ആധാർ ഉള്ളപ്പോൾ എന്തിനാണ് മറ്റൊരു പൗരത്വ രേഖ?

വെള്ളാശേരി ജോസഫ്

പി.ഡബ്ല്യൂ.ഡി. റോഡ് ശരിയാക്കി കഴിഞ്ഞായിരിക്കും മിക്കവാറും ജലസേചന വകുപ്പ് പൈപ്പിടാൻ വരുന്നത്. അതു കഴിഞ്ഞാൽ ടെലികമ്യുണിക്കേഷൻ ഡിപ്പാർട്ട്മെൻറ്റിൻറ്റെ വരവായി. അവരും കേബിളിടാൻ വേണ്ടി റോഡ് കുഴിക്കും. വൈദ്യുതി വകുപ്പ്, വേറെയും പല വകുപ്പുകൾ – ഇവരെല്ലാവരും കേറി പണിയുന്നതുകൊണ്ട് നമ്മുടെ റോഡുകൾ ഒരിക്കലും ശരിയാകാറില്ല. ഈ വ്യത്യസ്ത വകുപ്പുകൾ തമ്മിൽ ഒരു ‘കോർഡിനേഷനും’ ഇല്ലാ. പലപ്പോഴും ഇവർ തമ്മിൽ ശത്രുതയുണ്ട് എന്ന രീതിയിലാണ് പെരുമാറുന്നത്. ഇത് വെറുതെ പറയുന്നതും അല്ലാ. മുൻ ക്യാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ. സുബ്രമണ്യം തൻറ്റെ സർവീസ് സ്റ്റോറിയായ ‘Journeys through Babudom and Netaland’ എന്ന പുസ്തകത്തിൽ പറയുന്ന രസകരമായ ഒരു സംഭവമുണ്ട്. ഡൽഹി മെട്രോ പ്രാവർത്തികമാക്കുവാൻ ക്യാബിനറ്റ് സെക്രട്ടറി വകുപ്പ് തലവൻമാരുടെ ഒരു യോഗം വിളിച്ചുകൂട്ടി. വിവിധ ഡിപ്പാർട്ട്മെൻറ്റ് തലവൻമാർ അങ്ങോട്ടുമിങ്ങോട്ടും കിടന്ന് അലറാൻ തുടങ്ങി. അവസാനം ഗതികെട്ട ക്യാബിനെറ്റ് സെക്രട്ടറി അവരെ ആ മുറിയിലിട്ട് പൂട്ടി. നിങ്ങൾ നിങ്ങളുടെ അഭിപ്രായവിത്യാസം എല്ലാം മറികടന്നതിന് ശേഷം മാത്രം പുറത്തോട്ട് ഇറങ്ങിയാൽ മതി എന്നായിരുന്നു ക്യാബിനറ്റ് സെക്രട്ടറിയുടെ നിലപാട്!!!

ടി.എസ്.ആർ. സുബ്രമണ്യം വിവരിക്കുന്ന ഈ സംഭവം ആധാർ കാർഡിൻറ്റെ കാര്യത്തിൽ വളരെ പ്രസക്തമാണ്. ഔദ്യോഗിക രേഖകൾ എത്രയുണ്ടെങ്കിലും ഇന്ത്യയിൽ വകുപ്പുകൾ തമ്മിൽ ഒരു ‘കോർഡിനേഷൻ’ ഇല്ലെങ്കിൽ യാതൊരു കാര്യവുമില്ല.

