നമ്മുടെ കുട്ടികൾ ഭീരുക്കളും അക്രമാസക്തരും ആകുന്നതെന്തേ ?
മൊബൈല്‍ ഫോണില്‍ അധിക സമയം ചിലവഴിച്ചതിനെ തുടര്‍ന്നു വീട്ടുകാര്‍ വഴക്കു പറഞ്ഞു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. കൂട്ടുകാർ ചേർന്ന് സുഹൃത്തിനെ കൊലപ്പെടുത്തി കുഴിച്ചു മൂടി.ഇങ്ങനെയുള്ള വാർത്തകളുടെ പല പതിപ്പുകൾ ഏറെക്കാലമായി നമ്മൾ കേട്ട് വരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇങ്ങനെയുള്ള പല കേസുകളും റിപ്പോർട്ട് ചെയ്യുകയുണ്ടായി.പതിവ് പോലെ നമ്മൾ പുതിയ വാർത്തകൾ വരുമ്പോൾ പഴയതിനെ മറക്കുന്നു. ഈ പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗങ്ങൾ എന്തെങ്കിലും കണ്ടെത്തുവാനായോ എന്നുള്ളത് ആരും തന്നെ തിരക്കുന്നുമില്ലാ. ഈ പ്രശ്നങ്ങൾ നാളെ നമ്മുടെ വീട്ടിലും സംഭവിക്കാം എന്നുള്ളതിനുള്ള സാധ്യതയെ വാർത്ത കണ്ട് കുറച്ച് സമയത്തെ വേവലാതികൾക്ക് ശേഷം അവർ മറന്ന് കളയുന്നു. ഇത് നമ്മുടെ വീടുകളിലും സംഭവിക്കുമ്പോൾ ആ മറവികൾ എന്നന്നേക്കുമായുള്ള നഷ്ടങ്ങളുടെ ഓർമ്മകൾ നമുക്ക് സമ്മാനിക്കുന്നു.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന സംസ്ഥാനം കേരളമാണ്. ഒരു ലക്ഷത്തിൽ ശരാശരി ഇരുപത്തിനാല് പേർ കേരളത്തിൽ ആത്മഹത്യ ചെയ്യുന്നു, അതിൽ നാല് ശതമാനം വിദ്യാർത്ഥികളാണ്. ഇത് ഒരു ചെറിയ കണക്കല്ലാ. കുട്ടികളിൽ ഇത്രയധികം ആത്മഹത്യാ പ്രവണത ഉണ്ടാകുവാനുള്ള കാര്യങ്ങൾ എന്താണ്. പല ടിവി ചർച്ചകളും കഴിഞ്ഞതാണ്, എങ്കിലും ഒരിക്കൽ കൂടി ചില യാഥാർഥ്യങ്ങളുടെ ഓർമ്മപ്പെടുത്തലുകളിലൂടെ നമുക്കൊന്ന് കടന്ന് പോകാം.
നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് അസുഖങ്ങൾ കൊണ്ടല്ലാ. ആക്‌സിഡന്റുകളും ആത്മഹത്യകളുമാണ് അതിന് കാരണം. മാനസിക അസ്വസ്ഥതയും പിരിമുറുക്കങ്ങളും കൊണ്ട് നടക്കുന്നവരാണ് മാനസിക അസുഖങ്ങൾ ഉള്ളവരെക്കാൾ ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതലായി കണ്ടുവരുന്നത്. ഈ മാനസിക അസ്വസ്ഥതകൾ പെട്ടെന്ന് മറ്റൊരാൾക്ക് തിരിച്ചറിയുവാൻ കഴിയുന്നതല്ലാ.ആത്മഹത്യ എന്തിന് ചെയ്തു ? ഈ ചോദ്യത്തിന് പലപ്പോളും ഉത്തരം കിട്ടാതെ പോകുന്നതിന് ഇതൊരു കാരണം ആയിത്തീരുവാറുണ്ട്. വീട്ടുകാരോടും സുഹൃത്തുക്കളോടും ചോദിച്ചാൽ കിട്ടുന്ന ഉത്തരം ഇങ്ങനെ ആയിരിക്കും,ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന ചെറുക്കനായിരുന്നു… അവൻ എന്തിന് ഇത് ചെയ്തു എന്ന് ഒരു പിടിയും കിട്ടുന്നില്ലാ. ഈ ചോദ്യത്തിന് നമുക്ക് ഉത്തരം കിട്ടാതെ പോയത് ഇന്നലെവരെ അവനിൽ എന്തായിരുന്നു നടക്കുന്നത് എന്നുള്ളത് നമ്മൾ കാണാതെ പോയത് കൊണ്ടാണോ ?ജീവിതത്തിൽ നിന്നും രക്ഷപ്പെടുവാനുള്ള മാർഗ്ഗം ആത്മഹത്യയാണെന്ന് ഒരിക്കൽ ചിന്തകളിൽ വന്ന് പെട്ടാൽ പിന്നീട് നമ്മുടെ മുന്നിലേയ്ക്ക് വരുന്ന പ്രശ്നങ്ങളുടെ പരിഹാര മാർഗ്ഗമായി അവസാനം നമ്മെ കൊണ്ടെത്തിക്കുന്നത് ആത്മഹത്യയെന്ന സ്വയം രക്ഷാ പദ്ധതിയിൽ ആയിരിക്കും.
ജീവിതത്തിൽ ഒരിക്കലെങ്കിലും ആത്മഹത്യ ചെയ്യുവാനുള്ള പ്രവണത ഉണ്ടായിട്ടില്ലാത്തവർ വളരെ ചുരുക്കമാണ്. ആ ചിന്തയെ എന്നന്നേക്കുമായി ഇല്ലാതാക്കുകയല്ല നമ്മൾ ചെയ്യുന്നത്, ആ പ്രേരണയെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്.ആത്മഹത്യ പ്രേരണയെ നിയന്ത്രിക്കുവാനുള്ള ഈ കഴിവാണ് നമ്മുടെ കുട്ടികളിൽ ഇന്ന് നഷ്ടമായി കൊണ്ടിരിക്കുന്നത്. മാതാപിതാക്കൾ,സഹോദരങ്ങൾ,
അധ്യാപകർ, ബന്ധുക്കൾ,സുഹൃത്തുക്കൾ ഇവർ എല്ലാവരും തന്നെ ഇതിന് ഉത്തരവാദികളാണ്. പ്രാഥമിക ഘട്ടത്തിൽ ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കേണ്ടവർ ഇവരാണ്. രണ്ടാം ഘട്ടത്തിൽ മാത്രമേ ടെക്നോളജി,മൊബൈൽ,ലഹരി വസ്തുക്കൾ എന്നിവ അവനെ സ്വാധീനിക്കുന്നുള്ളൂ. ഇവിടെ ആദ്യഘട്ടത്തിൽ അവരവരുടെ കർത്തവ്യങ്ങൾ അവർ ചെയ്യാതെ കുട്ടിയെ നേരിട്ട് രണ്ടാംഘട്ടത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്.സാമൂഹ്യ അകലം എന്തെന്ന് പഠിപ്പിക്കുന്ന ഒരു കാലത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്ന് പൊയ്കൊണ്ടിരിക്കുന്നത്, എന്നാൽ മൊബൈൽ ഫോണുകളുടെ അമിതമായ ഉപയോഗത്തിലൂടെ നമ്മുടെ കുട്ടികൾ ഇത് നേരത്തേ തന്നെ പഠിച്ചു കഴിഞ്ഞു. ടെക്നോളജിക്ക് അടിമപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു തലമുറയെയാണ് നമ്മൾ സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. അതിന്റെ പാഠങ്ങൾ പഠിപ്പിച്ചു കൊടുത്തത് നമ്മൾ തന്നെയാണ്.
