നിങ്ങൾ കല്യാണം കഴിക്കുന്നത് എന്തിനാണ് ?

164

റംസീൻ
സൈക്കോളജിസ്റ്റ്

“തുടക്കം മംഗല്യം തന്തുനാനേനാ പിന്നേ ജീവിതം “

കുഞ്ഞു കുട്ടികളോട് എന്തിനാ കല്യാണം കഴിക്കുന്നതെന്ന് ചോദിച്ചാൽ അവർ പറയും കുട്ടികൾ ഉണ്ടാവാനെന്ന്..അതേ മനോഭാവമുള്ള ചില വലിയ കുട്ടികളുമുണ്ട്🙈🙈.. ചിലർക്ക് കല്യാണമെന്ന് പറയുന്നത് തന്റെ സാമ്പത്തിക ബാധ്യത തീർക്കാനുള്ള ഒരു മാർഗമാണ്(male).. മറ്റു ചിലർക്ക് വീട്ടിൽ അമ്മക്ക് വയ്യാതായത് കൊണ്ടു ഒരാളുടെ ആവശ്യമുണ്ടെന്ന് തോന്നി, ഒരു ഹോം നഴ്സായോ സെർവന്റായോയുള്ള ഒരാൾക്ക് പകരമാണീ കല്യാണം (male )..വേറെ ചിലർക്ക് പ്രായമായതു കൊണ്ടും , നാട്ടുകാർ ചോദിക്കുന്നത് കൊണ്ടും പേരെന്റ്സ് നിർബന്ധിച്ചപ്പോൾ വഴങ്ങിക്കൊടുക്കുന്നതാണ് കല്യാണം..(male & female).

ഏത്ര പേരുണ്ട് തന്റെ വിദ്യാഭാസം കഴിഞ്ഞു ജോലിയൊക്കെയായി സ്വന്തം കാലിൽ നിക്കാനായ ശേഷം , ഒരു കുടുംബം നടത്തിക്കൊണ്ട് പോവാനുള്ള പ്രാപ്തിയും കഴിവുമായി, ഇനിയെനിക്കൊരു കൂട്ട് വേണം പരസ്പരം സ്നേഹിക്കാനും, തണലാവാനും, എന്തും തുറന്നു സംസാരിക്കാനും എന്നൊക്കെ തോന്നിയിട്ട് കല്യാണത്തിലേക്കു കടന്ന് വന്നവർ?? (Male & female)….
കല്യാണം കഴിഞ്ഞ വീട്ടിൽ അടുത്ത ബന്ധുക്കളോ അയൽവാസികളോ പുതുതായി വന്നു കേറിയ പെണ്ണിനെ കാണാനെന്ന ഭാവത്തിൽ വന്നു അവിടത്തെ ബാക്കിയുള്ള പെണ്ണുങ്ങളോട് അടക്കി പിടിച്ചു ചോദിക്കുന്ന രണ്ടു ചോദ്യങ്ങളുണ്ട്.. എത്ര കിട്ടി? പെണ്ണെങ്ങിനെ, അടുക്കളയിലോട്ട് പറ്റുമോ??എന്ന്!!!!!! അല്ലാ, ഞാൻ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ !!! എത്ര തരണം നിങ്ങളുടെയൊക്കെ അടുക്കളയിൽ വന്നു പണിയെടുക്കാൻ??? സാധാരണ പണിയെടുത്താൽ കൂലി ഇങ്ങോട്ടല്ലേ കിട്ടേണ്ടത്.. ഇതെന്താപ്പാ ലൈഫ് ലോങ്ങ്‌ പണിയും എടുക്കണം അതിനു വേണ്ടി ഒരു ലോഡ് സ്വർണ്ണവും, പണവും, കാറും, പിന്നേ വീട്ടിലേക്കുള്ള furniture, ഇലക്ട്രോണിക് സാധനങ്ങൾ ഒക്കെ വേറെയും കൊണ്ടു തരണമെന്നും ഉള്ള ഏർപ്പാട്..?? !!

സ്വർണ്ണം, പണം etc ഓരോ കാറ്റഗറി അനുസരിച്ചാണേ..തറവാട്, ഉദ്യോഗം, തൊലിയുടെ കളർ, പിന്നേ എന്തേലും പോരായ്മകൾ ഇതിനനുസരിച്ചു ഏറിയും കുറഞ്ഞും ഇരിക്കും വില പേശൽ..അപ്പൊ ഒരു കൂട്ടർ പൊന്തി വരും, അയ്യോ ഞങ്ങൾ എപ്പോളാ ഇതൊക്കെ ചോദിച്ചത് എന്ന്,, ശെരിയാ അവർ ചോദിച്ചിട്ടില്ല, പക്കേങ്കില് ഇമ്മിണി ബല്യ തറവാട്ടിൽന്നേ കല്യാണം ആലോചിക്കൂ🙊🙊അല്ലെങ്കിൽ പിന്നേ വേറൊരു ട്രിക്കുള്ളത് ന്താന്ന് വെച്ചാൽ ന്റെ പെൺകുട്യോൾക്ക് ഇത്രേം കൊടുത്തിട്ടുണ്ടെന്നു കാർന്നോന്മാരുടെയോ, ഇടനിലക്കാരുടെയോ വല്ലാത്തൊരു അർത്ഥം വെച്ച പറച്ചിലാണ്. അമ്പട കേമാ ഒറ്റ സെന്റെൻസ് ആണേലും എന്തെല്ലാം കാര്യം അതിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്…ഗൊച്ചു ഗള്ളൻ. 😜😜