സത്യത്തിൽ ആധാർ ഉള്ളപ്പോൾ വീണ്ടും എന്തിനാണ് മറ്റൊരു പൗരത്വ രേഖ? വേണമെങ്കിൽ ബ്ലഡ് ഗ്രൂപ്പും, DNA കോഡിങ്ങും, പല സൈസിലുള്ള ഫോട്ടോയും ഒക്കെയായി ആധാർ വിപുലീകരിക്കാവുന്നതേ ഉള്ളൂ. ആധാർ അല്ലാതെ തന്നെ പാൻ കാർഡ്, റേഷൻ കാർഡ്, പാസ്പോർട്ട്, ഇലക്ഷൻ ഐഡൻറ്റിറ്റി കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഓരോ സ്ഥാപനങ്ങളിലേയും തിരിച്ചറിയൽ കാർഡ് – ഇങ്ങനെ പല രീതികളിൽ ഇൻഡ്യാക്കാരുടെ ഐഡൻറ്റിറ്റി ഇപ്പോൾ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ഇത്തരത്തിലുള്ള ഒരു ‘മൾട്ടിപ്പിൾ ഐഡൻറ്റിറ്റി സെറ്റപ്പ്’ ഇവിടെ ഇപ്പോൾ തന്നെ നിലനിൽക്കുമ്പോൾ വീണ്ടും എന്തിനാണ് ഒരു പൗരത്ത്വ രജിസ്റ്റർ കൂടി? സത്യത്തിൽ ‘മൾട്ടിപ്പിൾ ഐഡൻറ്റിറ്റി സെറ്റപ്പ്’ ഉണ്ടെങ്കിലും വിവിധ ഏജൻസികൾ തമ്മിൽ ഒരു ‘കോ – ഓർഡിനേഷൻ’ ആണിപ്പോൾ നിലവില്ലാത്തത്. അതുകൊണ്ട് കുറ്റാന്വേഷണത്തിലും, കാണാതാകുന്ന ആളുകളെ കണ്ടുപിടിക്കാനും ഒക്കെ ഈ ‘മൾട്ടിപ്പിൾ ഐഡൻറ്റിറ്റി സെറ്റപ്പ്’ ഫലപ്രദമാകുന്നില്ല. ജിഷ വധത്തിൽ ഇത് നാം കണ്ടതുമാണ്. ആളുകളെ പച്ചമാങ്ങാ കടിപ്പിച്ച് DNA ഐഡൻറ്റിഫൈ ചെയ്യാനുള്ള പരിഹാസ്യമായ ശ്രമമാണ് അന്നവിടെ നടന്നത്. ആധാറിൽ കുറ്റാന്വേഷണത്തിന് വ്യവസ്ഥ ഉണ്ടായിരുന്നെങ്കിൽ ആളുകളെ പച്ചമാങ്ങാ കടിപ്പിച്ച് DNA ഐഡൻറ്റിഫൈ ചെയ്യാനുള്ള ശ്രമം ഉപേക്ഷിക്കാമായിരുന്നു. അമിറൂൾ ഇസ്‌ലാമിൻറ്റെ DNA നേരത്തേ ഐഡൻറ്റിഫൈ ചെയ്തതായിരുന്നു. പക്ഷെ ആധാറുമായി അത് ബന്ധിപ്പിച്ച്, DNA കോഡിങ്‌ കുറ്റാന്വേഷണത്തിന് ഉപയോഗിക്കുന്ന രീതി അന്ന് നിലവിലില്ലായിരുന്നു; ഇന്നും നിലവിലില്ല. ഇവിടെ സത്യത്തിൽ ക്രിമിനലുകൾക്കായി വേണ്ടത് ‘നാഷണൽ പോലീസ് രജിസ്റ്ററി’ ആണ്. മുൻ DGP സെൻകുമാർ തൻറ്റെ സർവീസ് സ്റ്റോറിയായ ‘എൻറ്റെ പോലീസ് ജീവിതം’ എന്ന പുസ്തകത്തിൽ ജിഷ വധക്കേസിൽ യു.ഐ.ഡി. – യുടെ ആസ്ഥാനമായ ബാംഗ്ലൂർ സ്ഥാപനം സന്ദർശിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. ആധാർ കാർഡുകളിൽ ഒരാളുടെ അഡ്രസ് കൊടുത്താൽ അയാളുടെ ബയോമെട്രിക് വിവരങ്ങൾ കണ്ടെത്താമെന്നല്ലാതെ ബയോമെട്രിക് വിവരങ്ങൾ കൊടുത്താൽ അഡ്രസ് കണ്ടെത്താനുള്ള യാതൊരു സംവിധാനവും അന്നില്ലായിരുന്നു എന്ന് പറയുന്നുമുണ്ട്. മറ്റ് പല രാജ്യങ്ങളിലും കുറ്റാന്വേഷണത്തിന് നിലവിലുള്ള സംവിധാനങ്ങളൊന്നും ഇന്നും ഇന്ത്യയിൽ നിലവിലില്ലാ.

