എന്തുകൊണ്ട് നിങ്ങൾ വെളുത്തവരാവാൻ ആഗ്രഹിക്കുന്നു?

36

പ്രസാദ് അമോർ (സൈക്യാട്രിസ്റ്റ്, എഴുത്തുകാരൻ)

എന്തുകൊണ്ട് നിങ്ങൾ വെളുത്തവരാവാൻ ആഗ്രഹിക്കുന്നു ?

നിശിതമായ നിറ വൈരുദ്ധ്യത്തോടെ എഴുന്നു നിൽക്കുന്നവളാണ് കുക്കു ദേവകി.അവൾ ആൾകൂട്ടത്തിൽ നിന്ന് പരിഭ്രമിക്കുന്നില്ല. നന്മകളിലുള്ള മഹത്തായ ഒരു ശുഭാവിശ്വാസവുമായി അവൾ പൊട്ടിച്ചിരിക്കുകയാണ്. നൃത്തത്തിലും സംഗീതാസ്വാദത്തിലും മഹാ വിദുഷിയാണവർ. നൃത്തവും മോഡലിങ്ങുമായി ലാസ്യത്തോടെ കടന്നുവന്ന കുക്കുവിന്റെ ശരീരരൂപത്തെ ക്രൂരമായി അപഹസിച്ചുകൊണ്ട് അടുത്തിടെ ഒരു പരിചയക്കാരൻ പറഞ്ഞു
“ഇങ്ങനെ പൊട്ടിച്ചിരിക്കാനായി അവൾക്ക് എന്താണുള്ളത് ? കറുത്ത ദുര്മേദസ്സുള്ള ഒരു ശരീരവും വെച്ചുകൊണ്ട് സ്വയം പരിഹാസ്യയാവുകയാണ് “.

വെളുത്ത സ്ത്രീ സുന്ദരിയാണെന്നും കറുത്ത സ്ത്രീ ജീവിക്കാൻ അയോഗ്യയാണെന്നുമാണ് അയാളുടെ വാക്കുകളിലെ സൂക്ഷ്മാർത്ഥം. എന്നാൽ ,വർണ്ണവിഭജിതമായ ഒരു സമൂഹത്തിലെ സൗന്ദര്യ സങ്കലപ്പത്തെ നിശബ്ദമായി ഭേദിക്കുകയാണ് കുക്കു. അനുനിമിഷം ക്ഷയോന്മുഖമായ സാമൂഹ്യമനസ്സിന് മുൻപിൽ അവളുടെ മസ്തിഷ്‌കം സ്വതന്ത്രമാണ്. കുളിർമ്മയുള്ള ഒരു വിനിമയരീതികളിലൂടെ അവൾ നിങ്ങളോട് സംവദിക്കും.വശ്യവും കൂലീനവുമായി അവൾ നിങ്ങളിലേയ്ക്ക് കൺപാർക്കും . സൗന്ദര്യത്തെയും വൈകൃതത്തെയും സംബന്ധിച്ച സങ്കൽപ്പങ്ങൾ നിങ്ങളുടെ മനസ്സിന്റെ സൃഷ്ടികളാണെന്ന തിരിച്ചറിവിന്റെ സൂക്ഷ്മാർത്ഥങ്ങളുള്ള ശാരീരികചലങ്ങൾ അവളിൽ പ്രതിപതിച്ചു നില്പുണ്ട്.

നമ്മൾ വെളുക്കാനുള്ള ലേപനങ്ങളുടെ പുറകെ

അസമത്വം നിലനിൽക്കുന്ന സമൂഹത്തിലെ അനീതി നിറഞ്ഞ ഒരു സാമൂഹ്യ സാമ്പത്തിക ക്രമത്തിന്റെ ഒരു രൂപമാണ് വർണ്ണ വിവേചനം.ഭാഷയും സാംസ്കാരിക ചിഹ്നങ്ങളും ഇത്തരം വിവേചനങ്ങളെ താങ്ങിനിർത്തുന്നു. “കാക്ക കുളിച്ചാൽ കൊക്കാകുമോ”, “ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്ക്”, “കറുത്ത ശക്തികൾ”, “തമസോമാ ജ്യോതിർഗമയ” തുടങ്ങിയ ആശയങ്ങൾ മനഃസാക്ഷിക്കുത്തില്ലാതെ തന്നെ കറുത്തവരെ അസ്‌പൃശ്യരായി കാണാൻ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നവയാണ്.മനുഷ്യരുടെ ശാരീരിക സ്വഭാവസവിശേഷതകളെ വേർതിരിവുകൾ സൃഷ്ടിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. കറുത്തവരും വെളുത്തവരും തമ്മിൽ ജൈവമായ ഭിന്നതകളുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമം ചരിത്രത്തിൽ നടന്നിട്ടുണ്ട്.അസമത്വങ്ങളെ നീതികരിക്കാനുള്ള ഒരു ആയുധമായിരുന്ന വർണ വൈവിധ്യങ്ങൾ.ലൈംഗികാകർഷണത്തിനു വെളുപ്പ് അടിസ്ഥാനമായിരിക്കുന്ന ഒരു സാമൂഹ്യ പരിസരത്തു ജീവിക്കുന്നതിനാൽ കറുത്തവരിൽ ബഹുഭൂരിപക്ഷവും വെളുക്കാനുള്ള ലേപനങ്ങളുടെ പുറകെയാണ്.