കല്യാണം കഴിഞ്ഞത് കൊണ്ട് സ്വാതന്ത്ര്യം അനുഭവിക്കുന്ന ഒരുപാട് പെൺകുട്ടികളെ എനിക്കറിയാം..അവരുടെ പാർട്ണർ, വീട്ടുകാർ അവളെ ഒരു ചിന്തയും വിചാരങ്ങളും ഉള്ള വ്യക്തിയായി പരിഗണിക്കുന്നത് കൊണ്ടു മാത്രമാണത്.. തന്റെ ഭാര്യയായത് /മരുമകളായത് /നാത്തൂനായത് / കൊണ്ട് അടിമ ആവേണ്ടവളല്ല ഇവളെന്നും, മറ്റൊരു മാതാപിതാക്കൾ പ്രതീക്ഷയോടെ വളർത്തി വലുതാക്കി ഒരുപാട് സ്വപ്നങ്ങളോടെ തന്റെ കയ്യിൽ ഭദ്രമായി ഏൽപ്പിച്ച ഒരു വ്യക്തിത്വം ആണെന്നും ബോധ്യമുള്ളവർ അവളിലെ കുറ്റങ്ങൾ ചികയുന്നതിനു പകരം നന്മകൾ ഉയർത്തി കാട്ടി കുടുംബത്തിലെ ഒരംഗമായി കൂടെ ചേർത്ത് പിടിക്കുന്നു…

എന്നാൽ കല്യാണത്തോടെ സ്വാതന്ത്ര്യം നഷ്ടമായവരാണ് മറ്റു ചിലർ.. എത്ര പേർക്ക് പറയാൻ പറ്റും “എന്റെ ഭർത്താവിന്റെ വീട്ടിൽ എനിക്ക് ഒന്ന് ഉറങ്ങാൻ തോന്നിയാൽ അപ്പൊ ഒരു അര മണിക്കൂർ എങ്കിലും ഉറങ്ങീട്ട് ബാക്കി ചെയ്യാം എന്ന് പേടിയില്ലാതെ ചെയ്യാൻ പറ്റുന്നവരാണ് എന്ന്.. അല്ലെങ്കിൽ ഒരസുഖം വന്നാൽ അത് പൂർണ്ണമായും ഭേദം ആവും വരെ റെസ്റ്റെടുക്കാൻ പറ്റുന്നവരാണെന്ന്,സ്വന്തം വീട്ടിൽ പോവാൻ സമ്മതത്തിന് കാത്തു നിക്കേണ്ടി വരില്ലാന്ന്, സ്വന്തം വീട്ടിൽ കണക്കു പറഞ്ഞ ഡേറ്റ് കഴിഞ്ഞും പേടിയില്ലാതെ വീണ്ടും തുടർന്ന് നിക്കാൻ പറ്റുമെന്ന്…ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും കിട്ടിയ ജോലിക്ക് പോവാൻ പറ്റാത്തവരാണെന്ന്.. പഠിക്കാനോ, കലാപരമായോ കഴിവുണ്ടായിട്ടും ആഗ്രഹം ഉണ്ടായിട്ടും തുടരാൻ അനുവാദത്തിന് കാത്തു നിക്കേണ്ട എന്ന്”..