മുഖാമുഖ ആശയ വിനിമയങ്ങൾ,കണ്ണുകൾ കൊണ്ടുള്ള പരസ്പര ബന്ധം, വൈകാരിക അടുപ്പങ്ങൾ, അനുകമ്പ, സഹാനുഭൂതിയും സഹതാപവും ഇങ്ങനെയുള്ള മാനുഷിക മൂല്യങ്ങൾ നമ്മുടെ കുട്ടികളിൽ നിന്നും ഇന്ന് നഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുന്നു.ജോലി തിരക്കുകളിൽ മാതാപിതാക്കൾ, ചാറ്റിങ്ങിൽ തിരക്കിലായ സഹോദരങ്ങൾ,വിശേഷ ദിവസങ്ങൾ മാത്രം കാണുന്ന ബന്ധുക്കൾ. പിന്നെ ആകെ ആശ്രയം കുറച്ച് കൂട്ടുകാരാണ്. അവരുടെ സംസാര വിഷയം ഫേസ്ബുക്ക് ലൈക്കുകളെ കുറിച്ചും പബ്‌ജി ഗെയിമിലെ തന്റെ സാഹസിക പ്രവർത്തികളെയും കുറിച്ചാണ്. സ്നേഹം പ്രകടിപ്പികൽ ഫേസ്ബുക്കിലെ ലൗ ചിഹ്നത്തിൽ ഒതുങ്ങുന്നു. കായികമായി കരുത്ത് തെളിയിക്കേണ്ട കളികൾ ബൗദ്ധിക തലത്തിൽ ഒതുങ്ങി നിൽക്കുന്നു. ക്രിക്കറ്റും, ഫുട്‌ബോളുംഎങ്ങനെ കളിപ്പിക്കണം എന്ന് അറിയാം എന്നാൽ കളിക്കുവാൻ അറിയില്ലാ. വീഡിയോ ഗെയിമുകൾ കുട്ടികളിലെ കായിക ക്ഷമതയെ നശിപ്പിക്കുന്നു. വീഡിയോ ഗെയിമുകൾ ഇറക്കുന്ന കമ്പനികൾ കുട്ടികളെ ഇതിലേയ്ക്ക് ആകർഷിക്കുന്നതിന് വേണ്ടി മനഃശാസ്ത്രജ്ഞരേയും ന്യൂറോളജിസ്റ്റുകളേയും വിലയ്ക്കെടുക്കുന്നുണ്ട് എന്നുള്ള കാര്യം നമ്മൾ അറിയാതെ പോകുന്നു. പിന്നീട് മനഃശാസ്ത്രജ്ഞനരെ തേടി നമ്മൾ അലയുന്നു.(വീഡിയോ ഗെയിമുകളിൽ നല്ല വശങ്ങളും ഉണ്ട് പക്ഷേ നമ്മുടെ കുട്ടികൾ അതിലെ നല്ലതിനെ കാണാതെ പോകുന്നു എന്നുള്ളതാണ് വാസ്തവം).