ഇപ്പോൾ ഉയരുന്ന ഏറ്റവും പരിഹാസ്യമായ വാദമാണ് ആർ.എസ്.എസ്. വിഭാവനം ചെയ്യുന്ന ‘അഖണ്ഡ ഭാരതത്തിലെ’ ഹിന്ദുക്കളെ മുഴുവൻ ഈ പൗരത്വ ബിൽ ഉദ്ധരിക്കും എന്നുള്ളത്. അടിസ്ഥാനപരമായി കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്ന ഉദ്ദേശ ലക്ഷ്യങ്ങൾക്കെതിരാണീ പൗരത്വ ബിൽ. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31 – നോ, അതിന് മുമ്പോ ഇന്ത്യയിൽ കുടിയേറിയ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യൻ അഭയാർഥികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം നൽകുകയും മുസ്‌ലീം ജനവിഭാഗത്തിന് മാത്രം നിഷേധിക്കുകയും ചെയ്യുന്ന ഒരു ഭേദഗതി മുസ്ലീങ്ങൾക്ക് മാത്രം എതിര് എന്ന നിലയിലാണ് ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ. പക്ഷെ നുഴഞ്ഞുകയറ്റക്കാർക്ക് ഇന്ത്യയിലേക്ക് വരാനുള്ള എല്ലാ അവസരങ്ങളും ഈ പൗരത്വ ബിൽ സമ്മാനിക്കും. മുടിഞ്ഞ അഴിമതിയുള്ള പാക്കിസ്ഥാനിലും, അഫ്‌ഗാനിസ്ഥാനിലും, ബംഗ്ളാദേശിലും ഹിന്ദുവാണെന്ന് കാണിക്കുന്ന ഒരു സർട്ടിഫിക്കേറ്റ് കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല. ‘ഹിന്ദു’ എന്ന് അവകാശപ്പെട്ട് നുഴഞ്ഞുകയറ്റക്കാർക്ക് ഇന്ത്യയിലേക്ക് വരാനുള്ള എല്ലാ ‘ലെജിറ്റിമസിയും’ ഉണ്ടാക്കികൊടുക്കാൻ പോകുകയാണ് കേന്ദ്രസർക്കാർ എന്നാണിപ്പോൾ തോന്നുന്നത്. ചുരുക്കം പറഞ്ഞാൽ ഈ ഇൻഡ്യാ മഹാരാജ്യത്തെ ഹിന്ദുക്കൾക്ക്‌ തന്നെയാണ് ദീർഘകാലാടിസ്ഥാനത്തിൽ ഈ പൗരത്വ ബിൽ ഏറ്റവും വലിയ പാരയാകാൻ പോകുന്നത്.

ആധാർ എന്ന ‘യുണീക് ഐഡൻറ്റിഫിക്കേഷൻ’ സാർവത്രികമാക്കിയത് ഡോക്ടർ മൻമോഹൻ സിംഗിൻറ്റെ കാലത്താണ്. ക്ഷേമമന്ത്രാലയവും പ്ലാനിങ് കമ്മീഷനും കൊണ്ടുവന്ന സബ്‌സിഡികൾ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുവാനുള്ള പദ്ധതി ആയിട്ടായിരുന്നു അത് വിഭാവനം ചെയ്തത്. അന്ന് മുതൽ തന്നെ അതിനെ എതിർത്തിരുന്നത് ഗൃഹമന്ത്രാലയമായിരുന്നു. പൗരത്വമടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള കുത്തകാവകാശം ഗൃഹമന്ത്രാലത്തിന് മാത്രമേ ഉള്ളു എന്നതാണ് അവർ അന്ന് അതിനെ എതിർക്കാനുള്ള പ്രധാന കാരണം. ഗൃഹ മന്ത്രാലയം അന്നേ ഒരു പോപ്പുലേഷൻ രെജിസ്റ്റർ അല്ലെങ്കിൽ പൗരത്വ രെജിസ്റ്റർ തുടങ്ങാൻ പദ്ധതി ഇട്ടിരുന്നു. പ്രത്യേകിച്ചും രാജീവ് ഗാന്ധിയുടെ ആസാം ഉടമ്പടിക്ക് ശേഷം. അവർ അന്ന് മുതൽ ആധാറിന് ഉടക്കിടാൻ തുടങ്ങിയത് ഇന്നും നിർത്തിയിട്ടില്ല.

