2013ല്‍ ഇന്ത്യയില്‍ എത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 7 മില്ല്യന്‍. എന്നാല്‍, സിംഗപ്പൂരിലും തായിലാന്ഡിളും അതെ വര്‍ഷം തന്നെ എത്തിയ വിദേശികളുടെ എണ്ണം യഥാക്രമം 15 മില്ല്യനും 26 മില്ല്യനും. എന്തുകൊണ്ടാണ് വിദേശികള്‍ ഇന്ത്യയിലേയ്ക്ക് വരാന്‍ മടി കാണിക്കുന്നത്? എങ്ങിനെയാണ് ഇതിനു ഒരു പരിഹാരം കാണേണ്ടത്? എന്നീ ചോദ്യങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് ആയ QUORA യില്‍ ഒരാള്‍ ചോദിച്ചു. ഒരുപാട് സംവാദങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഈ ചോദ്യത്തിന് കാള്‍ എലിയറ്റ് എന്ന വിദേശി നല്കിയ ഉത്തരം ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ശരിക്കും ഈ ഉത്തരം നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. ഉത്തരത്തിന്റെ പൂര്‍ണ മലയാള പരിഭാഷ താഴെ വായിക്കാം.
“ഞാന്‍ ഒരു വിനോദസഞ്ചാരിയാണ്. ഇപ്പോള്‍ ഞാന്‍ ഇന്ത്യയില്‍ തന്നെ ഉള്ളതുകൊണ്ട്, ഏറ്റവും കൃത്യമായ ഉപദേശം നല്കുവാനും എനിക്ക് കഴിയും.
- ഞാന്‍ പോകുന്നിടത്തെല്ലാം എന്നെ തുറിച്ചുനോക്കരുത്. മുറിവിട്ടു പുറത്തിറങ്ങുമ്പോള്‍ മുതല്‍ എല്ലാവരും എന്നെ തുറിച്ചുനോക്കുകയാണ്. വേറെ ഒരു രാജ്യത്തും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.
- എന്റെ ഭാര്യയെ ഒരു മാംസക്കഷ്ണത്തെ എന്നപോലെ കാണരുത്. എല്ലായ്പ്പോഴും ഇത് സംഭവിക്കുന്നു. വേറെ ഒരു രാജ്യത്തും ഇങ്ങനെ സംഭവിച്ചിട്ടുമില്ല. സത്യത്തില്‍, ഞങ്ങളുടെ രാജ്യത്ത് ആരെങ്കിലും അവളെ ഇങ്ങനെ നോക്കിയിരുന്നു എങ്കില്‍ അവള് അയാളുടെ മുഖം ഇടിച്ചു ശരിയാക്കിയേനേ.
- ആള്‍ക്കൂട്ടത്തില്‍ എന്റെ ഭാര്യയുടെ ശരീരത്തില്‍ കയറിപ്പിടിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കരുതരുത്. പലതവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.
- സ്ത്രീകളെ ബഹുമാനിക്കുക. വിദേശവിനോദസഞ്ചാരികളെ മാത്രമല്ല, നിങ്ങളുടെ നാട്ടിലെ സ്ത്രീകളെയും.
- ഞങ്ങള്‍ കോടിപതികള്‍ ആണെന്ന് വിചാരിക്കരുത്. ലോകം ചുറ്റി സഞ്ചരിക്കുന്നതിനായി സ്വന്തം ജോലി പോലും ഉപേക്ഷിച്ചവരാണ് ഞങ്ങള്‍. പണം സൂക്ഷിച്ചുവെച്ചും ഇടുങ്ങിയ വീട്ടില്‍ ജീവിച്ചും ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയും ആണ് ഇന്ത്യയും മറ്റു രാജ്യങ്ങളും സന്ദര്‍ശിക്കുവാന്‍ ഞങ്ങള്‍ എത്തുന്നത്. ടൂര്‍ ഓപ്പറേറ്റര്‍, ഓട്ടോ ഡ്രൈവര്‍, കച്ചവടക്കാര്‍, ഹോട്ടല്‍ ഉടമസ്ഥര്‍ തുടങ്ങി ചായക്കടക്കാരന് വരെ ഇന്ത്യക്കാര്‍ നല്കുന്നതില് അധികം പണം ഞങ്ങളുടെ കൈയ്യില്‍ നിന്നും ഈടാക്കുകയാണ്. ചില സമയങ്ങളില്‍, ചായക്കടക്കാര് ഇന്ത്യക്കാരോട് ചായയുടെ പണം വേണ്ട എന്ന് പറയും. ഞങ്ങളുടെ കൈയ്യില്‍ നിന്നും അവരുടെ പണം കൂടി വാങ്ങുന്നുണ്ട് എന്ന് മനസിലാക്കുവാന്‍ ഞങ്ങള്‍ക്ക് ഹിന്ദി പഠിക്കേണ്ട കാര്യമൊന്നും ഇല്ല.