കൈകൾ ഉപയോഗിച്ചും ഭാവനയിലൂടെയും കളിക്കേണ്ട കളികൾ ഇന്ന് ഇല്ലാ, കുട്ടികൾക്ക് കൊടുക്കുന്ന കളിപ്പാട്ടങ്ങളിലൂടെ അതിനെ ഇല്ലാതാക്കിയിരിക്കുന്നു. നടക്കുവാൻ പഠിക്കേണ്ട സമയത്ത് നമ്മൾ അവനെ വണ്ടി ഓടിക്കുവാൻ പഠിപ്പിക്കുന്നു. നാല് വയസ്സിൽ കളിക്കേണ്ട കളിപ്പാട്ടങ്ങൾ അവന് രണ്ട് വയസ്സ് ഉള്ളപ്പോഴേ വാങ്ങി കൊടുക്കുന്നു. കുട്ടികളുടെ പ്രായത്തിനും വളർച്ചയ്ക്കും അനുസരിച്ചല്ലാ നമ്മൾ പലതും അവർക്ക് നൽകുന്നത്. ഒരു ചെറിയ ഉദാഹരണം പറയാം.നേരിട്ടുള്ള മധുര പദാർത്ഥങ്ങൾ മധുരപാനീയങ്ങൾ രണ്ട് വയസ്സ് വരെ കുട്ടികൾക്ക് കൊടുക്കുവാൻ പാടുള്ളതല്ലാ. എന്നാൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് നമ്മൾ കട്ടൻ കാപ്പിയും പരിപ്പ് വടയും,കേക്കും എല്ലാം കൊടുക്കും എന്നിട്ട് വളരെ വലിയ എന്തോ കാര്യം ചെയ്തത് പോലെ മറ്റുള്ളവരോട് പറഞ്ഞ് നടക്കും. രണ്ട് വയസ്സിന് ശേഷം കഴിക്കേണ്ട ആഹാരങ്ങൾ അവന് രണ്ട് വയസ്സ് ആകുന്നതിന് മുൻപ് തന്നെ കൊടുത്തിട്ടുണ്ടാകും.പിന്നെ പിന്നെ നമ്മുടെ വീട്ടിൽ വെയ്ക്കുന്ന ആഹാര പദാർത്ഥങ്ങൾ കുട്ടികൾക്ക് ഇഷ്ട്ടമല്ലാതെ വരുന്നു. രണ്ട് വയസ്സ് തുടങ്ങുമ്പോൾ അവൻ പിസയും ബർഗറും കെഫ്‌സിയും കഴിച്ച് തുടങ്ങുന്നു.
രണ്ട് വയസ്സിന് ശേഷം കണ്ട് തുടങ്ങേണ്ട ടിവി പ്രോഗ്രാമുകൾ അവൻ ജനിച്ചപ്പോൾ മുതൽ കണ്ട് തുടങ്ങുന്നു അതുകൊണ്ട് തന്നെ രണ്ട് വയസ്സ് ആകുമ്പോൾ മൊബൈൽ അവന്റെ കളിക്കൂട്ടുകാരൻ ആകുന്നു. ഇങ്ങനെ പ്രായത്തെ അതിക്രമിച്ചു കൊണ്ടുള്ള യാത്ര ഇവിടെ തുടങ്ങുന്നു. ഇതിന് ഉത്തരവാദികൾ നമ്മൾ തന്നെയാണ്.ആക്രമങ്ങളിൽ നിന്നും ആനന്ദം കണ്ടെത്തുക എന്നുള്ളത് നമ്മൾ കുട്ടിക്കാലം മുതൽ തുടങ്ങിയതാണ്. ചെറിയ കുട്ടികൾക്ക് മറ്റുള്ളവരെ കടിക്കുക, മുടിയിൽ പിടിച്ച് വലിക്കുക എന്നുള്ളത് ഒരു രസമാണ്. ആ വേദനയിൽ നമ്മൾ കാണിക്കുന്ന അഭ്യാസങ്ങളിലാണ് അവൻ സന്തോഷം കണ്ടെത്തുന്നത്. വേദന എന്തെന്ന് തിരിച്ചറിയുമ്പോൾ അവൻ ഇത് സ്വയമേ നിർത്തുന്നു. നമുക്കിടയിൽ പലരും കുട്ടികളെ ഈ കളികളിൽ പ്രോൽസാഹിപ്പിക്കുവാറുണ്ട്. മറ്റുള്ളവരെ മനപ്പൂർവ്വം വേദനിപ്പിക്കുന്നതിലൂടെ സന്തോഷം നേടുകയാണ് അവർ ചെയ്യുന്നത്.ചെയ്യുന്ന തെറ്റിന് ശിക്ഷയും ശാസനവും കിട്ടാതെ വരുമ്പോൾ ചെറിയ തെറ്റുകളിൽ നിന്നും വലിയ തെറ്റുകളിലേയ്ക്ക് അവൻ എത്തപ്പെടുന്നു.