അതിൻറ്റെ ബാക്കി പത്രമാണ് നമ്മുടെ ആധാർ കാർഡിന്റെ പിന്നിലുള്ള പ്രശസ്തമായ “Adhaar is a proof of identity, not of citizenship” എന്ന വാക്യം. ഭൂട്ടാനിലേക്കും നേപ്പാളിലേക്കും പോകുമ്പോൾ ഇന്ത്യൻ പൗരനാണ് എന്ന് തെളിയിക്കാനുള്ള രേഖകളിൽ ആധാർ ഉൾപ്പെടില്ല. ഭൂട്ടാനും നേപ്പാളുമല്ല അത് പറയുന്നത്; ഇന്ത്യയുടെ ഗൃഹമന്ത്രാലയമാണ്.

സത്യത്തിൽ ഗൃഹ മന്ത്രാലയം ഉടക്കിടെണ്ട കാര്യമൊന്നുമില്ലല്ലോ. സെൻട്രൽ-സ്റ്റെയ്റ്റ് ജീവനക്കാർക്ക് പോലീസ് വേരിഫിക്കേഷൻ പ്രോസസ് നിലവിലുണ്ടല്ലോ. അതുകൂടാതെ വാടകക്കാർക്കും, വീട്ടു ജോലിക്കാർക്കും വേണ്ടി പോലീസ് വേരിഫിക്കേഷന് വേണ്ടി പോകാമല്ലോ. പാസ്പോർട്ട് എടുക്കുന്നവർക്ക് എന്തായാലും പോലീസ് വേരിഫിക്കേഷൻ വേണം. അതൊക്കെ കൂടാതെ എല്ലാ വർഷവും ടാക്സ് അടക്കുന്നവർക്ക് എല്ലാ ഐഡൻറ്റിറ്റി വിവരങ്ങളും കൊടുക്കണമല്ലോ. ബാങ്ക് അക്കവ്ൺഡിനും എല്ലാ ഐഡൻറ്റിറ്റി വിവരങ്ങളും കൊടുക്കണം. പ്രോപ്പർട്ടി ടാക്‌സിനും വിവര ശേഖരണം ഇന്നിപ്പോഴുണ്ട്‌. പ്രോപ്പർട്ടി ടാക്‌സിനു വേണ്ടി ഡൽഹിയിലൊക്കെ ‘ചിപ്പ്’ ഘടിപ്പിച്ച കാർഡ് നിലവിൽ ഉണ്ട്. ഇത്രയധികം സംവിധാനങ്ങൾ നിലവിൽ ഉള്ളപ്പോഴും വിവിധ ഏജൻസികൾ തമ്മിൽ ഒരു ‘കോ – ഓർഡിനേഷൻ’ ആണിപ്പോൾ നിലവില്ലാത്തത്. ‘മൾട്ടിപ്പിൾ ഐഡൻറ്റിറ്റി സെറ്റപ്പ്’ ഉണ്ടായിട്ട് തന്നെ കാര്യമില്ല. അപ്പോൾ പിന്നെ ഒരു പൗരത്വ രജിസ്റ്റർ കൂടി വന്നിട്ടെന്തു കാര്യം? ഇനി ഗൃഹ മന്ത്രാലയത്തിന് കീഴിൽ ഒരു പൗരത്വ രജിസ്റ്റർ കൂടി വന്നാൽ ഇവിടെ അത്ഭുതങ്ങൾ സംഭവിക്കുമോ? വലിയ ടെക്‌നോളജി ഉള്ള അമേരിക്കക്ക് പോലും മെക്സിക്കൻ അതിർത്തി വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കർശന നിരീക്ഷണ സംവിധാനമുള്ള അമേരിക്കയിൽ പോലും മെക്സിക്കോയിൽ നിന്ന് മയക്കു മരുന്നിൻറ്റെ പേരിൽ ഒഴുകുന്ന പണം ഒന്നും കണ്ടു പിടിക്കാൻ പറ്റുന്നില്ല. മെക്സിക്കൻ കാർട്ടലുകൾ നിയന്ത്രിക്കുന്ന ഈ മയക്കു മരുന്ന് സംഘങ്ങളുടെ പ്രവർത്തനങ്ങളുടെ മുഴുവൻ വിവരവും തീർത്തും അജ്ഞാതമാണ്. അമേരിക്കയിലുള്ള Internal Revenue Service (IRS) വലിയ സംവിധാനങ്ങൾ ഉള്ള സംഘടനയാണ്. അമേരിക്കയിൽ തന്നെ ഉള്ള National Security Agency (NSA) – ക്ക് ഏക്കർ കണക്കിന് കമ്പ്യൂട്ടർ ശ്രിംഖല ഉണ്ടെന്നാണ് പറയപ്പെടുന്നത്. അവരൊന്നും നോക്കിയിട്ട് പിടിക്കാത്തവരെ ഇന്ത്യക്ക് പിടിക്കാൻ പറ്റുമോ?

