നായകൾ ഇണചേരുന്ന വേളകളിൽ വേർപിരിയാൻ ആവാത്തതെന്ത് കൊണ്ട് ?

574

സിദ്ദീഖ് പടപ്പിൽ

നായകൾ ഇണചേരുന്ന വേളകളിൽ വേർപിരിയാൻ ആവാത്തതെന്ത് കൊണ്ട് ?

തെരുവിലൂടെ അലഞ്ഞ്‌ തിരിയുന്ന നായകൾ ഇണചേർന്നതിന് ശേഷം കുറച്ചു സമയം വേർപ്പെടാനാവാതെ ബുദ്ധിമുട്ടുന്ന കാഴ്ച്ച ചിലർ ആകാംക്ഷയോടും ചിലർ ദയനീയതയോടെയും ഒരിക്കലെങ്കിലും വീക്ഷിച്ചിരിക്കാം. എന്നാ അറിവില്ലാത്ത ചിലർ അതിനെ വേർപിരിയിക്കാൻ വടിയെടുത്ത് ആട്ടുകയും പേടിപ്പിക്കുകയും ചെയ്യുന്നതും ഒരു പക്ഷേ നിങ്ങൾ കണ്ടിരിക്കാം.

ജീവനുള്ള ഏതൊന്നിന്റെയും അടിസ്ഥാന പ്രത്യേകതകളിൽ ഒന്നാണല്ലോ പ്രത്യുൽപാദന പ്രക്രിയ. വംശം നിലനിർത്താൻ വേണ്ടി ഓരോ ജീവികളും പ്രജനന പ്രക്രിയയിലൂടെ കടന്നു പോകുന്നുണ്ട്. ലൈംഗീക പ്രത്യുത്പാദനത്തിൽ പങ്കാളികൾ പരസ്പരം ഇണ ചേരുകയും പുരുഷബീജം സ്ത്രീ അണ്ഡകോശവുമായി ചേർന്ന് സിക്താണ്ഡമായി ഗർഭപാത്രത്തിൽ വളരുന്നു. മിക്ക മൃഗങ്ങളിലും ഏതാണ്ടിതു പോലെ തന്നെ. എന്നാൽ മനുഷ്യ പുരുഷ ലിംഗത്തിൽ നിന്ന് വ്യത്യസ്തമായി മിക്ക മൃഗങ്ങളിലെയും പുരുഷ ലൈംഗീകാവയവത്തിന് ദൃഢത നൽകാൻ പര്യാപ്തമായ baculum എന്ന എല്ലുണ്ട്‌. അത് കൂടാതെ നായകളിൽ ലൈംഗീകാവയവത്തിന്റെ ശരീരത്തോട് ചേർന്ന ഭാഗത്ത് bulbus glandis എന്നൊരു ഗ്രന്ഥിയുമുണ്ട്.

ലൈംഗീക വേഴ്ച വേളയിൽ ആണ് നായയുടെ ജനനേന്ദ്രിയം പെൺ നായയുടെ ജനനേന്ദ്രിയത്തിൽ പ്രവേശിച്ചതിന് ശേഷം bulbus glandis വലുപ്പം വെക്കുകയും പെൺ നായയുടെ ജനനേന്ദ്രിയ പേശികൾ ചുരുങ്ങുകയും ചെയ്യുന്നതോടെയാണ് ഈ ‘കുടുങ്ങിയ ഘട്ടം’ ആരംഭിക്കുന്നത്. തൽഫലമായി, രണ്ട് പേശികളും വിശ്രമിക്കുന്നതുവരെ ആൺ നായയ്ക്ക് പെൺ നായയുടെ ജനനേന്ദ്രിയത്തിൽ നിന്ന് അതിന്റെ ജനനേന്ദ്രിയം മാറ്റാൻ സാധിക്കില്ല. ഈ ദൈർഘ്യം 5 മുതൽ 35 മിനിറ്റ് വരെ നീണ്ടേക്കാം.

ഇത് കാണുന്ന ചില സാമൂഹ്യദ്രോഹികൾ നായകളെ വേർപിരിയിക്കാൻ അല്ലെങ്കിൽ അവയെ ആട്ടിയോടിക്കാൻ ശ്രമിക്കാറുണ്ട്. സത്യത്തിൽ നിങ്ങൽ അവയെ ദ്രോഹിക്കുകയാണ്. വടിയോ മറ്റോ ഉപയോഗിച്ച് നിര്ബന്ധ പൂർവ്വം അവയെ വേർപിരിയിക്കാൻ ശ്രമിച്ചാൽ, ഭയം കാരണം ആ പേശികൾ വേഗത്തിൽ ചുരുങ്ങാൻ ഇടവരികയും തമ്മിൽ വേർപിരിയുകയും ചെയ്തേക്കാം. എന്നാൽ മിക്ക അവസരങ്ങളിലും നായയുടെ പേശികൾ പ്രവർത്തനരഹിതമാവുകയും ജനനേന്ദ്രിയം ഉപയോഗിക്കാൻ പറ്റാതെ ആവുകയും ചെയ്തേക്കാം. അവയുടെ ജീവൻ പോലും നഷ്ടപ്പെടുന്ന അവസ്ഥയും വിരളമല്ല.

ഇണ ചേരൽ പ്രക്രിയ പൂർത്തിയായാൽ തനിയെ വേർപിരിയുന്ന അവയെ വലിയൊരു ഉപകാരം ചെയ്യുന്നത് പോലെയാണ് ചിലർ നിർബന്ധപ്പൂർവ്വം വേർപിരിയിക്കാൻ ശ്രമിക്കുന്നത്. ചെയ്യുന്നത് ഉപകാരമല്ല, ദ്രോഹമാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. നായകൾ നിങ്ങളെ ഉപദ്രവിക്കാത്തിടത്തോളം അവയെ അവയുടെ വഴിക്ക് വിടുകയാണ് വേണ്ടത്. നന്മ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ കുറഞ്ഞ പക്ഷം ദ്രോഹമെങ്കിലും ചെയ്യാതിരിക്കുക.