- സാധാരണനിരക്കിനേക്കാള്‍ അധികം പണം ടാക്സി ചാര്‍ജ് ആയി ഞങ്ങളുടെ കൈയ്യില്‍ നിന്നും വാങ്ങരുത്. ഇന്ത്യക്കാര്‍ക്ക് താജ് മഹല്‍ വരെ 20 രൂപയും വിദേശികള്‍ക്ക് 70 രൂപയും. എന്തുകൊണ്ട്? പല ഇന്ത്യന്‍ വിനോദസഞ്ചാരികളും ഞങ്ങളെക്കാള്‍ സമ്പന്നരാണ്.
- നിങ്ങളുടെ രാജ്യം വൃത്തിയാക്കുക. കുറഞ്ഞപക്ഷം മാലിന്യസംസ്കരണത്തിന് എന്തെങ്കിലും വഴി കണ്ടെത്തുക. തുടര്‍നടപടികള്‍ക്ക് വേണ്ടി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുക. ട്രെയിനില്‍ വെയ്സ്റ്റ് ബാസ്കറ്റ് ഉള്ളപ്പോളും എന്തിനാണ് ജനലില്‍കൂടി പുറത്തേയ്ക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്?
ഇനിയും ഒരുപാട് കാര്യങ്ങള്‍ പറയുവാന്‍ ഉണ്ട്. എന്നാല്‍, ഇവയൊക്കെയാണ് പ്രധാനപ്പെട്ടവ. ഞങ്ങള്‍ക്ക് അല്‍പ്പം ബഹുമാനം നല്‍കൂ. ഞങ്ങളെ ചൂഷണം ചെയ്യാതിരിക്കൂ.
ഇന്ത്യ സന്ദര്‍ശിക്കുന്നത് ഇത്തരം ബുദ്ധിമുട്ടുകള്‍ നിറഞ്ഞ കാര്യം ആണെങ്കിലും, ഞങ്ങള്‍ അത് ഇഷ്ടപ്പെടുന്നു. ടൂറിസം വളര്‍ത്തുന്നതിന് വേണ്ടി ഉപദേശം നിങ്ങള്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് ഞാന്‍ ഇത് എഴുതുന്നത്. ദയവായി തെറ്റായി വ്യാഖ്യാനിക്കാതിരിക്കൂ.”
ഇത് നമ്മുടെ കണ്ണ് തുറപ്പിക്കുക തന്നെ വേണം. ഇതുപോലെ ബുദ്ധിമുട്ടുന്ന എത്രയോ ലക്ഷം വിദേശികള്‍ ഉണ്ടാവും. ശരിയാണ്, ബീച്ചിലോ സൂവിലോ വിദേശികളെ കണ്ടാല്‍ ‘നോക്കെടാ, സായിപ്പും മദാമ്മേം’ എന്ന് പറഞ്ഞ് നമ്മള് അവരെ കാഴ്ചവസ്തുക്കള്‍ ആക്കുക തന്നെ ചെയ്യും. അതുകൊണ്ട്, അടിസ്ഥാനപരമായി മാറ്റം ഉണ്ടാവേണ്ടത് അവരോടുള്ള നമ്മുടെ സമീപനത്തില്‍ ആണ്. അതില്‍ മാറ്റം വന്നാല്‍ മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ എല്ലാം എളുപ്പത്തില്‍ പരിഹരിക്കുവാന്‍ നമുക്ക് സാധിക്കും.
ഈ ഉത്തരവും ഇതേ ചോദ്യത്തിന് ലഭിച്ച മറ്റ് ഉത്തരങ്ങളും QU0RA യില്‍ വായിക്കാം.