സത്യത്തിൽ ഇന്നത്തെ ഇലക്രോണിക്ക്-ഡിജിറ്റൽ യുഗത്തിൽ ഈ പൗരത്വ രജിസ്റ്ററിൻറ്റെ ആവശ്യമേ ഇല്ലായിരുന്നു എന്ന് സുബോധത്തോടെ ചിന്തിച്ചാൽ ആർക്കും മനസിലാകും. ബി.ജെ.പി. – യും, സംഘ പരിവാറുകാരും ഈ പൗരത്വ രജിസ്റ്ററിനെ ന്യായീകരിക്കാൻ ചൂണ്ടികാണിക്കുന്നത് രാജീവ് ഗാന്ധിയും ആസാം ഗണ പരിഷത്തും തമ്മിലുണ്ടാക്കിയ ആസാം ഉടമ്പടി ആണ്. പക്ഷെ ആ ആസാം ഉടമ്പടിക്ക് ശേഷം ഗംഗയിൽ കൂടിയും, യമുനയിൽ കൂടിയും വെള്ളെമെത്ര ഒഴുകിപ്പോയി? അതിനു ശേഷമല്ലേ ഇന്ത്യയിൽ ഇലക്രോണിക്ക്-ഡിജിറ്റൽ വിപ്ലവം നടന്നത്? ഇപ്പോൾ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ മൊബൈൽ ഉപയോഗിക്കുന്ന ഒരു കൂട്ടർ ഇൻഡ്യാക്കാരാണ്. ആധാറിൽ ഇപ്പോൾ തന്നെ കണ്ണിൻറ്റെ കൃഷ്ണമണിയും (Iris), പത്ത് വിരലടയാളങ്ങളും, പേരും അഡ്ഡ്രസും ഒക്കെ ഉണ്ട്. ടാക്സ് അടക്കുന്നവർക്ക് മൊബൈൽ നമ്പറും, ഇ-മെയിലും ആധാറുമായി ബന്ധിപ്പിക്കണം. ചുരുക്കം പറഞ്ഞാൽ ഒരു പൗരൻറ്റെ എല്ലാ ‘ഐഡൻറ്റിഫിക്കേഷൻ പർട്ടിക്കുലേഴ്‌സും’, വരുമാനവും, സാമ്പത്തിക ഇടപാടുകളും ആധാറിൻറ്റേയും, പാൻ കാർഡിൻറ്റേയും പരിധിയിൽ ഇപ്പോൾ തന്നെ വരുന്നുണ്ട്.

ആധാറും, പാൻ കാർഡും അല്ലാതെ തന്നെ റേഷൻ കാർഡ്, പാസ്പോർട്ട്, ഇലക്ഷൻ ഐഡൻറ്റിറ്റി കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഓരോ സ്ഥാപനങ്ങളിലേയും തിരിച്ചറിയൽ കാർഡ്, സ്കൂൾ-കോളേജ് സർട്ടിഫിക്കേറ്റുകൾ, ജനന-മരണ സർട്ടിഫിക്കേറ്റുകൾ, ഇൻകം ടാക്സ് രേഖകൾ, പ്രോപ്പർട്ടി ടാക്സ് രേഖകൾ – ഇങ്ങനെ പല രീതികളിൽ ഇൻഡ്യാക്കാരുടെ ഐഡൻറ്റിറ്റി ഇപ്പോൾ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ‘മൾട്ടിപ്പിൾ ഐഡൻറ്റിറ്റി സെറ്റപ്പ്’ ഇവിടെ ഇപ്പോൾ തന്നെ നിലനിൽക്കുമ്പോൾ വീണ്ടും എന്തിനാണ് ഒരു പൗരത്ത്വ രജിസ്റ്റർ കൂടി? ആധാറിലും, പാൻ കാർഡിലും, മറ്റ് ഐഡൻറ്റിറ്റി രേഖകളിലും ഇല്ലാത്ത എന്ത് വിവരങ്ങളാണ് ഭരണകൂടത്തിന് ഒരു ആവറേജ് പൗരനിൽ നിന്ന് അറിയേണ്ടത്? ആധാർ-പാൻ വിവരങ്ങൾ ഗൃഹ മന്ത്രാലയത്തിന് ലഭ്യമാക്കിയാൽ ഇപ്പോൾ തന്നെ മിനിറ്റുകൾക്കുള്ളിൽ ഒരു ഇന്ത്യൻ പൗരനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും കിട്ടും. അടുത്ത മാർച്ചിൽ 5 G സ്പെക്ട്രം ലേലം ഇന്ത്യയിൽ നടക്കാനിരിക്കുന്നു. 5 G കൂടി ഇന്ത്യയിൽ വന്നാൽ സെക്കൻഡുകൾക്കുള്ളിൽ പൗരൻമാരെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ വേണമെങ്കിൽ ലഭ്യമാകും. ഇന്നത്തെ ഈ ഇലക്രോണിക്ക്-ഡിജിറ്റൽ യുഗത്തിൽ പിന്നെ ആർക്കുവേണം ഈ പൗരത്വ രജിസ്റ്റർ?