അടുത്ത അവന്റെ ലക്ഷ്യം തന്റെ സഹജീവികളെ വേദനിപ്പിക്കുക എന്നുള്ളതതാണ് . വീട്ടിലെ വളർത്തു മൃഗങ്ങളിൽ തുടങ്ങി റോഡിൽ വെറുതേ നിൽക്കുന്ന നായകളോട് വരെയാകും ഈ അതിക്രമം. ഈ അക്രമങ്ങൾ വലിയ രീതിയിൽ പിന്നീട് മീഡിയകളിലൂടെ ദൃശ്യവൽക്കരിക്കപ്പെടുകയാണ്, ഇത് അവനിലെ അക്രമവാസനയെ വളർത്തുന്നു.ഇങ്ങനെ എല്ലാത്തിനെയും അതിക്രമിച്ചു വന്ന പ്രായം ശീലങ്ങളെയും കടത്തി വെട്ടുന്നു. പതിനെട്ടാം വയസ്സിൽ തുടങ്ങിയിരുന്ന മദ്യപാനം ഇന്ന് പതിമൂന്നാം വയസ്സിൽ തുടങ്ങിയിരിക്കുന്നു. പതിനഞ്ചാം വയസിനുള്ളിൽ അവൻ സിഗററ്റിന്റെയും കഞ്ചാവിന്റെയും രുചി അറിഞ്ഞിരിക്കുന്നു.അഞ്ചാം ക്ലാസ്സിൽ നമ്മൾ പഠിച്ചിരുന്നതൊക്കെ കുട്ടികൾ ഇന്ന് ഒന്നാം ക്ലാസ്സിൽ പഠിക്കുന്നുണ്ടെങ്കിൽ ആ ബൗദ്ധിക വളർച്ച തലച്ചോർ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്. പക്ഷേ ശരീരത്തിന് അത്രയും വേഗതയിൽ ഇതിനെ സ്വീകരിക്കുവാൻ കഴിയില്ലാ എന്നുള്ളതാണ് സത്യം.
ഇന്നത്തെ ടെക്നോളജി നമുക്ക് പുതിയതാണ്.കഴിഞ്ഞ ഇരുപത് വർഷങ്ങൾ മാത്രം എടുത്താൽ നമ്മൾ പ്രതീക്ഷിച്ചതിലും അപ്പുറം ആണ് ഇതിന്റെ വളർച്ച, അതുകൊണ്ട് തന്നെ ഇതിന്റെ നല്ല വശങ്ങളും ചീത്ത വശങ്ങളും മുതിർന്നവർ ആയ നമ്മൾ പഠിച്ചു വരുന്നതേയുള്ളൂ. ആയിരം വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന ശീലങ്ങൾ പലതും ഇന്നും നമുക്ക് മാറ്റുവാൻ കഴിഞ്ഞിട്ടില്ലാ. കഴിഞ്ഞ കാലങ്ങളിലെ മഹാമാരികളിൽ നിന്ന് പോലും പാഠങ്ങൾ പഠിച്ചട്ടില്ലാ എന്നുള്ളതിന് തെളിവാണ് നമ്മുടെ തലമുറ.
