുദ്ധ’മായിരുന്നു എന്ന് ‘ഉത്തമബോധ്യത്തോടെ’ പ്രസ്ഥാവിക്കുന്നു. ഇത് ‘ഹിന്ദു ഇന്ത്യ’, ‘മുസ്ലിം ഇന്ത്യ’ എന്ന കൊളോണിയൽ വ്യാഖ്യാനത്തെ സമർഥമായിസാധൂകരിക്കുന്നു. പാശ്ചാത്യർ തോക്കുകൊണ്ടു കീഴ്പ്പെടുത്തുകയും യഥാർത്ഥ വെളിച്ചം കാണിച്ചുകൊടുക്കുകയും ചെയ്യുന്നത് വരെ ഹിന്ദുക്കളും മുസ്ലിങ്ങളും കലഹിച്ചു. ഇന്നാവട്ടെ, സ്വന്തം രാജ്യത്തെ ഒരു വിഭാഗത്തോടുള്ള വിദ്വെഷത്തിന് ചരിത്രപരമായ സാധൂകരണം കണ്ടെത്താൻ ഒരുകൂട്ടം ഇന്ത്യക്കാർ തന്നെ ശിവജിയെ കരുവാക്കുന്നു. ഏതു വഴിക്കായാലും ചെമ്പിലും ഇരുമ്പിലും പണിത പ്രതിമകൾ ഒഴിച്ചാൽ നിഷിപ്ത താല്പര്യങ്ങളുടെ മൂശയിൽ വഴങ്ങുന്ന പ്ലാസ്റ്റിക്കായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും വ്യക്ത്തിത്തവും എടുത്തുപറയേണ്ട സവിശേഷതകൾ നിറഞ്ഞതായിരുന്നു. വിവിധ സന്ദർഭങ്ങളിൽ അദ്ദേഹം എടുത്ത നിലപാടുകൾ സാഹചര്യങ്ങളിൽനിന്ന് അടർത്തിമാറ്റി ഇന്നത്തെ ആവശ്യങ്ങൾക്ക് ഉപകരിക്കും വിധം ഉപയോഗിക്കുന്നു എന്നതാണ് ദൗർഭാഗ്യം. കുറച്ചുകാലമായി ആചാരത്തിലിരിക്കുന്ന ഒരു തെറ്റായ സമവാക്യം.

അകലെയുള്ള ഏകാധിപതിക്കെതിരെ മാത്രമല്ല ജാതിവ്യവസ്ഥയുടെ പിൻബലത്തിൽ ഹിന്ദുക്കൾക്കിടയിൽ നിലനിൽക്കുന്ന സവർണ്ണമേധാവിത്തത്തിനെതിരെയും പോരാടിയ ധീരനായി സാമൂഹികവിപ്ലവത്തിനായി പ്രയത്നിച്ച ജ്യോതി റാവൂ ഫൂലെ ( Jyodhi Rao Phule) ശിവജിയെ വിലയിരുത്തി. ശിവാജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌, വെള്ളക്കാരുടെയും ജാതിഹിന്ദുക്കളുടെയും അടിച്ചമർത്തലിനെതിരെ പോരാടാൻ പത്തൊന്പതാം നൂറ്റാണ്ടിലെ അനുയായികളെ അദ്ദേഹം ആഹ്വാനംചെയ്തു. ശിവജിയെ നായകനാക്കി 1869- ൽ ഫൂലെ ഒരു നാടകം രചിച്ചപ്പോൾ സവർണ്ണർ പരിഹാസത്തോടെ തള്ളിക്കളഞ്ഞു.സാഹിത്യപ്രസിദ്ധീകരണം ‘വിവിഡ്വാൻ വിസ്താർ’ ക്രൂരമായ വിമർശനത്തോടെ ‘ രാജാ ഛത്രപതി ശിവജി ‘ നിരസിച്ചു. ” ഇതിന്റെയൊരു പ്രതി ഞങ്ങളുടെ പക്കൽ കിട്ടിയിട്ടുണ്ട്. ഏതോ ഒരു ജ്യോതിറാവു ഗോവിന്ദറാവു ഫൂലേയോ മറ്റോ ആണ് എഴുതിയത്. ഇത് പ്രസിദ്ധീകരിച്ചാൽ അത് ധീരനും മഹാനുമായ ശിവജിക്കും ഹിന്ദു സമൂഹത്തിനാകെയും അവമതിപ്പിനും ഇടയാക്കും. എഴുതിയയാളുടെ വിലാസം ഞങ്ങളുടെ പക്കലില്ല. അതിനാൽ അത് തിരിച്ചയക്കാനും നിർവാഹമില്ലാതായിരിക്കുന്നു”. പ്രസിദ്ധീകരണത്തിന്റെ പുച്ഛം ഇങ്ങനെയായിരുന്നു.