ആധാറിൽ ജനന തീയതി രേഖപ്പെടുത്തുന്നതുകൊണ്ട് ഒരു പൗരൻറ്റെ പ്രായം അറിയാൻ ഒരു ബുദ്ധിമുട്ടുമില്ല. ഇപ്പോഴാകട്ടെ, എല്ലാ ആശുപതികളും ജനനങ്ങൾ പഞ്ചായത്തിനേയോ നഗര സഭയേയോ അറിയിച്ചിരിക്കണം. ഒരു ഇന്ത്യൻ പൗരൻ മരിച്ചാൽ അയാളുടെ പേരിലുള്ള ബാങ്ക് അക്കവ്ണ്ടിന് അവകാശവാദം ഉന്നയിക്കണമെങ്കിൽ ‘ഡെത് സർട്ടിഫിക്കേറ്റ്’ വേണം. ‘ബെർത് സർട്ടിഫിക്കറ്റും’, ‘ഡെത് സർട്ടിഫിക്കറ്റും’ ഇന്നത്തെ ഡിജിറ്റൽ ഇന്ത്യയിൽ കംപ്യൂട്ടറിൽ കൂടിയാണ് മിക്ക പഞ്ചായത്തുകളിലും നഗരസഭകളിലും നിന്ന് പുറത്തുവരുന്നത്. അപ്പോൾ ഇൻറ്റർനെറ്റ് മുഖേനെ ആധാറുമായി ഇവയൊക്കെ ബന്ധിപ്പിച്ചാൽ മറ്റൊരു വിവരശേഖരണത്തിൻറ്റേയും ആവശ്യം തന്നെ വരില്ല.

സത്യത്തിൽ കേന്ദ്ര സർക്കാരിൻറ്റെ പൗരത്വ ബില്ലിന് വേണ്ടിയുള്ള അമിതാവേശം മൂലം ഭാവിയിൽ ദുരിതമനുഭവിക്കാൻ പോകുന്നത് യഥാർത്ഥത്തിൽ സർവേ ജോലികൾക്ക് പോകുന്നവരായിരിക്കും. പണ്ടേ നക്സലയിറ്റ് സ്വാധീനമുള്ള മേഖലകളിലും, പല തീവ്ര പ്രാദേശിക ഗ്രൂപ്പുകൾക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലും സർക്കാരിൻറ്റേയും, മറ്റ് സന്നദ്ധ സംഘടനകളുടേയും സർവേ ടീമുകൾക്ക് വിലക്കുണ്ടായിരുന്നു. പണ്ട് ബീഹാറിലെ നക്സലയിറ്റ് സ്വാധീനമുള്ള മേഖലയിൽ സർവേക്ക് പോയി ജീവനും കൊണ്ട് ഓടേണ്ടി വന്നവരോട് ഒരിക്കൽ സംസാരിക്കാൻ അവസരമുണ്ടായിട്ടുണ്ട്. ഇൻഡ്യാ മഹാരാജ്യത്തിൽ അനേകം ചെറുകിട, ഇടത്തരം ഇൻഡസ്ട്ട്രിയൽ യൂണിറ്റുകൾ പൂർണമായും നിയമ വിധേയമായി അല്ല പ്രവർത്തിക്കുന്നത്. അവരും ഏതെങ്കിലും സർവേ ജീവനക്കാരോട് ഭാവിയിൽ സഹകരിക്കണമെന്നില്ലാ. നോട്ടുനിരോധനം, ജി.എസ്.ടി. പോലുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിലെ പ്രശ്നങ്ങൾ – ഇവയൊക്കെ ഇടത്തരം ഇൻഡസ്ട്ട്രിയൽ യൂണിറ്റുകളുടെ പ്രവർത്തനങ്ങളെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് ഇനി സർവേ എന്നൊക്കെ പറഞ്ഞു അങ്ങോട്ടൊക്കെ ചെന്നാൽ തല്ലുകിട്ടാൻ വരെ സാധ്യതയുണ്ട്. പണ്ട് ഇതെഴുതുന്ന ആൾ തന്നെ മെറ്റൽ ഇൻഡസ്ട്രീസിൽ ഒരു സർവേ നടത്തിയപ്പോൾ ഭാഗ്യം കൊണ്ടാണ് തല്ലിൽ നിന്ന് രക്ഷപെട്ടത്.