മനുഷ്യ വൈവിധ്യങ്ങളിൽ ഏറെ പ്രത്യേയകതയുള്ളതാണ് വർണ്ണ ഭേദങ്ങൾ.ത്വക്കിൽ മാത്രമല്ല മുടി, കണ്ണ് എന്നിവയിലും നിറ വ്യത്യാസങ്ങൾ കാണാം. നിറഭേദങ്ങൾക്ക് കാരണം ത്വക്കിൽ വ്യത്യസ്തമായ തോതിൽ മെലാനിൻ ഉൽപാദിപ്പിക്കപ്പെടുന്നത് കൊണ്ടാണ്.ഓരോ മെലനോസൈറ്റും നിർമ്മിക്കുന്ന മെലനോസോമുകളുടെ എണ്ണം നിർണ്ണയിക്കുന്നത് പല ജോഡി ജീനുകൾ കൂട്ടായി പ്രവർത്തിക്കുന്നത് കൊണ്ടാണ്.പാരമ്പര്യമാണ് ഇതിനെയെല്ലാം സ്വാധീനിക്കുന്നത്. സൂര്യപ്രകാശത്തിലെ അൾട്രവയലറ്റ് രശ്മികൾക്ക് മെലാനോസൈറ്റുകളെ ഉത്തേജിപ്പിച്ചു മെലനോസോമുകൾ ഉൽപാദിപ്പിക്കാനുള്ള കഴിവുണ്ട്.അതുകൊണ്ടാണ് വെയിലുകൊണ്ട് ശരീരഭാഗങ്ങൾ കരുവാളിക്കുന്നത്.

ജീവശാസ്ത്രപരവും സാംസ്‌കാരികവുമായ പൈതൃകങ്ങളാണ് മനുഷ്യർ തമ്മിലുള്ള വൈവിധ്യത്തിന്റെ ഹേതുക്കൾ.കറുത്തവർ- വെളുത്തവർ, പൊക്കം കൂടിയവർ- കുറഞ്ഞവർ -ഇങ്ങനെയുള്ള വ്യത്യാസങ്ങളിൽ അധികവും നമുക്ക് ജീവശാസ്ത്രപരമായി മാറ്റാൻ സാധ്യമല്ല.ശാരീരിക പ്രകൃതത്തിന്റെ നിർണ്ണയം മനുഷ്യൻ ജനിക്കുന്നതിന് മുൻപ് തന്നെ നടന്നിരിക്കും. ഒരു സമൂഹത്തിലെ ഒരു വ്യക്തിയും മറ്റൊരു വ്യക്തിയും തമ്മിലുള്ള വ്യത്യാസങ്ങൾ, ഒരു സമൂഹത്തിലെ വ്യക്തികളിലെല്ലാം കാണുകയും മറ്റു സമൂഹങ്ങളിലെ വ്യക്തികളിൽ കാണാതിരിക്കുകയും ചെയ്യുന്ന വൈവിധ്യങ്ങൾ അതിൽ തൊലിയുടെ നിറം, മുഖത്തിന്റെ പരപ്പ്, തലമുടിയുടെ സ്വഭാവം- ആകൃതി മൂക്കിന്റെയും ചുണ്ടിന്റെയും പരപ്പ് എന്നി ബാഹ്യമായി പ്രകടമായ ലക്ഷണങ്ങൾ .വെളുത്തവർ, കറുത്തവർ തവിട്ടുനിറമുള്ളവർ, ചുവന്ന നിറമുള്ളവർ എന്നിങ്ങനെയുള്ള വ്യത്യസ്ത വർണ്ണങ്ങളുണ്ടാകുന്നത് പരിണാമം കൊണ്ടാണ്. വ്യത്യസ്തത ദേശങ്ങൾ തോറുമുള്ള കുടിയേറ്റങ്ങൾ, പരസ്‌പര സമ്പർക്കമില്ലാതെ ഒറ്റപ്പെട്ടുപോയ സമൂഹങ്ങൾ അവിടെ നടന്ന സ്വാതന്ത്രപരിണാമങ്ങൾ, ജനിതക ഉൽപരിവർത്തനങ്ങൾ, ജനിതക വിഗതികൾ – എല്ലാമാണ് നാനാതരം മനുഷ്യ ശാരീരിക സ്വഭാവങ്ങളുടെ കാരണങ്ങളാകുന്നത്.