ഈ ലോകത്താണ് പതിനഞ്ച് വയസ്സുള്ള ഒരു കുട്ടി ഇന്ന് ജീവിക്കുന്നത്. തിരക്കുകളുടെ ലോകത്ത് അവൻ ഇന്ന് ഒറ്റപ്പെടുകയാണ്. അവന്റെ വിഷമങ്ങൾ പങ്ക് വെയ്ക്കുവാൻ ഒരാളെ കണ്ടെത്തുവാൻ അവന് കഴിയുന്നില്ലാ. അവന് വേണ്ടത് നേരമ്പോക്കുകളോ വിനോദങ്ങളോ അല്ലാ, സ്നേഹബന്ധങ്ങളാണ് വേണ്ടത്. ഒരു കുട്ടി വിഷാദത്തിലൂടെ കടന്ന് പോകുന്നുണ്ടെങ്കിൽ മാതാപിതാക്കൾ അല്ലെങ്കിൽ അധ്യാപകർ അത് തിരിച്ചറിയണം. അവർ സ്വയം മുറിവേല്പിച്ച് വേദനിക്കാറുണ്ടോ എന്ന് തിരിച്ചറിയണം. പന്ത്രണ്ട് വയസ്സുകാരന്റെ പ്രശ്നങ്ങൾ ഇരുപത്തിരണ്ട്കാരന് നിസ്സാരമാണ്. പ്രായത്തിന് അതീതമായി നിങ്ങൾ അവനെ വളർത്തുമ്പോൾ ആ പ്രായത്തിനൊത്ത പക്വതയും അവന് ഉണ്ടോ എന്ന് നോക്കേണ്ടത് ആവശ്യമാണ്.സ്കൂളുകളിൽ കുട്ടികൾക്ക് വേണ്ട കൗൺസിലിങ്ങ് സൗകര്യങ്ങൾ ഒരുക്കേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്.
പണ്ട് റോഡിലെ പട്ടിയെ കല്ലെറിഞ്ഞവൻ ഇന്ന് മനുഷ്യന് നേരേ കല്ലെറിയുന്നു. അവന്റെ ബുദ്ധി നശിച്ചിരിക്കുന്നു. അവന്റെ തലച്ചോറിലെ ലഹരി മദ്യത്തിന്റെയും കഞ്ചാവിന്റെയും മാത്രമല്ലാ ആധുനിക ലോകത്തിന്റെ ബഹുമതികളും പാരിതോഷികങ്ങളും കൂടിയാണ്. അവൻ വഴി പിഴച്ചു പോയി അവനെ ഇനി പറഞ്ഞിട്ട് കാര്യമില്ലാ എന്ന് പറയുന്ന സമൂഹത്തിന്റെ വാക്കുകൾ ഇനിയും തെറ്റുകൾ ചെയ്യുവാനുള്ള പ്രചോദനമാണ് അവന് നൽകുന്നത്.കുട്ടികൾ നമ്മളിലൂടെയാണ് വളരുന്നത്.എന്താണ് ഇന്നലെ സംഭവിച്ചത് എന്നുള്ളതിനെക്കാൾ എന്താണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിലാണ് കാര്യം. ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും നമുക്ക് അവസാനിപ്പിക്കാം. അവരുടെ കൂടെ ചിലവഴിക്കാൻ സമയം കണ്ടെത്താം. നല്ലത് ചെയ്താൽ കിട്ടുന്നത് മാത്രമാണ് ബഹുമതികളും പാരിതോഷികങ്ങളുമെന്നും, കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടുമെന്നും ഓരോ ജീവിതങ്ങളിലൂടെ നമുക്ക് കാണിച്ച് കൊടുക്കാം. അവരുമായി കുറച്ചു നേരം കളിക്കാം, (വീഡിയോ ഗെയിം അല്ലാ)സംസാരിക്കാം,പഠിക്കാം,നടക്കാം,ഓടാം,ചാടാം അവരുടെ സന്തോഷത്തിൽ പങ്ക് ചേരാം.ഓരോ ജീവനും ജീവിതവും വിലപ്പെട്ടതാണ്.നമ്മുടെ അറിവില്ലായ്മയും, കണ്ടില്ലാ എന്ന് നടിക്കുന്ന ചെറിയ അവഗണനകളും നഷ്ടമാക്കുന്നത് ഒരു ജീവൻ മാത്രമല്ലാ പല ജീവിതങ്ങൾ കൂടിയാണ്.