ഒരു അഭയാർഥിയെ പോലും ആസാമിലേയും, ബംഗാളിലേയും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേയും ജനങ്ങൾക്ക് വേണ്ടാ – അത് ഹിന്ദുവാണെങ്കിലും, മുസ്ലീമാണെങ്കിലും. പ്രാദേശിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ഒന്നിനേയും ഈ സംസ്ഥാനങ്ങൾ സ്വാഗതം ചെയ്യില്ല. മതത്തേക്കാളുപരിയാണ് അവിടങ്ങളിലെ പ്രാദേശിക വികാരം. ആസാമിലെ പൗരത്വ രജിസ്റ്റർ കണക്കെടുപ്പ് ഇതുവരെ കഴിഞ്ഞിട്ടില്ലാ. ഇതുവരെ നടത്തിയ പൗരത്വ രജിസ്റ്റർ കണക്കെടുപ്പുകളിൽ ആകട്ടെ, മൊത്തം തെറ്റും പരാതിയുമാണുള്ളത്. അത് ഇന്ത്യ മുഴുവൻ നടപ്പിലാക്കാൻ ശ്രമിക്കുന്നത് നോട്ട് നിരോധനത്തെക്കാൾ വലിയ മണ്ടത്തരം മാത്രമായിരിക്കും. ഒരുപക്ഷെ, ഇന്ത്യയുടെ ‘ഫെഡറൽ സ്ട്രക്ച്ചർ’ തന്നെ തകരാറിലാക്കാൻ പോവുന്ന ഒരു നടപടിയായിരിക്കും അത്.

ഈ പൗരത്വ രേഖകൾ ഉണ്ടാക്കലൊന്നും നടക്കില്ലാ എന്നുള്ളത് കേവലം സാമാന്യ ബുദ്ധിയാണ്. പൗരത്വ രേഖ ഉണ്ടാക്കാനായി പറഞ്ഞുവരുന്നവരെ ആളുകൾ ഓടിക്കുമെന്നുറപ്പ്. അസാമിൽ അതുകൊണ്ടു തന്നെ ആ പരിപാടി നിർത്തികഴിഞ്ഞു. ഇതുവരെ ലിസ്റ്റിൽ ഉള്ളവരെ കൂടാതെ ബാക്കിയുള്ളവരെ കൂടി ഓടിക്കേണ്ടത് ആസാംകാരുടെ ആവശ്യമാണ്. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ മാത്രമേ പൗരത്വ രേഖകൾ ഉണ്ടാക്കുന്ന പ്രക്രിയ വഴിതെളിക്കൂ. പ്രാദേശിക മേഖലകളിൽ ആളുകളുടെ സഹകരണം കിട്ടാതെ ഒരു സർവേ ജോലിയും സാധ്യമല്ല. ആ സഹകരണമില്ലാതാകുമ്പോൾ ഇനിയിപ്പോൾ 2021-ലെ സെൻസസ് നടത്തുന്നതു പോലും ബുദ്ധിമുട്ടാവും. സെൻസസ് എന്യുമറേറ്റർമാർക്ക് പലയിടങ്ങളിലും നല്ല തല്ലുകിട്ടാനും സാധ്യത ഉണ്ട്. ചുരുക്കം പറഞ്ഞാൽ അമിതാവേശം മൂലം ജനങ്ങളും സർക്കാരും തമ്മിലുണ്ടായിരുന്ന ‘ഗുഡ്‌വിൽ’ ആണ് നഷ്ടമായത്.