ഫൂലേയുടെ വിപ്ലവകാരിയായ ശിവജി അങ്ങനെ പൊതുസമൂഹത്തിന് നിഷേധിക്കപെട്ടു. എന്നാൽ ബാലഗംഗാധരതിലകന്റെ ശിവജി ആക്യാനം അതിഹാർദ്ദവമായി സ്വാഗതം ചെയ്യപ്പെട്ടു. അകലെയുള്ള ഏകാധിപതിയെ വെറുക്കുന്ന ധീരനായിരുന്നു തിലകന്റെ ശിവജി. ഹിന്ദുമതത്തിലെ അധികാരവ്യവസ്ഥയെകുറിച്ച്‌ ആ ശിവജി മൗനം പാലിച്ചു. തിലകന് തന്റെ ഹിന്ദുപുനരുധാരണ സായുധ രാഷ്ട്രീയത്തിന്റെ പ്രതികാരദുർഗയായിരുന്നു ശിവജിയെന്ന് മരിയമിശ്ര (Maria Misra) വിവരിക്കുന്നു. ” ഇന്നാകട്ടെ ബ്രാഹ്മണ കേന്ത്രികൃതമായ മതതീവ്രവാതം, പശുക്കളുടെ സംരക്ഷണമായിരുന്നു ഈ ധീരസൈനികന്റെ ജീവിതത്തിലെ പ്രധാന ലക്ഷ്യമെന്ന് കണ്ടെത്തുന്നു.”

പടിഞ്ഞാറൻ ബൗദ്ധികപുരോഗതിയിൽ ആകൃഷ്ട്ടനായ പരിഷ്കർത്താവ് എം. ജി. രാനഡെ, ശിവജിയെ മനുഷ്യസ്നേഹിയും രാഷ്ട്രതന്ത്രഞനുമായി വിലയിരുത്തുന്നു. പരിഷ്കരണദാഹിയും ദേശീയതയുടെ പിറവിക്കു പ്രചോദനവും ചുരുക്കിപ്പറഞ്ഞാൽ, ഇരുപതാം നൂറ്റാണ്ടോടെ ശിവജിയെ ഓരോരുത്തരും അവനവന്റെ ആദർശങ്ങൾക്കനുസരിച്ച്‌ വ്യാക്യാനിച്ചു. ഓരോ രാഷ്ട്രീയവും തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച്‌ വിവരിച്ചു.

1920- ൽ കോലാപ്പൂരിലെ മഹാരാജ ഷാഹു തന്റെ പ്രഖ്യാതനായ മുൻഗാമിയെ ബ്രാഹ്മണവിരുദ്ധനായി വിലയിരുത്തി. പ്രബുദ്ധരായ ഇന്ത്യൻ ഭരണധികാരികളിൽ മുമ്പനായ ഷാഹു അബ്രാഹ്മണർക്കായി സർക്കാർ ഉദ്യോഗം സംവരണം ചെയ്യുകയും എല്ലാവർക്കും വിദ്യാഭ്യാസം നേടുന്നതിന് അവസരം ഒരുക്കുകയും ചെയ്തു. കർഷകരുടെ മാത്രമല്ല മറാത്തിയിലെ അബ്രാഹ്മണ ആഭിജാത്യത്തിന്റെയും സംരക്ഷകനായി അദ്ദേഹം ശിവജിയെ കണ്ടു. ശിവജിയെ യാഥാർസ്ഥികത്വത്തിന്റെ സംരക്ഷകനായി കണ്ടിരുന്ന ബ്രാഹ്മണർ ഷാഹുവിനുവേണ്ടി പൂജകൾ ചെയ്യാൻ വിസമ്മതിച്ചു. അദ്ദേഹത്തെ ക്ഷത്രിയനായി അംഗീകരിക്കാനും അവർ തയ്യാറായില്ല. സ്വാതന്ത്ര്യത്തിന്ശേഷം ശിവജി പാരമ്പര്യത്തിന്റെ ബ്രാഹ്മണ വ്യാഖ്യാതാക്കളും അദ്ദേഹത്തിന്റെ മാറാത്ത മഹത്തത്തിന്റെ സൂക്ഷിപ്പുകാരും തമ്മിൽ രൂക്ഷമായി ഇടഞ്ഞു. അതിന്നും തുടരുന്നു. രണ്ടു വഴിക്കായാലും ശിവജിയോടുള്ള ആരാധനക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് മുംബൈയിൽ എമ്പാടുമുള്ള ശിവജി പ്രതിമകൾ വ്യക്തമാക്കുന്നു.

എല്ലാറ്റിനുമൊടുവിൽ ശിവജിയിലെ അതിനാടകീയവും സങ്കീർണ്ണവുമായ വ്യക്തിത്വം അറിയപ്പെടാതെ അവശേഷിക്കുന്നു. വൈവിധ്യങ്ങൾ ഒഴിവാക്കപ്പെട്ട അതിശയകരമായി ഊതിവീർപ്പിക്കപ്പെട്ട ആ പ്രതിച്ചായ യഥാർത്ഥ ശിവജിയുടെതല്ല. തെരുവുകളിലെ ശിവജി പ്രതിമകളിലും ശിവജിയുടെ പേരിൽ നടക്കുന്ന വിവാദങ്ങളുമായി ആ പോരാളി ഒതുക്കപ്പെട്ടിരിക്കുന്നു. തന്റെ ലോകത്തെ മാറ്റിതീർത്ത യഥാർത്ഥ ശിവജി ആർപ്പുവിളികൾക്കും ആരാധനയ്ക്കും അടിയിൽ അപ്രത്യക്ഷമായിരിക്കുന്നു. എന്നാൽ പ്രശംസനീയമായ ആ പാരമ്പര്യം സമപ്രായമായ, നിഷ്പക്ഷമായ വിലയിരുത്തൽ അർഹിക്കുന്നു.