ഇന്ന് മനുഷ്യർക്ക് പ്രാഥമിക വർണമുണ്ടോ?

മനുഷ്യ ജാതിയുടെ സ്വതവേയുള്ള നിറം കറുപ്പാണ്. എന്നാൽ തണുപ്പ് രാജ്യങ്ങളിൽ താമസിച്ചവരിൽ കറുപ്പ് നിറത്തിന് വന്ന വ്യതിയാനങ്ങൾ പിന്നീട് സംഭവിച്ചതാണ്.പ്രകൃതി നിർധാരണം മൂലമാണിത്.വർണ്ണങ്ങളുടെ ഉൽപരിവർത്തഞങ്ങൾക്ക് ശേഷവും മനുഷ്യരുടെ കുടിയേറ്റവും സങ്കരവും തുടർന്നു.വ്യത്യസ്ത വരണങ്ങൾ തമ്മിലുള്ള സഹശയനങ്ങൾ സൃഷ്ടിച്ചതാണ് ഇന്ന് കാണുന്ന സങ്കര വർണങ്ങൾ. ഇന്ന് മനുഷ്യർക്ക് പ്രാഥമിക വർണ്ണമില്ല. ഓരോ വർണവും അവയുടെ പ്രത്യയക പരിതഃസ്ഥികളിൽ ജീവിക്കാൻ വേണ്ട അനുകൂലങ്ങൾ സമ്പാദിച്ചവയാണ്.

ശാരീരിക പാരമ്പര്യം നമുക്ക് ലഭിക്കുന്നത് ജീനുകളിൽ കൂടിയാണ്. അതാകട്ടെ നമ്മൾ ജനിക്കുന്നതിന് മുൻപ് സംഭവിക്കുന്നതാണ്. എന്നാൽ വർണ വിവേചനം സാമൂഹ്യ സാംസ്‌കാരിക ഘടകങ്ങൾ സൃഷ്ടിക്കുന്നതാണ്. അത് നമ്മൾ ജനിച്ചതിനു ശേഷം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും സ്വാംശീകരിക്കുന്നതാണ്. സാമൂഹ്യ ഭിന്നതകളും വെറുപ്പിന്റെയും ആശയങ്ങൾ ആർക്കും ആരിൽ നിന്ന് വേണമെങ്കിലും ഗ്രഹിക്കാം. നമ്മുടെ ഓർമ്മകളിൽ, സങ്കൽപ്പങ്ങളിൽ, ചിന്തകളിൽ എല്ലാം കറുപ്പിനോടുള്ള വിരോധമാണ്. അത് നമ്മുടെ ശതകോടി ന്യൂറോണുകളിലൂടെ കടന്നുപോകുന്നു.

നമ്മുടേത് അപരിഷ്‌കൃതമായ മനസ്സ്

പരസ്പ്പരം സഹകരിച്ചു ചെറുകൂട്ടങ്ങളായി ജീവിച്ചു പോകാനാവുന്ന ആന്തരിക സംവിധാനമാണ് മനുഷ്യനുള്ളത്.തങ്ങളിൽ നിന്ന് വൈവിധ്യമുള്ളവരെ തിരിച്ചറിഞ്ഞു അകറ്റുന്നതിനുള്ള പെരുമാറ്റങ്ങൾ മനുഷ്യസഹജമാണ്.അതുകൊണ്ടാണ് ഭാഷ, വേഷം, ദേശം തുടങ്ങിയവയിലുണ്ടാക്കുന്ന വൈജാത്യങ്ങളുടെ പേരിൽ മനുഷ്യർ തമ്മിലടിക്കുന്നത് വിപുലവും പരിഷ്‌കൃതവുമായ ചില സാമൂഹ്യ വ്യവസ്ഥകൾ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞതുകൊണ്ടാണ് വൈവിധ്യങ്ങൾക്കിടയിലും പരസ്‌പരം സഹകരിക്കാൻ മനുഷ്യർക്ക് കഴിയുന്നത്. അപരിഷ്‌കൃതമായ സമൂഹമനസ്സിന്റെ സൃഷ്ടിയാണ് കറുത്തവരോടുള്ള അയിത്തം. മനുഷ്യരുടെ ആന്തരികലോകം ഭാവിയിലേയ്ക്ക് ഇനിയും നവീകരിക്കപ്പെട്ടിട്ടില്ല.