അങ്ങനെ അങ്ങനെ എന്തെല്ലാം ചെറുതും, വലുതുമായ തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്തിന്റെയൊക്കെയോ പേരിൽ മാറ്റി വെച്ച് രാപകൽ വീട്ടിൽ കഷ്ടപ്പെട്ടിട്ടും എത്ര പേർക്ക് കിട്ടുന്നുണ്ട് മാന്യമായൊരു സ്ഥാനം ആ വീട്ടിൽ..?? സ്വന്തം വ്യക്തിത്വം പണയം വെച്ച് ത്യാഗത്തിന്റെ മുഖം മൂടിയണിഞ്ഞു അടിമ വേഷം കെട്ടുന്നതിനെയാണോ കല്യാണം എന്ന് പറയുന്നത്…??
ഏറ്റവും പരിതാപകരമാവുന്ന അവസ്ഥ എന്നത് കേറി വന്ന വീട്ടിൽ ആത്മാർത്ഥമായ് ഇടപഴകിയിട്ടും തിരിച്ചിങ്ങോട്ട് എവിടെ നിന്നോ വലിഞ്ഞു കേറി വന്ന ഒരു വഴിപ്പോക്കനെ പോലെ മാറ്റി നിർത്തപ്പെടുമ്പോളാണ്.. അതിനു കണ്ണടച്ച് അനുവാദം കൊടുക്കുമ്പോലെയുള്ള ചില ഭർത്താക്കന്മാരുടെ മൗനം കൂടി ആവുമ്പോളാണ് ഒറ്റപ്പെടലും വീർപ്പുമുട്ടലുകളും അനുഭവിക്കേണ്ടി വരുന്നതും, ആത്മഹത്യകളും, ഡിവോഴ്സുകളും അധികരിക്കുന്നതും.. തീർച്ചയായും സ്വന്തം വീട്ടുകാർക്കും, ഭാര്യക്കും നടുവിൽ നിക്കുന്ന ഭർത്താവ് അനുഭവിക്കുന്ന മാനസിക വ്യഥ അതിലും ഭയാനകമാണ്..എന്നാൽ അങ്ങിനൊരു അവസ്ഥ തുടച്ചു നീക്കാനുള്ള പൂർണ്ണ കഴിവും ഉത്തരവാദിത്വവും ഇവരിൽ തന്നെയാണ് താനും..

ആരെയും ഉപേക്ഷിക്കാനോ, ആരുടെയോ ഭാഗം നിക്കാനോ അല്ല, പകരം രണ്ടു കൂട്ടരും ജീവിതകാലം മുഴുവനും കൂടെ ഉണ്ടാവേണ്ടവർ ആണെന്നും അതിനായ് ഒരുമിച്ചു പോകേണ്ടത് എല്ലാവരുടെയും കടമകളിൽ ഒരുപോലെ ഉള്ളതാണെന്ന് ബോധ്യപ്പെടുത്തിയെ തീരൂ..ചിലർക്കെങ്കിലും ഭാര്യ എന്നത് പേരിന് മാത്രമായി പേപ്പറുകളിൽ മാത്രമൊതുങ്ങി നിക്കുന്നവരാണ്.. എന്തെങ്കിലും കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്യാനോ, അഭിപ്രായം ചോദിക്കാനോ അവർക്ക് കുറച്ചിലാണ്.. അങ്ങിനെ ചെയ്താൽ പെങ്കോന്തൻ എന്ന് പേര് വരുമെന്നോ, അവൾക്ക് താഴെ ആയിപ്പോവുമെന്നോ എന്ന ഭയമോ ഈഗോയോ ആണ് അതിൽ നിന്നുമവരെ പിന്തിരിപ്പിക്കുന്നത് എന്ന് പറയാതെ പറയുന്നുണ്ട് പലരും….

ഒരു കല്യാണം കഴിഞ്ഞു എന്നതിന്റെ പേരിൽ ഒരാൾക്ക് മാത്രം നഷ്ടങ്ങൾ ഉണ്ടാവരുത്..ഒരാൾ മാത്രം ത്യാഗം ചെയ്തു നിക്കരുത് .. രണ്ടു പേർക്കും രണ്ടു കുടുംബങ്ങൾക്കും നഷ്ട്ടത്തിനോ, ലാഭത്തിനോ ഉള്ള കച്ചവടമല്ല കല്യാണം.. ആസ്വദിക്കാൻ മനസ്സുണ്ടെങ്കിൽ,ജീവിക്കുന്ന ഓരോ നിമിഷവും സന്തോഷിക്കാനാണെന്ന് ഉത്തമബോധ്യം ഉണ്ടെങ്കിൽ, എന്തും ഒരുമിച്ചു നേരിടാം എന്ന തന്റെടം ഉണ്ടെങ്കിൽ,ഞാനും നീയും എന്നൊന്നില്ല നമ്മൾ എന്നതേയുള്ളൂ എന്ന ബോധമുണ്ടെങ്കിൽ ആ ഏദൻ തോട്ടം നിങ്ങളുടെ ഇടയിലാണ്.. അവിടെ ആദവും ഹവ്വയും നിങ്ങളാണ്..നിങ്ങളുടെ സ്വർഗം തട്ടി തെറിപ്പിക്കാനായി ആപ്പിൾ കഴിപ്പിക്കാൻ എത്തുന്ന പാമ്പിന്റെ രൂപത്തിലെത്തുന്ന സാത്താന്മാരെ (അത് കുടുംബത്തിലോ, ബന്ധത്തിലോ, സുഹൃത്തുക്കളിലോ ആയിക്കോട്ടെ ) ഒരിക്കലും കേറിക്കൂടാൻ പറ്റാത്ത രീതിയിൽ നിങ്ങൾ ആ ബന്ധം ശക്തിപ്പെടുത്തുക മാത്രമേ ചെയ്യേണ്ടതുള്ളൂ..